നസ്രത്തിൽ നിന്ന് നന്മ വരുമോയെന്നൊരു ചോദ്യം ബൈബിളിലുണ്ട്. എന്നാൽ ബൈബിളിൽ ഇല്ലാത്ത ഒരു ചോദ്യം ക്രിസ്തുമസുമായി ബന്ധപ്പെട്ട് നമുക്ക് സ്വയം ചോദിക്കാൻ കഴിയുമെന്നാണ് തോന്നുന്നത്. കാലിത്തൊഴുത്തിൽ ദൈവം ജനിക്കുമോ?. എല്ലാത്തിന്റെയും അധിപൻ.. എല്ലാം സൃഷ്ടിച്ചവൻ. എല്ലാത്തിന്റെയും മേൽ അധികാരമുള്ളവൻ. എല്ലാംനൊടിയിടെ സാധ്യമാക്കാൻ കഴിവുള്ള ദൈവത്തിന് അത്ഭുതങ്ങൾസൃഷ്ടിച്ചുകൊണ്ടുതന്നെ യേശുവിന് പിറക്കാൻ ലോകത്തിലേക്കുവച്ചേറ്റവും മനോഹരമായ ഒരു ഇടം ബെദ്ലഹേമിൽ ഒരുക്കാമായിരുന്നില്ല. കാരണം ദൈവം നിസാരക്കാരൻ അല്ലല്ലോ? വെറുമൊരു വാക്കുകൊണ്ട് ആകാശവും ഭൂമിയും താരകങ്ങളും സൂര്യനും സൃഷ്ടിച്ച ദൈവത്തിനാണോ ഒരു സ്ത്രീയുടെ ആത്മാഭിമാനങ്ങൾക്കൂടി കണക്കിലെടുത്തുകൊണ്ട് അവൾക്ക് പ്രസവിക്കാനായി നല്ലഒരു സ്ഥലം തിരഞ്ഞെടുത്ത് കൊടുക്കാൻ കഴിയാത്തത്? എന്നിട്ടും ദൈവം അവയെല്ലാം നിസാരവല്ക്കരിച്ചും തന്റെ അവകാശങ്ങളും അധികാരങ്ങളും നീക്കിവച്ചും ഏറ്റവും താഴെത്തട്ടിലേക്ക് ഇറങ്ങിവരുന്നു. ഒന്നും സ്വന്തമായി ഇല്ലാത്തവനും എല്ലാം അവകാശപ്പെടാത്തവനുമായ മനുഷ്യൻ ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങളും ഭൗതികസന്തോഷങ്ങളും ആഗ്രഹിച്ചുകൊണ്ട് അവയെല്ലാം നേടിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് ദൈവം അവനെ വെല്ലുവിളിച്ചുകൊണ്ട് കാലിത്തൊഴുത്ത് തിരഞ്ഞെടുക്കുന്നത്. മനുഷ്യൻ ചെറുതാകുന്നത് അവനെ ഒരാൾ അപമാനിക്കുമ്പോഴോ പരിഹസിക്കുമ്പോഴോ മാത്രമല്ല തനിക്കുള്ളതിലേറെ വലുപ്പം ഭാവിച്ചു പെരുമാറുമ്പോഴും അവകാശപ്പെടാത്തതും അർഹതപ്പെടാത്തതുമായ കാര്യങ്ങളുടെ പിന്നാലെ കാലുവെന്ത നായ്കണക്കെ ഓടുമ്പോഴുമാണ്. വലിയവരെന്ന് കണക്കാക്കപ്പെടുന്ന ചിലരൊക്കെ അടുത്തുവരുമ്പോഴും പെരുമാറുമ്പോഴും തീരെ ചെറുതാണെന്ന് അനുഭവപ്പെട്ടിട്ടില്ലേ.. കാഴ്ചപ്പാടുകൾകൊണ്ടും മനോഭാവങ്ങൾ കൊണ്ടുമാണ് വലുതാകലും ചെറുതാകലും സംഭവിക്കുന്നത്. അതുപോലെ ചെറുതാകലും ചെറുതാക്കപ്പെടലുമുണ്ട്. പാതാളത്തോളം മറ്റുള്ളവരാൽ ചെറുതാക്കപ്പെടുന്ന അവസരങ്ങളുണ്ട്. ചെറുതായിപോയി, ചൂളിപ്പോയി എന്നൊക്കെയുള്ള ചില വിശേഷണങ്ങൾ ഓർമിക്കുക.
മഹത്തായ കാര്യങ്ങൾ സംഭവിക്കുന്നതിന് ചിലപ്പോൾ മഹത്തായ തുടക്കം ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല.തീരെ ചെറിയ തുടക്കങ്ങൾ വലിയ സംഭവങ്ങൾക്ക് കാരണമായി മാറാറുണ്ട്. കാലിത്തൊഴുത്തുപോലെയുള്ള ഒരു ഇടമാണ് ലോകരക്ഷകന്റെ പിറവിക്കു വേദിയായി മാറിയത്. ഏറ്റവും നിസ്സാരമായ ഒരു സ്ഥലം. അവിടെയൊരു അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രം ആരും ഭാവിദർശനങ്ങളുള്ളവരല്ല, പക്ഷേ സംഭവിച്ചത് അതായിരുന്നുവല്ലോ അതുപോലെ നാം ജീവിക്കുന്ന ഇടങ്ങളും ബന്ധപ്പെടുന്ന വ്യക്തികളുമെല്ലാം നാളെ ഒരു വലിയ സംഭവമായി മാറിയേക്കാം. തീരെ നിസാരമെന്ന് കരുതുന്ന ഇടങ്ങൾ ദൈവത്തിന്റെ തീരുമാനവും ആശീർവാദവും കൈവരിക്കുമ്പോൾ വിശുദ്ധീകരിക്കപ്പെടുന്ന സ്ഥലമായി മാറും.
കാലിത്തൊഴുത്തിനെ എളിമയുടെ സ്ഥലമായിട്ടാണ് നാം പൊതുവെ കാണുന്നത്. പക്ഷേ അതിനൊപ്പം ഏതു സ്ഥലവും വിശുദ്ധമാണെന്നൊരു പാഠം കൂടി അതു നല്കുന്നുണ്ട്.
ജീവിതത്തിൽ സംഭവിക്കുന്നവ പലതും ജീവിതത്തിലെ തീരെ ചെറിയ സംഭവങ്ങൾപോലും ഒരുപക്ഷേ നാളെ വലിയ മുന്നേറ്റങ്ങളും സംഭവങ്ങളുമായി പരിണമിച്ചേക്കാം. അവയ്ക്കു മീതെ ദൈവത്തിന്റെ അഭിഷേകമുണ്ടെങ്കിൽ..നിസാരമായി കരുതി നാം അവഗണിച്ചുകളയുന്ന പലതിനും നാളെ വലിയ വിലയും കൊടുക്കേണ്ടിവന്നേക്കാം. കാരണം അവ ദൈവത്തിന് മുമ്പിൽ പ്രധാനപ്പെട്ടവയായിരുന്നു.
ആരെയും നിസാരരായി കാണാതിരിക്കുക. നാളെ അവർ പ്രധാനപ്പെട്ടവരായി മാറുകയില്ലെന്ന് ആരറിഞ്ഞു?
വിനായക് നിർമ്മൽ



