മിസ്റ്റഗോജിയും വിശ്വാസപരിശീലനവും

Published on

വിശ്വാസരഹസ്യങ്ങളുടെ ആഘോഷത്തെയാണല്ലോ തിരുസഭ ആരാധനാക്രമം എന്നു വിളിക്കുന്നത്. ആരാധനക്രമത്തില്‍ ആഘോഷിക്കുന്ന വിശ്വാസരഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിനുള്ള പരിശീലനം മിസ്റ്റഗോജി (mystagogy) അഥവാ ദിവ്യരഹസ്യപ്രബോധനം എന്നാണ് അറിയപ്പെടുന്നത് (cf. CCC 1075). ദിവ്യരഹസ്യങ്ങളെക്കുറിച്ചും അവയുടെ അര്‍ഥങ്ങളെക്കുറിച്ചുമുള്ള ഒരു പ്രബോധനം (ഉപദേശം) മാത്രമായി  മിസ്റ്റഗോജിയെ ചുരുക്കാനാവില്ല. കാരണം കേവലം ഒരു പ്രബോധനത്തെക്കാള്‍ ആദിമസഭയിലെ സങ്കീര്‍ണ്ണമായ വിശ്വാസ ജീവിതപരിശീലന പദ്ധതിയിലെ ഒരു സുപ്രധാന ഘട്ടമായിരുന്നു മിസ്റ്റഗോജി. മാത്രമല്ല, ആദിമ ക്രൈസ്തവസമൂഹം അര്‍ഥവത്തായി നടപ്പിലാക്കിയ സാംസ്‌കാരിക അനുരൂപണത്തിന്റെ ഒരു മകുടോദാഹരണം കൂടി ആയിരുന്നു അത്.  

‘മിസ്റ്റഗോജി’ ഗ്രീക്ക് സംസ്‌കാരത്തില്‍’

മിസ്റ്റഗോജി’ എന്ന ഗ്രീക്ക് പദത്തിന് ക്രൈസ്തവമതത്തേക്കാള്‍ പഴക്കമുണ്ട്.  പ്രാചീന ഗ്രീക്കുകാര്‍ക്ക് മിസ്റ്റഗോജി എന്നത് ഗ്രീക്ക്‌പേഗന്‍ മതാനുഷ്ഠാനങ്ങളുടെ രഹസ്യാത്മകതയിലേക്ക് ഒരാളെ നയിക്കുന്ന അനുഭവബന്ധിയായ പരിശീലന പ്രക്രിയയായിരുന്നു. ഇത്തരം ആചാരങ്ങളില്‍ പങ്കെടുത്തിരുന്നവര്‍ക്ക് അവ അവിസ്മരണീയമായിരുന്നു. ആചാരങ്ങളെക്കുറിച്ചുള്ള ബൗദ്ധികമായ അറിവിനോടൊപ്പം അത്തരം ആഘോഷങ്ങളിലൂടെ ലഭിച്ച അനുഭവമായിരുന്നു അതിനു കാരണം. 

മിസ്റ്റഗോജി ആദിമസഭയില്‍

മിസ്റ്റഗോജിയോട് ബന്ധപ്പെട്ട പല ഘടകങ്ങളും പുതിയ നിയമഗ്രന്ഥങ്ങളില്‍ ഉണ്ടെങ്കിലും ഗ്രീക്ക് സംസ്‌കാരത്തില്‍ നിന്നാണ് മിസ്റ്റഗോജി എന്ന പദം ആദിമ ക്രൈസ്തവ സമൂഹം കടമെടുത്തത്. ഗ്രീക്ക് സംസ്‌കാരത്തിലെ മിസ്റ്റഗോജി എന്ന വാക്കും അതിന്റെ ബാഹ്യരൂപവും തങ്ങളുടെ പരിശീലനപദ്ധതിക്ക് അവര്‍ നല്‍കി. എങ്കിലും ആ വിശ്വാസ പരിശീലനപദ്ധതി യഹൂദമതത്തിന്റെ പ്രവേശക പരിശീലന രീതികളോടാണ് കൂടുതല്‍ കടപ്പെട്ടിരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

ആദിമസഭയില്‍ ഒരാളെ വിശ്വാസ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നത് പടിപടിയായി ക്രമീകരിച്ചിരുന്ന പരിശീലന പദ്ധതിയിലൂടെയായിരുന്നു. ‘കാറ്റക്യൂമനേറ്റ്’ എന്നായിരുന്നു പൊതുവില്‍ ആ പരിശീലന പദ്ധതി അറിയപ്പെട്ടിരുന്നത്.  പ്രീകാറ്റക്യൂമനേറ്റ്, കാറ്റക്യൂമനേറ്റ്, ശുദ്ധീകരണം, മിസ്റ്റഗോജി എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് പ്രധാനമായും അതിനുണ്ടായിരുന്നത്. ഒന്നാം ഘട്ടമായ ‘പ്രീകാറ്റക്യൂമനേറ്റ്’ പ്രാരംഭ സുവിശേഷ പ്രഘോഷണത്തിന്റെ അവസരമായിരുന്നു. അതിന്റെ ലക്ഷ്യം നവ അര്‍ത്ഥികളെ മാനസാന്തരത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കുക എന്നതായിരുന്നു. അതേസമയം, കാറ്റക്യൂമനേറ്റ് ചിട്ടയായതും സമഗ്രവുമായ വിശ്വാസ പരിശീലനത്തിന്റെ ഘട്ടമായിരുന്നു. അര്‍ത്ഥികളുടെ ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള മൂന്നാം ഘട്ടം പ്രാരംഭകൂദാശകളുടെ സ്വീകരണത്തിനുള്ള ഏറ്റവും അടുത്ത ഒരുക്കമായിരുന്നു. ഈ ഘട്ടത്തിന്റെ അവസാനത്തിലാണ് അര്‍ത്ഥികള്‍ പ്രാരംഭ കൂദാശകള്‍ സ്വീകരിച്ചിരുന്നത്. അതിനുശേഷം അവര്‍ക്ക് കൂദാശകളുടെ ആന്തരികാര്‍ത്ഥം വിശദീകരിച്ചു കൊടുത്തും അവരെ കൗദാശിക ജീവിതശൈലി പരിശീലിപ്പിച്ചുംകൊണ്ടുമുള്ള അവസാന ഘട്ടമായിരുന്നു മിസ്റ്റഗോജി.

ചുരുക്കത്തില്‍, ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നവര്‍ക്ക് സഭയുടെ വിശ്വാസരഹസ്യങ്ങളുടെ ആഘോഷത്തിന്റെ അനുഭവം നല്‍കിയും അവയുടെ അര്‍ഥം വിശദീകരിച്ചു കൊടുത്തും ഒടുവില്‍ അവരുടെ ജീവിതത്തിന്റെ തന്നെയും രൂപാന്തരീകരണം സാധ്യമാക്കുന്നതിനും അങ്ങനെ അവരെ സഭാസമൂഹത്തിലെ സജീവ അംഗങ്ങള്‍ ആക്കുന്നതിനുമുള്ള ആദിമസഭയിലെ വിശ്വാസ പരിശീലന  രീതിയായിരുന്നു മിസ്റ്റഗോജി. കാലക്രമത്തില്‍ ശിശുക്കള്‍ക്ക് മാമ്മോദീസ നല്‍കുന്ന രീതി സഭയില്‍ പ്രബലമാവുകയും പ്രായപൂര്‍ത്തിയായവരുടെ മാമ്മോദീസ സ്വീകരണത്തിന്റെ എണ്ണം കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഈ പരിശീലന പദ്ധതിക്ക് തളര്‍ച്ച നേരിട്ടു എന്ന സൂചനയാണ് ചരിത്രകാരന്മാര്‍ നല്കുന്നത്. 

