വിനായക് നിര്‍മ്മല്‍
അടുത്തയിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നുവല്ലോ മഞ്ഞുമ്മല്‍ ബോയ്സ്? യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത സിനിമ അതില്‍ അപകടത്തില്‍ പെടുന്ന ചങ്ങാതി ദൈവവിശ്വാസിയല്ല. ദൈവത്തെക്കുറിച്ച് സംശയം പറയുന്ന അയാളോട് അവരുടെ വണ്ടിയുടെ ഡ്രൈവര്‍ വിശദീകരിച്ചുകൊടുക്കുന്നതിന്റെ അര്‍ത്ഥം ഏതാണ് ഇപ്രകാരമാണ്.’ ഒരു പ്രകാശം.. മുകളില്‍നിന്ന് വരുന്ന ഒരു വെട്ടം..അതാണ് ദൈവം.’
പിന്നീട് അപ്രതീക്ഷിതമായ ഗര്‍ത്തങ്ങള്‍ അയാളെ ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കുകയും മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഇരുണ്ടതുരങ്കത്തില് പുറത്തേക്ക് ഒരുവാതില്‍ പോലും ഇല്ലാതെ അയാള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ആത്മസ്നേഹിതന് സ്വന്തം ജീവന് പോലും പണയം വച്ച് അവന്റെ അടുക്കലെത്തുന്നതും ഇരുവരും ദൈവത്തിന്റെ അദൃശ്യമായകരങ്ങളില് താങ്ങി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും.
അത് അവരെ സംബന്ധിച്ചിടത്തോളം കല്ലറ ഭേദിക്കലായിരുന്നു,ഉയിര്‍പ്പായിരുന്നു. പിടിവിട്ടാല്‍, ഞെട്ടറ്റുപൂവ് വീഴുന്നതുപോലെ താഴേയ്ക്ക് അടര്‍ന്നുപോകും എന്ന ഉറപ്പോടെ കയറില്‍ പിടിമുറുക്കി മുകളിലേക്ക് ഉയര്‍ന്നുവരുന്ന നിമിഷങ്ങളില്‍ ബോധമുണ്ടായിരുന്നുവെങ്കില്‍, തീര്‍ച്ചയായും അവന് അപ്പോള്‍ തന്നെ പറയുമായിരുന്നു മുകളില്‍ നിന്ന് വരുന്ന വെട്ടം ദൈവം തന്നെയാണെന്ന്.
ഉയിര്‍ത്തവനും ഉയിര്‍പ്പിക്കപ്പെട്ടവനും ദൈവമാണെന്ന്.. അന്ധകാരത്തില്‍ കഴിയുമ്പോള്‍ കാണുന്ന പ്രകാശങ്ങളെല്ലാം ദൈവമാണ്. തടവറകളില്‍ ജീവിക്കുമ്പോള്‍ തുറന്നുകിട്ടുന്ന കിളിവാതിലുകളെല്ലാം ഉയിര്‍പ്പുകളാണ്.
ഉയിര്ക്കാനുളള സാധ്യതകളും ഉയിര്‍പ്പിക്കപ്പെടാനുള്ള സാധ്യതകളും ജീവിതത്തിന്റെ അവസാനനിമിഷം വരെയുണ്ട്. പക്ഷേ നമ്മള് അത് എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതിലാണ് കാര്യമിരിക്കുന്നത്.
സ്വയംതീര്‍ക്കുന്ന കല്ലറകളുണ്ട്. മറ്റുള്ളവര്‍ തീര്‍ക്കുന്ന കല്ലറകളുമുണ്ട്. അവിടെയാണ് കല്ലറ ഒരു യാഥാര്ത്ഥ്യമെന്നതിലേറെ ജീവിതദര്‍ശനമാണ് എന്ന് പറയേണ്ടിവരുന്നത്.
ഉള്ളടക്കം എന്ന കമല്‍ചിത്രത്തിലെ ഒരു കഥാപാത്രത്തെയോര്മ്മ വരുന്നു. യശ്ശശരീരയായ സുകുമാരിയമ്മയുടേതാണ് ആ കഥാപാത്രം. മാനസികരോഗിയായ അവര്‍ വാതില്‍ അടച്ചു ഒരു മുറിക്കുള്ളില്‍ കഴിയുകയാണ്. പക്ഷേ അപ്രതീക്ഷിതമായി ആ മുറിയിലേക്ക് കഥാനായിക കടന്നുവരികയും അവള് വാതില്‍ തുറക്കുകയും ചെയ്യുന്നു.
പക്ഷേ കടന്നുവരുന്ന വെളിച്ചം സുകുമാരിയുടെ കഥാപാത്രത്തിന് അസ്വസ്ഥതയാണ്. അവര്‍ വല്ലാതെ ഡിസ്റ്റേര്‍ബ്ഡ് ആകുന്നു. കാരണമെന്താ, ആ ഇരുട്ടറയാണ് അവര്‍ക്കിപ്പോള്‍ സുഖം. എത്ര പണിപ്പെട്ടാണെന്നോ കഥാനായിക അവരെ സാധാരണ ജീവിതത്തിലേക്ക് പിടിച്ചുകൊണ്ടുവരുന്നത്.!
ഇത്തരം കല്ലറകള്‍ നാം സ്വയം തീര്‍ക്കുന്ന കല്ലറകളാണ്. സമാനമല്ലെങ്കിലും മറ്റൊരുരീതിയില്‍ മുറിമാത്രമായി കഴിച്ചുകൂട്ടിയ കുറെ മാസങ്ങളുണ്ട്. അമ്മയുടെ രോഗവുമായി ബന്ധപ്പെട്ടതായിരുന്നു ആ കാലം.
അമ്മയ്ക്കുള്ള ഓക്സിജന്‍ സിലിണ്ടറും മരുന്നും വാങ്ങാന്‍ വേണ്ടി മാത്രമല്ലാതെ പുറത്തിറങ്ങാതിരുന്ന നാളുകള്‍. പള്ളിയില്ല, കുര്ബാനയില്ല, വിനോദങ്ങളില്ല ആളുകളെ കാണുന്നില്ല. സിനിമയില്ല, പാട്ടില്ല. അകലെയുളളവരുമായി ഫോണില്‍ കൂടി സംസാരിക്കുന്നതുകൊണ്ട് ആരുടെയും മുഖം കാണുന്നില്ല.
കുറെക്കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങുന്നതുതന്നെ ഇഷ്ടമില്ലാതായി.വീടും അമ്മയുടെ മുറിയും മാത്രമായി ലോകം. ആരെയും കാണാനോ കേള്‍ക്കാനോ പോലും ആഗ്രഹിച്ചിരുന്നുമില്ല. പിന്നീട് സ്വഭാവികമായും അമ്മ അരങ്ങൊഴിയുകയും ജീവിതം പഴയരീതിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്യേണ്ടിവന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടായി ഒരു കാര്യം തോന്നിയിരുന്നു.
ആരെയും ഫേസ് ചെയ്യാന്‍ പറ്റുന്നില്ല. പറഞ്ഞാല്‍ അത് വിശ്വസിക്കുമോയെന്നറിയില്ല. പക്ഷേ സംഭവം സത്യമായിരുന്നു. പുറത്തുളളവരെ കാണുമ്പോള്‍ വല്ലാതെയാകുന്നു. പഴയതുപോലെ വീട്ടിനുള്ളില്‍ മാത്രമായി ഒതുങ്ങിക്കഴിയാനായിരുന്നു താല്പര്യം. എത്രപണിപ്പെട്ടാണ് വീണ്ടും പഴയതുപോലെയാകാന്‍ സാധിച്ചത്.!
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ആരാണോ കല്ലറയില്‍ നിങ്ങളെ അടയ്ക്കുന്നത് അതോ സ്വയം തീര്‍ത്ത കല്ലറയില്‍ നിങ്ങള്‍ കഴിയുകയാണോ രണ്ടായാലും നിങ്ങളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു ക്രിസ്തുവും വരില്ല നിങ്ങള്‍ മാത്രം.. നിങ്ങളുടെ ശ്രമം.. അതാണ് നിങ്ങളെ പുറത്തേക്ക് കൊണ്ടുവരുന്നത്. അവിടെയാണ് ഓരോരുത്തരും ഓരോ ക്രിസ്തുവായി രൂപാന്തരപ്പെടേണ്ടത്.
