നമ്മുടെ കൊച്ചുകേരളം വലിയൊരു വാർദ്ധക്യ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ആയുർദൈർഘ്യം വർധിച്ചതും ജനനനിരക്ക് കുറഞ്ഞതുമെല്ലാം ഇതിന് കാരണങ്ങളായി പറയുന്നുണ്ടെങ്കിലും, യുവജനങ്ങൾ നാടു വിടുന്നതും പ്രധാനവിഷയമായി കാണേണ്ടതുണ്ട്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ 12.6 ശതമാനത്തോളം വൃദ്ധരാണ് ഉണ്ടായിരുന്നത്.
മെച്ചപ്പെട്ട ആരോഗ്യസൗകര്യങ്ങളും ജീവിതശൈലിയും മലയാളികളുടെ ആയുർദൈർഘ്യം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കുടുംബാസൂത്രണ രീതികളുടെ വ്യാപകമായ ഉപയോഗവുംസ്ത്രീകളുടെ സാമൂഹിക സാമ്പത്തിക പദവിയിലുണ്ടായ മാറ്റങ്ങളും ജനനനിരക്കിൽ ഗണ്യമായ കുറവു വരുത്തി. വിദേശത്തേക്കുള്ള കുടിയേറ്റം വൻതോതിൽ വർദ്ധിച്ചതാണ് പല കുടുംബങ്ങളെയും ചിതറിച്ചു കളഞ്ഞത്. ഇതോടെ, വൃദ്ധ സംരക്ഷണത്തിൽ വെല്ലുവിളികൾ ഉയർന്നു വന്നു.
വാർദ്ധക്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ
വാർദ്ധക്യത്തിൽ ആരോഗ്യം മാത്രമല്ല, സാമൂഹികബന്ധങ്ങളും മാറി മറിയും. വൃദ്ധരുടെ എണ്ണം വർധിക്കുന്നത് കുടുംബങ്ങളുടെയും ഒപ്പം സർക്കാരിന്റെയും സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നു. പെൻഷൻ, ആരോഗ്യ പരിചരണം തുടങ്ങിയവയ്ക്കുള്ള ചെലവുകൾ കൂടും. പല വൃദ്ധരും സാമൂഹികമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുടുംബാംഗങ്ങൾ പ്രവാസത്തിലാണെങ്കിൽ അവർക്ക് കൂട്ടായ്മയും പരിചരണവും ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വാർദ്ധക്യം നിരവധി ആരോഗ്യ പ്രശ്നങ്ങളുടെയും തുടക്ക കാലമാണ്. ഇതിനുള്ള ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതും ശ്രമകരമായി മാറുകയും ചെയ്യും. നിലവിലുള്ള സാമൂഹിക സുരക്ഷാ സംവിധാനങ്ങൾക്കൊന്നും വൃദ്ധരുടെ വർധിച്ച ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തവുമാണ്.
ക്രൈസ്തവ മൂല്യങ്ങളുടെ പ്രസക്തി
മുതിർന്നവരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചും ബൈബിളിൽ പലയിടത്തും പറയുന്നുണ്ട്. ഇത് കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെയും പൂർവ്വികരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയെയും ഊന്നിപ്പറയുന്നുണ്ട്.
എഫേസ്യർ 6:13: ൽ ഇങ്ങനെ പറയുന്നു, ‘മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ കർത്താവിൽ അനുസരിക്കുക; ഇതു നീതിയാണ്. ‘നിന്റെ പിതാവിനെയും നിന്റെ അമ്മയെയും ബഹുമാനിക്കുക’.
വിശുദ്ധ മത്തായിയുടെ സുവിശേഷം 19:19 ൽ പറയുന്നതിപ്രകാരമാണ്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. യേശുക്രിസ്തു നൽകിയ എല്ലാ കൽപ്പനകളുടെയും സംക്ഷിപ്തം, ക്രിസ്തു തന്നെ രണ്ടു പ്രധാന കാര്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഒന്ന് നിന്റെ കർത്താവായ ദൈവം ഞാനായിരിക്കണം, ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടാകരുത്, രണ്ട് നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ക്രൈസ്തവ മൂല്യങ്ങളുടെ ഒന്നാകെയുള്ള സംക്ഷിപ്ത രൂപമാണ് ഇവ. അങ്ങനെയാണെങ്കിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ഈ പ്രധാന കൽപ്പനകളോട് ചേർത്തു വെച്ചിരിക്കുന്നത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുകയെന്ന സന്ദേശമാണെന്ന് കാണാം.
ധാർമ്മിക ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം
വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കൽ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ധാർമ്മിക ഉത്തരവാദിതമാണ്. മുതിർന്ന മാതാപിതാക്കൾ ശാരീരികമായും മാനസികമായും തളരുന്ന ഘട്ടത്തിലാണ്, അവരെ സംരക്ഷിക്കേണ്ടതിന്റെ പ്രതിബദ്ധത ഉയർന്നു വരുന്നത്. അവരുടെ സന്തോഷത്തിനും മാനസിക സമാധാനത്തിനും പ്രാധാന്യം നൽകുന്നതിനാണ് ഈ സമയങ്ങളിൽ ശ്രമിക്കേണ്ടതും. പ്രായാധിക്യം നേരിടുന്നതോടെ, എല്ലാവർക്കും സമൂഹത്തെ കൂടുതൽ ആശ്രയിക്കേണ്ടതായി വരും. ഇത്തരം സമയങ്ങളിൽ അവരെ ഉപേക്ഷിക്കുന്നതോ അനാഥരായി വിടുന്നതോ ക്രൈസ്തവ മാതൃകയ്ക്ക് നിരക്കാത്തതാണ്. വൃദ്ധർക്ക് നല്ല ആരോഗ്യ പരിപാലനം നൽകുന്നത് കുടുംബത്തിന്റെ കടമ മാത്രമായി ചുരുക്കി കാണേണ്ടതുമല്ല, അതൊരു സാമൂഹിക പ്രവർത്തനവുമാണ്. മുതിർന്നവരെ വീടുകളിൽ പരിപാലിക്കാൻ എല്ലാ കുടുംബങ്ങൾക്കും സാധ്യമായെന്നു വരില്ല. അതിനാൽ ഈ സേവനങ്ങളെല്ലാം തന്നെ സാമൂഹ്യപരമായി ഒരുക്കിയെടുക്കേണ്ടതും ക്രൈസ്തവ മൂല്യങ്ങളിൽ ഉൾപ്പെടുന്നതുമാണ്.
വൃദ്ധസംരക്ഷണത്തിൽ സഭയുടെ പങ്ക്
ക്രൈസ്തവ സഭ മുതിർന്നവർക്കുള്ള പരിചരണവും അഭയവും നൽകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. വൃദ്ധർക്കുള്ള നല്ല പാർപ്പിടങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, മാനസിക പിന്തുണ നൽകുന്ന സന്നദ്ധ പ്രവർത്തകർ തുടങ്ങിയവയ്ക്കെല്ലാം രൂപം നൽകുന്നതിനായി സഭയുടെ കൃത്യമായ ഇടപെടലുകൾ നമുക്ക് കാണാനാവും. ഇക്കാര്യങ്ങളിൽ സഭയുടെ നേതൃത്വപരമായ പ്രവർത്തനങ്ങളാണ് ക്രൈസ്തവ മൂല്യങ്ങളുടെ പ്രധാന്യത്തെ കുറിച്ച് സമൂഹത്തിന് അവബോധം നൽകുന്നത്. ഭൗതീകമായ സൗകര്യങ്ങൾക്കു പുറമേ, പ്രാർത്ഥനകളിലൂടെയും സന്ദർശനങ്ങളിലൂടെയും ആത്മീയ പിന്തുണയും നൽകുന്നുണ്ട്.
ക്രൈസ്തവ വിശ്വാസപ്രകാരമുള്ള ഒരുമിച്ചുള്ള കുടുംബജീവിതം (Joint Family System) മുതിർന്നവരുടെ സംരക്ഷണത്തിനുള്ള ഏറ്റവും അനുയോജ്യമായ ഒരു മാതൃക തന്നെയാണ്. ക്രൈസ്തവ ദൈവശാസ്ത്രത്തിൽ പ്രായം ദൈവത്തിന്റെ കൃപയുടെ അടയാളമാണ്. അതിനാൽ, മുതിർന്നവരെ അവഗണിക്കാതെ അവരുടെ അനുഭവങ്ങളും അറിവുമൊക്കെ പുതു തലമുറയ്ക്കു പകർന്നുനൽകാനുള്ള അവസരമായും സഭ കാണുന്നുണ്ട്.
യേശുവിന്റെ കരുതൽ
കുരിശു ചുമന്നു കൊണ്ട് യേശുക്രിസ്തു ഗാഗുൽത്താ വരെ സഞ്ചരിച്ചപ്പോഴും കൂടെ അനുഗമിച്ച ഒരാൾ പരിശുദ്ധ കന്യമറിയമായിരുന്നു. കുരിശു മരണത്തിന് തയ്യാറെടുത്തിരിക്കുമ്പോൾ പോലും, ഇശോ തന്റെ മാതാവിന്റെ കാര്യത്തിൽ കണ്ണടച്ചിരുന്നില്ല. അവരെ പരിപാലിക്കാനായി യോഹന്നാനെ ഏൽപ്പിച്ചാണ് അവിടന്ന് കുരിശു മരണം വരിച്ചത്. (യോഹന്നാൻ 19:26-27). ഇതിൽ നിന്നും നമ്മെ വളർത്തിയവരോടുളള വ്യക്തിപരമായ ദൗത്യം എന്താണെന്നത്. യേശു കാണിച്ചു തരുന്നു.
അതുകൊണ്ടു തന്നെ മുതിർന്ന മാതാപിതാക്കളെ സംരക്ഷിക്കുകയെന്നത് ക്രൈസ്തവ വിശ്വാസികൾക്ക് ധാർമ്മികവും സാമൂഹികവുമായ കടമയാണ്. അത് ദൈവികമായും പാരമ്പര്യപരമായുമുള്ള ഉത്തരവാദിത്വം കൂടിയാണ്. അവരുടെ സംരക്ഷണത്തിലൂടെ മാത്രമേ കുടുംബങ്ങൾക്കും സമൂഹത്തിനും ആത്മീയമായ വളർച്ച കൈവരിക്കാൻ കഴിയുകയുള്ളൂ.
റവ. ഫാ. ജോയ് കൂത്തൂർ