മിസ്റ്റഗോജി ഇന്ന്

വിശ്വാസവും ജീവിതവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ഇരുപതാം നൂറ്റാണ്ടില്‍ മിസ്റ്റഗോജിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സഭയില്‍ വീണ്ടും ശക്തിപ്രാപിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം സാര്‍വ്വത്രികസഭ ഔദ്യോഗികമായി മിസ്റ്റഗോജിയെപറ്റി പഠിപ്പിക്കാന്‍ തുടങ്ങി. മിസ്റ്റഗോജി എന്നതുകൊണ്ട് തിരുസഭ ഇന്ന് അര്‍ഥമാക്കുന്നത് വിശ്വാസികളുടെ കൂദാശാനുഭവവും അതിന്റെ സ്വാംശീകരണവും അതുവഴി ആരാധനാ സമൂഹത്തിലേക്കുള്ള അവരുടെ ഉള്‍ച്ചേര്‍ക്കലുമാണ് (cf, GDC 89).

  
ദൈവിക രഹസ്യങ്ങളെ കേവലം അറിവിന്റെ തലത്തില്‍ ഒതുക്കാതെ അവയെ അനുഭവത്തിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന വിശ്വാസപരിശീലന രീതിയാണ് മിസ്റ്റഗോജി.  കൂടാതെ, ഈ അറിവും അനുഭവവും ഒരുവനെ വിശ്വാസസമൂഹത്തിലേക്ക് ഉള്‍ച്ചേര്‍ക്കുവാന്‍ സഹായിക്കുന്നതുമായിരിക്കണം. ഈ അര്‍ഥത്തില്‍ ഇന്ന് നാം ഇടവകകളില്‍ കുട്ടികള്‍ക്കായി നടത്തുന്ന  വിശ്വാസപരിശീലന ശുശ്രൂഷ കേവലം ഒരു സ്‌കൂളിന്റെയോ ക്ലാസിന്റെയോ സാഹചര്യത്തില്‍ നല്‍കുന്ന ഉപദേശങ്ങള്‍ മാത്രമായി ചുരുക്കാന്‍ പാടില്ല.  ഇടവകകളിലെ ആരാധനാസമൂഹത്തിന്റെ കൂടെയായിരുന്നുകൊണ്ട് വിശ്വാസരഹസ്യങ്ങളുടെ ആഘോഷത്തിലും പ്രാര്‍ഥനകളിലും പങ്കുചേര്‍ന്ന് അവയെ അനുഭവതലത്തില്‍ എത്തിക്കാന്‍ അവരെ സഹായിക്കുന്ന വിധത്തില്‍ ആയിരിക്കണം അത്. വിശ്വാസപരിശീലന ശുശ്രൂഷ ഇടവകയിലെ ആരാധനാസമൂഹവുമായി ബന്ധപ്പെടുത്തിയാല്‍ അത് കുട്ടികളെ  വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷത്തിലും പ്രാര്‍ഥനയിലും കൂടുതല്‍ സജീവമായി പങ്കാളികളാകാന്‍ സഹായിക്കും. അതുവഴി അവര്‍ വിശ്വാസ രഹസ്യങ്ങളുടെ ആഴമായ അനുഭവത്തിലേക്കും ഇടവകയുടെ കൂട്ടായ്മ അനുഭവത്തിലേക്കും കടന്നുവരും.

ഫാ. ജോഷി പാണംപറമ്പില്‍

Latest Updates

POPULAR Views

FEATUERD Views

അധ്യാപനം പ്രേരണയുടെ കലയാണ് : അഡ്വ. ചാര്‍ളിപോള്‍

അധ്യാപനം പ്രേരണയുടെ കലയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹികവും സന്മാര്‍ഗീകവുമായ...

മാർക്ക് കുറഞ്ഞവരും മിടുക്കരാണ് – അഡ്വ ചാർളി പോൾ

കൂനമ്മാവ്: മാർക്ക് കുറഞ്ഞവരും തോറ്റവരുമെല്ലാം മിടുക്കർ തന്നെയാണ്. മോശം മാർക്ക് ഷീറ്റോ...

മാറിയ വിദ്യാഭ്യാസരംഗം; മാറേണ്ട നിലപാടുകൾ

ഉന്നത വിദ്യാഭ്യാസരംഗത്ത് 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന...