അന്നമോളും യൗസേപ്പിതാവും

Published on

“അന്നമോളെ, മോളുടെ കാറ്റിക്കിസം ടീച്ചര്‍ വിളിച്ചിട്ട് എന്താ പറഞ്ഞത്?”

“അമ്മേ, ഞാനീഫോണൊന്ന് പപ്പായ്ക്ക് കൊടുത്തിട്ട് വരാം. എന്നിട്ട് വിശദമായി പറയാം.”

“ശരി മോളു.”

“അമ്മേ, ടീച്ചര്‍ പറഞ്ഞു ഈ വര്‍ഷം യൗസേപ്പിതാവിന്‍റെ വര്‍ഷമായതുകൊണ്ട്, കാറ്റിക്കിസം കുട്ടികള്‍ക്കായി ഒരു പ്രസംഗമംത്സരം നടത്തുന്നുണ്ടെന്ന്. എന്‍റെ ക്ലാസ്സില്‍നിന്നും എന്നോട് പങ്കെടുക്കാനാണ് ടീച്ചര്‍ പറഞ്ഞത്.”

“ആഹാ, കൊള്ളാലോ, എന്നിട്ട് മോളെന്തു തീരുമാനിച്ചു.” 

“എനിക്ക് മത്സരത്തിന് ചേരണം. പക്ഷേ, അമ്മ പ്രസംഗം പഠിപ്പിച്ചുതരണം.”

“അതുചെയ്യാം. അതിനുമുന്പ് മോള്‍ക്ക് യൗസേപ്പിതാവിനെകുറിച്ച് എന്തൊക്കെ അറിയാമെന്ന് ഒന്നു പറഞ്ഞേ…”

“അങ്ങനെ ചോദിച്ചാല്‍… ആ… ഈശോയുടെ വളര്‍ത്തുപിതാവാണെന്നറിയാം…”

“ആ ഒറ്റക്കാര്യമേ മോള്‍ക്ക് അറിയുള്ളൂ അല്ലേ. ഒരു കാര്യംചെയ്യ് വല്യപ്പച്ചൻ അവിടെ ഇരിക്കുന്നുണ്ട്. മോള് വല്യപ്പച്ചൻ യൗസേപ്പിതാവിനെകുറിച്ച് ഒന്നു പറഞ്ഞുതരാന്‍ പറ. വല്യപ്പച്ചൻ നമ്മുടെ പള്ളിയിലെ കാറ്റിക്കിസം എച്ച് എം ഒക്കെയായിരുന്നു. മോള് ചെല്ല്. അമ്മ അപ്പോഴേക്കും പണിയൊക്കെ തീര്‍ത്തിട്ട് പ്രസംഗം എഴുതിത്തരാം.” 

“ശരിയമ്മേ.”

“വല്ല്യപ്പച്ചാ… എനിക്ക് സണ്‍ഡേസ്കൂളില്‍ യൗസേപ്പിതാവിനെകുറിച്ചൊരു പ്രസംഗമത്സരം ഉണ്ട്. അമ്മ പ്രസംഗം എഴുതിത്തരാമ്മ പറഞ്ഞു. വല്യപ്പച്ചൻ എനിക്ക് യൗസേപ്പിതാവിനെകുറിച്ചൊന്ന് പറഞ്ഞുതരാമോ.”

“അതിനെന്താ പറയാലോ… അന്നമോള് വല്യപ്പച്ചന്‍റടുത്ത് വന്നിരിക്ക്.” 

“വല്യപ്പച്ചാ, എന്തിനാണ് ഈ വര്‍ഷം യൗസേപ്പിതാവിന്റെ വര്‍ഷമായിട്ട് ആചരിക്കുന്നത്?” 

“മോളെ, 1870-ല്‍ ആണ് യൗസേപ്പിതാവിനെ സാര്‍വ്വത്രികസഭയുടെ തലവനായി പ്രഖ്യാപിക്കുന്നത്.” 

“ആരാ വല്യപ്പച്ചാ, അങ്ങനെ പ്രഖ്യാപിച്ചത്?”

“അന്നമോളെ, വാഴ്ത്തപ്പെട്ട 9-ാം പീയൂസ് മാര്‍പ്പാപ്പയാണ് അങ്ങനെ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം കഴിഞ്ഞിട്ടിപ്പോള്‍ 150 വര്‍ഷമായി. അതുകൊണ്ടാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഈ വര്‍ഷം യൗസേപ്പിതാവിന്‍റെ വര്‍ഷമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തത്.” 

“വല്യപ്പച്ചാ, എനിക്ക് നമ്മുടെ പള്ളിയിലെ യൗസേപ്പിതാവിന്‍റെ തിരുനാള്‍ കൂടാന്‍ ഒരുപാടിഷ്ടമാണ്. എന്തുരസമാണല്ലേ?”

“അതെമോളെ, നമ്മുടെ വിശ്വാസത്തിന്‍റെ ഒരു പ്രഘോഷണംകൂടിയാണ് നമ്മുടെ തിരുനാളുകള്‍. നമ്മുടെ പള്ളിയില്‍ മെയ്-1ന് അല്ലേ തിരുനാള്‍. യൗസേപ്പിതാവ് ഒരു മരപ്പണിക്കാരനായിരുന്നെന്ന് മോള്‍ക്കറിയില്ലേ. യൗസേപ്പിതാവ് നന്നായി അദ്ധ്വാനിച്ചാണ് തിരുകുടുംബത്തെ പരിപാലിച്ചത്. അതുകൊണ്ടാണ് നമ്മള്‍ യൗസേപ്പിതാവിനെ തൊഴിലാളികളുടെ മധ്യസ്ഥന്‍ എന്നു വിളിക്കുന്നത്. തിരുസഭ ആചരിക്കുന്ന യൗസേപ്പിതാവിന്‍റെ മറ്റൊരു തിരുനാളാണ് മരണതിരുനാള്‍. അത് മാര്‍ച്ച് -19നാണ്. ചിലപ്പോള്‍ അന്നേദിവസം ആണ് തിരുനാളാഘോഷിക്കുന്നത്.” 

“തൊഴിലാളികളുടെ മധ്യസ്ഥനോ? അതുകൊള്ളാമല്ലോ?”

“അന്നമോളെ, യൗസേപ്പിതാവിനെ തൊഴിലാളികളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത് ആരാണെന്ന് മോൾക്കറിയാമോ?”

“ഇല്ല വല്യപ്പച്ചാ”

“പീയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പയാണ് യൗസേപ്പിതാവിനെ തൊഴിലാളികളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്.”

“വല്യപ്പച്ചാ… ഇനിയും വല്ല പേരും ഉണ്ടോ യൗസേപ്പിതാവിന്?”

“ഉണ്ടല്ലോ അന്നമോളേ. രക്ഷകന്റെ പാലകൻ, തൽമരണ മധ്യസ്ഥൻ, കന്യാവ്രതക്കാരുടെ കാവൽക്കാരൻ, തിരുസഭയുടെ പാലകൻ എന്നൊക്കെ യൗസേപ്പിതാവിന് വിശേഷണങ്ങളുണ്ട്.”

 “ആഹാ, ഈ യൗസേപ്പിതാവ് ഒരു സംഭവം തന്നെയാണ് അല്ലേ വല്യപ്പച്ചാ?”

“പിന്നെ, സംശയമുണ്ടോ? ഉണ്ണീശോയെ ഹോറോദോസിന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ യൗസേപ്പിതാവ് ഉണ്ണീശോയും മാതാവുമൊത്ത് ഈജിപ്തിലേക്ക് പലായനം ചെയ്തതൊക്കെ ബൈബിളിൽ മോള് വായിച്ചു കേട്ടിട്ടില്ലേ?”

 “ഉവ്വ്… ഓർക്കുന്നുണ്ട് വല്യപ്പച്ചാ, മാലാഖ സ്വപ്നത്തിൽ പറഞ്ഞിട്ടല്ലേ യൗസേപ്പിതാവ് അങ്ങനെയൊക്കെ ചെയ്തത്?”

“മിടുക്കി, ഇതൊക്കെ അറിയാലോ മോൾക്ക്! മറിയത്തെ ഭാര്യയായി സ്വീകരിക്കണം, ശിശുവിന് യേശു എന്ന് പേരിടണം, ഈജിപ്തിലേക്ക് പലായനം ചെയ്യണം, മടങ്ങി വരണം, എന്നൊക്കെ ദൈവദൂതൻ സ്വപ്നത്തിലാണ് യൗസേപ്പിതാവിനെ അറിയിക്കുന്നത്.”

“ഇങ്ങനെ ദൈവം സന്ദേശം ഒക്കെ നൽകണമെങ്കിൽ യൗസേപ്പിതാവ് ഒത്തിരി നല്ല ആൾ ആയിരിക്കും അല്ലേ വല്യപ്പച്ചാ?”

“അതെ അന്നമോളെ, നീതിമാൻ എന്നല്ലേ ബൈബിൾ യൗസേപ്പിതാവിനെ കുറിച്ച് പറയുന്നത്.”

“വല്യപ്പച്ചാ, ഉണ്ണീശോയെ ആപത്തിൽ നിന്നെല്ലാം രക്ഷിച്ചതുപോലെ നമ്മളെയും യൗസേപ്പിതാവ് സഹായിക്കുമോ?”

“തീർച്ചയായും മോളെ, അതുകൊണ്ടല്ലേ യൗസേപ്പിതാവിനെ നമ്മൾ തിരുസഭയുടെ സംരക്ഷകൻ എന്ന് വിളിക്കുന്നത്. ഉണ്ണീശോയുടെ കൂട്ടുകാരായ നിങ്ങൾക്കും യൗസേപ്പിതാവ് എന്നും സംരക്ഷകൻ ആയിരിക്കും.”

“ഹായ്, എനിക്ക് യൗസേപ്പിതാവിനെകുറിച്ച് എന്തെല്ലാം കാര്യങ്ങളാണ് വല്യപ്പച്ചൻ പറഞ്ഞു തന്നത്. എനിക്ക് യൗസേപ്പിതാവിനോട് ഒത്തിരി ഇഷ്ടം തോന്നുന്നു.”

 “നന്നായി മോളെ, ഇഷ്ടം മാത്രം പോരാ, യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും വേണം.”

“ശരി വല്യപ്പച്ചാ, താങ്ക്യൂ… ഞാൻ ഈ കാര്യങ്ങളൊക്കെ അമ്മയോടൊന്നു പറയട്ടെ… എന്നിട്ട് വേണം പ്രസംഗം പഠിക്കാൻ.”

 “ഓക്കേ മോളെ… ദൈവം അനുഗ്രഹിക്കട്ടെ.”

  -സുജമോൾ ജോസ് ഇല്ലത്തുപറമ്പിൽ

Latest Updates

POPULAR Views

FEATUERD Views

കരങ്ങളിലൂടെ ആത്മാവിലേക്ക്

വിശുദ്ധ വിൻസെന്റ് ഡി പോൾ നടന്നുനീങ്ങിയ ജീവകാരുണ്യത്തിന്റെയും സമർപ്പണത്തിന്റെയും സേവനത്തിന്റെയും അസ്തിത്വത്തിലേക്കുള്ള...

യൗസേപ്പിതാവിന്റെ അന്ത്യനിമിഷങ്ങള്‍

ലോകത്തിലെ ഒരു മനുഷ്യനും ലഭിച്ചിട്ടില്ലാത്ത ഭാഗ്യമരണമായിരുന്നു യൗസേപ്പിതാവിന് ലഭിച്ചത്. കാരണം വിശുദ്ധന്‍ മരിച്ചത് പരിശുദ്ധ കന്യാമറിയത്തിന്റെയും ഈശോയുടെയും സാന്നിധ്യത്തിലായിരുന്നു.

വിശുദ്ധ യൌസേപ്പിതാവിനെക്കുറിച്ച്

ജോസഫിന്റെ അടുക്കലേക്ക് പോകുക. വിശുദ്ധജോസഫിനോട് പ്രത്യേക ആത്മവിശ്വാസത്തോടെ സഹായം തേടുക.കാരണം സാര്‍വത്രികസഭയുടെ രക്ഷാധികാരിയായതിനാല്‍ അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റവും ശക്തമാണ്. പിയൂസ് ഒമ്പതാമന്‍ പാപ്പ

യൗസേപ്പിതാവിന്റെ ഏഴു സന്തോഷങ്ങള്‍

ജീവിതം എപ്പോഴും സുഖദു:ഖ സമ്മിശ്രമാണ്.  ഒരു ദു:ഖം വന്നുപോകുമ്പോഴായിരിക്കും ഒരു സന്തോഷം പടി കടന്നുവരുന്നത്. ഒരു സന്തോഷം ഉമ്മറത്തിരിക്കുമ്പോഴായിരിക്കും ഒരു സങ്കടം പടിവാതില്‍ക്കല്‍ അകത്തേക്ക് കയറാന്‍ കാത്തുനില്ക്കുന്നത്.

മാർ യൗസേപ്പ്: രക്ഷാകരപദ്ധതിയുടെ സേവകനും ദൈവപിതാവിന്റെ നിഴലും

കത്തോലിക്കാ സഭയുടെ രക്ഷകർത്താവ് - മദ്ധ്യസ്ഥൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, വിമോചനത്തിന്റെ രക്ഷാധികാരി, നല്ല മരണത്തിന്റെ മദ്ധ്യസ്ഥൻ തുടങ്ങി പല നാമങ്ങളിൽ വണങ്ങപ്പെടുന്ന യൗസേപ്പിതാവിനോട് ആഴമേറിയ ആദരവും ഭക്തിയുമാണുള്ളത്.

വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും

കത്തോലിക്കാസഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ...

ദുക്റാനതിരുനാള്‍

നാം ഭാരതീയരാണ് എന്ന് അഭിമാനിക്കുന്നതുപോലെ തന്നെ പറയേണ്ട കാര്യമാണ് നാം "മാര്‍തോമാക്രി...

സീറോമലബാർ സഭയിലെ വിശുദ്ധർ

ഭാരതത്തിൽ നിന്നുള്ള പ്രഥമ വിശുദ്ധ അൽഫോൻസാമ്മയ്ക്ക് ശേഷം ചാവറ കുര്യാക്കോസ് ഏലിയാസച്ചനും...