2025 മെയ് 18 ന് വി.പത്രോസിന്റെ പിൻഗാമിയായി തന്റെ പൊന്തിഫിക്കറ്റ് ഔദ്യോഗികമായി ആരംഭിച്ച ലിയോ പതിനാലാമൻ മാർപാപ്പ മെയ് ഇരുപത്തഞ്ചിന് റോമാമെത്രാന്റെ സ്ഥാനിക ദേവാലയവും കത്തീഡ്രലുമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ കുർബാനയർപ്പിച്ചുകൊണ്ടു രോമരൂപതയുടെ മെത്രാനെന്ന നിലയിൽ ശുശ്രൂഷയ്ക്ക് തുടക്കംകുറിച്ചു. റോമിലെ ചേലിയൻ കുന്നിലുള്ള സെന്റ് ജോൺ ലാറ്ററൺ ബസിലിക്ക, “ഓമ്നിയം ഉർബിസ് ഏത് ഓർബിസ് എക്ലെസിയാറം മേത്തർ ഏത് കപ്പുത് ” “നഗരത്തിലെയും ലോകത്തിലെയും എല്ലാ പള്ളികളുടെയും അമ്മയും തലവനും” എന്നാണറിയപ്പെടുന്നത്. റോമാ രൂപതയുടെ കത്തീഡ്രൽ ബസിലിക്കയായ ലാറ്ററൻ ബസിലിക്കയോട് ചേർന്നായിരുന്നു അവിഞ്ഞോൺ പ്രവാസകാലം വരെ മാർപാപ്പാമാർ സാർവത്രികസഭയെ നയിച്ചിരുന്നത്.
എ.ഡി. 324ൽ ലാറ്ററൻ ബസിലിക്ക കോൺസ്റ്റനൈ്റൻ ചക്രവർത്തിയുടെ മേൽനോട്ടത്തിൽ നിർമിക്കപ്പെടുകയും പോപ്പ് സിൽവസ്റ്റർ ഒന്നാമൻ കൂദാശ ചെയ്ത് സമർപ്പിക്കുകയും ചെയ്തു. റോമിൽ നിർമിച്ച ആദ്യത്തെ ക്രിസ്ത്യൻ ബസിലിക്കയായിരുന്നു ഇത്. തുടക്കത്തിൽ രക്ഷകനായ ക്രിസ്തുവിന് സമർപ്പിച്ചുവെങ്കിലും പിന്നീട് രണ്ടുതവണ ബസിലിക്ക പുനഃസമർപ്പിക്കപ്പെട്ടു. ആദ്യം പത്താം നൂറ്റാണ്ടിൽ വിശുദ്ധ യോഹന്നാൻ സ്നാപകന്റെ പേരിലും 12-ാം നൂറ്റാണ്ടിൽ വിശുദ്ധ യോഹന്നാൻ സുവിശേഷകന്റെ പേരിലും. ഇപ്പോൾ ഈ ബസിലിക്കയുടെ മുഴുവൻ പേര് “അതിവിശുദ്ധ രക്ഷകന്റെയും വിശുദ്ധരായ യോഹന്നാൻ സ്നാപകന്റെയും യോഹന്നാൻ സുവിശേഷകന്റെയും ബസിലിക്ക” എന്നാണ്.
മാർപാപ്പാമാർ റോമിന്റെ ആദ്യമെത്രാനായ വി പത്രോസിന്റെ പിൻഗാമികൾ എന്ന നിലയിലാണ് സാർവത്രികസഭയുടെ തലവനായി അവരോധിക്കപ്പെടുന്നത്. എന്നാൽ റോമാ രൂപതയുടെ ദൈനംദിന അജപാലനകാര്യങ്ങൾ നിർവഹിക്കുന്നത് പാപ്പായുടെ വികാരിയായി അറിയപ്പെടുന്ന മെത്രാൻ വഴിയാണ്. കർദിനാൾ ബാല്താസറെ റെയ്നയാണ് പാപ്പായുടെ ഇപ്പോഴത്തെ വികാരി.
വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും എണ്ണമറ്റരക്തസാക്ഷികളുടെയും സാക്ഷ്യത്തിൽ വേരൂന്നിയ മഹത്തായ ചരിത്രത്തിന്റെ തുടർച്ചയാണ് റോമൻ സഭ എന്ന ആമുഖത്തോടെയാണ് ലിയോ പതിനാലാമൻ പാപ്പാ റോമാ രൂപതയുടെ അധ്യക്ഷൻ എന്ന നിലയിലുള്ള സന്ദേശം ആരംഭിച്ചത്. ലോകത്തിലുള്ള എല്ലാ ദേവാലയങ്ങളുടെയും മാതൃദേവാലയം എന്ന സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയുടെ അഭിദാനം സഭയുടെ മാതൃമാനത്തെക്കുറിച്ചു ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നൂ. ആർദ്രത, ത്യാഗം ചെയ്യാനുള്ള സന്നദ്ധത, ശ്രദ്ധിക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള മാതൃഭാവങ്ങൾ, ലോകമെമ്പാടുമുള്ള സഭകളിൽ പുലരണം. പാപ്പാ പറഞ്ഞു.


