വിനായക് നിർമൽ
ജീവിതം എപ്പോഴും സുഖദു:ഖ സമ്മിശ്രമാണ്. ഒരു ദു:ഖം വന്നുപോകുമ്പോഴായിരിക്കും ഒരു സന്തോഷം പടി കടന്നുവരുന്നത്. ഒരു സന്തോഷം ഉമ്മറത്തിരിക്കുമ്പോഴായിരിക്കും ഒരു സങ്കടം പടിവാതില്‍ക്കല്‍ അകത്തേക്ക് കയറാന്‍ കാത്തുനില്ക്കുന്നത്. ജീവിതത്തിലെ ഈ പൊതുസ്വഭാവിക തത്വം യൗസേപ്പിന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്. ആ സന്തോഷങ്ങള്‍ ഇവയാണ്:
1 മാലാഖയുടെ സന്തോഷവാര്‍ത്ത
വിവാഹം നിശ്ചയംകഴിഞ്ഞ പെണ്‍കുട്ടി തന്നാല്‍ അല്ലാതെ ഗര്‍ഭിണിയാണെന്ന് അറിയുക. ഏതൊരു പുരുഷനാണ് തകര്‍ന്നുപോകാത്തത്?യൗസേപ്പും അങ്ങനെയായിരുന്നു. ആ വാര്‍ത്തയുടെ വിഷമവുംഅപമാനവും പേറി ജീവിതം മുഴുവന്‍ ഇനി ഇരുട്ടിലാണെന്ന് കരുതി കഴിയുന്നവേളയിലാണ് മാലാഖയുടെ കടന്നുവരവ്. അല്ലെങ്കിലും മാലാഖമാര്‍ എല്ലായ്‌പ്പോഴും വരുന്നത് സന്തോഷത്തിന്റെ വര്‍ത്തമാനവുമായിട്ടാണല്ലോ? അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്( മത്താ 1:20)
ഈ വാര്‍ത്ത ജോസഫിനെ സന്തോഷിപ്പിച്ചു. അങ്ങനെ മാതാവിന് ലഭിച്ച മംഗളവാര്‍ത്ത യൗസേപ്പിതാവിനും ലഭിച്ചു.
2 രക്ഷകന്റെ ജനനം
ഒരു ഭര്‍ത്താവിന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം ഏതാണ്.? അത് ഭാര്യ ഗര്‍ഭിണിയാണ് എന്നറിയുന്ന നിമിഷമാണ്. വിവാഹം കഴിഞ്ഞ് നിശ്ചിതകാലം കഴിഞ്ഞിട്ടും ഭാര്യ ഗര്‍ഭിണിയാകുന്നില്ലെങ്കില്‍ നാട്ടുകാരുടെയും കൂട്ടുകാരുടെയും ആ ചോദ്യമുണ്ടല്ലോ അതേറ്റവും വേട്ടയാടുന്നത് പുരുഷനെ തന്നെയാണ്. അവനെന്തോ കുഴപ്പം. അതാണ് വിചാരം. അതായത് അവന്റെ ലൈംഗികതയെ വരെ ചോദ്യം ചെയ്യുന്ന രീതി. ഒരു കുഞ്ഞ് ജനിക്കുന്നതോടെ പുരുഷന്റെ ലോകം മാറിമറിയുന്നു. അവന്റെ ജീവിതത്തിന് പുതിയ തിളക്കവും സുഗന്ധവും. ഭൂമിയിലെ സാധാരണക്കാരനായ ഒരു പുരുഷന്റെ പോലും രീതി ഇതാണെങ്കില്‍ ജോസഫിന്റെ കാര്യം പ്രത്യേകിച്ച് പറയണോ? അവന്‍ ആരുടെ പിതാവായിട്ടാണ് മാറുന്നത്.? ദൈവപുത്രന്റെ വളര്‍ത്തുപിതാവ്. അവന്‍ ഏറ്റുവാങ്ങിയത് ആരെയാണ്. ദൈവപുത്രനെ. യൗസേപ്പിന് സന്തോഷം അടക്കാന്‍ കഴിയുമോ? ഒരിക്കലുമില്ല.
3 ഈശോയ്ക്ക് പേരിടാന്‍ കിട്ടുന്ന അവസരം
മക്കള്‍ക്ക് പേരിടാന്‍ ചില ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ മത്സരം പോലുമുണ്ട്. കാരണം രണ്ടുകൂട്ടര്‍ക്കും യോജിക്കുന്ന ഒരു പേരില്‍ എത്തിച്ചേരാന്‍ കഴിയാറില്ല. പക്ഷേ ഈശോയ്ക്ക് പേരിടാന്‍ മാതാവും ജോസഫും തമ്മില്‍ മത്സരിച്ചില്ല. അവര്‍ പോലുമായിരുന്നില്ല പേരിട്ടത്. ആ പേര് മുന്നേ നിശ്ചയിക്കപ്പെട്ടതായിരുന്നു. എന്നാല്‍ ആ പേരു നല്കാന്‍ നിയോഗിക്കപ്പെട്ടത് യൗസേപ്പിതാവായിരുന്നു. നീ അവന് യേശു എന്ന് പേരിടണം. അതായിരുന്നു മാലാഖയുടെ നിര്‍ദ്ദേശം. ജോസഫിന് കിട്ടുന്ന വലിയ അംഗീകാരമാണ് ഇത്.
4 ഈശോയുടെ രക്ഷാകരകര്‍മ്മത്തെക്കുറിച്ചുള്ള അറിവ്
ജനിക്കാനിരിക്കുന്ന കുഞ്ഞ് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ളവനാണ് എന്ന മാലാഖയുടെ പ്രവചനത്തോടെ താന്‍ വളര്‍ത്തുപിതാവാകാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള അറിവ് ജോസഫില്‍ നിറഞ്ഞു. രക്ഷകന്റെ വളര്‍ത്തുപിതാവ് എന്ന മേല്‍വിലാസം ജോസഫിന് അലങ്കാരമായി.
5 ഈജിപ്തിലെ വിഗ്രഹങ്ങള്‍ യേശുവിന്റെ കാല്ക്കല്‍ വീണുടഞ്ഞ നിമിഷം
അപ്പോക്രിഫല്‍ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് സന്തോഷത്തിന്റെ ഈ നിമിഷത്തെ നാം കാണേണ്ടത്.ഹേറോദോസിനെ ഭയന്ന് ഈജിപ്തിലേക്കാണല്ലോ ജോസഫ് മറിയത്തെയും ഉണ്ണിയെയും കൂട്ടി പലായനം ചെയ്തത്? ഈജിപ്ത് ആ സമയം വിഗ്രഹാരാധനയില്‍മു ഴുകുകിയിരിക്കുകയായിരുന്നു. എന്നാല്‍ ജോസഫ് ഉണ്ണിയേശുവിനോടുകൂടി ഈജിപ്തിലെത്തിയപ്പോള്‍ അവിടെയൊരു ഭൂമികുലുക്കം ഉണ്ടാവുകയും അതില്‍ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങള്‍ എല്ലാം തകര്‍ന്നുതരിപ്പണമാകുകയും ചെയ്തു. ഈസംഭവം ഏശയ്യ 19:1 ന്റെ പൂര്‍ത്തീകരണമായിട്ടും ബൈബിള്‍ പണ്ഡിതര്‍ കാണുന്നു.
6 മാതാവിനോടും ഈശോയോടുമൊപ്പമുള്ള കുടുംബജീവിതം
ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ ധനം തന്നെ ആദരിക്കുകയും തനിക്ക് സമാധാനം നല്കുകയും ചെയ്യുന്ന ഭാര്യയാണ്. ഗുണവതിയായ ഭാര്യ ഭര്‍ത്താവിന്റെ ക്ലേശങ്ങള്‍ കുറയ്ക്കുന്നു. ജീവിതത്തില്‍ മറ്റ് പല പ്രശ്‌നങ്ങളും ആ കുടുംബത്തിന് നേരിടേണ്ടിവന്നേക്കാം. മാതാവുണ്ടായിരുന്നിട്ടും ഭൗതികമായ പല പ്രശ്‌നങ്ങളും ജോസഫ് നേരിടുകയുണ്ടായല്ലോ. പക്ഷേ അവയെയെല്ലാംനേരിടാനുള്ളകരുത്തും കഴിവും കിട്ടുന്നത് ഭാര്യയുടെ പിന്തുണയും സ്‌നേഹപൂര്‍വ്വമായ പരിചരണവും കൊണ്ടാണ്. ജോസഫിന് അത് ലഭിച്ചിരുന്നു. പോരാഞ്ഞ് യേശു എന്ന മകനുമൊത്തുള്ള സഹവാസവും. ഏതൊരു അപ്പന്റെയും ശാന്തതയ്ക്കും സ്വച്ഛതയ്ക്കും കാരണമായി മാറുന്നത് സല്‍ഗുണ സമ്പന്നരായ മക്കളാണല്ലോ?
7 മൂന്നാം ദിവസം ഉണ്ണിയേശുവിനെ കണ്ടെത്തിയത്
കാണാതെ പോയ മകനെ കണ്ടുകിട്ടുന്ന നിമിഷം. ഒരുപിതാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ നിമിഷമായിരിക്കും അത്. ദേവാലയത്തില്‍വച്ച് കാണാതെപോയ മകനെ മൂന്നുദിവസങ്ങള്‍ക്ക് ശേഷം കണ്ടുകിട്ടിയപ്പോള്‍ അനുഭവിച്ചതുപോലെത്തെ സമാധാനവും ആശ്വാസവും സന്തോഷവും ജോസഫ് അതിന് മുമ്പോ അതിന് ശേഷമോ അനുഭവിച്ചിട്ടുണ്ടാവില്ല.


