സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം
ഏലിയ സ്ലീവാമൂശാക്കാലം
ഓഗസ്റ്റ് 25 (ഞായര്‍ 1) മര്‍ക്കോസ് 9:2-13
സീറോമലബാര്‍ ആരാധനക്രമവത്സരത്തിലെ എട്ടാമത്തെ കാലമാണിത്.
ഏലിയ സ്ലീവ മൂശാ കാലത്തിന്റെ ഒരു പ്രധാന ചിന്താവിഷയം യുഗാന്ത്യമാണ്. മോശയും ഏലിയായും പഴയനിയമത്തെ (നിയമവും പ്രവചകന്മാരും) സൂചിപ്പിക്കുന്നു. സ്ലീവ ആകട്ടെ ക്രിസ്തുവിലൂടെ കൈവന്ന രക്ഷയാണ് ഉദ്ദേശിക്കുന്നത്. ഈ കാലത്തിന്റെ മൊത്തം ലക്ഷ്യം ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയും കുരിശിന്റെ വിജയവും ആണ്. നിയമത്തിലൂടെയും പ്രവാചകന്മാരുടെയും നല്‍കപ്പെട്ട സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് നന്നായി ജീവിച്ച് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവനായി ഒരുങ്ങാന്‍ സഭ നമ്മെ ഓര്‍മിപ്പിക്കുന്നു.
ഈശോയുടെ രൂപാന്തരീകരണത്തെ മര്‍ക്കോസ് വിവരിച്ചിരിക്കുന്ന രീതിക്ക് പഴയനിയമത്തിലെ മോശയുടെ ദൈവദര്‍ശനത്തോട് വലിയ സാമ്യമുണ്ട്.
പുറപ്പാട് പുസ്തകത്തില്‍ മോശ മലമുകളിലേക്ക് കയറി ചെല്ലുന്നു (പുറപ്പാട് 24 & 34)മൂന്നു പേര്‍ മോശയെ അനുഗമിക്കുന്നു (അഹരോന്‍, ജോഷ്വാ, ഹൂര്‍) മോശ ആറ് ദിവസം അവിടെ ചെലവഴിക്കുന്നു മല ഒരു മേഘത്താല്‍ മൂടപെടുന്നു മോശ ദൈവിക മഹത്വം (മുഖം) ദര്‍ശിക്കുന്നു. മോശയുടെ മുഖവും ജ്വലിക്കുന്നു.
ഇസ്രായേല്‍ ജനം അതുകണ്ടു ഭയപ്പെടുന്നു മോശ തിരിച്ച് മലയിറങ്ങി വരുമ്പോള്‍ ഇസ്രായേല്‍ ജനത്തിന്റെ അവിശ്വസ്തത കാണുന്നു. ( ഈശോ മലമുകളില്‍ കയറുന്നു. മൂന്നുപേര്‍ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ഈശോയെ അനുഗമിക്കുന്നു മല മേഘത്താല്‍ മൂടപ്പെടുന്നു ഈശോയുടെ മുഖവും വസ്ത്രവും ജ്വലിക്കുന്നു ശിഷ്യന്മാര്‍ ഭയപ്പെടുന്നു. തിരിച്ചിറങ്ങി വരുമ്പോള്‍ ശിഷ്യരുടെ അവിശ്വാസം കാണുന്നു. എന്നു വച്ചാല്‍ മര്‍ക്കോസ് ഈശോയെ മോശയെ പോലെ ഒരു ദൈവ മനുഷ്യന്‍ അല്ലെങ്കില്‍ അതിലും ഒരുപടി കടന്ന് ദൈവപുത്രന്‍ ആയി അവതരിപ്പിക്കുന്നു.)
ആത്മീയ രൂപാന്തരീകരണം
ഈശോയുടെ രൂപാന്തരീകരണമാണ് ഇന്നത്തെ പ്രധാനപ്പെട്ട വിഷയം. ദൈവീക സാന്നിധ്യത്തിന് അടുത്തിരുന്ന മോശയുടെ മുഖം ദൈവത്തെ പോലെ ജ്വലിച്ചു എന്നാണ് പഴയനിയമം പറയുന്നത്. പ്രാര്‍ഥനയില്‍ വ്യാപരിച്ചിരുന്ന ഈശോയുടെ മുഖവും വസ്ത്രവും ശോഭയുള്ളതായി എന്നാണ് സുവിശേഷവും ഓര്‍മ്മിപ്പിക്കുന്നത്. എന്ന് പറഞ്ഞാല്‍ പ്രാര്‍ഥിച്ചിരിക്കുമ്പോള്‍, ദൈവിക സാന്നിധ്യത്തില്‍ ആയിരിക്കുമ്പോള്‍ ഒരാളുടെ മുഖത്തിന്, പെരുമാറ്റത്തിന് ജീവിതത്തിന് മാറ്റം സംഭവിക്കുന്നു എന്നര്‍ത്ഥം.
‘കനലോട് ചേരുമ്പോള്‍ കനലായി മാറുമ്പോള്‍…..
കടലോടു ചേരുമ്പോള്‍ കടലായി മാറുമ്പോള്‍…..’
ഏതാണ്ട് അതേപോലത്തെ ഒരവസ്ഥ.
അതുകൊണ്ട് ജീവിതത്തില്‍ ഒരു ആത്മീയരൂപാന്തരീകരണം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദൈവത്തോടൊപ്പം തിരുസന്നിധിയില്‍ ആയിരിക്കാന്‍ നമുക്കും പറ്റണം. ഏകാന്തതയുടെ, പ്രാര്‍ഥനയുടെ, ആത്മീയതയുടെ മലമുകള്‍ നമ്മളും കണ്ടെത്തണം. ഏതൊരു അലക്കുകാരന്‍ വെളുപ്പിക്കുന്നതിനേക്കാളും വസ്ത്രം വെണ്മയുള്ളതായി എന്നൊക്കെയാണ് മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്. വസ്ത്രം വെണ്‍മയുള്ളതാകുന്നു എന്നുള്ളത് വിശുദ്ധിയുടെ പ്രതീകമാണ്. ദൈവത്തിന്റെ അടുത്തിരുന്ന് പ്രാര്‍ഥിക്കുക എന്നുള്ളതാണ് ജീവിതവിശുദ്ധിയിലേക്കുള്ള ആദ്യപടി.അതുകൊണ്ടു വസ്ത്രവും ജീവിതവും വിശുദ്ധമായി സൂക്ഷിക്കുക.
ഈശോയുടെ സൗഹൃദങ്ങള്‍
ഈശോക്കു ചുറ്റും ഒരുവലിയ ജനാവലി ഉണ്ടായിരുന്നു. അതില്‍ 72 പേരെ ഈശോ തെരഞ്ഞെടുത്ത് പ്രേഷിതവേലക്ക് അയക്കുന്നു. ഈശോയ്ക്ക് 12 ശിഷ്യന്മാരുടെ ഗണം എപ്പോഴും കൂടെ ഉണ്ടായിരുന്നു . ഇങ്ങനെയൊക്കെയാണെങ്കിലും മൂന്നു പേരെയാണ് ഈശോ എപ്പോഴും കൂടെ കൂട്ടുന്നത്. പത്രോസ്, യാക്കോബ് യോഹന്നാന്‍. ഇവരെ തന്നെയാണ് ഈശോ ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിക്കുമ്പോഴും ഗത്സമനില്‍ പ്രാര്‍ഥിക്കുമ്പോഴും കൂടെ കൂട്ടുന്നത്. ഒരുപാട് സൗഹൃദവലയം ഈശോയ്ക്ക് ചുറ്റും ഉണ്ടായിരുന്നെങ്കിലും ഈ മൂന്നുപേര്‍ ഈശോയ്ക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു എന്നര്‍ഥം.
ചില നല്ല പ്രത്യേക സൗഹൃദങ്ങള്‍ നമുക്കും വേണം. സന്തോഷത്തിലും സങ്കടത്തിലും കൂടെ നില്‍ക്കാനായി, നമ്മുടേതെന്നു പറയാന്‍ ചിലര്‍..എല്ലാവരും എന്റെകൂട്ടുകാരാണ് എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല. ആഴമായ ഒരു സൗഹൃദവും നമുക്കില്ല എന്നാണ് അതിനര്‍ഥം. ഫേസ്ബുക്കിലെ ‘ഫ്രണ്ട്‌സ് ലിസ്റ്റിന്റെ’ എണ്ണവും ഇന്‍സ്റ്റഗ്രാമിലെ ‘ഫോളോവെഴ്‌സിന്റെ’എണ്ണവും പിന്നെ കാക്കത്തൊള്ളായിരം വാട്‌സാപ്പ് ഗ്രൂപ്പുകളിലെ എണ്ണിയാല്‍ ഒടുങ്ങാത്ത കൂട്ടുകാരുടെ എണ്ണവും അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നീ വിളിക്കുമ്പോള്‍ നിന്റെ കൂടെആത്മീയതയുടെ മലമുകളിലേക്കും ഉല്ലാസത്തിന്റെ കടല്‍ത്തീരത്തേക്കും സങ്കടത്തിന്റെ ഗത്സമന്‍ തോട്ടത്തിലേക്കും വരാന്‍ സന്നദ്ധരായി എത്ര പേരുണ്ട് നിന്റെ സൗഹൃദവലയത്തില്‍? അതുകൊണ്ടാണ്’സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്ടദിനത്തില്‍ അവരെ കാണുകയില്ല. എന്ന് (പ്രഭാഷകന്‍ 6 : 8). പറയുന്നത്. നമ്മുടെ സൗഹൃദത്തിന് കുറച്ചു കൂടി ആഴം വേണം. ബുദ്ധന് ആനന്ദനെ പോലെ, കൃഷ്ണന് അര്‍ജുനനെ പോലെ, ഫ്രാന്‍സിസ് അസീസിക്ക് ബ്രദര്‍ ലിയോയെ പോലെ ചില സൗഹൃദങ്ങള്‍ നമുക്കും വേണം.
ആത്മീയതയിലെ അമിത ആവേശം
ദൈവിക മഹത്വം ദര്‍ശിച്ച പത്രോസ് അശാന്തനായി ഓരോന്നും പറഞ്ഞു തുടങ്ങുന്നുണ്ട്. നമുക്ക് അവിടെത്തന്നെ ഇരിക്കാം, കൂടാരം അടിക്കാം ഒന്നല്ല മൂന്നെണ്ണം എന്നൊക്കെ.. പക്ഷേ പത്രോസ് തിരിച്ചിറങ്ങി വരുമ്പോഴേക്കും വിശ്വാസം നഷ്ട്ടപ്പെട്ടു പോവുകയും പിശാചു ബാധിതനെ സുഖപ്പെടുത്തുവാന്‍ കഴിയാതെ ഈശോയില്‍ നിന്ന് ശാസന കേള്‍ക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരമൊരു അപകടം നമ്മുടെ ആത്മീയ ജീവിതത്തിലും സംഭവിച്ചേക്കാം. ധ്യാനം കൂടി ഒരാവേശത്തിനു വളരെ നന്നാകുന്നു. എന്നും പള്ളിയില്‍ പോകുന്നു രണ്ടു ദിവസം കൂടുമ്പോള്‍ കുമ്പസാരിക്കുന്നു, ആഴ്ചയില്‍ 5 ദിവസം ഉപവാസിക്കുന്നു, സപ്രയും റംശയും ലെലിയയും ചൊല്ലുന്നു സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു. നല്ല കാര്യം. എന്നാല്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ പത്രോസിനെ പോലെ ഉള്ള വിശ്വാസം കൂടി നഷ്ട്ടപ്പെടുന്നവരാകുന്നു.അതുകൊണ്ടു ഒരു middile path ആണ് സാധാരണക്കാര്‍ക്ക് ഒരു പരിധി വരെ നല്ലത്. ‘Virtue Stands in the Middle’ എന്ന പഴമൊഴിക്കു കാലിക പ്രസക്തിയുണ്ട്. പ്രത്യേകിച്ചു ആത്മീയതയുടെ കാര്യത്തില്‍.
ഫാ.നൗജിന്‍ വിതയത്തില്‍