ലോകത്തുള്ളഎല്ലാവരെയും ഓടിനടന്ന് രക്ഷിക്കാന്‍ ദൈവത്തിന് പോലും കഴിയാത്തതുകൊണ്ടാണ് അവിടുന്ന് അമ്മമാരെ സൃഷ്ടിച്ചത് എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെയാണ് ഇവിടെയും. ക്രിസ്തുവിന് ഓടിനടന്ന് ഓരോരുത്തരുടെയും കൈയ്ക്ക് പിടിച്ചു കല്ലറയ്ക്ക് വെളിയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. അതുകൊണ്ടാണ് ക്രിസ്തു ഒരുവെളിച്ചം എല്ലാവരുടെയും ഉള്ളില്‍ കൊളുത്തിയിരിക്കുന്നത്. സിനിമയിലെ കഥാപാത്രം പറയുന്നതുപോലെ മുകളില്‍ നിന്നുള്ള വെളി്ച്ചം. അതുപക്ഷേ നിന്റെ ഉള്ളിലെ വെളിച്ചമാണ്. നിന്നെ കല്ലറയ്ക്ക് വെളിയിലേക്ക് കൊണ്ടുവരാനുള്ള വെളിച്ചം.
എവിടെയാണ് കല്ലറകള്‍ ഇല്ലാത്തത്? മരിച്ചടയ്ക്കപ്പെടാന് മാത്രമുള്ളതാണ് കല്ലറകള്‍ എന്നാണോ വിചാരം? ഒരിക്കലുമല്ല. കുടുംബജീവിതം ഒരു കല്ലറയാണ്, ഇഷ്ടമില്ലാത്ത ജോലികള്‍ കല്ലറകളാണ്. ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങളുടെ നടുവില്‍ ജീവിക്കുമ്പോള്‍ അതും കല്ലറയാണ്. നിരാശത കല്ലറയാണ്. വിഷാദാവസ്ഥ കല്ലറയാണ്. ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ ഇതില്‍ ഒന്നിലൂടെയെങ്കിലും കടന്നുപോകാത്ത ഒരാളുമുണ്ടാവില്ലെന്നാണ് തോന്നുന്നത്.
പക്ഷേ കല്ലറകളോടുളള നമ്മുടെ സമീപനമാണ് കല്ലറയില്‍ കഴിയണോ അതോ കല്ലറ വിട്ടുവരണോയെന്നുളളത്. അവിടെയാണ് കല്ലറ ഒരു ജീവിതദര്‍ശനമായി രൂപപ്പെടുന്നത്.
ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം. മുകളില്‍ പറഞ്ഞ സിനിമ തന്നെ നോക്കൂ. വേണമെ്്ങ്കില് ആ കഥാനായകന് സ്വന്തം ജീവന് മാത്രം സുരക്ഷിതമാക്കി മറ്റുള്ളവരെ പോലെ നോക്കിനിന്നാല്‍ മതിയായിരുന്നു. അങ്ങനെയെങ്കില്‍ അപകടത്തില്‍പെട്ട ചങ്ങാതിക്ക് രണ്ടാം ജന്മംഉണ്ടാവുകയില്ലായിരുന്നു.
ഉയിര്‍ക്കണമെങ്കില്‍ ധൈര്യം വേണം,ചില റിസ്ക്കുകള്‍ ഏറ്റെടുക്കണം. പക്ഷേ ഉയിര്‍പ്പിക്കണമെങ്കില്‍ സന്മനസ്സാണ് വേണ്ടത്. ഒരുപക്ഷേ ഭൂരിപക്ഷവും മറ്റൊരാളെ ഉയിര്‍പ്പിക്കാന്‍ മാത്രം ധൈര്യമുള്ളവരായിരിക്കണമെന്നില്ല. എന്നാല്‍ മനസ്സ് വച്ചാല്‍ മറ്റൊരാളെ ഉയിര്‍പ്പിക്കാന്‍ നിഷ്പ്രയാസം കഴിയും.
ആത്മപ്രശംസയാണെന്ന് വിചാരിച്ചാലും സാരമില്ല ഏറ്റവും ദീര്‍ഘിച്ച സൗഹൃദപരമ്പരയില്പെട്ട ഒരു ചങ്ങാതി. വിവാഹമോചിതനാണ്. കുട്ടികളില്ല. മാതാപിതാക്കള്‍ മരിച്ചുപോയി. വിവാഹമോചനവും അതേല്പിച്ച ആഘാതവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയിലൂടെ കടന്നുപോയ അവസരത്തില്‍ ഒരുപാട് ചങ്ങാതിമാരുള്ള അവന് പലരോടും തന്റെ സങ്കടം തുറന്നുപറയാറുണ്ടായിരുന്നു. എന്നാല്‍ അവരാരില്‍ നിന്നും കിട്ടാത്ത ഒരാശ്വാസം അവന് നല്‍കിയത് ഞാന്‍ മാത്രമാണത്രെ. അവന്‍തന്നെ തുറന്നുപറഞ്ഞതാണ് ഇക്കാര്യം.
അവന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ഒന്നും ചെയ്യാന്‍ എനിക്ക് കഴിവുണ്ടായിരുന്നില്ല. പക്ഷേ ഞാന്‍. അവനെ കേട്ടിരുന്നു. എല്ലാം കേട്ടുകഴിഞ്ഞതിന് ശേഷം അവന്റെ പുറത്തുതട്ടി സാരമില്ലെടാ ഒക്കെ ശരിയാകും എന്ന് പറയും. അത്രമാത്രം.
എന്തുമാത്രം ആത്മാര്‍ത്ഥതയോടെയാണ് ഞാനത് പറഞ്ഞതെന്നോ കേട്ടതെന്നോ ഒക്കെയുളള കാര്യത്തില്‍ എനിക്ക് അവകാശവാദങ്ങളൊന്നുമില്ല. പക്ഷേ എന്റെവാക്കും എന്റെ സ്പര്‍ശവും അത് അവന് ആശ്വാസമായി മാറി. പറ്ഞ്ഞുവരുന്നത് മറ്റൊന്നുമല്ല ബോധപൂര്‍വ്വം വിചാരി്ച്ചാല്‍ സ്വയം റിസ്ക്ക് ഏറ്റെടുക്കാതെപോലും നമുക്ക് മറ്റൊരാളെ ആശ്വസിപ്പിക്കാന്‍ കഴിയും എന്നാണ്.
അതുവഴി ഉയിര്‍പ്പിലേക്ക് നയിക്കാനുമാവും.ഇന്നും ദൂരെ നിന്ന് അവന് ഇടയ്ക്കിടെ എന്നെ കാണാന്‍ വീട്ടിലെത്തുന്നു. ഉളളതെല്ലാം വലിച്ചുവാരിക്കുടഞ്ഞിട്ട് ഭാണ്ഡം കാലിയാക്കി കടന്നുപോകുന്ന നാടോടിസ്ത്രീയെ പോലെ എല്ലാം എന്റെ മുമ്പില്‍ തുറന്നുപറഞ്ഞതിന് ശേഷം ശാന്തനും സ്വസ്ഥനുമായി അവന് സ്കൂട്ടറെടുത്തു തിരികെ പോകുന്നു.
മറ്റുള്ളവരെ ഉയിര്‍പ്പിക്കാന്‍ തന്നാലാവുംവിധം നമുക്ക് സാധിച്ചേക്കും. എന്നാല്‍ സ്വയം ഉയിര്‍ക്കാനോ.. പലപ്പോഴും പലര്‍ക്കും കഴിയാറില്ല എ്നതാണ് വാസ്തവം.മോട്ടിവേഷനല്‍ സ്പീക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്നവരൊക്കെ ചില നിമിഷങ്ങളില്‍ സ്വയം മരണം വരിക്കുന്നത് എന്തുകൊണ്ടാണ്.?മറ്റുള്ളവര്‍ക്ക് മോട്ടിവേഷന്‍ കൊടുക്കുന്ന അവര്‍ക്ക് സ്വയം മോട്ടിവേറ്റ് ചെയ്യാന്‍ കഴിയില്ല. തൊട്ടാവാടിയെന്ന് നിസ്സാരവല്‍ക്കരിക്കുന്ന തൊട്ടാവാടി ചെടിക്കുപോലും നിമിഷങ്ങള്‍ക്കുളളില്‍ സാധിക്കുന്നത് നമുക്ക് സാധിക്കാറില്ല. ആരെങ്കിലും തൊട്ടാലും പിച്ചിയാലും തളര്‍ന്നുതന്നെ… അല്ലെങ്കിലും നിലംപതിക്കുന്ന വന്മരങ്ങള്ക്കാണല്ലോ വീണ്ടുമൊരു ഉയര്‍ച്ച സ്വപ്നം കാണാന്‍കഴിയാതെ പോകുന്നത്? അതുകൊണ്ട് നമുക്കിനി ക്രിസ്തുവാകാം.സ്വയം ഉയിര്‍ക്കുന്ന ക്രിസ്തു.
ജീവിതത്തിലെ ഏതെല്ലാംതരത്തില്‍ കല്ലറകളില്‍ കഴിയുന്നവരാണെങ്കിലും മനസ്സ് വിചാരിച്ചാല്‍ നമുക്കു ഉയിര്‍ക്കാന്‍ കഴിയും എന്ന ഹ്രസ്വവിചാരം സംഗ്രഹിച്ചുകൊണ്ട്.. എല്ലാവര്ക്കും ഉയിര്പ്പുമംഗളങ്ങള്..


