സിസ്റ്റർ ജോസിയ SD
പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ഉപവാസത്തിന്റെയും നെരിപ്പോടിൽ ഉയരുന്ന ചൂടുകൊണ്ട്, അലസതയുടെയും, ആസക്തിയുടെയും, ആഡംബരങ്ങളുടെയും തണുപ്പകറ്റുന്ന നോമ്പുകാലത്തിലൂടെ നാം യാത്ര ചെയ്യുകയാണല്ലോ.
അകലങ്ങൾ കുറയ്ക്കേണ്ട ഒരു കാലം കൂടിയാണിതെന്ന് പറയാതെ വയ്യ. അതിന്, ഒന്നുകിൽ അടുത്തെത്തണം. അല്ലെങ്കിൽ ഇറങ്ങിപോയിടത്തേക്ക് തിരിച്ചു നടക്കണം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ പ്രസിദ്ധമായ ഒരു തിരിച്ചുവരവ് വിവരിക്കുന്നുണ്ട്. ധൂർത്ത പുത്രന്റെ തിരിച്ചുവരവ്! എവിടെ നിന്ന് എല്ലാം സ്വരുക്കൂട്ടി ഇറങ്ങിയോ അവിടേക്ക് തന്നെ വെറുംകയ്യോടെ തിരികെ ചെല്ലാൻ ഒരുവന് ധൈര്യം കിട്ടണമെങ്കിൽ അവൻ ആദ്യമായിരുന്ന ഇടത്തെ കുറിച്ചുള്ള അവന്റെ ഉറപ്പ് എന്തുമാത്രം ആയിരിക്കും? എത്ര നികൃഷ്ടമായ പന്നിക്കൂട് അനുഭവങ്ങളിലൂടെ എന്റെ കയ്യിലിരിപ്പുകൊണ്ട് കടന്നു പോകേണ്ടി വന്നാലും, എന്നെ ആദ്യത്തേക്കാൾ അധികം സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ടെന്ന സുബോധമാണ് ഈ നോമ്പുകാലത്ത് നമ്മുടെ ഉള്ളിലും ഉണ്ടാകേണ്ടത്. ധൂർത്ത പുത്രന് പന്നിക്കൂട്ടിൽ നിന്നും പിതാവിന്റെ ഭവനത്തിലെത്താൻ സഞ്ചരിക്കേണ്ടി വന്ന അതേ ദൂരം ഈ നോമ്പുകാലത്ത് നമുക്കും തിരികെ നടക്കാനുണ്ട്. നമ്മുടെ ജീവിതങ്ങളുടെ ഇപ്പോൾ ആയിരിക്കുന്ന ഇടത്തുനിന്നും കുമ്പസാരക്കൂട്ടിലേക്ക് ആകട്ടെ നമ്മുടെ ആ സഞ്ചാരവും തിരികെ വരവും.
“പിതാവേ അങ്ങേക്കെതിരായും സ്വർഗ്ഗത്തിനെതിരായും ഞാൻ പാപം ചെയ്തു പോയി” എന്ന ഏറ്റുപറച്ചിലിനായി ഈ നോമ്പിന്റെ തുടക്ക നാളുകളിൽ തന്നെ നമുക്ക് കുമ്പസാരക്കൂട്ടിൽ മുട്ടുകുത്താം. ദൈവ കരുണയുടെ ഈ വിശുദ്ധ കൂടാരത്തിലേക്ക് നമുക്ക് തിരികെ വരാം.


