വിശ്വാസം എന്നത് മറ്റുള്ളവരെ വഴികാണിക്കാനുള്ളതാണെന്നാണ് വിശുദ്ധ തോമാശ്ലീഹായുടെ ജീവിതത്തിൽ നിന്ന് നാം മനസ്സിലാക്കുന്നത്. വി. യോഹന്നാന്റെ സുവിശേഷത്തിൽ മൂന്ന് ഇടങ്ങളിലാണ് തോമാശ്ലീഹായെക്കുറിച്ചു പരാമർശമുള്ളത്. വിശ്വാസത്തിന്റെ മൂന്നു മാനങ്ങളായിട്ടാണ് ഞാൻ അതിനെ വിലയിരുത്തുന്നത്. ‘എന്റെ കർത്താവേ എന്റെ ദൈവമേ’ എന്ന ഉച്ചൈസ്തരമുള്ള, കർത്താവിന്റെ ഹൃദയത്തിൽ തൊട്ടുള്ള വിശ്വാസപ്രഖ്യാപനമാണ്, വിശ്വസ്തതയുടെ പ്രഖ്യാപനമാണ് അവിടെ ഒന്നാമതായി കാണുന്നത്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ 11 -ാം അധ്യായത്തിലെ 16 -ാമത്തെ വാക്കുകളിലാണ് തോമാശ്ലീഹായെ രണ്ടാമതായി കാണുന്നത്. യൂദയായിലേക്ക് പോകാമെന്നുള്ള കാര്യം സംസാരിക്കുമ്പോൾ മറ്റു ശിഷ്യന്മാർ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിൽ തോമാശ്ലീഹാ പറയുന്നത് ‘ നമുക്കും അവനോടുകൂടെ പോയി മരിക്കാം’ എന്നാണ്. ആ വാക്കുകൾ രക്തസാക്ഷിത്വത്തിൽ അവസാനിക്കുന്നതായും നാം പിന്നീട് കാണുന്നുണ്ട്. ആത്മാർത്ഥതയോടെ, കർത്താവിനുവേണ്ടി പ്രവർത്തിച്ച് രക്തസാക്ഷിത്വത്തിലൂടെ അദ്ദേഹം ശിഷ്യത്വം സാക്ഷ്യപ്പെടുത്തുകയായിരുന്നു.
യോഹന്നാന്റെ സുവിശേഷം 44 -ാം അധ്യായം ആറാം വാക്യത്തിലാണ് തോമാശ്ലീഹായെക്കുറിച്ചുള്ള അവസാനത്തെ പരാമർശം. തോമാശ്ലീഹാ ചോദിച്ച ചോദ്യത്തിന് കർത്താവ് പറഞ്ഞ മറുപടിയായിട്ടാണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഞാനാണ് വഴിയും സത്യവും ജീവനും’ എന്നായിരുന്നു ക്രിസ്തുവിന്റെ മറുപടി.
മറ്റുള്ളവരെ വഴികാണിക്കാൻ നമ്മുടെ ജീവിതം സമർപ്പിക്കുന്നതാണ് യഥാർഥ വിശ്വാസം.ഒരു ക്രൈസ്തവൻ ശിഷ്യനാകുന്നത് പ്രേഷിതനാകുമ്പോഴാണ്. തോമാശ്ലീഹാ വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ നമുക്ക് കാണിച്ചുതന്നയാളാണ്. തോമാശ്ലീഹായുടെ തിരുനാൾ അദ്ദേഹത്തിന്റെ മാധ്യസ്ഥം തേടാനും ഈ വലിയ കാഴ്ചപ്പാടുകളിലേക്ക് വളരാനും നമ്മെ സഹായിക്കട്ടെ.
എല്ലാവർക്കും ദുക്‌റാനതിരുനാൾ മംഗളങ്ങൾ സന്തോഷത്തോടെ നേർന്നുകൊള്ളുന്നു.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ


