സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം
ഏലിയ സ്ലീവ മൂശാക്കാലം
സെപ്തംബര്‍ 15 (ഞായര്‍ 4 )
മത്തായി 10: 34 – 42
ഏലിയ സ്ലീവ മൂശാക്കാലം രണ്ടാമത്തെ ഞായറാഴ്ചയാണ്. അതില്‍ തന്നെ സ്ലീവാകാലം ആദ്യത്തെ ഞായറാഴ്ചയും. ‘സ്ലീവ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘കുരിശ്’ എന്നാണ്. ഇന്നത്തെ വായനകളൊക്കെ കുരിശ്/ സഹനവുമായി ബന്ധപ്പെട്ടാണ്. ആദ്യ വായനയില്‍ സംഖ്യയുടെ പുസ്തകത്തില്‍ മോശ വടിയില്‍ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തെ നോക്കിയ ഇസ്രായേല്‍ ജനം സര്‍പ്പദംശനത്തില്‍ നിന്നും രക്ഷ പ്രാപിക്കുന്ന സംഭവം വിവരിക്കുന്നു. ഈ വടിയില്‍ ഉയര്‍ത്തിയ പിച്ചളസര്‍പ്പം പുതിയ നിയമത്തില്‍ ഈശോ കുരിശില്‍ ഉയര്‍ത്തപ്പെട്ടതിന്റെ പ്രതീകമായി കണക്കാക്കുന്നു. ലേഖനത്തില്‍ പൗലോസ് ശ്ലീഹ പറയുന്നത് കര്‍ത്താവിന്റെ കുരിശില്‍ അല്ലാതെ തനിക്ക് ഒന്നിനും മേന്മ ഭാവിക്കാന്‍ കഴിയില്ല എന്നാണ്. സുവിശേഷത്തില്‍ തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന് കുരിശെടുത്ത്് പിന്നാലെ വരണമെന്ന് ഈശോ ഓര്‍മിപ്പിക്കുന്നു.
വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ സെപ്റ്റംബര്‍ 14നു ആഘോഷിച്ചു കഴിഞ്ഞതേയുള്ളൂ. കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി വി. കുരിശ് കണ്ടെടുത്തതിന്റെ ഓര്മ്മയായിട്ടാണല്ലോ ഈ തിരുനാള്‍ ആഘോഷിക്കുന്നത്. ലോകത്തുള്ള എല്ലാ മതചിഹ്നങ്ങളിലും വച്ചേറ്റവും വ്യാപകമായി പ്രചരിച്ചതും ഉപയോഗിക്കുന്നതും ക്രൈസ്തവരുടെ മതചിഹ്നമായ കുരിശു തന്നെയാണ്. കുരിശുണ്ടാക്കാന്‍ വളരെ എളുപ്പമാണ് ഒരു വടി നേരെയും ഒരു വടി കുറുകയെയും വച്ചാല്‍ കുരിശായി. കുരിശു ഒരു പ്രതീകമാണ്. ദൈവത്തിലേക്കും മനുഷ്യനിലേക്കും ചേര്ന്നുനില്ക്കണം എന്നതിന്റെ സൂചന. ക്രൈസ്തവവിശ്വാസമനുസരിച്ച് കുരിശ് അഥവാ സഹനങ്ങള്‍ ഒരുവനെ രക്ഷയിലേക്ക് നയിക്കുന്നു. കുരിശിനെ/ സഹനത്തെ ഇത്ര മഹത്വവത്ക്കരിച്ച മറ്റൊരു മതം ലോകചരിത്രത്തില്‍ ഇല്ല .അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന് കുരിശെടുത്തു തന്റെ പിന്നാലെ വരട്ടെ എന്ന് ഈശോ പറയുന്നു . എന്താണ് കുരിശ് ? അത് ഓരോരുത്തര്‍ക്കും ഓരോന്നാണ്. ചിലര്‍ക്ക് ചില വ്യക്തികള്‍, മറ്റുചിലര്‍ക്ക് ചില സ്ഥലങ്ങള്‍, ഇനിയും ചിലര്‍ക്ക് ഉത്തരവാദിത്വങ്ങള്‍, വേറെ ചിലര്‍ക്ക് ജീവിതാവസ്ഥകള്‍ ( രോഗം, വാര്‍ധക്യം മരണം… ഇതൊക്കെ കുരിശുകള്‍ ആയി വന്നേക്കാം. ഈശോ പറയുന്നത് അത് എടുത്തുകൊണ്ട് വേണം തന്നെ അനുഗമിക്കാന്‍ എന്നാണ്. എന്നുവച്ചാല്‍ സഹനം മാറ്റിവെച്ചു കൊണ്ടുള്ള ഒരു ക്രിസ്തു ശിഷ്യത്വം സാധ്യമല്ല. ക്രിസ്ത്യാനിയാണോ കുരിശെടുക്കാന്‍ തയ്യാറാവുക. ഇനി എടുക്കുക മാത്രമല്ല അത് സഹിക്കാനും ഒരു മനസ്സ് ഉണ്ടാകുക പ്രധാനമാണ്. കാരണം പൗലോസ് പറയുന്നുണ്ട് . ഈശോയുടെ അടയാളങ്ങള്‍ തന്റെ ശരീരത്തില്‍ ധരിച്ചിരിക്കുന്നു എന്ന് . തമ്പുരാന്റെ അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കുരിശാണ്. അത് ധരിക്കാനും ഉപയോഗിക്കാനും കയ്യില്‍ സൂക്ഷിക്കാനും ശ്രദ്ധിക്കുക. കുരിശുനല്കുന്ന സഹനത്തിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ സൂക്ഷിക്കാന്‍ പറ്റണം. ചില വിശുദ്ധര്‍ക്കൊക്കെ പഞ്ചക്ഷതമുണ്ടായി എന്ന് പറയുമ്പോള്‍ അവര്‍ക്ക് കര്‍ത്താവിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ അനുഭവപ്പെട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. അത്രയൊന്നും ഇല്ലെങ്കിലും ചെറിയ സഹനമൊക്കെ ശരീരത്തില്‍ അനുഭവിക്കാന്‍ നമുക്കും പറ്റണം. കൈവിരിച്ച് പ്രാര്‍ത്ഥിക്കാനോ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുവാനോ ഒരു കൊന്തയുടെ രഹസ്യം മുട്ടിന്മേല് നിന്നു ചൊല്ലുവാനോ ഇങ്ങനെ ശരീരത്തില്‍ എടുക്കാവുന്ന കുരിശിന്റെ അടയാളങ്ങളും അനുഭവങ്ങളും നമ്മള് സ്വീകരിക്കുക തന്നെ വേണം.
തന്നെക്കാള്‍ അധികമായി പിതാവിനെയും മാതാവിനെയും പുത്രനെയും പുത്രിയെയും സ്നേഹിക്കുന്നവന് തനിക്ക് യോഗ്യനല്ല എന്നാണ് ഈശോ പറയുന്നത്. മാതാവിനെയും പിതാവിനെയും പുത്രനെയും പുത്രിയേയും സ്നേഹിക്കേണ്ട എന്നല്ല മറിച്ച് തന്നെക്കാള്‍ അധികമായി സ്നേഹിക്കരുത് എന്നാണ് ഈശോ അര്‍ത്ഥമാക്കുന്നത്. കാരണം ഒരാളുടെ ജീവിതത്തിലെ പ്രഥമ മുന്‍ഗണന ക്രിസ്തു ആയിരിക്കണം. അതുകൊണ്ടു തന്നെയാണ് ‘മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യം പ്രസംഗിക്കുക’ എന്നു ഈശോ തന്നെ അനുഗമിക്കാന്‍ വന്നവനോട് പറഞ്ഞതും. (ലൂക്ക 9:60) മറ്റു വസ്തുക്കളും ബന്ധങ്ങളും സ്ഥലങ്ങളും സാധ്യതകളും സ്ഥാനമാനങ്ങളും ക്രിസ്തുവിനേക്കാള് മുകളില്‍ കയറി വരാന്‍ പാടില്ല. ഈശോയുടെ ശിഷ്യന്മാരുടെ കാര്യം തന്നെ എടുക്കുക. അവര്‍ക്ക് വീടുണ്ട്, വീട്ടുകാരുണ്ട്, വസ്തുവകകളും സാധ്യതകളുമുണ്ട്. എന്നാല്‍ ഈശോയെ അനുഗമിച്ചു കഴിയുമ്പോള്‍ അതെല്ലാം അവര്‍ ഉപേക്ഷിക്കാന്‍ തയ്യാറാവുകയും പ്രഥമ പരിഗണന തങ്ങളുടെ ജീവിതത്തില്‍ ഈശോയ്ക്ക് നല്‍കുകയും ചെയ്തു. നമ്മുടെ ജീവിതത്തില്‍ ഇപ്രകാരം പ്രഥമസ്ഥാനം ഈശോക്കു കൊടുക്കുവാന്‍ പറ്റുന്നുണ്ടോ?. മറ്റു പല മുന്‍ഗണനകളുടെ ഇടയില്‍ ഒന്നു മാത്രമായി ഈശോ മാറിപ്പോകുന്നുണ്ടോ?
പ്രവാചകനെ പ്രവാചകനായും നീതിമാനെ നീതിമാനായും സ്വീകരിക്കുന്നവനു പ്രതിഫലം ലഭിക്കും എന്നാണ് ഈശോ പറയുന്നത്. ഒരാളെ അയാളായി സ്വീകരിക്കുന്നവന് പ്രതിഫലം ലഭിക്കുമത്രെ. പലപ്പോഴും മറ്റുള്ളവരെ അവരായിരിക്കുന്ന രീതിയില്‍ സ്വീകരിക്കാന്‍ പറ്റുന്നില്ല എന്നതാണ് പ്രശനം.
ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ ദു:ശീലങ്ങളോടെ സ്വീകരിക്കുക, ഭാര്യയെ അവളുടെ പിടിവാശികളോടെ സ്വീകരിക്കുക, മക്കളെ അവരുടെ കുറുമ്പുകളോടെ സ്വീകരിക്കുക, മാതാപിതാക്കളെ അവരുടെ രോഗാവസ്ഥയോടെ സ്വീകരിക്കുക, വികാരിയച്ചനെ അദ്ദേഹത്തിന്റെ ഗൗരവ പ്രകൃതിയോടെസ്വീകരിക്കുക.. .. പ്രതിഫലം കിട്ടും . അല്ലാതെ തര്‍ക്കിച്ചും വാശി പിടിച്ചും ശപിച്ചും മറ്റൊരാളുമായി എത്ര നാള് നമുക്ക് ഒത്തുപോകാന്‍ പറ്റും…? ‘Just accept the Other as He/She Is….’ അതാണ് കുലീനത.
ഫാ. നൗജിന് വിതയത്തില്‍


