മാർതോമാക്രിസ്ത്യാനികളും കൊടുങ്ങല്ലൂർ അതിരൂപതയും

Published on

മാർതോമാക്രിസ്ത്യാനികളുടെ അതിപുരാതനമായ അതിരൂപതയാണ് കൊടുങ്ങല്ലൂർ. 18ാം നൂറ്റാണ്ടിൽ ഈ അതിരൂപതയുടെ മെത്രാപ്പോലീത്തമാർ നടത്തിയ അദ് ലിമിനാ സന്ദർശനങ്ങളുടെ (Ad Limina Visits) വെളിച്ചത്തിൽ ഈ  അതിരൂപതയെക്കുറിച്ച് ലഘുവായി പ്രതിപാദിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

1. ഉത്ഭവം

മാർതോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനത്താൽ രൂപപ്പെട്ട ക്രിസ്ത്യാനികൾ മാർതോമാ ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്നു. മറ്റ് ശ്ലൈഹിക സഭകളിൽ സംഭവിച്ചതുപോലെ മാർതോമാക്രിസ്ത്യാനികളുടെ ഇടയിലും ആദ്യ നൂറ്റാണ്ടുകളിൽതന്നെ അവരെ നയിക്കുവാൻ മെത്രാന്മാർ ഉണ്ടായിരുന്നു. ഇക്കാലയളവിൽ അവരെ നയിച്ചിരുന്ന മെത്രാന്മാർ മൈലാപ്പൂരിലാണ് താമസിച്ചിരുന്നത്. എന്നാൽ വംശീയാക്രമണങ്ങളും കഠിന രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം കാലാന്തരത്തിൽ മെത്രാന്മാർ ഇല്ലാതാവുകയും അവിടെയുള്ള ക്രൈസ്തവർ മലബാറിലേക്ക് (കേരളം) കുടിയേറുകയും ചെയ്തു. മെത്രാന്മാരെ അന്വേഷിച്ചു മലബാർ ക്രൈസ്തവർ പ്രതിനിധി സംഘത്തെ ബാബിലോണിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് വന്നിരുന്ന മെത്രാന്മാർ അക്കാലത്തെ പ്രശസ്ത തുറമുഖ പട്ടണമായ കൊടുങ്ങല്ലൂർ ആസ്ഥാനമായി മാർതോമാക്രിസ്ത്യാനികളെ ഭരിക്കുകയും ചെയ്തു പോന്നു.  

ബാബിലോണിൽ നിന്ന് വന്നിരുന്ന മെത്രാന്മാരിൽ അവസാനിയായിരുന്നു മാർ അബ്രഹാം മെത്രാപ്പോലീത്താ. പോർച്ചുഗീസുകാരെ ഭയന്ന് മാർ അബ്രാഹം തന്റെ ആസ്ഥാനം കൊടുങ്ങല്ലൂരിൽ നിന്നും അങ്കമാലിയിലേക്ക് മാറ്റി.  അങ്ങനെ അദ്ദേഹം അങ്കമാലിയുടെ മെത്രാപ്പോലീത്ത എന്ന പേരിൽ എഴുതുവാനും അറിയപ്പെടാനും തുടങ്ങി. 1599 ലെ  ഉദയംപേരൂർ സൂനഹദോസിനു ശേഷം, 1600 ൽ ക്ലെമന്റ് എട്ടാമൻ മാർപാപ്പ അതിരൂപതയുടെ പദവി കുറച്ച് ഗോവ അതിരൂപതയുടെ സാമന്ത രൂപതയാക്കി മാറ്റി. മാത്രമല്ല,  പദ്രുവാദോ ഭരണരീതി ഈ രൂപതയിൽ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ 1608ൽ പോൾ അഞ്ചാമൻ  മാർപാപ്പ കൊടുങ്ങല്ലൂരിനെ വീണ്ടും അതിരൂപതയായി ഉയർത്തി. ഇന്ത്യയിൽ അക്കാലത്തുണ്ടായിരുന്ന ഗോവ, കൊച്ചി, മൈലാപ്പൂർ, കൊടുങ്ങല്ലൂർ രൂപതകളുടെ മെനേസിസ് മെത്രാപ്പോലീത്ത നിശ്ചയിച്ച രൂപതാതിർത്തികൾ, 1616 ൽ പോൾ അഞ്ചാമൻ മാർപാപ്പ അംഗീകരിച്ചു. 

