ഇടതടവില്ലാതെ പ്രാർഥിക്കാനാവുമോ?

Published on

ഇടതടവില്ലാതെ പ്രാർഥിക്കുക എന്നൊരു നിർദേശം വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ വിശ്വാസികൾക്കായി നല്കുന്നുണ്ട്. പക്ഷേ അസാധ്യമായ ഒരു കാര്യമായിട്ടാണ് ഭൂരിപക്ഷം ആളുകളും അതിനെ കാണുന്നത്. കാരണം ഒരാൾക്കെങ്ങനെയാണ് ഇടതടവില്ലാതെ പ്രാർഥിക്കാനാവുന്നത്? മാത്രവുമല്ല വ്യക്തിപരമായ പ്രാർഥനകൾക്കുൾപ്പടെ നിശ്ചിതമായ സമയം പ്രാർഥനയ്ക്കായി നീക്കിവച്ചിരിക്കുന്നവരുമാണ് ഭൂരിപക്ഷവും. അതുവഴി ദൈവവുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞുവെന്ന് മനസ്സിലാക്കിയ അവർ അതുമതിയെന്ന്  തീരുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇപ്രകാരം നിശ്ചിതപ്പെടുത്തിയ സമയം കൊണ്ടുമാത്രം  ദൈവവുമായി ബന്ധം സ്ഥാപിക്കാനാവുമെന്നു കരുതരുത്. മറിച്ച്  ഒരു ദിവസം മുഴുവൻ നമുക്ക് ദൈവവുമായി പ്രാർഥനയിലൂടെ ബന്ധം സ്ഥാപിക്കാനാവും. ഇടതടവില്ലാതെ പ്രാർഥിക്കുക എന്ന് അപ്പസ്‌തോലൻ പറയുന്നത് അക്കാര്യം സാധ്യമാണെന്ന്  ഉറപ്പുള്ളതുകൊണ്ടുതന്നെയാണ്.

 ഇനിയെങ്ങനെയാണ്  ഇടതടവില്ലാതെ പ്രാർഥിക്കാൻ കഴിയുന്നതെന്ന് നോക്കാം:  മുമ്പ് പറഞ്ഞതുപോലെ ഏതു സമയവും മുറി അടച്ചിട്ടിരുന്ന് പ്രാർഥിക്കുന്ന രീതിയല്ല ഇത്. പ്രവർത്തിക്കാതെ പ്രാർഥിക്കുകയുമല്ല. മനോഹരമായ വാക്കുകൾ കൊണ്ടോ അച്ചടിച്ച പ്രാർഥനകൾ കൊണ്ടോ പ്രാർഥിക്കുകയുമല്ല.  ജീവിതത്തിലെ ഏതു നിമിഷവും നമുക്ക് പ്രാർഥനയാക്കി മാറ്റാവുന്നവയാണ്. ദൈവത്തെക്കുറിച്ചുള്ള ഓരോ ഓർമയും പ്രാർഥനയാണ്. ദൈവം ചെയ്തുതന്നിരിക്കുന്ന നന്മകളെ ഓർമിക്കുന്നതും അതിനെപ്രതി സ്തുതിക്കുന്നതും പ്രാർഥനയാണ്. എന്തിന് പരാതികൾ പോലും പ്രാർഥനയാണ്, എന്റെ പരാതികൾ ഞാൻ ഉച്ചത്തിൽ വിളിച്ചുപറയും എന്നൊരു നിലവിളി വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളിൽനിന്ന് ഉയരുന്നുണ്ട്.

ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ നേരിടുമ്പോൾ, ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അഭിമുഖീകരിക്കുമ്പോൾ, രോഗങ്ങളിലൂടെയും സാമ്പത്തികബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുമ്പോൾ… അപ്പോഴൊക്കെ അതുവരെ ദൈവം നല്കിയ എല്ലാ നന്മകളെയും പൊടുന്നനവേ വിസമരിച്ചുകളയുന്നവരാണ് നമ്മൾ. പിന്നെ സന്തോഷം അനുഭവിക്കാൻ സാധിച്ചാൽ മാത്രമേ പഴയതുപോലെ പ്രാർഥനയിലേക്കു തിരികെ നടക്കാൻ സാധിക്കുകയുള്ളൂ. ഇതു ശരിയായ ആത്മീയരീതിയല്ല. യാത്ര ചെയ്യുമ്പോൾ, ഓഫീസിലോ വീട്ടിലോ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ, കുളിക്കുമ്പോൾ, കളിക്കുമ്പോൾ, കഴിക്കുമ്പോൾ, നടക്കുമ്പോൾ, പാചകം ചെയ്യുമ്പോൾ..  

