ധാർമിക ലോകത്തെ തകർക്കുന്ന ലഹരി

Published on

‘ജന്മം നൽകിയതിനുള്ള ശിക്ഷ ഞാൻ നടപ്പിലാക്കി’ അമ്മയെ കൊലപ്പെടുത്തിയതിനുശേഷം കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെ ഒരു ഇരുപത്തിയഞ്ചു വയസുകാരൻ നടത്തിയ ഈ കുറ്റസമ്മത വാക്കുകൾ ഒരു നിമിഷത്തേക്കെങ്കിലും കേരളത്തെ നടുക്കിക്കളഞ്ഞു. ഒമ്പതുമാസം ഉദരത്തിൽ വഹിച്ച അമ്മയ്ക്ക് പോലും ജനിപ്പിച്ചതിന്റെ ശിക്ഷയായി മരണം വിധിച്ച, വിധിക്കുന്ന ഭീകരമായ ചിന്തകളുടെ പിന്നാമ്പുറങ്ങൾ തേടിയുള്ള യാത്രകൾ അവസാനിക്കുന്നത് മയക്കുമരുന്നിന്റെ അമിത ഉപയോഗത്തിലാണ്. ലഹരി തലക്കുപിടിക്കുമ്പോൾ മുന്നിൽ കാണുന്ന അമ്മയും സഹോദരങ്ങളും ബന്ധുക്കളും ഒരു നിമിഷത്തേക്കെങ്കിലും അന്യരാകുന്ന, പക വീട്ടാനുള്ള ഇടങ്ങളാകുന്ന ഭീകരമായ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. മക്കളുടെ, ജീവിതപങ്കാളിയുടെ, മാതാപിതാക്കളുടെ ചെറിയ മാറ്റങ്ങൾ പോലും ഏറെ പേടിയോടെ നോക്കേണ്ടിവരുന്ന അവസ്ഥയിലേക്കാണ് മയക്കുമരുന്നുകളുടെ കടന്നുകയറ്റം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സമൂഹത്തിലും വ്യക്തിജീവിതത്തിലും ഒരുവന്റെ മതധാർമികവിശ്വാസ ജീവിതത്തിലും മയക്കുമരുന്ന് വരുത്തുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ചിന്തിക്കുന്നതും പ്രായവ്യത്യാസമില്ലാതെ അവബോധം നൽകുന്നതും അത്യന്താപേക്ഷിതമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അതിന്റെ സ്വാധീനം ഉണ്ടായിരിക്കും. കുടുംബം, സമൂഹം, വിദ്യാഭ്യാസം, സംസ്കാരം, രാഷ്ട്രീയം, മതം,സിനിമ, സംഗീതം, പൊതു മൂല്യവ്യവസ്ഥ എന്നിങ്ങനെ അയാളുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിവിധതലങ്ങളിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ മയക്കുമരുന്ന് സൃഷ്ടിക്കുന്നു.

  1. ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ

മയക്കുമരുന്നുപയോഗം കുടുംബാംഗങ്ങളുടെ ഇടയിൽ സൃഷ്ടിക്കുന്നത് വലിയ വിള്ളലുകളാണ്. അല്പനേരത്തെ സുഖത്തിനു വേണ്ടി വീട്ടിലുള്ളവരോട് പറയുന്ന ഒഴിവുകഴിവുകളിലും കള്ളങ്ങളിൽ നിന്നും ആണ് പലപ്പോഴും ബന്ധങ്ങളുടെ അകൽച്ചകൾ ആരംഭിക്കുന്നത്. പിന്നീട്, മയക്കുമരുന്നിന് അടിമകളാകുന്ന അവർ മുറികളിൽ ഒതുങ്ങിക്കൂടുകയോ അത് കിട്ടുന്ന ഇടങ്ങളിലേക്കോ തരുന്ന വ്യക്തികളിലേക്കോ എത്തിച്ചേരുകയോചെയ്യുന്നു. ലഹരിഉപയോഗം മൂലം പ്രിയപ്പെട്ടവരിലുണ്ടാകുന്ന മാറ്റം തിരിച്ചറിയുമ്പോഴേ്ക്കും അവർ അതിനു അടിമകളായി മാറിക്കഴിഞ്ഞിരിക്കും. തങ്ങളോട് എതിർത്തു സംസാരിക്കുന്ന എല്ലാവരെയും ശത്രുക്കളായിട്ടാണ് ലഹരിമരുന്നിന്റെ അടിമകൾ കരുതുന്നത്. ഈ ശത്രുതയാണ് കൊലപാതകങ്ങളിലും മാരകമായ അക്രമങ്ങളിലും പര്യവസാനിക്കുന്നത്.

മയക്കുമരുന്നിന്റെ ഉപയോഗം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാൻ വ്യക്തികളെ പ്രേരിപ്പിക്കാറുണ്ട്. കുടുംബനാഥന്റെ ലഹരി ഉപയോഗം മക്കളെയും കുടുംബത്തെയും അവഗണിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഇത് കുടുംബങ്ങളുടെ സ്വാഭാവികമായ താളം തെറ്റിക്കുകയും കുടുംബങ്ങൾ തകരുന്നതിനു കാരണമാകുകയും ചെയ്യുന്നു.

മാത്രമല്ല ആസക്തി പലപ്പോഴും പരസ്പര വിശ്വാസപ്രശ്നങ്ങളിലേക്കും അവഗണനയിലേക്കും വൈകാരിക സമ്മർദ്ദത്തിലേക്കും നയിക്കുന്നു. മയക്കുമരുന്നുകളുടെ ഉപയോഗത്തിനായി ചിലവിടുന്ന പണം കുടുംബത്തെ സാമ്പത്തികമായ ഞെരുക്കത്തിലേക്കാണ് തള്ളിവിടുന്നത്. ശാരീരികമായ ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും നശിപ്പിച്ച് ഒരുവന്റെ സമ്പൂർണ്ണ നാശം സാധ്യമാക്കാൻ മയക്കുമരുന്നിനോളം മറ്റൊന്നിനും കഴിവില്ല. തമാശയ്ക്കു ആരംഭിക്കുന്ന മയക്കുമരുന്നുപയോഗം സ്വയം പിന്മാറാൻ കഴിയാത്ത വിപത്തിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്.

  1. സമൂഹജീവിതത്തിലെ അസമാധാനം

ലഹരിയുടെ അമിത ഉപയോഗത്തിന്റെ ഭീകരവശങ്ങൾ കാണണമെങ്കിൽ മെക്സിക്കോ പോലുള്ള രാജ്യങ്ങളിലേക്ക് നോക്കണം. ലഹരിവസ്തുക്കൾക്കു അടിമകളായ യുവതലമുറ, ലഹരിവസ്തുക്കൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന വിവിധ മാഫിയകൾ, അവർ തമ്മിൽ ഉള്ള പോരാട്ടങ്ങളും യുദ്ധങ്ങളും കൊലപാതകങ്ങളും. എന്തിനു കൊച്ചുകുട്ടികൾ പോലും ലഹരിക്ക് അടിമകളാണ്. അതിനു വേണ്ടി ഒരാളെ കൊല്ലാനും അവർക്കു മടിയില്ല. വെടിയൊച്ചകൾ മുഴങ്ങാത്ത, ചോരപ്പാടുകൾ ഉണങ്ങിയ ഒരു ദിനം പോലും അവരിൽ പലർക്കും കാണാൻ കഴിഞ്ഞിട്ടില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യസംവിധാനത്തെ പോലും വലയ്ക്കുന്ന ഒന്നാണ് മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യാപിക്കുന്ന പകർച്ചവ്യാധികളും മാരകരോഗങ്ങളും. സുരക്ഷിതമല്ലാത്ത സംവിധാനങ്ങളിലൂടെ, എന്തു കിട്ടിയാലും വലിച്ചു കയറ്റുന്ന തലമുറ അറിഞ്ഞോ അറിയാതെയോ ലഹരിക്ക് മുന്നിൽ പണയം വയ്ക്കുന്നത് സ്വന്തം ആരോഗ്യവും ആത്മാഭിമാനവും കൂടിയാണ്. സാമൂഹികമായ പാർശ്വവൽക്കരണത്തിനും മയക്കുമരുന്നിന്റെ ഉപയോഗം കാരണമായി മാറുന്നുണ്ട്. പിന്നീട് അത് സാമൂഹികമായ വേർതിരിവുകളും സൃഷ്ടിക്കുന്നു.

  1. വിദ്യാഭ്യാസത്തകർച്ചയും നിഷേധവും

മറ്റെന്തിനേക്കാളും ഒരുവന്റെ ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്ന വിദ്യയെ സ്വായത്തമാക്കുന്നതിനു വിദ്യാർഥികളുടെ ഇടയിലെ മയക്കുമരുന്നിന്റെ ഉപയോഗം തടസമായി നിൽക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം വിദ്യാർഥികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലുള്ള നിലവാരം കുറയ്ക്കുകയോ അതിൽ നിന്ന് പിന്നോട്ട് വലിക്കുകയോ ചെയ്യുന്നു. അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നുള്ള പിന്മാറ്റം വിദ്യാലയങ്ങളിലെ തന്നെ മോശമായ മറ്റു പ്രവർത്തനങ്ങളിലേക്കോ അടിപിടി കേസുകളിലേക്കോ നയിക്കുന്നു. ഇതവസാനിക്കുന്നതോ സസ്പെൻഷൻ, ഡിസ്മിസ്സൽ തുടങ്ങിയ ശിക്ഷണരീതികളിലും. ഒരുപക്ഷേ പഠനം തന്നെ ഉപേക്ഷിക്കുന്നതിനു ഇത് അവരെ പ്രേരിപ്പിച്ചേക്കാം. എന്നാൽ ഏറ്റവും ഭീകരമായ അവസ്ഥ സസ്പെൻഷനുകളെയും മറ്റു അച്ചടക്കനടപടികളെയും ആഘോഷമാക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത് എന്നതാണ്.

വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ മറ്റൊരു ദൂഷ്യഫലം അതിന്റെ കണ്ണികൾ അതിവേഗം വ്യാപിക്കുന്നു എന്നതാണ്. മയക്കുമരുന്നിന് അടിമയായ ഒരു വിദ്യാർഥിയിലൂടെ അനേകം വിദ്യാർഥികൾ ആ കണ്ണിയുടെ ഭാഗമായി മാറുന്നു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം ദുരിതം അനുഭവിക്കുന്ന മറ്റൊരു വിഭാഗം അധ്യാപകരാണ്. കുട്ടികൾക്ക് നല്ലതും നന്മയും പറഞ്ഞുകൊടുക്കേണ്ട അധ്യാപകർ പലപ്പോഴും അവരുടെ പരുഷമായ സ്വഭാവരീതികൾ കണ്ട അന്തിച്ചു നിൽക്കുകയാണ്. വഴക്കു പറയാനോ ശിക്ഷിക്കാനോ തുനിഞ്ഞാൽ വധഭീഷണി മുഴക്കി ഇറങ്ങിപ്പോകുന്ന വിദ്യാർഥി സമൂഹത്തെ നിസ്സഹായതയോടെ നോക്കിനിൽക്കാനേ പല അധ്യാപർക്കും കഴിയുന്നുള്ളൂ.

  1. കലാ സാംസ്കാരിക രംഗത്തെ ദുഷിപ്പുകൾ

ആധുനികലോകത്തിൽ ചില കലാകാരന്മാർ ലഹരിക്കടിമകളാണെന്ന വസ്തുത വിരൽചൂണ്ടുന്നത്, ഈ ഭീകരത സാംസ്കാരിക രംഗത്തേക്കും കടന്നുകയറി എന്നതാണ്. ചില കലാകാരന്മാർ മയക്കുമരുന്ന് സർഗാത്മകതയെ പ്രചോദിപ്പിക്കുന്നുവെന്ന് അവകാശപ്പെടുമ്പോൾ, അത് ഉൽപ്പാദനക്ഷമതയെ തടസപ്പെടുത്തുന്നു എന്ന വാസ്തവത്തെ അംഗീകരിക്കാനും ഏറ്റുപറയാനും പലർക്കും മടിയാണ്. പ്രശസ്ത ഡച്ച് ചിത്രകാരനായ വിൻസെന്റ് വാൻഗോഗിന്റെ ചിത്രങ്ങൾ എക്കാലത്തും പ്രശസ്തമാണ്. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം ചെറുപ്രായത്തിൽ തന്നെ ക്ഷയിച്ചതിന്റെ കാരണം ലഹരിയുടെ അമിത ഉപയോഗം ആയിരുന്നു. ഇദ്ദേഹത്തെ പോലെ ലഹരിയുടെ അടിമത്വത്തിൽ തങ്ങളുടെ ജീവിതം ഹോമിക്കേണ്ടി വന്ന അനേകം കലാകാരന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം യുവതലമുറയെ പരമ്പരാഗതമായ കലകളിൽ നിന്നും പാരമ്പര്യമായി കൈമാറി വരുന്ന പല ശീലങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു.

    ഇന്ന് ആധുനിക സിനിമകൾ പലതും മയക്കുമരുന്ന് ഉപയോഗത്തെ പുകഴ്ത്തുന്നവയാണ്. മലയാളത്തിൽ അടുത്തകാലത്ത് ഇറങ്ങിയ പല സിനിമകളും പാട്ടുകളും ലഹരി ഉപയോഗത്തെ പ്രൊമോട്ട് ചെയ്യുന്നുവയായിരുന്നു. ന്യൂജെൻ തലമുറയുടെ സിംബൽ ആയിട്ടാണ് പല പാട്ടുകളും ലഹരി ഉപയോഗത്തെ അവതരിപ്പിക്കുന്നത്. ഇത് കാണുന്ന യുവജനങ്ങൾ മയക്കുമരുന്നുപയോഗിച്ചില്ലെങ്കിൽ അല്ലെങ്കിൽ അത് ഒരിക്കലെങ്കിലും പരീക്ഷിച്ചില്ലെങ്കിൽ വലിയ നാണക്കേടായി കരുതുന്നു.

    ഇത്തരത്തിൽ മയക്കുമരുന്നിന്റെ വലയിൽ പെട്ടുപോയ വ്യക്തിയാണ് എക്കാലത്തെയും മികച്ച ഗായികമാരിൽ ഒരാളായ വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റൺ. അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതസംവിധായകയും നടിയും മോഡലും ആയിരുന്ന വിറ്റ്നി മയക്കുമരുന്നിന് അടിമയായിരുന്നു. വിറ്റ്നിയെ 2012 ൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

    1. രാഷ്ട്രീയത്തിലെ സ്വാധീനം

    മയക്കുമരുന്നിന്റെ സ്വാധീനം രാഷ്ട്രീയത്തിൽ അഴിമതി വർധിക്കുന്നതിന് ഒരു കാരണമായി മാറുന്നുണ്ട്. മയക്കുമരുന്ന് മാഫിയകൾ രാഷ്ട്രീയ സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറുകയും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുകയും സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. കൊളംബിയയിലെ പാബ്ലോ എസ്കോബാറിന്റെ ‘മെഡെലിൻ കാർട്ടൽ’ ഒരു രാജ്യത്തിന്റെ ഭരണത്തെ എങ്ങനെ തളർത്തും എന്നതിന്റെ ചരിത്രപരമായ ഉദാഹരണമാണ്. മയക്കുമരുന്ന് സാധാരണക്കാരിൽ എത്തുന്നതിനെ നിയമം മൂലം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെയും അതിനെ നയപരമായി നേരിടേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് എല്ലാ രാഷ്ട്രീയപാർട്ടികളും ചിന്തിക്കേണ്ടതാണ്.

    1. ദൈവനിഷേധവും വിശ്വാസത്തകർച്ചയും

    മയക്കുമരുന്നിന് അടിമകളാകുന്നതോടെ ഒരു വ്യക്തി തന്റെ വിശ്വാസജീവിതത്തിൽ നിന്ന് പതിയെ അകന്നു തുടങ്ങും. ആരാധനാലയങ്ങളിൽ നിന്നുള്ള അകൽച്ച ആത്മീയ ജീവിതത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളിൽ നിന്നും ഉള്ള അകൽച്ച വർധിപ്പിക്കും. അതുവരെ വിശ്വസിച്ചിരുന്നവയെ അന്ധവിശ്വാസമായി കരുതാൻ ലഹരിയുടെ ഉപയോഗം അവരെ പ്രേരിപ്പിക്കും. വിശ്വാസജീവിതത്തിൽ നിന്നുള്ള അകൽച്ച മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ധാർമിക ജീവിതത്തെയും സാരമായി ബാധിക്കും. എന്നാൽ ഇന്ന് പല കമ്മ്യൂണിറ്റി പ്രോഗ്രാമുകളും മതസ്ഥാപനങ്ങളും ഇത്തരത്തിൽ ലഹരിക്ക് അടിമകളാകുന്നവരെ തിരികെ കൊണ്ടുവരുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

    ഉപസംഹാരം

    ഇത്തിരി സുഖം, അല്പനേരത്തെ സമാധാനം ഇതാണ് പലരെയും മയക്കുമരുന്നുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഈ നൈമിഷികമായ സംതൃപ്തി, അതില്ലാതാകുന്ന നിമിഷം കൂടുതൽ മനുഷ്യനെ വരിഞ്ഞു മുറുക്കുന്നു. ആ പിരിമുറുക്കത്തിൽ വീണ്ടും മയക്കുമരുന്നുകൾക്കായുള്ള ഓട്ടം തുടങ്ങുന്നു. പിന്നീട് അത് കൂടാതെ പറ്റില്ല എന്ന അവസ്ഥയിൽ എത്തുന്നു.

    മയക്കുമരുന്നിന്റെ ഉപയോഗം കൂടുതൽ വ്യാപകമാകുന്നതിനുള്ള പ്രധാന കാരണം ആസക്തിയുടെ സാധാരണവൽക്കരണമാണ്. യുവതലമുറ ലഹരിയുടെ ഉപയോഗത്തെ ഒരു സാധാരണ കാര്യമായി ആണ് കാണുന്നത്. ‘ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ’ എന്ന ന്യായം നിരത്തിയാണ് ലഹരിയുടെ കെണിയിലേക്ക് ഇവർ വീഴുന്നത്. എന്നാൽ പതിയെ തിരിച്ചു വരാൻ കഴിയാത്ത വിധം അതിന്റെ അടിമത്വത്തിലേക്ക് ആഴ്ന്നുപോകുന്നു. ഇത്തരത്തിൽ മയക്കുമരുന്നിന്റെ ആസക്തി കീഴ്പ്പെടുത്തിയവർക്കു ശരിതെറ്റുകളെ കുറിച്ച് ചിന്തിക്കാനുള്ള സാവകാശം ലഭിക്കുന്നില്ല. അവർക്കു മുന്നിൽ ശരികൾ മാത്രമേ ഉള്ളു. അത് എത്ര നീചപ്രവൃത്തിയാണെങ്കിൽ പോലും.

    ലഹരിയുടെ അടിമത്വത്തിൽ ആഴ്ന്നു പോകുമ്പോഴും ഇതൊക്കെ സാധാരണമല്ലേ എന്ന് പറഞ്ഞു പുച്ഛിക്കുമ്പോഴും അവർ മറന്നു പോകുന്ന ഒന്നുണ്ട്. തങ്ങളുടെ ലക്ഷ്യം. ലഹരിക്ക് കീഴ്പ്പെടുന്നതിനു മുൻപ് വരെ അവരിൽ ഭൂരിഭാഗം ആളുകൾക്കും ലക്ഷ്യം ഉണ്ടായിരുന്നു; സ്വപ്നങ്ങളും. എന്നാൽ ലഹരിഉപയോഗത്തിലൂടെ അവർക്ക് ലക്ഷ്യങ്ങളും സ്വപ്നങ്ങളും ജീവിതത്തിന്റെ അർഥവും നഷ്ടമാകുന്നു. കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും കൂട്ടായ ധാർമികഘടനയെ മയക്കുമരുന്നുകൾ ബാധിക്കുന്നതിനാൽ ഈ വെല്ലുവിളികളെ നേരിടുന്നതിന് ബഹുമുഖ സമീപനം ആവശ്യമാണ്. അതിന് സമൂഹം ഒരുമിച്ചു നിന്നേ മതിയാവൂ.

    ഡോ. ജി. കടൂപ്പാറയിൽ MCBS

    Latest Updates

    POPULAR Views

    FEATUERD Views

    ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

    തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

    ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

    ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

    EWS സംവരണം

    സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

    മലയോര മേഖലയുടെ വികസനം

    ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

    ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

     *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

    വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

    ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

    കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

    ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

    ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

    ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

    നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

    പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

    സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

    അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

    സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

    'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

    പ്രത്യാശയുടെ ജൂബിലിവര്‍ഷം

    എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...