തൽഫലമായി 16ാം നൂറ്റാണ്ടുവരെ ഇന്ത്യയിലെ ഏക രൂപതയായിരുന്ന കൊടുങ്ങല്ലൂർ/അങ്കമാലിക്ക് അഖിലേന്ത്യാ  പ്രവർത്തന സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. അങ്ങനെ രൂപതയുടെ പ്രവർത്തനം കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലേക്കും മാത്രമായി ചുരുങ്ങി. സഭയുടെ ഔദ്യോഗിക രേഖകളിൽ കൊടുങ്ങല്ലൂർ/അങ്കമാലി എന്നാണ് ഈ രൂപത അറിയപ്പെടുന്നത്.  

2. മെത്രാന്മാർ

മാർ അബ്രാഹത്തിനു ശേഷം അതിരൂപതയെ നയിച്ചിരുന്നത് പോർച്ചുഗലിൽ നിന്നുള്ള ഈശോസഭാ മെത്രാന്മാർ ആയിരുന്നു. 1773ൽ മാർപാപ്പ ഈശോസഭ  നിറുത്തലാക്കിയതോടെ അതിരൂപതയിൽമെത്രാന്മാർ ഇല്ലാതെയായി. മാത്രമല്ല പോർച്ചുഗീസുകാരെ തോൽപ്പിച്ച് 1662ൽ ഡച്ചുകാർ കൊടുങ്ങല്ലൂർ പിടിച്ചെടുത്തു. കൂടാതെ, ഡച്ചു കാൽവിനിസ്റ്റുകൾ കൊടുങ്ങല്ലൂർ കോട്ടയും അതിലെ കത്തീഡ്രൽ ദേവാലയവും നശിപ്പിച്ചതോടെ മെത്രാപ്പോലീത്തമാർക്ക് താമസിക്കുവാൻ സ്ഥലം ഇല്ലാതെയായി. 18ാം  നൂറ്റാണ്ടിലെ മെത്രാപ്പോലീത്തമാർ പുത്തൻചിറ ആസ്ഥാനമാക്കിയാണ് രൂപതയെ ഭരിച്ചിരുന്നത്. ഈ സാഹചര്യത്തിൽ 19ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രൂപതയിലേക്ക് നിയമിക്കപ്പെട്ടവരിൽ പലരും ഈ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. മാത്രമല്ല,1838ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ പദ്രുവാദോ നിറുത്തലാക്കി. പിന്നീട് 1857ൽ പദ്രുവാദോ ഉയർത്തെഴുന്നേറ്റെങ്കിലും, 1886ൽ വീണ്ടും നിറുത്തലാക്കി.

3. രൂപതയുടെ നിയമാവലി 

1606 ലാണ് ഫ്രാൻസിസ് റോസ് മെത്രാൻ കൊടുങ്ങല്ലൂർ അതിരൂപതയുടെ നിയമാവലി ഒരു സർക്കുലറിലൂടെ പ്രസിദ്ധീകരിച്ചത്.  ഈ നിയമാവലി നാല് പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ പുസ്തകത്തിൽ ആറ്  അധ്യായങ്ങളിലായി കത്തോലിക്കാസഭയുടെ പൊതുവായ വിശ്വാസസംഹിതകളെക്കുറിച്ച് വിവരിക്കുന്നു. രണ്ടാമത്തെ പുസ്തകത്തിന് പതിനാറ് അധ്യായങ്ങളുണ്ട്. മാമ്മോദീസ, സ്‌ഥൈര്യലേപനം, കുർബാന, കുമ്പസാരം എന്നീ കൂദാശകളെക്കുറിച്ചുള്ള വിശകലനങ്ങളാണ് ഇവിടെയുള്ളത്. രോഗീലേപനം, തിരുപ്പട്ടം, വിവാഹം എന്നീ കൂദാശകളെക്കുറിച്ച് ഒൻപത് അധ്യായങ്ങളിലായി വിവരിക്കുന്നതാണ് മൂന്നാം പുസ്തകത്തിന്റെ ഉള്ളടക്കം. പുരോഹിതരുടെ ജീവിതവും പ്രവർത്തനങ്ങളുമാണ് നാലാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പതിനഞ്ച് അധ്യായങ്ങളുണ്ട്.

4. ഇടവകകൾ 

കൂനൻകുരിശ് സത്യം നടക്കുമ്പോൾ അതിരൂപതയിൽ 110 ഇടവകകൾ ഉണ്ടായിരുന്നു. അതിൽ 26 ഇടവകകൾ പൂർണമായും 20 എണ്ണം ഭാഗികമായും മാർതോമാ ഒന്നാമന്റെ കീഴിൽ ആയിരുന്നു. 1706 ലെ അദ് ലിമിനാ സന്ദർശന റിപ്പോർട്ടിൽ അതിരൂപതയിലെ 68 ഇടവകകളുടെ പേരുകൾ പറയുന്നുണ്ട്.  

5. വൈദികപരിശീലനം, വൈദികർ 

പോർച്ചുഗീസ് മെത്രാൻമാരുടെ വരവിന് മുൻപ് രൂപതയിലെ വൈദിക പരിശീലനം മൽപാനായിരുന്നു നിർവഹിച്ചിരുന്നത്. എന്നാൽ പോർച്ചുഗീസ് മിഷനറിമാരുടെ വരവോടെ ആധുനിക രീതിയിലുള്ള സെമിനാരി പരീശീലനം നിലവിൽ വന്നു. അങ്ങനെ ഈശോസഭക്കാരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിനടുത്ത് വെപ്പികോട്ട എന്ന സ്ഥലത്ത് സെമിനാരി ആരംഭിച്ചു. 1662ൽ ഡച്ചുകാർ കൊടുങ്ങല്ലൂർ പിടിച്ചെടുത്തതോടെ പ്രസ്തുത സെമിനാരി അമ്പഴക്കാട്ടേക്ക് മാറ്റപ്പെട്ടു. പിന്നീട് മലബാറിലെ സെൻട്രൽ സെമിനാരികളിൽ ആണ് വൈദികാർത്ഥികൾ പരിശീലനം നേടിയിരുന്നത്. 

സമാനതകളില്ലാത്ത മാർതോമാ ക്രിസ്ത്യാനികളുടെ പുരാതന രൂപതയാണ് കൊടുങ്ങല്ലൂർ. 1886 വരെ ഈ രൂപത നിലനിന്നു. 1886 ൽ പദ്രുവാദോ ഭരണം നിർത്തലാക്കുകയും ഇന്ത്യയിൽ ലത്തീൻ ഹയരാർക്കി സ്ഥാപിക്കുകയും ചെയ്തതോടെ ഈ രൂപതയുടെ പേര് പുതുതായി രൂപംകൊണ്ട ദാമന് നൽകപ്പെട്ടു. 1928ൽ ദാമൻ രൂപത നിറുത്തലാക്കപ്പെടുകയും  കൊടുങ്ങല്ലൂർ എന്ന പേര് ഗോവ രൂപതയ്ക്ക് നൽകപ്പെടുകയും ചെയ്തു. അങ്ങനെ മാർതോമാ ക്രിസ്ത്യാനികളുടെ പുരാതന രൂപത ഓർമ്മയായി.

ഡോ. സിന്റോ ചിറ്റിലപ്പിള്ളി

Latest Updates

POPULAR Views

FEATUERD Views