”അല്ലെങ്കിൽ മരിച്ചവർക്കുവേണ്ടി ജ്ഞാ നസ്നാനം സ്വീകരിക്കുന്നതു കൊണ്ട് എന്താണർഥമാക്കുന്നത്? മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ മരിച്ചവർക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം?”
(1 കോറി 15:29). വിശുദ്ധ ഗ്രന്ഥ വായനക്കാരിൽ ജിജ്ഞാസയുണർത്തുന്ന ഈ വചനത്തിന്റെ അർഥമെന്താണ്? മരിച്ചവർക്കുവേണ്ടിയുള്ള ജ്ഞാനസ്‌നാനം (Baptism for the dead) എന്ന ആചാരത്തിന്റെ ലക്ഷ്യം എന്താണ്? പൗലോസ് ശ്ലീഹ ഈ ആചാരത്തെ അംഗീകരിക്കുന്നുണ്ടോ?
പ്രസ്തുത വചനഭാഗത്തിന്റെ അർഥം ഗ്രഹിക്കുവാൻ ആദ്യം നാം മനസ്സിലാക്കേണ്ടത് ഇതിന്റെ യഥാർത്ഥ പശ്ചാത്തലമാണ്. ഉത്ഥാനമെന്ന സത്യത്തെ നിരാകരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നവർ കോറിന്തോസിലെ സഭയിൽ ഉണ്ടായിരുന്നു. യഹൂദ സമൂഹത്തിലെ സദുക്കായർ ഉത്ഥാനമില്ല എന്ന് കരുതിയിരുന്നവരാണ്.
മനുഷ്യാത്മാവ് മാത്രമാണ് വീണ്ടെടുക്കപ്പെടുക എന്ന് പഠിപ്പിച്ചു കൊണ്ട് അതിസ്വഭാവാത്മക വാദത്തിന്റെ (supernaturalism) വക്താക്കൾ ആയി മാറുകയും പൗലോസിന്റെ പ്രബോധനങ്ങളെ വിലമതിക്കാതിരിക്കുകയും ചെയ്തിരുന്ന സദാചാര നിരതരല്ലാത്ത ആളുകളും (Libertines) കോറിന്തിൽ ഉണ്ടായിരുന്നു. തന്മൂലം ഈശോമിശിഹായുടെ ഉത്ഥാനത്തെയും മരിച്ചവരുടെ ഉത്ഥാനത്തെയും പലരും വിമർശിക്കുകയും പ്രസ്തുത സാഹചര്യത്തിൽ പൗലോസ് ശ്ലീഹായ്ക്ക് തക്കതായ മറുപടി നൽകേണ്ടി വരികയും ചെയ്തു. കോറിന്തിലെ സഭയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ അവരുടെ ചില രീതികളുടെ വെളിച്ചത്തിൽ ഉയിർപ്പിനെ കുറിച്ച് പൗലോസ് ശ്ലീഹ തെളിവുകൾ നൽ കുകയാണ് ഇവിടെ.
മരിച്ചവർക്കുവേണ്ടിയുള്ള ജ്ഞാനസ്‌നാനത്തിന്റെ അർഥമെന്താണെന്നും അതിന്റെ ഉദ്ദേശ്യം എന്താണെന്നും കൃത്യമായ ഉത്തരം നൽകുവാൻ മതിയായ തെളിവുകളുടെ അപര്യാപ്തതയുണ്ട്. എങ്കിലും ചില അനുമാനങ്ങളുടെ വെളിച്ചത്തിൽ ഈ ആചാരത്തെക്കുറിച്ച് വ്യത്യസ്ത ങ്ങളായ വ്യാഖ്യാനങ്ങൾ വിശുദ്ധ ഗ്രന്ഥ പണ്ഡിതന്മാർ നൽകുന്നുണ്ട്.
രണ്ട് ചോദ്യങ്ങൾ അടങ്ങുന്ന ഈ വചനത്തിന്റെ ആദ്യ ഭാഗത്ത് ഗ്രീക്ക് ഭാഷ്യത്തിൽ ഇപ്രകാരമാണ് വായിക്കുന്നത്: ”… ബാപ്തിസോമെനോയ് ഹ്യൂപേർ തോൻ നെക്രോൻ” baptised on behalf of the dead (29-). ഗ്രീക്ക് ഭാഷയിലെ ‘ഹ്യുപേർ’ (huper) എന്ന പദത്തിന്റെ അർഥം ‘പകരം’ (instead) എന്നാണ്. മരിച്ചവർക്ക് പകരമായി സ്വീകരിക്കുന്ന ജ്ഞാനസ്‌നാന ത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടാമത്തെ ചോദ്യത്തിലും ഇതേ ആശയം തന്നെയാണ് പൗലോസ് ശ്ലീഹ അവതരിപ്പിക്കുന്നത്: why are they baptised on behalf of the dead (29b).
ക്രിസ്തീയ വിശ്വാസ ജീവിതത്തിലേക്ക് കടന്നുവരാതെ മരിച്ചുപോയ തങ്ങളുടെ ബന്ധുമിത്രാദികൾക്ക് വേണ്ടി ചില ക്രിസ്തീയ വിശ്വാസികൾ സ്വീകരിച്ചിരുന്ന ജ്ഞാനസ്‌നാനം ആണിത്. സഭയുടെ ആദ്യകാലങ്ങളിൽ വിവിധങ്ങളായ രോഗങ്ങൾ പകർച്ചവ്യാധികൾ തുടങ്ങിയവ മൂലം ധാരാളം പേർ മരണപ്പെട്ടിരുന്നു. ജ്ഞാനസ്‌നാനം സ്വീകരിക്കാതെ മരണമടഞ്ഞവരുടെ രക്ഷയെ പ്രതീക്ഷിച്ചുകൊണ്ട് ജീവിച്ചിരിക്കുന്ന ബന്ധു ജനങ്ങൾ നടത്തുന്ന ഒരു അനുഷ്ഠാനമാണിത്. അവരുടെ ഈ പ്രവൃത്തി ഉത്ഥാനത്തിനുള്ള അവരുടെ വിശ്വാസവും പ്രത്യാശയും വെളിപ്പെടുത്തുന്നുണ്ട്. ഇപ്രകാരമുള്ള ജ്ഞാനസ്‌നാനം കോറിന്തോസ് സഭയിലെ ചില ‘സെക്ട്’ (sect) കൾക്കിടയിൽ ഒരു പതിവായിരുന്നുവെന്ന് വിശുദ്ധ ഗ്രന്ഥ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. മരണശേഷം ‘ഉത്ഥാനം’ ഉണ്ടെന്ന ബോധ്യത്തിലാവണം ഈ പതിവ് അവർ തുടർന്നത്.
ഉത്ഥാനം ഉണ്ടെന്ന സത്യത്തെ വിശദീകരിക്കുവാൻ അവിടുത്തെ ‘സെക്ടി’ന്റെ ഒരു പതിവിനെ സാന്ദർഭികമായി പൗലോസ് ശ്ലീഹ പരാമർശിക്കുകയാണ് ഇവിടെ. പ്രാതിനിധ്യ സ്വഭാവത്തോടെ കോറിന്തോസുകാർ സ്വീകരിക്കുന്ന ഈ ജ്ഞാനസ്‌നാനം ‘ഉത്ഥാന’ത്തിൽ അവർ വിശ്വസിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവല്ലേ എന്നാണ് ഇരു ചോദ്യങ്ങളിലൂടെയും പൗലോസ് ശ്ലീഹ ചോദിക്കുന്നത്. ഇതൊരു Rhetoric ശൈലിയാണ്.
അവരുടെ അനുഷ്ഠാനം ശരിയല്ലെങ്കിലും അവർക്ക് ഉത്ഥാന’ ക്കുറിച്ചുള്ള ചിന്തയുണ്ടല്ലോ എന്നാണ് ശ്ലീഹായുടെ ചോദ്യത്തിന്റെ ധ്വനി.
കോറിന്തോസിലെ സഭാംഗങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള വാദമുഖങ്ങൾ ഉന്നയിച്ച് അവരുടെ തന്നെ ജീവിത പശ്ചാത്തലത്തിൽ ഉത്ഥാനത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യത്തിലേക്ക് പൗലോസ് ശ്ലീഹാ അവരെ നയിക്കുകയാണ്: ക്രിസ്തു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു (1 കോറി 15:20). മരിച്ചവർ ക്രിസ്തുവിൽ ഉയർപ്പിക്കപ്പെടും.
വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു ഇടത്തും മരിച്ചവർക്കുവേണ്ടിയുള്ള ജ്ഞാനസ്‌നാനത്തെക്കുറിച്ചുള്ള പരാമർശമില്ല. പൗലോസ് ശ്ലീഹ ഈ ആചാരം പ്രോത്സാഹിപ്പിച്ചതായി ചരിത്രപരമായ തെളിവുകളും ഇല്ല. ശരീരത്തിന്റെ ഉയിർപ്പിനെക്കുറിച്ച് പറയാൻ കോറിന്തോസുകാരുടെ ഇടയിലുള്ള ഒരു അനുഷ്~ാനത്തെ സാന്ദർഭികമായി പൗലോസ് തന്റെ Rhetoric ശൈലിയിൽ അവതരിപ്പിച്ചുവെന്ന് മാത്രം.
കോറിന്തോസിലെ സഭയിൽ ചിലയിടങ്ങളിൽ ഇത്തരത്തിലുള്ള ഒരു അനുഷ്ഠാനം നിലനിന്നിരുന്നുവെങ്കിലും ആദിമസഭയിലോ, പിന്നീടെപ്പോഴെങ്കിലുമോ ഇത്തരത്തിലുള്ള ഒരു മാമോദിസ നിലവിൽ ഉണ്ടായിരിക്കുകയോ, അതു പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്തിരുന്നില്ല. കത്തോലിക്കസഭയിൽ ഇപ്രകാരമുള്ള ഒരു ആചാരം നിലവിലില്ല. ഇത് ഒരു സെക്ടിന്റെ ‘കൾടിക് ‘ (cultic) സമ്പ്രദായം മാത്രം. ഇത് ഔദ്യോഗികമല്ല.
റവ. ഡോ. തോമസ് വടക്കേൽ


