വിവിധ മതവിശ്വാസികൾ വ്യത്യസ്ത ദൈവദർശനങ്ങൾ ഉള്ളവരാണ്. ഏകദൈവവിശ്വാസികളും ബഹുദൈവവിശ്വാസികളും പ്രാപഞ്ചികയാഥാർത്ഥ്യങ്ങളെ ദൈവമായിക്കരുതി ആരാധിക്കുന്നവരും ഉണ്ട്. ക്രൈസ്തവരായ നാം ത്രിയേകദൈവത്തിൽ (പരിശുദ്ധ ത്രിത്വത്തിൽ) വിശ്വസിക്കുന്നവരാണ്.
1. പരിശുദ്ധ ത്രിത്വം – ഒരു ദൈവികരഹസ്യം
മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും യുക്തിക്ക് അതീതവുമായ ഒരു ദൈവികരഹസ്യമാണ് പരിശുദ്ധ ത്രിത്വം. ദൈവം ഒരുവനേയുള്ളു. ആ ദൈവത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നാളുകളുണ്ട്. ഈ മൂവരും ഒരുപോലെ ആരംഭവും അവസാനവും ഇല്ലാത്തവരാണ്. തുല്യമായ ശക്തിയും അറിവും മഹത്വവുമുള്ള ഈ മൂവരും മൂന്നു വ്യക്തികളാണ്. എന്നാൽ മൂന്നു ദൈവങ്ങളല്ല, മൂവരുംകൂടി ഒരേ ഒരു ദൈവം മാത്രം. ഒരേ ദൈവികസത്തയിൽ തുല്യമായി പങ്കുചേരുന്ന മൂന്നു വ്യക്തികൾ. അതായത് സത്തയിൽ ഏകത്വവും വ്യക്തിത്വത്തിൽ ത്രിത്വവും.
2. മനുഷ്യബുദ്ധികൊണ്ട് പൂർണമായി ഗ്രഹിക്കാൻ സാധിക്കാത്ത ത്രിയേക ദൈവത്തിൽ എന്തുകൊണ്ടാണ് നാം വിശ്വസിക്കുന്നത്?
ത്രിയേക ദൈവത്തെ ഈശോ നമുക്ക് വെളിപ്പെടുത്തിത്തന്നതുകൊണ്ടാണ് കൈ്രസ്തവരായ നാം ത്രിയേക ദൈവത്തിൽ വിശ്വസിക്കുന്നത്. ‘പരിശുദ്ധ ത്രിത്വം’ എന്ന പദമോ ‘ത്രിയേക ദൈവം’ എന്ന പദമോ ഈശോ ഉപയോഗിച്ചതായി വിശുദ്ധ ഗ്രന്ഥത്തിൽ നാം കാണുന്നില്ല. എന്നാൽ തന്റെ പ്രവൃത്തികളിലൂടെയും വചനങ്ങളിലൂടെയും ജീവിതത്തിലൂടെയും ഈശോ ത്രിയേക ദൈവത്തെ വെളിപ്പെടുത്തി.
പരിശുദ്ധ ത്രിത്വം സത്തയിൽ ഏകമാണ്. പരിശുദ്ധ ത്രിത്വത്തിലെ വ്യതിരിക്തമായ മൂന്നു വ്യക്തികൾ പരിപൂർണ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അവസ്ഥയിലാണ്. അപ്രകാരം ത്രിയേകദൈവം പരസ്പര സമാശ്ലേഷത്തിന്റെയും സ്വയംദാനത്തിന്റെയും പൂർണതയാണ്. ഈശോയുടെ വചനങ്ങളിൽ ഈ കൂട്ടായ്മ കാണാൻ സാധിക്കും. “ഞാനും പിതാവും ഒന്നാണ്” (യോഹ 10.30). “ഞാൻ പിതാവിലും പിതാവ് എന്നിലുമാണ്” (യോഹ 10.30). പരിശുദ്ധ ത്രിത്വത്തിലെ ദൈവികവ്യക്തികൾ തമ്മിലുള്ള ഐക്യവും സ്നേഹവും സ്വയംദാനവും പൂർണമാണ്.
പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകസത്തയാണ്. ദൈവത്വത്തിന്റെ ഏതെങ്കിലും ഒരു അംശമോ ഭാഗമോ അല്ല, ദൈവത്വം മുഴുവനും പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും സ്ഥിതിചെയ്യുന്നു. ദൈവികസത്ത പൂർണമായി പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും ഉണ്ട്. സത്തയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു ദൈവമാണ്; ആളത്തത്തിൽ മൂന്നാണ്. അതുകൊണ്ടാണ് നാം ത്രിയേകദൈവം എന്നു വിശേഷിപ്പിക്കുന്നത്.
3. ക്രൈസ്തവരായ നാം സ്വീകരിക്കേണ്ട നിലപാട്
നിത്യമായി സ്വയം നൽകുന്ന സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പൂർണതയാണ് ദൈവം എന്ന ദർശനം ക്രിസ്തുമതത്തിന്റെ മാത്രം അനന്യതയാണ്. സ്നേഹം വഴിഞ്ഞൊഴുകുന്ന പരസ്പര ദാനത്തിന്റെ കൂട്ടായ്മയാണ് ദൈവം എന്ന ക്രൈസ്തവ ദർശനം അനന്യമാണ്.
ദൈവത്തിന്റെ ആന്തരികജീവിതത്തെയോ സ്വഭാവത്തെയോ മനുഷ്യബുദ്ധികൊണ്ട് പൂർണമായി അപഗ്രഥിച്ചു മനസ്സിലാക്കുക സാധ്യമല്ല. ഒരു മനുഷ്യവ്യക്തിയെപ്പോലും ആഴമായി അപഗ്രഥിച്ചു മനസ്സിലാക്കുവാൻ നമുക്കു സാധിക്കുന്നില്ല. ദൈവത്തെയും പൂർണമായി അപഗ്രഥിച്ചു മനസ്സിലാക്കുവാനോ വിശകലനം ചെയ്തു വിശദീകരിക്കാനോ മനുഷ്യബുദ്ധികൊണ്ട് സാധ്യമല്ല. വ്യക്തികളെ നാം മനസ്സിലാക്കുന്നത് സ്നേഹബന്ധത്തിലൂടെയാണ്. പരിശുദ്ധ ത്രിത്വം എന്ന ദൈവികരഹസ്യത്തെയും നാം മനസ്സിലാക്കേണ്ടത് വ്യക്തിപരമായ ബന്ധത്തിലൂടെയാണ്, സ്നേഹബന്ധത്തിലൂടെയാണ്.
ഒരു ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു എന്ന ചോദ്യത്തിന് യുക്തിപരമായ ഉത്തരം നൽകാൻ ശ്രമിക്കുന്നതിനേക്കാൾ ഈശോ നമുക്കു വെളിപ്പെടുത്തിയ ത്രിയേകദൈവത്തിലുള്ള വിശ്വാസം ഹൃദയപൂർവം സ്വീകരിച്ച് സ്വയം ദാനത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ്മയുടെയും ഉദാത്ത മാതൃകകളായി ജീവിക്കാനാണ് ക്രൈസ്തവരായ നാം പരിശ്രമിക്കേണ്ടത്. കൂട്ടായ്മയുടെ ദൈവം നമ്മെ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ജീവിതം നയിക്കാൻ ക്ഷണിക്കുന്നു.
സഹായകഗ്രന്ഥങ്ങൾ
ഡോ. മൈക്കിൾ കാരിമറ്റം, വിശ്വാസത്തിന്റെ വേരുകൾ
ഡോ. ജോസഫ് കല്ലറങ്ങാട്ട്, ദൈവശാസ്ത്രനിഘണ്ടു
ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ
(സെക്രട്ടറി, സീറോമലബാർ ഡോക്ട്രിനൽ കമ്മീഷൻ)


