റവ.ഡോ ഫ്രീജോ പാറക്കൽ
“കുറ്റവാളികളായ മറ്റ് രണ്ടുപേരെ കൂടി അവനോടൊപ്പം വധിക്കാൻ അവർ കൂട്ടിക്കൊണ്ടുപോയി.തലയോട് എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവരവനെ കുരിശിൽ തറച്ചു. ആ കുറ്റവാളികളെയും- ഒരുവനെ അവന്റെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും ക്രൂശിച്ചു”(ലൂക്കാ 23: 32-33)
ജെറുസലേമിൽ അന്ന് കുരിശിലേറിയത് മൂന്ന് പേരാണ്. ടെമ്പിൾ മൌണ്ടിന് പുറത്തുള്ള ‘തലയോടിടം’ എന്നറിയപ്പെട്ടിരുന്ന ഗോൽഗൊഥയിലാണ് റോമാക്കാർ കുരിശിലുള്ള വധശിക്ഷ നടപ്പിലാക്കിയിരുന്നത്. ജെറുസലേം നഗരത്തിലേക്കുള്ള വഴിക്കരികയുള്ള ഡമാസ്കസ് ഗെയ്റ്റിന് അടുത്തായിരുന്നതിനാൽ ഇത് എല്ലാവർക്കും കാണാമായിരുന്നു.
നസറത്തുകാരൻ യേശുവാണ് മധ്യത്തിലുള്ള കുരിശിൽ തൂങ്ങപ്പെട്ടത്. കുറ്റവാളികളിൽ ഒരാൾ വലതുവശത്തും ഇതരൻ ഇടതുവശത്തും. ആരായിരുന്നു ഇവർ എന്ന് സുവിശേഷങ്ങൾ നൽകുന്ന സൂചന കുറച്ചു മാത്രം. കൊള്ളക്കാർ എന്നോ കള്ളന്മാർ എന്നോ കുറ്റവാളികൾ എന്നോ ഇവരെ വിശേഷിപ്പിക്കാം. അവർ എവിടെ നിന്ന് വരുന്നുവെന്നോ അവർ ചെയ്ത കുറ്റം എന്തെന്നോ സൂചനകൾ ഇല്ല. ആദിമസഭാ പാരമ്പര്യം പറയുന്നതനുസരിച്ച് വലതുവശത്ത് കിടന്ന കള്ളന്റെ പേര് ദിസ്മാസ് എന്നും ഇടതുവശത്ത് കിടന്ന കള്ളന്റെ പേര് ജെസ്താസ് എന്നുമാണ്. ഏതായാലും ഒന്നുറപ്പാണ്, യേശുവിന്റെ കുരിശുമരണം എന്ന പ്രപഞ്ച നാടകത്തിലെ സഹനടന്മാരായിരുന്നു ഇവരെന്ന്.
ഈ രണ്ടുപേരും പ്രത്യക്ഷത്തിൽ ഒരുപോലെ ആയിരുന്നു. ഒരേ സ്ഥലത്ത്, ഒരേസമയത്ത്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികൾ ആയിരുന്നു ഇവർ. ക്രൂശിക്കപ്പെടുന്നതിനു മുമ്പ് അടിയേറ്റും, ബോധമറ്റും, നിലവിളിച്ചും, രക്തത്തിൽ മുങ്ങി കുളിച്ചും കിടന്നവരായിരുന്നു ഇവർ. മനുഷ്യരുടെ മുമ്പിൽ അവരിരുവരും ഒരുപോലെ കാണപ്പെട്ടു. പക്ഷേ യഥാർത്ഥത്തിൽ അവർ വളരെ വ്യത്യസ്തരായിരുന്നു. ഒരു കാര്യത്തിലായിരുന്നു ആ പ്രധാന വ്യത്യാസം അവരുടെ മധ്യേ കുരിശിൽ കിടന്ന മനുഷ്യനെ അവർ എങ്ങനെ വീക്ഷിച്ചു എന്ന കാര്യത്തിൽ. അവർ അവനെ കണ്ടത് വ്യത്യസ്തമായിട്ടായിരുന്നു. അവർ അവനോട് ആവശ്യപ്പെട്ടതും വ്യത്യസ്ത കാര്യങ്ങൾ ആയിരുന്നു.
കുരിശിൽ നിന്നുള്ള ‘എസ്കേപ്പ്’ ആയിരുന്നു ഒരാൾ ചോദിച്ചത്. അപരൻ ചോദിച്ചത് എസ്കേപ്പ് അല്ല, പാപ പൊറുതിയായിരുന്നു.
ക്ഷമ യാചിച്ച, പൊറുതി അപേക്ഷിച്ച ആ മനുഷ്യനെ കുറച്ചുകൂടി അടുത്ത് നിന്ന് നമുക്ക് കാണാം. കേസിൽ വിചാരണ നേരിട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മനുഷ്യനാണ് അയാൾ. നിയമത്തിലെ സകലവിധ പഴുതകളും അടച്ചായിരുന്നു ശിക്ഷാവിധി. മരണം മുന്നിൽ കണ്ട മനുഷ്യൻ. അവസാന മിനിറ്റിൽ അയാൾ ഒരു അപ്പീൽ കൂടി വയ്ക്കുന്നു, ഈ പ്രപഞ്ചത്തിലെ പരമോന്നത കോടതിയുടെ മുമ്പിൽ: “യേശുവേ, നീ നിന്റെ രാജ്യത്തെ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ” (ലൂക്കാ 23: 42).
രക്ഷിക്കുന്ന വിശ്വാസത്തിന്റെ ഏറ്റവും തെളിമയുള്ള ഉദാഹരണമാണ് ഇത്. യേശുവിന്റെ മാംസത്തിൽ ആഴ്ന്നിറങ്ങുന്ന ആണികൾ, ശിരസ്സിലെ മുൾമുടി, കുന്തം കൊണ്ട് പിളർന്ന നെഞ്ച്, ഒഴുകിപ്പടർന്ന രക്തനദി; ഓരോ ചലനവും വേദനയായിരുന്നു; ഓരോ ശ്വാസവും പീഡനമായിരുന്നു. ഈ മനുഷ്യനെ നോക്കി പരിഹസിക്കുന്നവരുണ്ട്, ശപിക്കുന്നവരുണ്ട്, തുപ്പുന്നവരുണ്ട്. ഇനിയും ജീവൻ വെടിയാത്ത ഒരു മാംസപിണ്ഡം കണക്ക് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഈ മനുഷ്യനെ കണ്ട് ആ കള്ളൻ വിശ്വാസത്തിലേക്ക് വരുന്നു. നസറായനായ യേശുവിനെ അതിദയനീയമായ അവസ്ഥയിൽ കണ്ടിട്ടും അയാൾ അവനിൽ വിശ്വസിച്ചു. കുരിശലേറ്റപ്പെട്ട രക്ഷകനെ വിശ്വസിച്ച കുരിശിലേറ്റപ്പെട്ട പാപി. ഒരു രാജാവായി ഒരിക്കലും കരുതപ്പെടാൻ സാധ്യതയില്ലാത്ത ഒരു ദിവസം യേശുവിൽ അയാൾ ഒരു രാജാവിനെ കണ്ടു, അയാളുടെ രാജ്യത്തെയും.
യേശുവിന്റെ ശിഷ്യർക്ക് ലഭിച്ച ഒരു ആനുകൂല്യവും ഈ കള്ളന് കിട്ടിയിട്ടില്ല. കടൽത്തീരത്തിരുന്ന് യേശു ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചതൊന്നും ഇയാൾ കേട്ടിട്ടില്ല; യേശു നൽകിയ സൗഖ്യങ്ങളോ, അപ്പം വർദ്ധിപ്പിച്ചതോ, വെള്ളം വീഞ്ഞാക്കിയതോ, ലാസറിനെ ഉയർപ്പിച്ചതോ ഇയാൾ കണ്ടിട്ടില്ല; ദേവാലയത്തിൽ പഠിപ്പിച്ചതോ, നിയമജ്ഞരെയും ഫരിസേയരെയും വാക്കിൽ കുടുക്കിയതോ, കച്ചവടക്കാരെ പുറത്താക്കി ജെറുസലേം ദേവാലയം ശുദ്ധീകരിച്ചതോ ഇയാൾ കണ്ടിട്ടില്ല; എന്തിനേറെ, കന്യകയിൽ നിന്നുള്ള ജനനത്തെക്കുറിച്ചും പഴനിയമ പ്രവചനങ്ങളെക്കുറിച്ചും ഇയാൾക്ക് തെല്ലും അറിവുണ്ടായിരുന്നിരിക്കില്ല. എന്നിട്ടും അയാൾ സുവിശേഷത്തിന്റെ അന്ത:സത്ത ഗ്രഹിച്ചു. കുരിശിൽ തറയ്ക്കപ്പെട്ട, പീഡനമേറ്റ, നിന്ദനങ്ങളേറ്റ, പരിത്യക്തനാക്കപ്പെട്ട, മുൾക്കിരീടമണിഞ്ഞ, നിസ്സഹായനായ മനുഷ്യനെ കണ്ട് അയാൾ വിശ്വസിച്ചു. ക്രൂശിക്കപ്പെട്ട മനുഷ്യനെ കണ്ട് കുരിശിൽ കിടക്കുന്ന ഒരുവൻ വിളിച്ചപേക്ഷിക്കുന്നു: “യേശുവേ, അങ്ങയുടെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെക്കൂടി ഓർക്കണമേ”. സ്വർഗ്ഗത്തെയും നരകത്തെയും വേർതിരിച്ചത് ഈ പ്രാർത്ഥനയായിരുന്നു നരകം അർഹിച്ചവന് സ്വർഗ്ഗം നേടിക്കൊടുത്ത പ്രാർത്ഥന. യേശുവെന്ന രാജാവിലും, അവന്റെ രാജ്യത്തിലും, അവന്റെ ശക്തിയിലും, അവന്റെ കരുണയിലും വിശ്വസിച്ച ഒരുവന് കിട്ടുന്ന അവസാന നിമിഷങ്ങളിലെ സർപ്രൈസ് ഗിഫ്റ്റ് ആണ് സ്വർഗ്ഗം.
എങ്ങനെയാണ് ഈ കള്ളൻ രക്ഷപ്പെടുന്നത്? യേശുവിന്റെ വാക്കുകളാണ് അവന് രക്ഷ ഉറപ്പുവരുത്തുന്നത്. “സത്യമായി ഞാൻ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോട് കൂടെ പറുദീസയിൽ ആയിരിക്കും” (ലൂക്കാ 23: 43). യേശുവിന്റെ ഈ വാക്കുകളിൽ വാഗ്ദാനത്തിന്റെ മൂന്നു തലങ്ങളുണ്ട്.
ഒന്ന് , ഇൻസ്റ്റന്റ് ആയി ലഭിക്കുന്ന രക്ഷയുടെ അനുഭവം – ഇന്ന്, ഇവിടെവെച്ച് സംഭവിക്കുന്ന രക്ഷ. എന്നെ വിശ്വസിച്ച നിനക്ക് ഇപ്പോൾ തന്നെ ലഭിക്കുന്ന രക്ഷ.
“ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു”
(ലൂക്കാ 2 : 11).
“അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു”
(ലൂക്കാ 4 : 21).
യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാ ഹത്തിന്റെ പുത്രനാണ്
(ലൂക്കാ 19 : 9).
പറുദീസ എവിടെയായാലും ഇന്ന് നീ എന്റെ ഒപ്പമായിരിക്കും എന്നാണ് ഈശോ കൊടുക്കുന്ന വാഗ്ദാനം.
രണ്ട്, വ്യക്തിപരമായ രക്ഷയുടെ അനുഭവം- ‘എന്നോട് കൂടെ’ എന്ന വാക്കിന് ഊന്നൽ കൊടുക്കുമ്പോൾ രക്ഷ വ്യക്തിപരമായ അനുഭവമായി മാറുന്നു. യേശു എവിടെയാണോ അവിടെയാണ് സ്വർഗ്ഗം. അവനോടു കൂടി ആയിരിക്കുമ്പോൾ അത് സ്വർഗ്ഗത്തിൽ എന്ന പോലെയാണ്.
മൂന്ന്, സ്വർഗീയ രക്ഷയുടെ അനുഭവം- പേർഷ്യൻ രാജാക്കന്മാരുടെ വളച്ചുകെട്ടിയ തോട്ടങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമായിട്ടാണ് പറുദീസ എന്ന പദം ആദിമകാലത്ത് ഉപയോഗിച്ചിരുന്നത്. രാജാവ് തന്റെ പ്രജകളിൽ ആരെയെങ്കിലും ആദരിക്കാൻ ആഗ്രഹിക്കുമ്പോൾ, ഈ തോട്ടത്തിലേക്ക് വിളിച്ച് അയാളുടെ കയ്യിൽ പിടിച്ചു ഈ തോട്ടത്തിലെ പൂമരങ്ങൾക്കിടയിലൂടെ ഉലാത്തും. ഏതെങ്കിലും വൃക്ഷത്തണലിൽ വിശ്രമിക്കും. പൊതിച്ചോറെടുത്ത് ഒരുമിച്ച് ഭക്ഷിക്കും. ഇങ്ങനെ രാജാവിന്റെ ക്ഷണം കിട്ടിയവൻ രാജ്യത്ത്ആദരിക്കപ്പെടുന്ന വ്യക്തിയായി മാറുന്നു. പഴയ നിയമത്തിന്റെ ഗ്രീക്ക് തർജ്ജമയിൽ ഏദൻ തോട്ടത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് ഈ പദമാണ്. വെളിപാട് 2:7 ൽ അത് സ്വർഗ്ഗത്തെ സൂചിപ്പിക്കുന്ന പദമാണ്. “Walking with the Master amidst the woods”. യേശു എന്ന രാജാക്കന്മാരുടെ രാജാവിന്റെ കരംപിടിച്ചു കുരിശുമരങ്ങൾക്കിടയിലൂടെ നടക്കുന്ന അനുഭവം സൂചിപ്പിക്കാൻ പറുദീസ എന്ന പദം അനുയോജ്യമായിരുന്നു. മിഴി നിറഞ്ഞും മനം നിറഞ്ഞുമാണ് ദിസ്മാസ് എന്ന നല്ല കള്ളൻ മിഴി പൂട്ടുന്നത്.
അയാളെ സംബന്ധിച്ചിടത്തോളം ഇത് മറക്കാനാവാത്ത ദിവസമാണ്. ദിവസം ആരംഭിക്കുമ്പോൾ അയാൾ ജയിലിൽ ആയിരുന്നു. മധ്യാഹ്നത്തോടടുക്കുമ്പോൾഅയാൾ കുരിശിലാണ്. സൂര്യാസ്തമനത്തിൽ അയാൾ പറുദീസയിലാണ്. മാനക്കേടിന്റെയും പാപഭാരത്തിന്റെയും ജീവിതത്തിൽ നിന്ന് നിമിഷാർദ്ധ ഇടവേളയിൽ അയാൾ സ്വർഗീയ ഇടത്തിൽ എത്തിച്ചേരുന്നു.
കുരിശിൽ കിടക്കുന്ന
നിസ്സഹായനായ ദൈവത്തെ നോക്കി “ഗുരോ, അങ്ങയുടെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെക്കൂടി ഓർക്കണമേ” എന്ന യാചനയിലാണ് സ്വർഗം ആരംഭിക്കുന്നത്. ക്രിസ്തുവിലത്താൻ ആരും ഇനിയും വൈകിയിട്ടില്ലെന്ന് ഓർമ്മപ്പെടുത്തലിന്റെ പാഠമാണ് ദിസ്മാസ് എന്ന നല്ല കള്ളൻ തരുന്നത്. കുഴഞ്ഞു മറിഞ്ഞതായിരുന്നു അയാളുടെ ജീവിതം, കുരിശിൽ എത്തുന്നതുവരെ, ക്രൂശിതനെ കണ്ടുമുട്ടുന്നതുവരെ. ശേഷം സ്വർഗ്ഗത്തിലെ സ്ക്രീനിൽ… (തുടരും).


