മാറിയ വിദ്യാഭ്യാസരംഗം; മാറേണ്ട നിലപാടുകൾ

Published on

ഉന്നത വിദ്യാഭ്യാസരംഗത്ത് 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തെയും ക്യാംപസുകളെയും ആത്മവിമർശനത്തിന്റെ കണ്ണുകൾ കൊണ്ട് കാണാൻ ശ്രമിക്കുകയാണിവിടെ. ഒപ്പം, സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിൽ പങ്കാളിയായിരിക്കുമ്പോൾ സ്വയം തോന്നുന്ന ചില സംശയങ്ങളും അനുഭവിച്ചറിഞ്ഞ ചില സത്യങ്ങളും പങ്കുവയ്ക്കുകയും. മതേതരത്വത്തിന്റെ എന്നതിലുപരി മതനിരാസത്തിന്റെ തന്നെ ഒരു സംസ്കാരത്തിൽ നിൽക്കുന്നവരാണ് ഇന്ന് ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തകർ. ക്രിസ്തീയ വിശ്വാസികളായ അദ്ധ്യാപകർക്ക് പുതിയലോകത്തിന്റെ സമ്മർദ്ദങ്ങളെ എങ്ങനെ തരണം ചെയ്യാനാവും എന്നത് കൂട്ടായ വിചിന്തനങ്ങളിലൂടെയും നയരൂപീകരണങ്ങളിലൂടെയും സാധിതമാക്കേണ്ടതാണ്. ക്രിസ്തീയ വിശ്വാസി എന്ന സ്വത്വം സൂക്ഷിക്കുക ഇന്നൊരു വെല്ലുവിളിയാണ്, പ്രത്യേകിച്ചും അക്കാദമികലോകത്തിൽ. വിദ്യാഭ്യാസം ഒരു corporate enterprise ആയി കൈകാര്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ സഭ പുതിയ വെല്ലുവിളികളെയാണ് നേരിടുന്നത്. പലപ്പോഴും വിദ്യാഭ്യാസ കച്ചവടക്കാരെന്നും സങ്കുചിത താത്പര്യക്കാരെന്നും മറ്റും നാം അധിക്ഷേപിക്കപ്പെടുന്നുമുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ ത്യാഗങ്ങൾ സഹിച്ച് നാം പണിതുയർത്തിയ സ്ഥാപനങ്ങൾ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയ-സാമൂഹിക തലങ്ങളിലും പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നു. ഭരണകൂടങ്ങളുടെയും സ്ഥാപിത താല്പര്യക്കാരായ സാമുദായിക ശക്തികളുടെയും മുൻവിധികൾക്ക് നമ്മുടെ സ്ഥാപനങ്ങൾ നിരന്തരം ഇരയായിത്തീരുന്നതും നാം കാണുന്നു. കേരളത്തിൽ കുറെക്കാലമായി ഇത് പ്രകടമായിട്ടുള്ളതാണ്.

മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ നാം നമ്മുടെ വിദ്യാഭ്യാസ സംരംഭങ്ങളെ ഒരു പുനർ വിചിന്തനത്തിന് വിധേയമാക്കുകയും  ഈ രംഗത്തെ സൂക്ഷ്മചലനങ്ങളെപ്പോലും കൃത്യമായി മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ ഉത്തരാധുനിക ലോകത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളു. നിഷേധാത്മകമായ മതേതരത്വത്തിന്റെ ശക്തികൾ വിദ്യാഭ്യാസ മേഖലയെ സ്വാധീനിക്കാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായിട്ടുണ്ട്. ഇവിടെ നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പ്രാഥമിക ദർശനങ്ങൾ എന്താണ് എന്ന് നാം ചിന്തിച്ചേ പറ്റൂ. ഈ വിചിന്തനത്തെ ചില ചോദ്യങ്ങളായി സംഗ്രഹിക്കാം.

ഇന്നു നമ്മുടെ നാട്ടിൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ധാരാളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. അവയിൽനിന്ന് വിദ്യാഭ്യാസം നേടി ജീവിതം കരുപിടിപ്പിക്കുവാനും എത്രതന്നെ പണം വേണമെങ്കിലും മുടക്കാനും താല്പര്യമുള്ള ഒരു സമൂഹമാണ് ഇവിടെയുള്ളത്. മികച്ച അടിസ്ഥാനസൗകര്യങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ പലതും നടത്തുന്നത് പലപ്പോഴും സഭയ്ക്ക് പുറമേയുള്ള ഏജൻസികളാണ്. യാഥാർത്ഥ്യം ഇതായിരിക്കെ ഒരു കത്തോലിക്കാ സ്ഥാപനത്തിന് എന്താണ് പ്രത്യേകിച്ചുള്ള പ്രസക്തി? Career Building ന് പുറമേ സമൂഹത്തെ പടുത്തുയർത്താൻ വ്യത്യസ്തമായി എന്തു സംഭാവനയാണ് സഭയ്ക്ക് കൊടുക്കുവാനുള്ളത്? വേറിട്ട എന്തു ജീവിതമൂല്യങ്ങളാണ് നമ്മുടെ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർ നേടിക്കൊണ്ടു പോകുന്നത് അഥവാ പൊതുസമൂഹത്തിന് അവരിൽ നിന്ന് ലഭിക്കുന്നത്? അതിവേഗം മാറ്റത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കോളേജ് ക്യാംപസുകൾ ക്രൈസ്തവചൈതന്യം എങ്ങനെ, എത്രമാത്രം പ്രസരിപ്പിക്കുന്നു? ക്രിസ്തീയ വിശ്വാസികൾ എന്ന നിലയിൽ നമുക്ക് ഇവിടെ എന്താണ് കൊടുക്കാനുള്ളത്, കൊടുക്കാനാവുന്നത്?

ഇപ്പോൾ നാം സ്വയം ചോദിക്കുക വിവരവിസ്ഫോടനത്തിൽ ജീവിക്കുന്ന തലമുറയോട് എങ്ങനെയാണ് സുവിശേഷം അറിയിക്കുക എന്നതാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ പിന്നിലെ യുക്തി ഭദ്രത എന്താണ്? ഒരു കത്തോലിക്കാ അദ്ധ്യാപകൻ/അദ്ധ്യാപിക മതം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ക്യാംപസിൽ എന്താണ് ചെയ്യുന്നത്? വിശ്വാസിയായിരിക്കുക എന്നു പറയുന്നത് സാമൂഹ്യമായ ഒരു ബലഹീനതയാണെന്ന് നമുക്ക് തോന്നുന്നുണ്ടോ? കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ ഒരു വിദ്യാഭ്യാസ പ്രവർത്തകന് തന്റെ ദൗത്യം ആത്മാർത്ഥമായി നിർവഹിക്കാൻ ഭയാശങ്ക തോന്നുന്നുണ്ടോ? അദ്ധ്യാപകവൃത്തിയോടുള്ള നമ്മുടെ സമീപനം എന്താണ്? അതൊരു നിയോഗം ആയിട്ടാണോ നാം കാണുന്നത്? അതോ, സമൂഹത്തിൽ അംഗീകാരവും മാന്യമായ വരുമാനവുമുള്ള ഒരു തൊഴിൽ മാത്രമായിട്ടോ? നമ്മുടെ വിദ്യാർത്ഥികൾ നമ്മെ എപ്പോഴും ആദരിക്കുകയും അനുകരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടാവുമോ? നമ്മുടെ ആദ്ധ്യാത്മികജീവിതം ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രകാശിതമാകുന്നു തുടങ്ങിയ ചോദ്യങ്ങൾ ഏറെ പ്രസക്തമല്ലേ?

കത്തോലിക്കാ കോളേജ് ക്യാംപസുകളുടെ പ്രത്യേകതകൾ എന്താണ്? സമാധാനവും അച്ചടക്കവുമുള്ള അന്തരീക്ഷം, നല്ലൊരു പങ്കും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന അദ്ധ്യാപകർ, പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, സ്ഥാപനങ്ങൾക്ക് കിട്ടുന്ന അംഗീകാരങ്ങൾ, പ്രത്യേകമായി നമ്മൾ നൽകുന്ന മൂല്യബോധനം ഇവയൊക്കെയാണ്. ഇക്കഴിഞ്ഞ ഒരു 50 വർഷത്തിനുള്ളിൽ നമ്മുടെ കലാലയങ്ങളിൽക്കൂടി കടന്നു പോകുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ ജീവിതശൈലിയിലും മനോവ്യാപാരങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങൾ എത്ര വലുതാണെന്ന് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടോ? കഴിഞ്ഞ ഒരു 5 വർഷത്തിനുള്ളിൽ തന്നെ എത്ര വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചത്. ഈ മാറ്റങ്ങളുടെയൊക്കെ നടുവിൽ പലപ്പോഴും ആശയക്കുഴപ്പത്തിലായിപ്പോകുന്ന മാതാപിതാക്കളും പൊതുസമൂഹവും! ഇവിടെ ശരിയായ ദിശാബോധവും വ്യക്തിസമഗ്രതയും പകർന്നുകൊടുക്കാൻ നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനത്തിന് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമല്ലേ? നമുക്ക് നമ്മുടെ ഗുരുവിനെപ്പോലെ ലോകത്തിന് പ്രകാശമാകുവാൻ, വിദ്യാപീഠങ്ങളിൽ ഉയർത്തിവെച്ച വിളക്കുകളാകാൻ കഴിയുന്നുണ്ടോ? നമ്മുടെ നിസ്സംഗത മൂലമോ അവസരവാദപരവും ചിന്താശൂന്യവുമായ നിലപാടുകൾ മൂലമോ നമ്മളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത് കൊടുക്കുവാൻ നമുക്ക് കഴിയാതെ പോകുന്നുണ്ടോ? താഴെപ്പറയുന്ന ചോദ്യങ്ങൾ ചിന്താവിഷയമായി മുന്നിൽ വയ്ക്കുകയാണ്.

(1) “അവൻ അധികാരമുള്ളവനെപ്പോലെയാണ് പഠിപ്പിച്ചത്…” നാം അങ്ങനെയാണോ? പഠിപ്പിക്കുന്ന വിഷയങ്ങളിൽ എത്രത്തോളം വൈദഗ്ദ്ധ്യം നമുക്ക് അവകാശപ്പെടാനാവും? നിരന്തരം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനമേഖലകളിൽ സിലബസിന് പുറത്തുള്ളവയിൽക്കൂടി updated ആയിരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?

(2) അക്കാദമിക മികവിന്റെ മാതൃകകളായി നമുക്ക് നമ്മുടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ കഴിയുന്നുണ്ടോ?

(3) നമ്മുടെ ആദ്ധ്യാത്മിക അവസ്ഥ എന്താണ്? ഈ മേഖലയിൽ നാം ശരാശരിക്കാരാണോ?

(4) വിദ്യാർത്ഥികളോടുള്ള നമ്മുടെ ഇടപെടലുകളിൽ എത്രത്തോളം കാരുണ്യം, ഒരു രക്ഷകർത്താവിനടുത്ത കരുതൽ, വാത്സല്യം, സഹായിയുടെ – ഉപദേശകന്റെ ദൗത്യം ഒക്കെ നമുക്ക് നിർവഹിക്കാനാവുന്നുണ്ട്?

(5) നമ്മുടെ വിശ്വാസം നമുക്ക് എത്രമാത്രം പ്രസക്തമാണ്? വിശ്വാസമൂല്യങ്ങൾ നമ്മുടെ ഇടപെടലുകളിൽ പ്രകാശിതമാകുന്നുണ്ടോ?

(6) നമ്മുടെ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും പക്കൽനിന്ന് ക്രിയാത്മകമായ വിലയിരുത്തൽ തേടാൻ ശ്രമിക്കാറുണ്ടോ? അത് നമ്മുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നുണ്ടോ?

(7) നമ്മുടെ സഭ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി നമുക്കെത്രമാത്രം അവബോധമുണ്ട്? എത്രത്തോളം നാം ഇതിലൊക്കെ പങ്കാളികളാകുന്നുണ്ട്?

(8) നമ്മുടെ വിശ്വാസത്തോടും ധാർമ്മികമൂല്യങ്ങളോടും നാം നിഷേധാത്മകതയും അമിതവിമർശന മനോഭാവവും പുലർത്തുന്നവരാണോ?

(9) പൊതുസമൂഹത്തിൽ ബോധപൂർവ്വവും അല്ലാതെയും പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണകളും മുൻവിധികളും സമചിത്തതയോടും യുക്തിബോധത്തോടും കൂടിയും, വസ്തുനിഷ്ഠമായും നേരിടാൻ നാം ശ്രദ്ധിക്കാറുണ്ടോ?

(10) ഇൻഡ്യൻ ഭരണഘടന ഒരു ന്യൂനപക്ഷ സമൂഹത്തിന് നൽകുന്ന അവകാശങ്ങളെപ്പറ്റി നമുക്ക് എത്രത്തോളം അറിയാം?

(11) കാലാകാലങ്ങളിൽ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും പ്രഖ്യാപിക്കപ്പെടുന്ന വിദ്യാഭ്യാസ നയങ്ങൾ, നിയമനിർമ്മാണങ്ങൾ എന്നിവയെപ്പറ്റിയുള്ള ബോധവും ജാഗ്രതയും നമുക്കെത്രമാത്രം ഉണ്ട്? അവയെപ്പറ്റി പഠിക്കാനും, ചിന്തിക്കാനും ചർച്ച ചെയ്യാനും നാം ശ്രമിക്കാറുണ്ടോ?

ഇന്നത്തെ സമൂഹത്തിൽ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നതും, നമ്മളും, അറിഞ്ഞോ അറിയാതെയോ സ്വായത്തമാക്കിവെച്ചിരിക്കുന്നതുമായ ചില ആശയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. നമ്മുടെ ദൈനംദിന സംഭാഷണങ്ങൾ, മാധ്യമപ്രചാരണം, അതുപോലെതന്നെ ക്രിസ്തീയ വിദ്വേഷം വച്ചു പുലർത്തുന്ന പ്രസ്ഥാനങ്ങൾ എന്നിവയിലൂടെയാണ് ഇവ ദൃശ്യമാകുന്നത്.

(1) മതങ്ങൾ, പ്രത്യേകിച്ച് ക്രിസ്തുമതം, ശാസ്ത്രവിരുദ്ധവും അക്കാരണത്താൽ തന്നെ ഈ ശാസ്ത്രയുഗത്തിൽ അപ്രസക്തവുമാണ്; മനുഷ്യപുരോഗതിക്ക് ഇത് തടസ്സം നിൽക്കുന്നു.

(2) പരമമായ ധാർമ്മികമൂല്യങ്ങൾ ഇല്ല. എല്ലാ മൂല്യങ്ങളും ആപേക്ഷികമാണ്.

(3) ക്രിസ്തു എന്ന വ്യക്തി ചരിത്രപുരുഷനല്ല, പ്രത്യുത പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റും കണ്ടുമുട്ടുന്ന ദിവ്യപുരുഷന്മാരെയും വീരനായകരെയും പോലെ ഒരു “മിത്ത്’ മാത്രമാണ്.

(4) ലോകത്തിലെ സംഘർഷങ്ങൾക്കും അസമാധാനത്തിനുമെല്ലാം കാരണം മതങ്ങളും അവയ്ക്ക് സ്വാഭാവികമായിട്ടുള്ള അസഹിഷ്ണുതയും അക്രമവുമാണ്.

(5) മതവിശ്വാസികൾ പൊതുവേ സങ്കുചിത മനസ്കരും അന്ധവിശ്വാസികളും യുക്തിസഹമായി ചിന്തിക്കാൻ കഴിവില്ലാത്തവരുമാണ്.

(6) മതം എന്നത് കേവലം വ്യക്തിപരമായ ഒരു കാര്യം മാത്രമാണ്, അതിനാൽ സാമൂഹ്യജീവിതത്തിൽ നിന്ന് അത് നീക്കം ചെയ്യേണ്ടതാണ്.

(7) മതവിശ്വാസവും അതിന്റെ അനുഷ്ഠാനങ്ങളും ബുദ്ധിജീവികളുടെ സംസ്കാരത്തിനും ജീവിത ശൈലിക്കും ചേർന്നതല്ല. അക്കാഡമികളിൽ ആ വിഷയം സംസാരിക്കാൻ പോലും പാടില്ല.

മേൽപ്പറഞ്ഞ ആശയങ്ങൾ നമ്മുടെ മുൻപിൽ ആരെങ്കിലും ഉയർത്തിയാൽ എങ്ങനെയാണ് നാം യുക്തിസഹമായും വസ്തുനിഷ്ഠമായും മറുപടി കൊടുക്കുക. സ്വയം ചിന്തിച്ചു നോക്കാം! നിരന്തരം പഠിക്കുകയും ചിന്തിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അദ്ധ്യാപക സമൂഹത്തിന് വളരാൻ സാധിക്കുക. അലംഭാവവും ഉദാസീനതയും മൂലം ഒരു വിഭാഗം അദ്ധ്യാപകരെങ്കിലും ഇത്തരം കാര്യങ്ങളിൽ പരാജയപ്പെടുന്നുവെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

കത്തോലിക്കാ അദ്ധ്യാപകർ അവശ്യം പഠിച്ചിരിക്കേണ്ട ഒരു രേഖയാണ് Gravissimum Educationis. ബനഡിക്ട് പതിനാറാമൻ പാപ്പ 2008ൽ കത്തോലിക്കാ വിദ്യാഭ്യാസ പ്രവർത്തകർക്കായി സമർപ്പിച്ചതാണിത്.

കൗമാരം സ്വപ്നങ്ങളുടെയും സ്വയംതേടലിന്റെയും ഒരു കാലമാണ്. ഒപ്പം ആദർശങ്ങൾ തേടിയുള്ള ഒരു യാത്രയും. ഇവിടെ അധ്യാപകൻ/അദ്ധ്യാപിക എന്ന രൂപത്തിന് വലിയ ഒരളവു വരെ കുട്ടികളുടെ ഭാവി നിർണ്ണയിക്കാനാവും. എന്നാൽ അദ്ധ്യാപകർ ഉൾപ്പെടുന്ന പ്രായപൂർത്തിയായവരുടെ സമൂഹത്തിൽ വിദ്യാർത്ഥികൾ കണ്ടെത്തുന്നത് അവരാഗ്രഹിക്കുന്നതൊന്നുമായിരിക്കില്ല. അതുളവാക്കുന്ന നിരാശ നമ്മൾ ശ്രദ്ധിച്ചെന്നും വരില്ല. മുതിർന്നവരുടെ ഇരട്ടത്താപ്പുകളും ഹൃദയശൂന്യതയുമൊക്കെ ഭവനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സാമൂഹ്യജീവിതത്തിന്റെ വിവിധ മേഖലകളിലും നിശ്ശബ്ദസ്വാധീനങ്ങളായി മാറാറുണ്ട്. വ്യക്തിസമഗ്രതയുടെ അഭാവം സമൂഹത്തിലെ എല്ലാ നേതൃസ്ഥാനങ്ങളിലും ഒരു വലിയ മൂല്യപ്രതിസന്ധിയുടെ ആവിഷ്ക്കാരമായി ഉയർന്നു നിൽക്കുന്നു. വിദ്യാഭ്യാസരംഗത്താണ് ഈ പ്രതിസന്ധികളുടെ പരിഹാരം തേടേണ്ടത്. സഭയുടെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ പുനർവിചിന്തനം ചെയ്തും കൂടുതൽ ഫലപ്രദമായ ഇടപെടലുകൾക്കായുള്ള മാർഗ്ഗരേഖകൾ ഉണ്ടാക്കിയും നാം മുന്നോട്ടുപോകേണ്ടതുണ്ട്. ഇതാണ് ഇക്കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മൾ അപ്രസക്തരായേക്കാം!

-ഡോ. രേഖാ മാത്യൂസ്

ഇംഗ്ലീഷ് വിഭാഗം മേധാവി, ബി.കെ കോളേജ് അമലഗിരി, കോട്ടയം & സീറോമലബാർ സഭാവക്താവ്

Latest Updates

POPULAR Views

FEATUERD Views

മിസ്റ്റഗോജിയും വിശ്വാസപരിശീലനവും

വിശ്വാസരഹസ്യങ്ങളുടെ ആഘോഷത്തെയാണല്ലോ തിരുസഭ ആരാധനാക്രമം എന്നു വിളിക്കുന്നത്. ആരാധനക്രമത്തില്‍ ആഘോഷിക്കുന്ന വിശ്വാസരഹസ്യങ്ങളുടെ...

അധ്യാപനം പ്രേരണയുടെ കലയാണ് : അഡ്വ. ചാര്‍ളിപോള്‍

അധ്യാപനം പ്രേരണയുടെ കലയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹികവും സന്മാര്‍ഗീകവുമായ...

മാർക്ക് കുറഞ്ഞവരും മിടുക്കരാണ് – അഡ്വ ചാർളി പോൾ

കൂനമ്മാവ്: മാർക്ക് കുറഞ്ഞവരും തോറ്റവരുമെല്ലാം മിടുക്കർ തന്നെയാണ്. മോശം മാർക്ക് ഷീറ്റോ...