നാം ഭാരതീയരാണ് എന്ന് അഭിമാനിക്കുന്നതുപോലെ തന്നെ പറയേണ്ട കാര്യമാണ് നാം “മാര്‍തോമാക്രി സ്ത്യാനികളാണ്” എന്നത്. ആദ്യ നൂറ്റാണ്ടുമുതല്‍ നാം “മാര്‍തോമാക്രിസ്ത്യാനികള്‍” എന്നും “മാര്‍തോമാനസ്രാണികള്‍” എന്നുമാണ് അറിയപ്പെട്ടിരുന്നത്. നമ്മുടെ വിശ്വാസത്തിന്‍റെ പിതാവും ഭാരതത്തിന്‍റെ അപ്പസ്തോലനുമായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ നാം എന്നും ഭക്ത്യാദരവുകളോടെ അനുസ്മരിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ഇന്നും നാം ആചരിക്കുന്ന ദുക്റാനതിരുനാള്‍. ഈ തിരുനാളിനെപറ്റി സഭാപിതാക്കന്‍മാരായ വി. അപ്രേമും ടൂര്‍സിലെ വി. ഗ്രിഗറിയുമാണ് കൂടുതലായി തങ്ങളുടെ കൃതികളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വി. അപ്രേം തോമാശ്ലീഹായെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം എഴുതുന്നു: കണ്ടാലും ഇന്ത്യയില്‍ നിന്‍റെ അദ്ഭുതങ്ങള്‍; ഞങ്ങളുടെ നാട്ടില്‍ നിന്‍റെ വിജയവും, എല്ലായിടത്തും നിന്‍റെ തിരുന്നാളും (1. Lamy, Sancti Ephremi Syri Hymni et Sermones, Melchinda 1902, vol. IV, col. 693-708). Gloria Martyrum എന്ന ഗ്രന്ഥത്തില്‍ വി. ഗ്രിഗറി, തെയ ഡോര്‍ എന്ന സഞ്ചാരിയില്‍നിന്നു ലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആചരിക്കപ്പെടുന്ന ശ്ലീഹാ യുടെ ഓര്‍മതിരുന്നാളിനെപറ്റി രേഖപ്പെടുത്തുന്നുണ്ട് (Patrologia Latina LXXI, 733).
ഈശോ തന്‍റെ ശിഷ്യന്മാരെ പ്രേഷിതദൗത്യം ഭരമേല്പ്പി ക്കുന്നത് എല്ലാ സുവിശേഷകന്മാരും രേഖപ്പെടുത്തുന്നുണ്ട് (മത്താ 28:16-20, മര്‍ക്കോ 16:14-18, ലൂക്കാ 24:36-49, യോഹ 20:19-23). സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും നല്കിയാണ് ഈശോ അവരെ ഈ ദൗത്യമേല്പ്പിക്കുന്നത്. അപ്പസ്തോലപ്രവര്‍ത്തനങ്ങളിലാണ് ഈ ദൗത്യം കുറെകൂടി വ്യക്തമാകുന്നത്: പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ശക്തിയാര്‍ജ്ജിച്ച നിങ്ങള്‍ ജറുസലെമിലും യൂദയാ മുഴുവനിലും സമറിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും എനിക്ക് സാക്ഷികളാകണം (അപ്പ. പ്രവ 1:8). ക്രിസ്തുവിനുമുമ്പ് അഞ്ചാം നൂറ്റാണ്ടു മുതല്‍ ഗ്രന്ഥകാരന്മാര്‍ ഇന്ത്യയെയാണ് ഭൂമിയുടെ അതിര്‍ത്തി രാജ്യമായി കണക്കാക്കിയിരുന്നത്. മറ്റ് അപ്പസ്തോലന്‍മാര്‍ റോമാസാമ്രമാജത്തിലെ വിവിധ പ്രദേശങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ തോമാശ്ലീഹാ തിരഞ്ഞടുത്തത് അക്കാലത്തെ അതിര്‍ത്തി രാജ്യമായിരുന്ന ഇന്ത്യയാണ്. തങ്ങളുടെ ഗുരുവിന്‍റെ പ്രബോധനത്തെ, അവിടുത്തെ വളരെ സ്നേഹിച്ചിരുന്ന, തോമസ് അക്ഷരശ്ശഃ അനുസരിക്കുകയായിരുന്നു. “ഭൂമിയുടെ അതിര്‍ത്തികള്‍വരെ….” എന്നതുകൊണ്ട് ഇന്ത്യയാണ് തന്‍റെ ഗുരു ഉദ്ദേശിക്കുന്നത് എന്ന് ചിന്തിച്ചുറച്ച തോമായ്ക്ക് പിന്നെ തന്‍റെ ലക്ഷ്യസാക്ഷാത്ക്കാരത്തിന് ഒന്നും തടസ്സമായില്ല. കര്‍ത്താവിന്‍റെ തിരുവിലാവില്‍ സ്പര്‍ശിച്ച് ശക്തി സംഭരിച്ച മാര്‍തോമായ്ക്കു (യോഹ 20: 27) പിന്നെ കര്‍ത്താവ് മാത്രം മതിയായിരുന്നു. എന്‍റെ കര്‍ത്താവെ, എന്‍റെ ദൈവമെ (മാര്‍ വാലാഹ്) എന്ന ഉദ്ഘോഷം ആത്മനിര്‍വൃതിയുടെ വെളിപ്പെടുത്തലായിരുന്നു. തന്‍റെ ദൈവത്തിനു വേണ്ടി സാധിക്കുന്നതൊക്കെ ചെയ്യാനും സഹിക്കാന്‍ പറ്റുന്നതൊക്കെ സഹിക്കാനും ത്യജിക്കാന്‍ പറ്റുന്നതൊക്കെ ത്യജിക്കാനും സാധിക്കുന്നത് നേട്ടമായാണ് മാര്‍ തോമാ കരുതിയത്.
ഈശോയ്ക്ക് വേണ്ടി ലോകത്തിന്‍റെ ഏത് അറ്റം വരെ പോകാനും ധൈര്യവും പ്രചോദനവും നല്‍കിയതിന് മാര്‍ തോമ എന്ന പേരും ഒരു കാരണമായിട്ടുണ്ട്. സുറിയാനി ഭാഷയില്‍ “തോമാ”, “തൗമാ” (ഗ്രീക്കില്‍ ദിദി മോസ്) എന്നതിന്‍റെ അര്‍ത്ഥം ‘ഇരട്ടപിറവന്‍’ എന്നാണല്ലോ. തോമസ് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ പേരാണ്. ആദ്യത്തെ പേര്‍ യൂദാ എന്നാണ്. “യൂദാ” / “യഹൂദ” എന്ന പദത്തിനര്‍ത്ഥം “ഞാന്‍ ദൈവത്തെ മഹത്വപ്പെടുത്തും” എന്നാണ്. ഈശോയുടെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ മൂന്ന് “യൂദാ”മാര്‍ ഉണ്ടായിരുന്നു. യൂദാ തദേവൂസ്, യൂദാ സ്കറിയോത്ത, യൂദാ തോമാ. സുറിയാനി മൂലങ്ങളിലെല്ലാം “യൂദാ തോമാ” എന്നാണ് ഉപയോഗിച്ചു കാണുന്നത്; ഗ്രീക്ക് മൂലങ്ങളില്‍ തോമാ (തോമസ്) എന്നും. തോമസിന്‍റെ ഇരട്ടപിറന്നവന്‍ ഈശോയാണ് എന്നൊരു ചിന്ത ആദ്യനൂറ്റാണ്ടുകളിലെ ചില അപ്രമാണിക ഗ്രന്ഥങ്ങളില്‍ കാണാം. മൂന്നാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ എഴുതപ്പെട്ട “യൂദാ തോമായുടെ നടപടികള്‍” (Acts of [Judas] Thomas) എന്ന ഗ്രന്ഥത്തിലാണ് ഈ ആശയം പ്രധാനമായി കാണുന്നത്. ഈ ഗ്രന്ഥത്തിന്‍റെ പതിമൂന്ന് അദ്ധ്യായങ്ങളിലും തോമസിനെ ഇരട്ടപിറന്നവനായ ഈ ശോയുമായി സാദൃശപ്പെടുത്തുന്നുണ്ട്. ഈശോയും തോമസുമായി പതിനെട്ട് സാദൃശങ്ങളാണ് ഈ ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് സമര്‍ഥിക്കുന്നത്. ഉദാഹരണമായി നാലാം അദ്ധ്യായത്തില്‍ തോമസ് ഒരു കഴുതയുടെ പുറ ത്തിരുന്ന് പട്ടണവാതിലക്കല്‍വരെ എത്തുന്നതായി ചി ത്രീകരിക്കുന്നു.
പത്രോസ്, പൗലോസ് ശ്ലീഹന്‍മാര്‍ റോമിലും യോഹന്നാന്‍ എഫേസൂസിലും യാക്കോബ് സ്പെയിനിലും ബര്‍ത്തലോമിയോ അര്‍മേനിയായിലും സുവിശേഷം അറിയിച്ച് സഭകള്‍ തുടങ്ങിയതുപോലെ തോമസും ഏറ്റവും വിദൂരരാജ്യമായിരുന്ന ഇന്ത്യയിലും സഭയ്ക്ക് തുടക്കം കുറിച്ചു. “നമുക്കും അവനോടുകൂടി പോയി മരി ക്കാം” (യോഹ 11:16) എന്ന് സധൈര്യം ഉദ്ഘോഷിച്ച തോമാശ്ലീഹാ തന്‍റെ വാക്കു പാലിച്ച് ഇന്ത്യയില്‍ തന്‍റെ ഗുരുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് സഭയുടെ അടിത്തറ ബലപ്പെടുത്തി. അദ്ദേഹത്തിന്‍റെ കബറിടത്തിനുമുകളിലാണ് മൈലാപ്പൂരിലെ സാന്‍തോം ബസിലിക്കാ ഇന്ന് നിലകൊള്ളുന്നത്. ഇതുകൂടാതെ അപ്പസ്തോലന്‍മാര്‍ക്ക് കബറിടങ്ങള്‍ക്കു മുകളില്‍ ബസിലിക്കകള്‍ ഉളളത് റോമില്‍ വി. പത്രോസിന്‍റെയും സ്പെയിനില്‍ സാന്‍ദിയാഗോയില്‍ വി.യാക്കോബിന്‍റെയും കബറിടങ്ങള്‍ക്കു മുകളിലാണ്. ലോകത്ത് ഒരു അപ്പസ്തോലന്‍റെ പേരില്‍ അറിയപ്പെടുന്ന ഏകക്രൈസ്തവ വിഭാഗമാണ് മാര്‍തോമാക്രിസ്ത്യാനികള്‍ എന്നതില്‍ നാം അഭിമാനം കൊള്ളണം. നമ്മുടെ പിതാവായ മാര്‍ തോമാശ്ലീഹായില്‍നിന്നും ലഭിച്ച ക്രൈസ്തവവിശ്വാസം പൂര്‍വപിതാക്കള്‍ ജീവിക്കുകയും അത് സംരക്ഷിച്ച് പുതുതലമുറകള്‍ക്ക് കൈമാറുകയും ചെയ്തു. ഈ വിധം നമുക്ക് ലഭിച്ച ക്രൈസ്തവവിശ്വാസവും പാരമ്പര്യവും ജീവിതരീതികളും ജീവിതത്തില്‍ സ്വീകരിക്കുമ്പോഴാണ് എല്ലാവര്‍ഷവും ജൂലൈ 3ന് നാം ആചരിക്കുന്ന ദുക്റാനതിരുനാള്‍ അര്‍ത്ഥവത്തായ ആഘോഷമായി തീരുന്നത്.
ഡോ. ജെയിംസ് പുലിയുറുമ്പില്‍
സെക്രട്ടറി, മേജര്‍ ആര്‍ച്ച്ബിഷപ്


