സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം
ജനുവരി 19 (ദനഹാക്കാലം ഞായര്‍ 3)
യോഹന്നാന്‍ 1: 29-34
ഈശോയുടെ ഇരട്ടപ്പേര്
നമ്മള്‍ പലപ്പോഴും മറ്റുള്ളവരെ ചില ഇരട്ടപ്പേര്/ കുറ്റപ്പേര് വിളിക്കാറുണ്ടായിരിക്കും.. പല ഇരട്ട പേരുകളും മറ്റുള്ളവര് നമ്മളെയും വിളിക്കുന്നുണ്ടായിരിക്കും . അതുപോലെ ഈശോയ്ക്ക് നല്‍കപ്പെട്ട ഒരു ഇരട്ടപ്പേരാണ് ‘കുഞ്ഞാട്’.
ഇരട്ടപ്പേര് വിളിക്കുമ്പോള്‍ അയാളുടെ സ്വഭാവമോ പ്രകൃതമോ ആ പേരുമായിട്ട് എന്തെങ്കിലും സാദൃശ്യം ഉണ്ടായിരിക്കും. ഈശോയെ സ്‌നാപകയോഹന്നാന്‍ ‘കുഞ്ഞാട്’ എന്ന് വിളിക്കാന്‍ കാരണം ഈശോയുടെ ചില സവിശേഷതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്.
ഇസ്രായേല്‍ ജനത്തിന് ‘കുഞ്ഞാട്’ പാപമോചത്തിന്റെയും രക്ഷയുടെയും പ്രതീകമാണ്. ഇസ്രായേല്‍ ജനം അവരുടെ പാപപരിഹാര ദിവസം (Day of Atonement) ഒരു കുഞ്ഞാടിനെ മഹാപുരോഹിതന്‍ ബലിപീഠത്തില്‍ വെച്ച് പ്രാര്‍ഥിച്ചുകൊണ്ട് ഇസ്രായേല്ജനത്തിന്റെ സകല പാപങ്ങളും ആ കുഞ്ഞാടിനെ മേല്‍ ആരോപിച്ച് അതിനെ മരുഭൂമിയിലേക്ക്/ വിജനപ്രദേശത്തേക്ക് അഴിച്ചുവിടുന്നു .
ഏതെങ്കിലും ഒരു വന്യമൃഗം അതിനെ പിടികൂടി തിന്നുന്നതോടെ തങ്ങളുടെ പാപങ്ങളെല്ലാം മോചിതമായി എന്നാണ് അവര്‍ വിശ്വസിക്കുന്നത്. കൂടാതെ ഇസ്രായേല്‍ ജനം ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടുന്ന ദിവസം മുട്ടാടിന്റെ രക്തമാണ് അവരുടെ ഭവനത്തിന്റെ വീടുകളിലും കട്ടിളപ്പടികളിലും തെളിക്കുന്നത് (പുറപ്പാട് 12). ആ രക്തമാണ് ഇസ്രായേല്‍ ഭവനങ്ങളെ രക്ഷിച്ചത് എന്നു അവര്‍ വിശ്വസിക്കുന്നു.
മാത്രമല്ല അബ്രാഹം ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ തുനിയുമ്പോള്‍ മാലാഖ വന്നു തടയുന്നതും അതിന് പകരമായി ഒരു മുട്ടാടിനെ ബലിയര്‍പ്പിക്കുന്നതും നമ്മള്‍ കാണുന്നു.( ഉല്‍പ്പത്തി 22) ചുരുക്കി പറഞ്ഞാല്‍ ‘കുഞ്ഞാട്’ പഴയ നിയമത്തില്‍ രക്ഷയുടെയും പാപമോചനത്തിന്റെയും പ്രതീകമാണ്.
ആ അര്‍ഥത്തില്‍ ഈശോ മനുഷ്യകുലത്തിന്റെ പാപമോചകനും അതിനായി രക്തം ചിന്തപ്പെടാന്‍ ഉള്ളവനാണെന്നും ഒപ്പം അവന്‍ രക്ഷകനാണ് എന്നതിന്റെയും സൂചനയാണ് ‘കുഞ്ഞാട്’ എന്ന വിശേഷണം. ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈശോ തന്റെ ദൗത്യം നിറവേറ്റുന്നു. നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി അവന്‍ പരിഹാരബലിയാകുന്നു. അവന്‍ മൂലം നമ്മള്‍ രക്ഷയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
ശാന്തത എന്ന ഗുണം
കുഞ്ഞാടിന്റെ ഏറ്റവും സവിശേഷമായ ഗുണം് ‘ശാന്തതയാണ്. മുട്ടനാട് മുഷ്‌ക് കാണിക്കുമ്പോള്‍ കുഞ്ഞാട് കുറച്ചും കൂടി ശാന്തമായിട്ട് തന്നെ സ്‌നേഹിക്കുന്നവരുടെ അടുത്തേക്ക് വരുന്നു. ഈശോയുടെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണം ഈ ശാന്തതയാണ്. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. (മത്തായി 11:29) എന്നു ഈശോ തന്നെ പറയുന്നുണ്ട്. ഏശയ്യ പ്രവാചകന്റെ പുസ്തകത്തിലെ കര്‍ത്താവിന്റെ ദാസനെ കുറിച്ച് പറയുന്നിടത്തും ഈ ശാന്തത വിവരിക്കുന്നുണ്ട്. കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ രോമം കത്തിക്കാന്‍ കൊണ്ടുപോകുന്ന പോലെ അവന്‍ ശാന്തനായി നിന്നു എന്നൊക്കെയാണ് അവിടെ പറയുന്നത്. ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒരു നല്ല ഗുണം ശാന്തതയാണ്. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ് നമ്മള്‍ എല്ലാവരുടെതും. നമ്മെ വിമര്‍ശിക്കുമ്പോഴും കുറ്റങ്ങള്‍ നമുക്കെതിരെ ആരോപിക്കുമ്പോഴും നമ്മളെ പരിഹസിക്കുമ്പോഴും ഒരു കുഞ്ഞാട് കണക്കെ ശാന്തമായിട്ട് നില്‍ക്കാന്‍ പറ്റുക എന്നുള്ളത് വലിയ കൃപയാണ്.
പിന്നാലെ വരുന്നവര്‍ ശക്തരാണ്
രാഷ്ട്രീയ രംഗത്തും കലാകായിക ആത്മീയമേഖലയിലുമെല്ലാം കണ്ടുവരുന്ന പ്രതിഭാസമാണ് ഈ രംഗത്തു മുന്‍ നിരയിലുള്ളവര്‍ അവിടെ തന്നെ കടിച്ചു തൂങ്ങി കിടക്കുന്നുവെന്നത്. തന്മൂലം ചെറുപ്പക്കാര്‍ക്ക് അവസരം കിട്ടുന്നില്ല. തനിക്ക് ശേഷം പ്രളയം എന്നാണ് ഇവിടെ ചിലരുടെ വിചാരം. അത്തരക്കാരുടെ ഇടയിലാണ് സ്‌നാപകന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. തന്റെ പിന്നാലെ വരുന്നവന്‍ തന്നെക്കാള്‍ ശക്തനാണ് എന്നാണ് സ്‌നാപകന്‍ പറയുന്നത്്. നമുക്കു ശേഷം വരുന്ന തലമുറയെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക് വേണ്ടി വഴി മാറി കൊടുക്കുക വലിയ കാര്യമാണ്.
മറ്റൊരാളെ തന്നെക്കാള്‍ വലിയവനായി കണക്കാക്കുക എന്നത് വലിയ മനസുള്ളവര്‍ക്ക് മാത്രം പറ്റുന്ന കാര്യമാണ്. സ്‌നാപകന് അതിനു കഴിഞ്ഞു. ഈശോ രംഗപ്രവേശനം ചെയ്തു കഴിഞ്ഞപ്പോള്‍ സ്‌നാപകന്‍ പയ്യെ അവനായി വഴിമാറി കൊടുത്തു. അപരനെ വലിയവനായി കണക്കാക്കി അവനു വേണ്ടി സ്വയം ഒഴിഞ്ഞു കൊടുക്കുന്ന സ്‌നാപക മനോഭാവം നമുക്കും സ്വന്തമാക്കാം.
ഫാ. നൗജിന്‍ വിതയത്തില്‍


