*ജനുവരി 18 മുതൽ 25 വരെ സഭൈക്യവാരം ആചരിക്കുന്നു.
ഷംഷബാദിൽ മെത്രാനായി സേവനം ചെയ്തിരുന്ന കാലം ഞാനോർമിക്കുന്നു. അന്ന് നമുക്ക് ആവശ്യത്തിന് ദേവാലയങ്ങളുണ്ടായിരുന്നില്ല. അന്ന് ദേവാലയങ്ങൾ നമുക്കായി വിട്ടുനല്കാൻ മറ്റ് സഭകൾ ഏറെ സന്നദ്ധരായിരുന്നു. അവരുടെ ശുശ്രൂഷകൾ കഴിയുമ്പോൾ നമുക്ക് ഉപയോഗിക്കാനായി അവ തുറന്നുതന്നിരുന്നു. സെമിത്തേരികളും പരസ്പര സഹകരണത്തോടെ ഉപയോഗിക്കുന്ന സ്ഥലങ്ങളും എനിക്ക് പരിചയമുണ്ട്.
സഭയുടെ കൂട്ടായ്മയുടെയും കൂട്ടുത്തരവാദിത്തത്തിന്റെയും ശുശ്രൂഷയാണ് സഭൈക്യം. ദൈവം ഏകനാണെങ്കിലും ത്രിതൈ്വകം കൂടിയാണ്. കാരണം പിതാവ് സൃഷ്ടിക്കുകയും പുത്രൻ രക്ഷിക്കുകയും പരിശുദ്ധാത്മാവ് സഭയിലൂടെ രക്ഷാകരദൗത്യം തുടരുകയും ചെയ്യുന്നു.പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു ദൈവങ്ങളല്ല ഒരു ദൈവമാണ്. യോഹന്നാന്റെ സുവിശേഷം പതിനേഴാം അധ്യായം 20-23 വരെയുളള തിരുവചനങ്ങൾ കർത്താവിന്റെ പ്രാർഥനയാണ്. ആ പ്രാർഥനയെ ഐക്യത്തിനുവേണ്ടിയുള്ള പ്രാർഥനയെന്നാണ് വിളിക്കുന്നത്. അതിൽതന്നെ 21 -ാമത്തെ വചനം ഏറെ പ്രസിദ്ധമാണ്. അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുവെന്നാണ് യേശു അവിടെ പറയുന്നത്.
സഭയുടെ ചരിത്രപ്രയാണത്തിൽ ആശയപരമായും ആരാധനക്രമപരമായും വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ഈ വ്യത്യാസങ്ങൾ സഭയുടെ ഐക്യത്തെ തന്നെ ദോഷകരമായി ബാധിക്കാൻ ഇടയായി. ആരംഭകാലഘട്ടത്തിൽ പാശ്ചാത്യസഭയിൽ നിന്ന് പൗരസ്ത്യസഭകൾ വേർപെട്ടു. അന്ത്യോഖ്യൻ സഭ, കൽദായ സഭ എന്നിവയൊക്കെ ഇപ്രകാരം വേർപെട്ടുപോയവയാണ്. ആധുനികകാലത്ത് പാശ്ചാത്യനവീകരണ പ്രസ്ഥാനത്തിലൂടെ സഭയ്ക്കുളളിൽ വീണ്ടും വലിയ വിഭജനമുണ്ടായി. എന്നൊക്കെ സഭയിൽ വിഭജനമുണ്ടായിട്ടുണ്ടോ അന്നൊക്കെ സഭയിൽ തന്നെ ഐക്യത്തിനുവേണ്ടിയുള്ള ദാഹവും ഉണ്ടായിട്ടുണ്ട്.
സഭൈക്യവാരം നമ്മെ ഓർമ്മപ്പെടുത്തുന്നത് സഭയുടെ ഐക്യത്തിനുവേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങളുടെ പരമപ്രാധാന്യത്തെക്കുറിച്ചാണ്. സഭകളുടെ ഐക്യം സാധ്യമാവണമെങ്കിൽ നാലുതലങ്ങളിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്. പ്രാർഥനയാണ് അതിൽ ഏറ്റവും പ്രധാനം. എല്ലാ സഭകളും കൂട്ടായ്മയിലും കൂട്ടുത്തരവാദിത്തത്തിലും സഭയുടെ മൗതികഗാത്രമാകുന്നതിനു വേണ്ടി നാം പ്രാർഥിക്കണം.ആരാധനക്രമത്തിലും കാനോനിക നമസ്ക്കാരത്തിലും കുടുംബപ്രാർഥനയിലും എല്ലാം ഐക്യത്തിനുവേണ്ടിയുള്ള വലിയആഗ്രഹം പ്രാർഥനയിലൂടെ നാം പ്രകടിപ്പിക്കുന്നുണ്ട്. ഐക്യത്തിന്റെ പ്രധാനപ്പെട്ട വഴി പ്രാർഥനയുടെ വഴിയാണ്.
രണ്ടാമതായി സഭയിൽ ഐക്യമുണ്ടാവാൻ നാം ചർച്ചകൾ നടത്തണം. വത്തിക്കാൻ സൂനഹദോസു തന്നെ സഭയിലെ ഐക്യത്തെക്കുറിച്ചു ഒരു ലേഖനം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. മാർപാപ്പമാർ ഓരോ കാലഘട്ടത്തിൽ എക്യുമെനിക്കൽ പരിശ്രമങ്ങളുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് അപ്പസ്തോലികലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ ഒരു മേശയ്ക്കു ചുറ്റിനുമിരുന്ന് പരസ്പരം പഠിക്കാനും കുറവുകളെ പരിഹരിക്കാനും കൂട്ടിച്ചേർക്കാനുള്ളത് കൂട്ടിച്ചേർക്കാനും ഒന്നിച്ചുനീങ്ങാനുമുള്ള ധാരണകൾ രൂപപ്പെടുത്തേണ്ടതുണ്ട്. പ്രാർഥന പോലെ തന്നെ എക്യുമെനിക്കൽ ഡയലോഗുകളും പ്രധാനപ്പെട്ടവയാണ്. പരിശുദ്ധ സിംഹാസനത്തിൽ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എക്യുമെനിക്കൽ ഡിപ്പാർട്ടുമെന്റുകൾ പോലുമുണ്ട്.
അതുകൊണ്ട് പ്രാദേശികതലത്തിലും ഇത്തരത്തിലുളള ചർച്ചകൾക്ക് നമ്മൾ വഴിതുറക്കണം. ചർച്ചകളിലൂടെ കരം കോർക്കാനും ഒന്നിച്ചുപ്രവർത്തിക്കാനും നമുക്ക് സാധിക്കട്ടെ. സഹകരണത്തിന്റെ മേഖലകൾ മെച്ചപ്പെടുത്താനായി നമുക്കെന്തു ചെയ്യാൻകഴിയുമെന്ന് എല്ലാവരും ആലോചിക്കണം. അകൽച്ചകളെക്കാൾ കരം കോർത്ത് അടുപ്പം സ്ഥാപിക്കണം.
പരസ്പരം സഹകരിച്ചും സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തിയും മുന്നോട്ടുപോകാൻ നമുക്ക് കഴിയണം. സാമൂഹികമേഖലകൾ, വിദ്യാഭ്യാസം,പ്രേഷിതം തുടങ്ങിയ മേഖലകളിലെല്ലാം കർത്താവിന്റെ പ്രാർഥന നിറവേറ്റുന്ന വിധത്തിൽ ഒരു മനസോടെ, ഒരു ആത്മാവോടെ ഒരുമിച്ചുപ്രവർത്തിക്കാൻ നമുക്ക് സാധിക്കട്ടെ.
മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ


