സെമിത്തേരി എന്നെ പഠിപ്പിച്ചത്

Published on

ഒരു വർഷം മുമ്പുവരെ സെമിത്തേരി എനിക്ക് അന്യമായ ഒരിടമായിരുന്നു, അപരിചിതമായ സ്ഥലം. മനസ്സുകൊണ്ട് അകൽച്ച തോന്നിയിരുന്ന സ്ഥലം എന്നു പറയുന്നതിലും മടിയില്ല. കാരണം ഇടവകപ്പള്ളിയുടെ സെമിത്തേരിയിൽ എന്റെ പ്രിയപ്പെട്ടവരാരും അന്ന് അന്തിയുറങ്ങുന്നുണ്ടായിരുന്നില്ല. തിരുനാളിനോട് അനുബന്ധിച്ചും മരിച്ചവരുടെ ഓർമദിനത്തോട് അനുബന്ധിച്ചും സെമിത്തേരി ഒരുക്കണം, അലങ്കരിക്കണം എന്നൊക്കെ വികാരിയച്ചൻ അനൗൺസ് ചെയ്യുമ്പോൾ ഒട്ടൊരു നിർവികാരതയോടെയായിരുന്നു ഞാനത് കേട്ടുനിന്നിരുന്നത്. അതെന്നെ ബാധിക്കുന്ന വിഷയമല്ലല്ലോ? അവിടെയാരും എന്റേതായി ഇല്ലല്ലോ?പക്ഷേ ഒന്നരവർഷത്തിലേറെയായി എനിക്ക് അതിശയകരമായ മാറ്റം വന്നിരിക്കുന്നു. ഇപ്പോൾ അതെനിക്ക് അന്യമായ സ്ഥലമല്ല. അവിടെയെനിക്ക് പ്രിയപ്പെട്ടവരുണ്ട്. കഴിയുന്നത്ര, വേണ്ട ആഴ്ചയിലൊരിക്കലെങ്കിലും അവിടെ പ്രവേശിക്കാത്ത ദിവസങ്ങൾ ജീവിതത്തിൽ ഇല്ലാതായിരിക്കുന്നു. എന്റെ ജീവിതത്തിനും നിലനില്പിനും തന്നെ കാരണക്കാരായ അപ്പനും അമ്മയും ഇപ്പോൾ അവിടെ അന്ത്യനിദ്ര ചെയ്യുന്നു. ആറുമാസത്തെ ഇടവേളകളിലായി എന്നിൽ നിന്നും മറഞ്ഞുപോയവർ. അതുകൊണ്ട്സെമിത്തേരി എനിക്ക് ഇപ്പോൾ അപരിചിതമായ ഇടമല്ല. ഭീതിദമായ സ്ഥലവുമല്ല. അതിപ്പോൾ എന്റെ ഹൃദയത്തോടുചേർന്നുനില്ക്കുന്ന സ്ഥലമാണ്. എനിക്ക് സുരക്ഷിത്വം അനുഭവിക്കാൻ സാധിക്കുന്ന ഇടം.

ജീവിതത്തിൽ നിന്നുള്ള ഭാഗം പിരിയലാണ് മരണം. കിട്ടിയ ഓഹരി എത്രത്തോളമുണ്ടെന്നോ എങ്ങനെയാണെന്നോ നിശ്ചയിക്കുന്നത് ജീവിതത്തിൽ ചെയ്ത പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തിയാണ് ജീവിച്ച ജീവിതത്തിന്റെ പങ്ക് എന്തുമായിരുന്നുകൊള്ളട്ടെ നിനക്ക് ഇവിടെ വരാതിരിക്കാനാവില്ല. സെമിത്തേരി. ആത്മവിദ്യാലയമെന്നാണ് കവി അതിനെ വിശേഷിപ്പിക്കുന്നത്. പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും സ്ത്രീയും പുരുഷനും എന്നുവേണ്ട ഈ അണ്ഡകടാഹത്തിലെ സർവ്വമാന മനുഷ്യരും സെമിത്തേരിയോ അല്ലെങ്കിൽ സമാനമായ മറ്റു പേരുകളിട്ട സ്ഥലങ്ങളോ കടന്നുപോകേണ്ടവർ തന്നെ.

ആബേലച്ചൻ കുരിശിന്റെ വഴി പ്രാർഥനയിൽ പറയുന്നതുപോലെ ഒരിക്കൽ എന്റെ യാത്രയും അവിടെ എത്തിച്ചേരേണ്ടതാണെന്ന ചിന്ത ഇടയ്ക്കിടെ എന്നെ കൃത്യമായി ബോധ്യപ്പെടുത്താറുണ്ട്. നമ്മുടെ എല്ലാ യാത്രകളും സെമിത്തേരിയിൽ അവസാനിക്കും. നമ്മുടെ എല്ലാ ഭൗമികനേട്ടങ്ങളും അവിടെ അസ്തമിക്കും. നീയും ഞാനും അവിടെ അന്തിയുറങ്ങും. നമുക്കിനി ഭൂമിയിലേക്കൊരു തിരിച്ചുപോക്കില്ല. ചിലപ്പോൾ നമ്മുടെ ഓർമകൾ പില്ക്കാല തലമുറയുടെ മനസ്സിൽ കുറിച്ചുവയ്ക്കപ്പെടുമായിരിക്കും. മറ്റുചിലപ്പോൾ ആരും ഓർമിക്കാനില്ലാതെ നാം വിസ്മൃതിയിലാണ്ടുപോയേക്കാം.

ആരും കടന്നുവരാനില്ലാതെ അനാഥമായികിടക്കുന്ന കല്ലറകളും എന്നോട് ഒരു കാര്യം പറഞ്ഞുതന്നിട്ടുണ്ട്. നാളെ സെമിത്തേരികളിലേക്ക് തന്റെ പൂർവികരുടെ ഓർമദിനങ്ങളിലെങ്കിലും മെഴുകുതിരിയും പൂക്കളുമായി കടന്നുവരാൻ കഴിയുന്ന ചെറുപ്പക്കാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്ന്. കാരണം വർദ്ധിച്ചുവരുന്ന കുടിയേറ്റങ്ങൾ ഒരു തലമുറയെ നമ്മുടെ നാട്ടിൽ നിന്നു തുടച്ചനീക്കിക്കൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് നമ്മുടെ സെമിത്തേരികളിൽ പോലും ആളുകളുടെ എണ്ണം കുറയും, ആദരാഞ്ജലികൾ അർപ്പിക്കാനും അല്ലാതെയും എത്തുന്നവരുടെ കാര്യത്തിലും. ആരും ഒരിക്കൽപോലും വന്നുചേരാനില്ലാതെ എത്രയോ കല്ലറകളാണ് അവശേഷിക്കുന്നത്.! അവർക്കു ബന്ധങ്ങളും സ്വന്തങ്ങളും ഉണ്ടായിരുന്നില്ലേ? തീർച്ചയായും. എന്നിട്ടും എന്തേ അവരാരും ഇപ്പോൾ വരുന്നില്ല? ദേശം കടന്നുപോകുന്നവർക്ക് എങ്ങനെ സാധിക്കും അത്?

ഓരോ സെമിത്തേരിയിലെയും കല്ലറയ്ക്കുള്ളിൽ അന്തിയുറങ്ങുന്ന ജീവിതങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്രയെത്ര ജീവിതങ്ങൾ.. അവരിൽ പലരെയും നാം അറിയുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടാവില്ല. അപരിചിതമായ ജീവിതങ്ങൾ. പക്ഷേ പത്തോ ഇരുപതോ നൂറോ വർഷം അവർ ഈ ഭൂമിയെ അലങ്കരിച്ചിരുന്നവരായിരുന്നു. ഇപ്പോൾ അവരൊക്കെ എവിടെ? അവർനേടിയതും കൈവശമാക്കിയതും എല്ലാം ഇന്നെവിടെ? ആരും അന്തിയുറങ്ങുന്നില്ലെങ്കിലും വല്ലപ്പോഴുമെങ്കിലും സെമിത്തേരികൾ സന്ദർശിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. അതു നമ്മുടെ ജീവിതത്തിന്റെ നൈമിഷികത വ്യക്തമാക്കിത്തരും. ഓടുന്ന ഓട്ടങ്ങളുടെയെല്ലാം ഹ്രസ്വത വ്യക്തമാക്കിത്തരും. മരണമേ നിന്നിലേക്ക് മടങ്ങാൻ ഇനിയെത്ര നാൾ? എത്രനാൾ ഞാൻ നിന്നെ ഇനിയും ഒളിച്ചുനടക്കും?

വിനായക് നിർമ്മൽ

Latest Updates

POPULAR Views

FEATUERD Views

ഇടതടവില്ലാതെ പ്രാർഥിക്കാനാവുമോ?

ഇടതടവില്ലാതെ പ്രാർഥിക്കുക എന്നൊരു നിർദേശം വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ വിശ്വാസികൾക്കായി നല്കുന്നുണ്ട്....

ഓർമ്മകൾ

എത്ര ഹൃദ്യമായാണ് അമ്മ മക്കളെ ആശയടക്കം പഠിപ്പിച്ചത് .ഗാർഹിക സഭയിലെ പുരോഹിതൻ - നാഥൻ അപ്പച്ചൻ ആണെന്ന പാഠം പകർന്നു തന്നത് .