സി.ജോസിയ SD
നോമ്പുകാലം ദൈവത്തെ പ്രസാദിപ്പിക്കുന്ന കാലമാണെന്ന് പറയാം. എങ്ങനെയാണ് ദൈവത്തെ പ്രസാദിപ്പിക്കേണ്ടത് എന്ന ചോദ്യത്തിന് തിരുസഭാ മാതാവ്, മനോഹരമായ ഉത്തരം വിശുദ്ധ കുർബാനയിലൂടെ തരുന്നുണ്ട്. അതിപ്രകാരമാണ്:
“ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും, അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം”.
പരിശുദ്ധ ത്രിത്വത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഈ മൂന്നു മാർഗ്ഗങ്ങളെപ്പറ്റി നമുക്കിന്ന് ധ്യാനിക്കാം.
‘ഉപവസിക്കുക’
എന്നാൽ കൂടെ വസിക്കുക എന്നാണർത്ഥമെന്ന് നമുക്കറിയാം. ഈ നോമ്പുകാലത്ത് ആരുടെ കൂടെയാണ് വസിക്കുന്നത് എന്നതിനാണ് പ്രാധാന്യം. പ്രിയപ്പെട്ടവരിൽ നിന്ന് അകന്നാണ് കഴിയുന്നതെങ്കിൽ കൂടെ വസിക്കണം. ദൈവത്തിൽ നിന്നും ആത്മീയ പരിസരങ്ങളിൽ നിന്നും കൗദാശിക ജീവിതത്തിൽ നിന്നും അകന്നാണ് കഴിയുന്നതെങ്കിൽ കൂടെ വസിക്കണം. ദൈവത്തിലേക്ക് ചേർന്ന് നിൽക്കണം. കുടുംബാംഗങ്ങൾ തമ്മിൽ, അയൽവക്കക്കാർ തമ്മിൽ, അകലെയായിരിക്കുന്നവർ തമ്മിൽ, ഒക്കെ ഹൃദയം കൊണ്ട് കൂടെ വസിച്ച് ദൈവത്തെ പ്രസാദിപ്പിക്കാം. അതായിരിക്കട്ടെ യഥാർത്ഥ ഉപവാസം.
രണ്ടാമത് പ്രാർത്ഥന.
മുറിയിൽ കടന്ന് കതകടച്ച് നീയും/ഞാനും ദൈവവും തമ്മിൽ നടത്തുന്ന രഹസ്യ സംഭാഷണം. ഈശോയുടെ ഭാഷയിൽ പറഞ്ഞാൽ തിരക്കിലും ബഹളങ്ങളിൽ നിന്നും ഒക്കെ ഉൾവലിഞ്ഞ് വിജനപ്രദേശത്തേക്കുള്ള ഹൃദയത്തിന്റെ പിൻവാങ്ങലാണ് പ്രാർത്ഥന. (Lk 5:16)
ആഘോഷങ്ങളും പെരുന്നാളുകളും ഒക്കെ നോമ്പുകാലത്ത് വേണ്ടെന്ന് വയ്ക്കുന്നത് ഈ പ്രാർത്ഥനയിൽ ആഴപ്പെടാനാണ്. നമ്മുടെ ആത്മാവിൽ ദൈവവും ഞാനും മാത്രമായിരിക്കേണ്ട സ്വകാര്യ നിമിഷങ്ങളുടെ ആസ്വാദനമാണ് പ്രാർത്ഥന. ഇനിയുള്ള വളരെ കുറച്ച് ദിവസങ്ങളിൽ പ്രാർത്ഥനയുടെ പരിമളം ഉയരട്ടെ. ദൈവ ബന്ധത്തിൽ ആഴപ്പെടുന്നതു വഴി ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു നോമ്പുകാലം നമ്മുടെ ജീവിതത്തെ നവീകരിക്കട്ടെ.
പരിശുദ്ധ ത്രിത്വത്തെ പ്രസാദിപ്പിക്കാനുള്ള മൂന്നാമത്തെ മാർഗം ‘അനുതാപമാണ് ‘.
നാം നടന്ന വഴികളെ കുറിച്ചുള്ള അവബോധവും തിരിഞ്ഞുനോട്ടവും തിരുത്തലും ആണ് അനുതാപം. അവബോധം ഉണ്ടായാൽ അനുതാപം ഉണ്ടാകും. ധൂർത്ത പുത്രനുണ്ടായ സുബോധം അവനെ അനുതാപത്തിലേക്ക് നയിച്ചത് പോലെ, ഈ നോമ്പുകാലം നമ്മെ സ്വയാവബോധത്തിലേക്കും ആത്മാനുതാപത്തിലേക്കും നയിക്കട്ടെ.
ഭക്ഷണപദാർത്ഥങ്ങൾ ഉപേക്ഷിച്ചും ത്യാഗപൂർവ്വം ദുർഘടമലകൾ ചവിട്ടിയും കുരിശിന്റെ വഴി പ്രാർത്ഥന രണ്ടുനേരവും ധ്യാനിച്ചും ഒക്കെ ആത്മീയ തൃപ്തി അനുഭവിക്കുന്നതിനേക്കാൾ നമ്മെ കൂടുതൽ നന്നായി രൂപാന്തരപ്പെടുത്തുന്ന യഥാർത്ഥ ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.
നോമ്പുകാലം ഫലദായകമാക്കാം


