വിശ്വാസപ്രമാണങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിശ്വാസികൾ ഏറ്റുപറയുന്ന വിശ്വാസത്തിന്റെ സംഗ്രഹത്തെയാണ്. ആരംഭകാലംമുതൽതന്നെ സഭ അവളുടെ വിശ്വാസം ഹ്രസ്വങ്ങളായ പ്രസ്താവനകളിലൂടെ പ്രകടിപ്പിക്കുകയും പകർന്നുകൊടുക്കുകയും ചെയ്തിരുന്നു. ജ്ഞാനസ്‌നാനാർഥികൾക്കു വേണ്ടിയാണ് ഇത്തരം വിശ്വാസസംഗ്രഹങ്ങൾ സഭയിൽ രൂപംകൊണ്ടത്. ജ്ഞാനസ്‌നാനാഥികൾ അടിസ്ഥാനവിശ്വാസസത്യങ്ങൾ ഏറ്റുപറയേണ്ടിയിരുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 186-187).
സഭയുടെ ആരംഭകാലംമുതൽ തന്നെ വിശ്വാസപ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. ഈ വിശ്വാസപ്രഖ്യാപനങ്ങളെല്ലാം ഈശോയെ കേന്ദ്രമാക്കിയുള്ളവയായിരുന്നു. ഈശോ, മിശിഹായാണ് എന്നത് ആദിമസഭയിലെ ഒരു അടിസ്ഥാന വിശ്വാസപ്രഖ്യാപനമായിരുന്നു. ആദിമക്രൈസ്തവരുടെ മറ്റൊരു പ്രധാന വിശ്വാസപ്രഖ്യാപനമാണ് ഈശോ, കർത്താവാണ് എന്നത്. സഭയുടെ പിന്നീടുള്ള ചരിത്രത്തിൽ വിശ്വാസം ദുർവ്യാഖ്യാനം ചെയ്യപ്പെടാനും അബദ്ധപ്രബോധനങ്ങൾ ഉടലെടുക്കാനും തുടങ്ങി. ഈ സാഹചര്യത്തിൽ സത്യവിശ്വാസം എന്താണെന്ന് വ്യക്തമായും കൃത്യമായും പഠിപ്പിക്കേണ്ടത് ആവശ്യമായിത്തീർന്നു. സൂനഹദോസുകളിലൂടെ സഭ അബദ്ധപ്രബോധനങ്ങളെ നിരാകരിക്കുകയും കത്തോലിക്കാവിശ്വാസം വ്യക്തമായി പഠിപ്പിക്കുകയും നിർവചിക്കുകയും ചെയ്തു. സഭയിലെ നിഖ്യാകോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിന്റെ ആധികാരികതയുടെ അടിസ്ഥാനം ഇത് സഭയിലെ ആദ്യത്തെ രണ്ടു സാർവത്രിക സൂനഹദോസുകളിൽനിന്നു രൂപംകൊണ്ടു എന്നതാണ്. ഈ വിശ്വാസപ്രമാണം എല്ലാ പ്രധാന പാശ്ചാത്യപൗരസ്ത്യസഭകൾക്കും പൊതുവായിട്ടുള്ളതാണ്. നിഖ്യാകോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണമാണ് വിശുദ്ധ കുർബാനമധ്യേ നാം ഏറ്റുചൊല്ലുന്നത്.
നിഖ്യാസൂനഹദോസ് (ഏ. ഡി. 325)
അലക്‌സാണ്ട്രിയായിൽ ജീവിച്ചിരുന്ന ആരിയൂസ് (250-336) എന്ന വൈദികന്റെ അബദ്ധപ്രബോധനങ്ങളെ എതിർക്കുന്നതിനാണ് നിഖ്യായിൽവച്ച് സഭയിലെ ആദ്യത്തെ സാർവത്രികസൂനഹദോസ് വിളിച്ചുകൂട്ടിയത്.
അലക്‌സാണ്ട്രിയായിൽ ജീവിച്ചിരുന്ന ആരിയൂസ് (250-336) എന്ന വൈദികനാണ് ഈ പാഷണ്ഡത പഠിപ്പിച്ചത്. ദൈവികസത്ത ഒന്നേയുള്ളൂവെങ്കിൽ അതിൽ പലർക്കു പങ്കുചേരാനാകില്ല എന്ന ചിന്തയാണ് ആരിയൂസിനെ നയിച്ചത്. ആരിയൂസിന്റെ അഭിപ്രായത്തിൽ പിതാവ് മാത്രമാണ് യഥാർഥ ദൈവം. ദൈവത്തിന്റെ ആദ്യജാതനാണ് പുത്രൻ. പിതാവിൽനിന്ന് ജനിക്കുന്നതിനുമുമ്പ് പുത്രൻ ഇല്ലാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എല്ലാവരേക്കാൾ മുമ്പ് സൃഷ്ടിക്കപ്പെട്ടവനും സൃഷ്ടികളിൽ ഏറ്റവും ഉന്നതനുമാണ് പുത്രൻ. പുത്രനാണ് പരിശുദ്ധാത്മാവിനെ സൃഷ്ടിച്ചത്. ഇപ്രകാരം ആരിയൂസിന്റെ വീക്ഷണമനുസരിച്ച് പിതാവ് മാത്രമാണ് ദൈവം. മറ്റെല്ലാവരും സൃഷ്ടികൾ മാത്രമാണ്. ആരിയൂസിന്റെ പഠനങ്ങളുടെ പേരിൽ സഭയിലും സാമ്രാജ്യത്തിലും പിളർപ്പുണ്ടാകാതിരിക്കാൻ ഏ.ഡി. 325ൽ കോൺസ്റ്റന്റയിൻ ചക്രവർത്തി നിഖ്യായിൽ് സാർവത്രികസൂനഹദോസ് വിളിച്ചുകൂട്ടി.
അവിടെവച്ച് ആരിയൂസിന്റെ പഠനങ്ങളെ പാഷണ്ഡതയായി പ്രഖ്യാപിച്ചു. സഭയുടെ പരമ്പരാഗതവിശ്വാസം വിശ്വാസപ്രമാണമായി ആദ്യമായി പ്രഖ്യാപനം ചെയ്തത് നിഖ്യാ സൂനഹദോസിലാണ്. ജനിച്ചവനും എന്നാൽ സൃഷ്ടിയല്ലാത്തവനും സത്തയിൽ പിതാവിനോട് സമത്വമുള്ളവനും (ഹോമോ ഊസിയോസ്) ആണ് പുത്രനെന്ന് കൗൺസിൽ പഠിപ്പിച്ചു. പിതാവിന്റെ സത്തയിൽനിന്ന് ജനിച്ച ഏകജാതനാണ് പുത്രൻ. പിതാവിന്റെ സത്തയിൽ പുത്രൻ പൂർണ്ണമായി പങ്കുചേരുന്നു. പുത്രനും സത്യദൈവമാണ്. പുത്രൻ മനുഷ്യത്വം സ്വീകരിച്ച് മനുഷ്യനായി അവതരിച്ചു. അതുകൊണ്ട് പുത്രൻ ഇല്ലാതിരുന്ന സമയം ഉണ്ടായിരുന്നു എന്നോ പുത്രന് വ്യത്യസ്തമായ ഒരു സത്തയുണ്ടെന്നോ അവൻ സൃഷ്ടിക്കപ്പെട്ടവനാണെന്നോ, മാറ്റത്തിനു വിധേയനാണെന്നോ പറയുന്നവൻ ശപിക്കപ്പെട്ടവനാണെന്ന് കൗൺസിൽ പ്രഖ്യാപിച്ചു. കൗൺസിൽ ഉപയോഗിച്ച ഹോമോ ഊസിയോസ് എന്ന പദം വിശുദ്ധ ഗ്രന്ഥത്തിലില്ലെന്ന് വാദിച്ചു. ഹോമോ ഊസിയോസ് എന്ന പദം വിശുദ്ധ ഗ്രന്ഥത്തിലില്ലെങ്കിലും പിതാവും പുത്രനും സത്തയിൽ സമന്മാരാണെന്നും ദൈവത്വത്തിൽ തുല്യരാണെന്നും പുതിയനിയമം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ആരിയൂസിന്റെ പഠനങ്ങളെ കൗൺസിൽ ശപിച്ചുപുറന്തള്ളിയെങ്കിലും ഈ പാഷണ്ഡത എന്നേക്കുമായി അവസാനിച്ചില്ല. നിഖ്യാസൂനഹദോസിന്റെ പഠനങ്ങൾ സ്വീകരിച്ചവർപോലും വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നൽകിയത്. ഹോമോ ഊസിയോസ് (സമസത്ത) എന്നത് ഹോമോയ് ഊസിയോസ് (സത്തയിൽ സാദൃശ്യം) എന്നായി ചിലർ വ്യാഖ്യാനിച്ചു.
ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് (ഏ.ഡി. 381)
അപ്പോളിനാരിസം, മാസിഡോണിയനിസം എന്നീ അബദ്ധപ്രബോധനങ്ങളെ എതിർക്കുന്നതിനാണ് കോൺസ്റ്റാന്റിനോപ്പിൾ വച്ച് സഭയിലെ രണ്ടാമത്തെ സാർവത്രികസൂനഹദോസ് വിളിച്ചുകൂട്ടിയത്. ലാവോദീക്യായിലെ മെത്രാനായിരുന്ന അപ്പോളിനാരിസ് (310390) ആണ് ഈ പാഷണ്ഡത പഠിപ്പിച്ചത്. അപ്പോളിനാരിസിന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിയിൽ രണ്ടു സ്വഭാവങ്ങൾ (ദൈവസ്വഭാവവും മനുഷ്യസ്വഭാവവും) അവയുടെ പൂർണ്ണതയിൽ സമ്മേളിക്കുക എന്നത് അസാധ്യമാണ്. വ്യക്തിത്വത്തിന്റെ അടിസ്ഥാനം ആത്മാവാണ്. ആത്മാവും ശരീരവുമുള്ള മനുഷ്യനിൽ പാപമുണ്ടായിരിക്കും. ഈശോയിൽ പാപമില്ലാത്തതിനാൽ അവിടുന്ന് സ്വീകരിച്ചത് പൂർണ്ണമായ മനുഷ്യസ്വഭാവമായിരുന്നില്ല, ആത്മാവില്ലാത്ത മനുഷ്യശരീരമായിരുന്നു. മനുഷ്യാത്മാവിനു പകരം ഈശോയിൽ ഉണ്ടായിരുന്നത് വചനമാണ്. ദൈവത്തിന്റെ വചനം ഈശോയുടെ ശരീരത്തിലെ ആത്മാവായി വർത്തിച്ചു. ഇപ്രകാരം ഈശോയിൽ മനുഷ്യാത്മാവില്ലായിരുന്നു എന്ന് പഠിപ്പിക്കുകവഴി ഈശോയുടെ പൂർണ്ണമനുഷ്യത്വത്തെ അപ്പോളിനാരിസ് നിഷേധിച്ചു.
നാലാംനൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പ്രത്യക്ഷപ്പെട്ട ഈ പാഷണ്ഡത പരിശുദ്ധാത്മാവിന്റെ ദൈവത്വം നിഷേധിക്കുന്നു. ആത്മാവിനെ എതിർക്കുന്നവർ എന്ന അർത്ഥത്തിൽ പ്‌നെവുമാത്തോമാക്കി (pareumatomachi) എന്നാണ് ഈ സിദ്ധാന്തത്തിന്റെ അനുകൂലികൾ പൊതുവെ അറിയപ്പെട്ടത്. കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാനായ മാസിഡോണിയസ് (346-360) ആണ് ഇതിന്റെ സ്ഥാപകൻ എന്ന ധാരണയാൽ ഇതിനെ മാസിഡോണിയനിസം എന്നും വിളിക്കുന്നു. സൃഷ്ടികർമ്മത്തിൽ പരിശുദ്ധാത്മാവിനു പങ്കുള്ളതായി പുതിയനിയമം പറയാത്തതിനാൽ പരിശുദ്ധാത്മാവ് ദൈവമല്ല എന്ന് ഈ സിദ്ധാന്തത്തിന്റെ പ്രണേതാക്കൾ വാദിച്ചു. ക്രിസ്തുവിനു നമുക്കുള്ളതുപ്പോലെ ആത്മാവില്ലെന്നു പഠിപ്പിച്ച അപ്പോളിനാരിയനിസത്തെ ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് ശപിച്ചു. നിഖ്യാവിശ്വാസപ്രമാണത്തെ ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് അതേപടി അംഗീകരിച്ചു.
പരിശുദ്ധാത്മാവിന്റെ ദൈവത്വം നിഷേധിച്ചവരുടെ പഠിനങ്ങളെ സൂനഹദോസ് ശപിച്ചു പുറന്തള്ളി. വിശ്വാസപ്രമാണത്തിൽ പരിശുദ്ധാരൂപിയെ സംബന്ധിച്ച ഭാഗം ഈ സൂനഹദോസ് കൂട്ടിച്ചേർത്തതാണ്. അപ്രകാരം നിഖ്യാസൂനഹദോസിന്റെ വിശ്വാസപ്രമാണം ഏതാനും ചില കൂട്ടിച്ചേർക്കലുകളോടുകൂടി ഈ സൂനഹദോസ് സ്ഥിരീകരിച്ചു.
ഇന്നും സഭയിൽ ഈ വിശ്വാസസംഹിത നിഖ്യാകോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം എന്നാണ് അറിയപ്പെടുന്നത്. സഭാജീവിതത്തിന്റെ വിവിധഘട്ടങ്ങളിൽ രൂപമെടുത്തിട്ടുള്ള വിശ്വാസപ്രമാണങ്ങളൊന്നും കാലഹരണപ്പെടുകയോ അപ്രസക്തമാവുകയോ ചെയ്തിട്ടില്ല. വിശ്വാസത്തിൽ ആഴപ്പെടുന്നതിന് വിശ്വാസപ്രമാണങ്ങൾ നമ്മെ സഹായിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 193).
റവ. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ


