യൗസേപ്പിതാവിന്റെ അന്ത്യനിമിഷങ്ങള്‍

Published on

വിനായക് നിർമൽ

ലോകത്തിലെ ഒരു മനുഷ്യനും ലഭിച്ചിട്ടില്ലാത്ത ഭാഗ്യമരണമായിരുന്നു യൗസേപ്പിതാവിന് ലഭിച്ചത്. കാരണം വിശുദ്ധന്‍ മരിച്ചത് പരിശുദ്ധ കന്യാമറിയത്തിന്റെയും ഈശോയുടെയും സാന്നിധ്യത്തിലായിരുന്നു. ഈശോയുടെയും പരിശുദ്ധ അമ്മയുടെയും സാന്നിധ്യത്തില്‍ അവരുടെ ശുശ്രൂഷകള്‍ അനുഭവിച്ചുകൊണ്ട് മരിക്കുക. എത്രവലിയ ഭാഗ്യമാണ് അത്. അതുകൊണ്ടാണ് സഭ നല്ല മരണത്തിന്റെ മധ്യസ്ഥനായി യൗസേപ്പിതാവിനെ വണങ്ങുന്നത്.   വിശുദ്ധ ഫ്രാന്‍സിസ് സാലസും വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയും യൗസേപ്പിതാവിനെ നന്മരണത്തിന്റെ മധ്യസ്ഥനായി  വിശേ,ിപ്പിക്കുന്നുണ്ട്.

എങ്കിലും പുതിയ നിയമത്തില്‍ യൗസേപ്പിതാവിന്റെ മരണത്തെക്കുറിച്ച് സൂചനകളൊന്നുമില്ല. ഈശോയുടെ ബാല്യകാലത്തിന് ശേഷം യൗസേപ്പിതാവ് ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്നുമില്ല. അതുകൊണ്ട്തന്നെ  ബൈബിളേതര ഉറവിടങ്ങളില്‍ നിന്നാണ് യൗസേപ്പിന്റെ മരണത്തെയും അന്ത്യനിമിഷങ്ങളെയും കുറിച്ച് നാം മനസ്സിലാക്കുന്നത്.

എഡി ഒന്നാം നൂറ്റാണ്ടില്‍  ഇസ്രായേലിലെ സിര്‍ക്കായില്‍ വച്ചാണ് യൗസേപ്പിതാവ് മരിച്ചത് എന്നാണ് പാരമ്പര്യം. യൗസേപ്പിതാവ് മരിക്കുമ്പോള്‍ ഈശോയ്ക്ക് മുപ്പത് വയസായിരുന്നു പ്രായമെന്നും അതല്ല 19 വയസാണെന്നും വ്യത്യസ്തമായ ചില വായനകളുണ്ട്. യൗസേപ്പിതാവ്  111 ാം വയസിലാണ് മരണമടഞ്ഞതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഹിസ്റ്ററി ഓഫ് ജോസഫ് ദ കാര്‍പ്പെന്റര്‍ എന്ന അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ എഴുതപ്പെട്ടതെന്ന് കരുതുന്ന കൃതിയിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

 എന്നാല്‍ സഭ ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം നല്കുകയോ അംഗീകരിക്കുകയോ ചെയ്തതായി അറിയില്ല.
 വിശുദ്ധ ജോസഫിന്റെ മരണത്തെക്കുറിച്ച് ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:
 ഈശോ പണിപ്പുരയില്‍ മുട്ടറ്റമെത്തുന്ന ഒരു ഉടുപ്പണിഞ്ഞ് അതിന്റെ കൈകള്‍ മടക്കിവച്ച് ഒരു ചക്രം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അപ്പോഴാണ് മാതാവ് അവിടേയ്ക്ക് വന്നത്. മാതാവിന്റെ മുഖം ദ:ുഖപൂരിതവും സങ്കടം ആര്‍ത്തലയ്ക്കുന്നതുമായിരുന്നു. അമ്മ അടുത്തേക്ക് വന്നപ്പോള്‍ ഈശോ മുഖമുയര്‍ത്തി നോക്കി. ഓ ഈശോ ഒന്നിവിടം വരെ വരൂ. അദ്ദേഹത്തിന് അസുഖം കൂടുതലാണ്. മാതാവ് അറിയിച്ചു.

രണ്ടു കൈകള്‍ കൊണ്ടും പുത്രന്റെ കയ്യില്‍പിടിച്ച് ദു:ഖവും പ്രാര്‍ത്ഥനയും നിറഞ്ഞ ഭാവത്തോടെയാണ് അമ്മ മകനെ വിളിച്ചത്. അമ്മയുടെ കണ്ണുകള്‍ നിറയുകയും അധരം വിറയ്ക്കുകയും ചെയ്തിരുന്നു. അമ്മയുടെ മുഖഭാവത്തില്‍ നിന്ന് കാര്യത്തിന്റെ ഗൗരവം ഈശോയ്ക്ക് പിടികിട്ടി. ഈശോ ‘അമ്മ’ എന്ന് മാത്രം വിളിച്ചു. ആ വിളിയില്‍ എല്ലാം അടങ്ങിയിരുന്നു. പിന്നെ അമ്മയുടെ തോളില്‍ ഈശോ സാന്ത്വനപൂര്‍വ്വം കൈകള്‍ വച്ചു.
പണി നിര്‍ത്തി ഏപ്രണ്‍ അഴിച്ചുവച്ച് ഈശോ അമ്മയെയും കൂട്ടി യൗസേപ്പിതാവിന്റെ മുറിയിലേക്ക് നടന്നു. അടുക്കളത്തോട്ടത്തിലൂടെ തുറന്നുകിടക്കുന്ന വാതിലിലൂടെയാണ് അവര്‍ ആ മുറിയിലേക്ക് പ്രവേശിച്ചത്. ദരിദ്രമായ മുറിയായിരുന്നുവെങ്കിലും ശുചിത്വവും ക്രമവും അതിനുണ്ടായിരുന്നു.

ചെറിയ ഒരു മെത്തയിലായിരുന്നു യൗസേപ്പിതാവ് കിടന്നിരുന്നത്.  അദ്ദേഹത്തിന്റെ മുഖം വിളറിയു കരുവാളിച്ചുമാണ് ഇരുന്നത്. വലിവും ശ്വാസംമുട്ടലും യൗസേപ്പിതാവിന് അനുഭവപ്പെടുന്നുണ്ടായിരുന്നു. കണ്ണുകള്‍ ചൈതന്യരഹിതമായിക്കഴിഞ്ഞിരുന്നു. നെറ്റിയുടെ ഇരുവശങ്ങളിലും വിയര്‍പ്പ് പൊടിഞ്ഞിട്ടുണ്ടായിരുന്നു.മരണം യൗസേപ്പിതാവിന്റെ തൊട്ടരികിലുണ്ടായിരുന്നു.

മാതാവ് യൗസേപ്പിതാവിന്റെ ഇടതുവശത്ത് നിന്നുകൊണ്ട് യൗസേപ്പിതാവിന്റെ ചുളിവു വീണ കരം കയ്യിലെടുത്ത് തലോടുകയും ചുംബിക്കുകയും ചെയ്തു.പിന്നെ നെറ്റിയിലെ വിയര്‍പ്പൊപ്പി. യൗസേപ്പിതാവിന്റെ കണ്‍കോണില്‍ തിളങ്ങിനിന്ന കണ്ണീരുതുടച്ചു. വീഞ്ഞ് തുണിയില്‍ മുക്കി യൗസേപ്പിതാവിന്റെ അധരം നനച്ചു.

ഈശോ ജോസഫിന്റെ വലതുവശത്താണ് നിന്നത്. വളരെ സൂക്ഷിച്ചും വേഗത്തിലും ഈശോ യൗസേപ്പിതാവിന്റെ ശരീരം പൊക്കി നേരെ കിടത്തി. ഈശോയും മാതാവും കൂടി കുഷ്യന്‍ ശരിയാക്കി. ഈശോ സ്‌നേഹപൂര്‍വ്വം യൗസേപ്പിതാവിന്റെ നെറ്റി തലോടി. അദ്ദേഹത്തെ ധൈര്യപ്പെടുത്താനുളള ശ്രമത്തിലാണ് ഈശോ.

ഈശോയെ നോക്കി എന്തോ പറയാന്‍ ജോസഫ് ശ്രമിച്ചു. ഈശോയുടെ കൈയില്‍ പിടിക്കുകയും ചെയ്തു. ഈശോ ആ കരം ചുംബിച്ചു. ജോസഫ് അപ്പോള്‍ പുഞ്ചിരിച്ചു. മാതാവ് എവിടെയെന്ന് ജോസഫ് നോക്കി. മാതാവിന് പുഞ്ചിരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കഴി്ഞ്ഞില്ല. മാതാവ് കിടക്ക്ക്ക് സമീപം മുട്ടുകുത്തിനിന്നു. ജോസഫ് ദുര്‍ബലമായ കരമെടുത്ത് മേരിയുടെ ശിരസില്‍ തലോടി. അതൊരു അനുഗ്രഹം തന്നെയായിരുന്നു. ഈശോ കിടക്ക ചുറ്റി മറുവശത്ത് ചെന്ന് ഒരു സ്റ്റൂള്‍ എടുത്തുകൊണ്ടുവന്ന് അമ്മയെ അതിലിരുത്തി. പിന്നെ ആദ്യസ്ഥാനത്തു ചെന്നുനിന്ന് വളര്‍ത്തുപിതാവിന്റെ കരം തന്റെ കൈകളിലെടുത്തു.

അനന്തരം ഈശോ യൗസേപ്പിതാവിന്റെ ചെവിയില്‍ വളരെ താണ സ്വരത്തില്‍ സങ്കീര്‍ത്തനം ചൊല്ലിത്തുടങ്ങി, കര്‍ത്താവേ എന്നെ കടാക്ഷിക്കണമേ. എന്തെന്നാല്‍ എന്റെ പ്രതീക്ഷ അങ്ങില്‍ ഞാന്‍ വച്ചു. ഭൂമിയിലായിരിക്കുന്ന തന്റെ സ്‌നേഹിതര്‍ക്കായി എന്റെ എല്ലാ ആഗ്രഹങ്ങളും അത്ഭുതകരമാം വിധം അവിടുന്ന് നിറവേറ്റി….

ജോസഫിന് ആ നേരങ്ങളില്‍ അല്പം സന്തോഷം അനുഭവപ്പെട്ടു. ഈശോയെ യൗസേപ്പിതാവ് സ്‌നേഹത്തോടെ വീണ്ടും നോക്കി പുഞ്ചിരിച്ചുകൊണ്ട് ആ വിരലുകളില്‍ അമര്‍ത്തിപിടിച്ചു. ഈശോ പുഞ്ചിരിക്ക് പുഞ്ചിരി നല്കി സങ്കീര്‍ത്തനം തുടര്‍ന്നു.

… ഓ ദൈവമേ അവിടുത്തെ അഭിഷിക്തന്റെ നേരെ അങ്ങേ കണ്ണുകള്‍ തിരിക്കുകയും അവന്റെ മുഖത്തേക്ക് നോക്കുകയും ചെയ്യണമേ എന്ന ഭാഗമെത്തിയപ്പോള്‍ ജോസഫ് വിതുമ്പിപ്പോയി. ഈശോയോട് എന്തോ സംസാരിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ കഴിയുന്നില്ല.
 സങ്കീര്ത്തനങ്ങള്‍ തീര്‍ന്നുകഴിഞ്ഞപ്പോള്‍ ഈശോ യൗസേപ്പിതാവിനോട് പറഞ്ഞു. എന്റെ അപ്പാ, എന്റെ പേരിലും എന്റെ അമ്മയുടെ പേരിലും ഞാന്‍ നന്ദി പറയുന്നു. എനിക്ക് നീ നീതിമാനായ പിതാവായിരുന്നു. നിത്യപിതാവ് തന്റെ ക്രിസ്തുവിനെയും തന്റെ പേടകത്തിന്റെയും സൂക്ഷിപ്പുകാരനായി നിന്നെ തിരഞ്ഞെടുത്തു. അവന് വേണ്ടി തെളിക്കപ്പെട്ട വിളക്കാണ് നീ. പരിശുദ്ധമായ ഉദരത്തിന്റെ ഫലത്തോട് സ്‌നേഹമുള്ള ഒരു ഹൃദയം നിനക്കുണ്ടായിരുന്നു. അപ്പാ, സമാധാനത്തില്‍ പോകുക. നിന്റെ വിശ്രമത്തിലേക്ക് സമാധാനമായി പോകുക…

മേരി ജോസഫിന്റെ ശരീത്തിലിരിക്കുന്ന പുതപ്പുകളിന്മേല്‍ കമിഴ്ന്ന് കിടന്നുകരഞ്ഞു. ജോസഫിന്റെ കണ്ണുകളുടെ പ്രകാശം മങ്ങിമങ്ങിക്കൊണ്ടിരുന്നു.
അപ്പാ, അപ്പന് മഹത്വമുണ്ടായിരിക്കും. രക്ഷകന്‍ ലോകത്തിലുണ്ടെന്നും ദൈവരാജ്യം അവര്‍ക്കായി ഉടനെ തുറക്കപ്പെടുമെന്നും എനിക്ക് മുമ്പേ പോയി പിതാക്കന്മാരോട് പറയുക. അപ്പാ പോവുക എന്റെ അനുഗ്രഹം അപ്പനെ അനുഗമിക്കട്ടെ.’

ജോസഫിന്റെ മരണസമയം തൊട്ടടുത്തെത്തി. മേരി ജോസഫിനെ തലോടിക്കൊണ്ടിരുന്നു. ഈശോ അപ്പനെ ആശ്ലേഷിക്കുകയും തന്നോട് ചേര്‍ക്കുകയും ചെയ്തു. ആ നിമിഷം, അതെ ആ നിമിഷം യൗസേപ്പിതാവ് തളര്‍ന്നുവീഴുകയും സമാധാനത്തിലും സന്തോഷത്തിലും മരണമടയുകയും ചെയ്തു.

പുത്രനെ വളര്‍ത്തിയ നസ്രത്തിലെ ആ തച്ചന് അനുഗ്രഹപ്രദവും സന്തോഷകരവുമായ മരണം നല്കി സ്വര്‍ഗ്ഗത്തിലെ ദൈവം ആദരിക്കുകയായിരുന്നു ഇതിലൂടെ ചെയ്തിരുന്നത്. ഇനിയൊരാള്‍ക്കും ഭൂമിയില്‍ വച്ച് ഇങ്ങനെയൊരു മരണം ഉണ്ടാവരുതെന്ന് സ്വര്‍ഗ്ഗം നിശ്ചയിച്ചിരുന്നു.
‘അപ്പ പോയതോടുകൂടി നമ്മുടെ വീടു നിശ്ചലമായിപ്പോയി’ എന്നാണ് പി്ന്നീട് യൗസേപ്പിതാവിന്റെ മരണത്തെക്കുറിച്ച് ഈശോ മാതാവിനോട് പറഞ്ഞത്. ആ വാക്കില്‍ യൗസേപ്പിതാവിനോടുള്ള ഈശോയുടെ മുഴുവന്‍ സ്‌നേഹവും ആദരവും കടപ്പാടും  കലര്‍ന്നിരുന്നു.

Latest Updates

POPULAR Views

FEATUERD Views

കരങ്ങളിലൂടെ ആത്മാവിലേക്ക്

വിശുദ്ധ വിൻസെന്റ് ഡി പോൾ നടന്നുനീങ്ങിയ ജീവകാരുണ്യത്തിന്റെയും സമർപ്പണത്തിന്റെയും സേവനത്തിന്റെയും അസ്തിത്വത്തിലേക്കുള്ള...

വിശുദ്ധ യൌസേപ്പിതാവിനെക്കുറിച്ച്

ജോസഫിന്റെ അടുക്കലേക്ക് പോകുക. വിശുദ്ധജോസഫിനോട് പ്രത്യേക ആത്മവിശ്വാസത്തോടെ സഹായം തേടുക.കാരണം സാര്‍വത്രികസഭയുടെ രക്ഷാധികാരിയായതിനാല്‍ അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റവും ശക്തമാണ്. പിയൂസ് ഒമ്പതാമന്‍ പാപ്പ

യൗസേപ്പിതാവിന്റെ ഏഴു സന്തോഷങ്ങള്‍

ജീവിതം എപ്പോഴും സുഖദു:ഖ സമ്മിശ്രമാണ്.  ഒരു ദു:ഖം വന്നുപോകുമ്പോഴായിരിക്കും ഒരു സന്തോഷം പടി കടന്നുവരുന്നത്. ഒരു സന്തോഷം ഉമ്മറത്തിരിക്കുമ്പോഴായിരിക്കും ഒരു സങ്കടം പടിവാതില്‍ക്കല്‍ അകത്തേക്ക് കയറാന്‍ കാത്തുനില്ക്കുന്നത്.

മാർ യൗസേപ്പ്: രക്ഷാകരപദ്ധതിയുടെ സേവകനും ദൈവപിതാവിന്റെ നിഴലും

കത്തോലിക്കാ സഭയുടെ രക്ഷകർത്താവ് - മദ്ധ്യസ്ഥൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, വിമോചനത്തിന്റെ രക്ഷാധികാരി, നല്ല മരണത്തിന്റെ മദ്ധ്യസ്ഥൻ തുടങ്ങി പല നാമങ്ങളിൽ വണങ്ങപ്പെടുന്ന യൗസേപ്പിതാവിനോട് ആഴമേറിയ ആദരവും ഭക്തിയുമാണുള്ളത്.

വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും

കത്തോലിക്കാസഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ...

ദുക്റാനതിരുനാള്‍

നാം ഭാരതീയരാണ് എന്ന് അഭിമാനിക്കുന്നതുപോലെ തന്നെ പറയേണ്ട കാര്യമാണ് നാം "മാര്‍തോമാക്രി...

സീറോമലബാർ സഭയിലെ വിശുദ്ധർ

ഭാരതത്തിൽ നിന്നുള്ള പ്രഥമ വിശുദ്ധ അൽഫോൻസാമ്മയ്ക്ക് ശേഷം ചാവറ കുര്യാക്കോസ് ഏലിയാസച്ചനും...

അന്നമോളും യൗസേപ്പിതാവും

"അന്നമോളെ, മോളുടെ കാറ്റിക്കിസം ടീച്ചര്‍ വിളിച്ചിട്ട് എന്താ പറഞ്ഞത്?" "അമ്മേ, ഞാനീഫോണൊന്ന് പപ്പായ്ക്ക്...