ഇങ്ങനെ പ്രാർഥിക്കാൻ നമുക്കു കിട്ടുന്ന അവസരങ്ങൾ നിരവധിയാണ്.  അവിടെയാണ് ദൈവത്തോടുള്ള പരാതിയും ദൈവസ്മരണയും ദൈവത്തോട് കാര്യങ്ങൾ സംസാരിക്കുന്നതും ആശയങ്ങൾ പങ്കുവയ്ക്കുന്നതും പ്രയാസങ്ങൾ തുറന്നുപറയുന്നതുമെല്ലാം പ്രാർഥനയായി മാറുന്നത്. പ്രത്യേക ശാരീരികമുറകൾ പാലിച്ചുകൊണ്ടുള്ളതോ പ്രത്യേകമായി സമയം നീക്കിവച്ചുകൊണ്ടുള്ള തോ അല്ലാത്ത, ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന അനർഗളമായ പ്രവാഹമാണ് പ്രാർഥന.

വ്യക്തിപരമായ പ്രാർഥിനയ്ക്ക് രണ്ടു മുഖങ്ങളുണ്ട്. അതു ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ളതായിരിക്കണം. മറ്റൊന്ന് നന്ദി പ്രകാശിപ്പിക്കുന്നതായിരിക്കണം. പലരും മറന്നുപോകുന്ന രണ്ടു കാര്യങ്ങൾകൂടിയാണ് ഇവ. ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചുകിട്ടാൻ വേണ്ടിയുള്ള, അർത്ഥനകൾ മാത്രമായി പ്രാർഥനയെ ചുരുക്കാതിരിക്കുക. ആലോചിച്ചുനോക്കിയാൽ എന്തുമാത്രം കാര്യങ്ങൾക്കാണ് ദൈവത്തിന് നന്ദിപറയാനുളളത്? എത്രയെത്ര കാര്യങ്ങൾക്കാണ് സ്തുതിയർപ്പിക്കേണ്ടതായിട്ടുള്ളത്? നന്ദിചൊല്ലിതീർക്കുവാൻ ഈ ജീവിതം പോരായെന്നും എത്ര സ്തുതിച്ചാലും മതിവരുമോയെന്നുമൊക്കെ നാം പാടിപ്പോകുന്നത് ദൈവം ഇതുവരെ നടത്തിയ വിധങ്ങളെക്കുറിച്ച് കൃതജ്ഞതയോടെ  ഓർമിക്കുമ്പോൾ മാത്രമാണ്.

ഒരുപക്ഷേ നാം ആഗ്രഹിക്കുന്നതുപോലെ എല്ലാക്കാര്യങ്ങളും നടന്നിട്ടുണ്ടാവണമെന്നില്ല. വിചാരിച്ചതുപോലെയൊന്നും ആയിത്തീരാൻ സാധിച്ചിട്ടുമുണ്ടാവില്ല. പേരോ പ്രശസ്തിയോ കിട്ടിയിട്ടുണ്ടാവില്ല. എന്നാൽ അതൊക്കെയും നമുക്കു നമ്മെക്കുറിച്ചുളള പദ്ധതികളായിരുന്നുവെന്ന് മനസ്സിലാക്കുക. അതിനപ്പുറം ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതികളായിരുന്നില്ല. 

ദൈവത്തിനു നമ്മെക്കുറിച്ചുളള പദ്ധതികൾ എന്താണോ, അത് ഫലമണിയാനുള്ള ബോധപൂർവമായ നമ്മുടെ ശ്രമവും അതിനുവേണ്ടിയുള്ള സന്നദ്ധതയുമാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അതിനുവേണ്ടികൂടി പ്രാർഥിക്കാൻ കഴിയുമ്പോഴാണ് യഥാർഥത്തിൽ നാം പ്രാർഥനയുടെ മനുഷ്യരാകുന്നത്.

Latest Updates

POPULAR Views

FEATUERD Views

സെമിത്തേരി എന്നെ പഠിപ്പിച്ചത്

ഒരു വർഷം മുമ്പുവരെ സെമിത്തേരി എനിക്ക് അന്യമായ ഒരിടമായിരുന്നു, അപരിചിതമായ സ്ഥലം....

ഓർമ്മകൾ

എത്ര ഹൃദ്യമായാണ് അമ്മ മക്കളെ ആശയടക്കം പഠിപ്പിച്ചത് .ഗാർഹിക സഭയിലെ പുരോഹിതൻ - നാഥൻ അപ്പച്ചൻ ആണെന്ന പാഠം പകർന്നു തന്നത് .