വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യത്തെ അധ്യായങ്ങൾ അനുസരിച്ച് മനുഷ്യൻ മരിക്കാൻ വിധിക്കപ്പെട്ടവനാണ്. എവിടെ ജീവിതമുണ്ടോ അവിടെ മരണവും ഉണ്ട്. ജീവിക്കുക എന്നാൽ മരിക്കുക എന്നാണ് അർഥം മനുഷ്യന്റെ മരണം ദൈവത്തിന്റെ തീരുമാനമാണ് മരിക്കാതിരിക്കാൻ ഉള്ള സാധ്യത ഉണ്ടായിരുന്നവനാണ് മനുഷ്യൻ (posse നോൺ mori) പക്ഷേ, അവൻ അവനിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ മരിച്ചേ തീരൂ എന്നത് അവന്റെ നിയോഗമായി മാറി. ഇനിമേൽ മനുഷ്യന് മരിക്കാതിരിക്കാൻ കഴിയില്ല (non പോസ്സ് non mori). മരണത്തിന്റെ കൽപ്പന മനുഷ്യന് കൈമാറിക്കൊണ്ട് ദൈവം മനുഷ്യന്റെ ഉന്മയുടെ ഭൂമികയിൽ പ്രവേശിച്ചതിന്റെ ആഖ്യാനമാണ് വിശുദ്ധ ഗ്രന്ഥത്തിലെ ഈ ഭാഗം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. പക്ഷേ മരണത്തിന്റെ കൽപ്പനയുമായി ഒന്നാമത്തെ ഇടപെടൽ നടത്തിയ ദൈവം അവിടംകൊണ്ട് എല്ലാം അവസാനിപ്പിച്ചില്ല. ദൈവം രണ്ടാമത് ഒരു ഇടപെടൽ കൂടി നടത്തി. ഈ രണ്ടാമത്തെ ഇടപെടലിന്റെ ആഖ്യാനമാണ് പുതിയനിയമം (New Testament) നമ്മുടെ മുമ്പിൽ ആവിഷ്കരിക്കുന്നത്. ഈ രണ്ടാമത്തെ ഇടപെടൽ നടന്നത് ഈശോയിലൂടെ ആയിരുന്നു.അവൻ ശൂന്യവൽക്കരണത്തിന്റെ വഴി തിരഞ്ഞെടുത്തു.
മനുഷ്യനായി പിറന്നു. മരണത്തിന്റെ കൽപ്പനയുടെ ആന്തരികതയിലേക്ക് അവൻ പ്രവേശിച്ചു. അതായത്, അവനും മരിക്കാൻ തീരുമാനിച്ചു. യഥാർഥത്തിൽ മരിച്ചു. അങ്ങനെ മരണത്തിന്റെ ഉള്ളിലേക്ക് അവൻ കടന്നു മരണത്തെ അതിന്റെ ഉള്ളിൽ നിന്ന് തന്നെ രൂപാന്തരപ്പെടുത്തി. ഉയർപ്പിക്കപ്പെടാൻ വേണ്ടി അവൻ മരിച്ചു. അങ്ങനെ മരണത്തിന്റെ ദുഷ് പേര് മാറ്റി.
പകരം അതിന് ഒരു സൽപേര് നേടിക്കൊടുത്തു. അങ്ങനെ മനുഷ്യന്റെ അസ്തിത്വത്തിന് ഈശോ പുതിയൊരു ചക്രവാളം തുറന്നു. മരിച്ച് ചീഞ്ഞ് പോകേണ്ടവനല്ല മനുഷ്യൻ .മറിച്ച്, അവൻ ചിത്രശലഭം പോലെ ക്രിസ്തുനിർമ്മിത ചക്രവാളത്തിലേക്ക് പറന്ന് ഉയരേണ്ടവനാണ്. ഏതാണ് ആ പുതിയ ക്രിസ്തു നിർമ്മിത ചക്രവാളം ?. അതിന്റെ പേരാണ് സ്വർഗം. ഈ ഭൂമിക്ക് പുറത്തുള്ള ഒരു സ്ഥലമല്ല സ്വർഗം. ദൃശ്യമായ ഈ സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ഒരു സ്ഥലമല്ല. മറിച്ച്, സ്വർഗം എന്നാൽ അത് ഒരു വ്യക്തിയാണ്. ആ വ്യക്തിയുടെ പേര് ഈശോ മിശിഹാ എന്നാണ്. ഈശോ എന്ന വ്യക്തിയാണ് സ്വർഗം (വിശുദ്ധ അഗസ്റ്റിൻ).
അവനാകുന്ന സ്വർഗത്തിലേക്കാണ് മനുഷ്യനും മനുഷ്യന്റെ ചരിത്രവും പ്രയാണം ചെയ്തു കൊണ്ടിരിക്കുന്നത്. അവനിൽ ആയിരിക്കുന്നവർ വിധിക്കപ്പെടുന്നില്ല. കാരണം, അവൻ നമ്മുടെ മേൽ വീഴാനിരുന്ന വിധി വാചകങ്ങളെ എന്നെന്നേക്കുമായി തിരുത്തിക്കുറിച്ചു.
അവന്റെ സ്നേഹത്തിന്റെ ആഴവും കാരുണ്യത്തിന്റെ പ്രഭയും കൊണ്ട് അവൻ നമ്മുടെ ഉണ്മയുടെ പ്രാരംഭത്തെയും അവസാനത്തെയും സ്വന്തമാക്കിയിരിക്കുന്നു.
സ്നേഹത്തിലാണ് അവൻ നമ്മെ സൃഷ്ടിച്ചത്. സൃഷ്ടിക്കുന്നതിനു മുൻപ് തന്നെ നമ്മെ സ്നേഹിച്ചു. സ്നേഹിച്ചതിനുശേഷമാണ് സൃഷ്ടിച്ചത് (ജ്ഞാനം 11, 24) .
അതേ സ്നേഹംകൊണ്ട് മരണത്തിനു ശേഷവും അവൻ നമ്മെ ചേർത്തുപിടിക്കുന്നു. വെളിപാട് 1,7 നാം ഇങ്ങനെ വായിക്കുന്നു: “ഇതാ അവൻ വരുന്നു”. പരിശുദ്ധ ത്രീത്വത്തിലെ രണ്ടാമത്തെ ആളായ പുത്രനായ ഈശോമിശിഹായെ കുറിച്ചാണ് ഈ പറയുന്നത് .
മനുഷ്യനായി തീർന്ന് നമ്മളുടെ സഹോദരനായി നമ്മളോടൊപ്പം ഈ മണ്ണിൽ ജീവിച്ച ഈശോമിശിഹാ. അവൻ ഒരേസമയം ദൈവവും മനുഷ്യനും ആണെന്ന് വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്നുണ്ട്. മനുഷ്യാവതാരത്തിലൂടെയാണ് അവൻ നമ്മുടെ സഹോദരനായി മാറിയത് .
ഇതേ ഈശോയെയാണ് വിധി ദിവസത്തിൽ അഭിമുഖീകരിക്കാൻ നാം കാത്തിരിക്കുന്നത്. അന്ന് അവൻ നമ്മോട് ഓരോരുത്തരോടും പറയും “ഇതാ ഭയപ്പെടേണ്ട”. ഇതാണ് ഈശോയുടെ രണ്ടാം ആഗമനവുമായി ചേർത്തുവച്ചുകൊണ്ട് നിഖ്യാവിശ്വാസ പ്രമാണം നമ്മുടെ മുമ്പിൽവെക്കുന്ന പ്രത്യാശയുടെ സന്തോഷവാർത്ത.
മരണം മരിച്ചു പോയിരിക്കുന്നു എന്ന പ്രഖ്യാപനത്തിന്റെ വിവരണം ആണിത്. നിത്യജീവന്റെ ചക്രവാളം ഈശോമിശിഹായിലൂടെ നമുക്ക് നൽകപ്പെട്ടിരിക്കുന്നു എന്നതാണ് ആ പ്രത്യാശ.
റവ. ഡോ. തോമസ് തടത്തിൽ പുത്തൻവീട്ടിൽ


