മനുഷ്യർക്ക് പൂരിപ്പിക്കാൻ കഴിയാത്ത സമസ്യകൾ

Published on

കുറെനാളായി അലട്ടിക്കൊണ്ടിരുന്ന വിശ്വാസപരമായ പ്രതിസന്ധി അന്നേദിവസം വിശുദ്ധകുർബാന അർപ്പിക്കുമ്പോഴും ആ പുരോഹിതനിൽ ശക്തമായിരുന്നു. അയോഗ്യനും പാപിയുമായ ഒരു പുരോഹിതൻ ഓസ്തിയും വീഞ്ഞും വാഴ്ത്തുമ്പോൾ അത് യേശുക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളായി മാറുമെന്ന് പറയുന്നത് എത്രത്തോളം സത്യമാവും? എത്രത്തോളം പ്രായോഗികമായിരിക്കും? ഉള്ളിലെ എല്ലാ സംശയങ്ങളോടും കൂടിയാണ് അദ്ദേഹം അന്ന് കൂദാശാവചനങ്ങൾ ഏറ്റുചൊല്ലി പ്രാർഥിച്ചത്.” ഇതെന്റെ ശരീരവും ഇതെന്റെ രക്തവുമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന്….”

ആ നിമിഷം അതു സംഭവിച്ചു. പുരോഹിതന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കൈയിലിരുന്ന തിരുവോസ്തി മനുഷ്യശരീരമായും വീഞ്ഞ് തിരുരക്തമായും പരിണമിച്ചിരിക്കുന്നു.

എട്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ലാൻസിയാനോയിലെ സെന്റ് ലോങ്കിനസ് ആശ്രമത്തിലാണ് ഇതു സംഭവിച്ചത്. ബൈസിലീയൻ സന്യാസവൈദികൻ ബലിയർപ്പിച്ചപ്പോൾ സംഭവിച്ച ഈ അത്ഭുതം കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യഅടയാളമായിരുന്നുു. ഇതിന്റെ തിരുശേഷിപ്പുകൾ ഇന്നും ഇവിടെ സൂക്ഷിക്കപ്പെടുന്നു.

പ്രധാനപ്പെട്ടതോ ആയ മറ്റൊരു ദിവ്യകാരുണ്യഅടയാളം നടന്നത് പോർച്ചുഗല്ലിലെ സാന്റാറെമ്മിലായിരുന്നു. ദിവ്യകാരുണ്യഅടയാളങ്ങളുടെ ചരിത്രത്തിലെ സുപ്രധാനസംഭവമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. അവിശ്വാസിയും ദുർമാർഗിയുമായ ഭർത്താവിനെ നേരായവഴിയിലൂടെ കൊണ്ടുവരുന്നതിന് ആ സ്ത്രീ സഹായം ചോദിച്ചെത്തിയത് ഒരു മന്ത്രവാദിയുടെ സമീപത്തായിരുന്നു. അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനുള്ള പരിഹാരമാർഗമായി അയാൾ ആവശ്യപ്പെട്ടതാകട്ടെ കൂദാശചെയ്ത തിരുവോസ്തി തനിക്കു കൊണ്ടുവന്നുതരിക എന്നതും. അതനുസരിച്ച് സെന്റ് സ്റ്റീഫൻ ദേവാലയത്തിലെത്തിയ സ്ത്രീ വിശുദ്ധ കുർബാന സ്വീകരണസമയത്ത് നാവിൽ ദിവ്യകാരുണ്യം സ്വീകരിക്കുകയും ഉടൻതന്നെ അതെടുത്ത് കൈയിലിരുന്ന തുണിയിൽ പൊതിഞ്ഞെടുത്ത് പള്ളിവിട്ടുപോകുകയും ചെയ്തു.വീട്ടിലെത്തി തിരുവോസ്തി പൊതിഞ്ഞുകൊണ്ടുവന്ന തുണി നിവർത്തിനോക്കിയ സ്ത്രീ ഞെട്ടിപ്പോയി. തുണി നിറയെ രക്തം! തിരുവോസ്തിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു.! പരിഭ്രാന്തയായ സ്ത്രീ പള്ളിയിൽചെന്ന് സംഭവിച്ചതെല്ലാം വിശദീകരിക്കുകയും കുമ്പസാരിക്കുകയും ചെയ്തു. അനന്തരം തിരുവോസ്തി ദേവാലയത്തിലേക്ക് പ്രദക്ഷിണമായി കൊണ്ടുവന്നു.

കൂദാശ ചെയ്യപ്പെട്ട അപ്പവും വീഞ്ഞും യഥാർഥ മാംസരക്തങ്ങളായി രൂപാന്തരപ്പെടുന്നത് ദൈവസാന്നിധ്യത്തിന്റെ അസാധാരണപ്രകടനങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ക്രിസ്തു ദിവ്യകാരുണ്യത്തിൽ സത്യമായും സന്നിഹിതനാണെന്ന് ലോകത്തോട് വിളിച്ചുപറയുന്നവയാണ് ഓരോ ദിവ്യകാരുണ്യഅടയാളങ്ങളും. മനുഷ്യനാൽ വിശദീകരിക്കാൻ കഴിയാത്തതും ശാസ്ത്രത്തിന് അതീതവുമായ സംഭവങ്ങളാണ് ഓരോ ദിവ്യകാരുണ്യ അടയാളങ്ങളും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിരവധിയായ ദിവ്യകാരുണ്യ അടയാളങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അവയിൽ നൂറെണ്ണം മാത്രമാണ് സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. അതിൽതന്നെ എട്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ലാൻസിയാനോയിൽ നടന്നതും പതിമൂന്നാം നൂറ്റാണ്ടിൽ പോർച്ചുഗലിൽ നടന്നതുമായ ദിവ്യകാരുണ്യഅടയാളങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണത്രെ.

ചരിത്രപരമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ദിവ്യകാരുണ്യ അടയാളങ്ങൾ ചിലതെങ്കിലും നടന്നിരിക്കുന്നത് എന്നുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആദ്യത്തേതെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന ദിവ്യകാരുണ്യഅടയാളത്തിനു പിന്നിലെ ചരിത്രം തന്നെ നോക്കുക. 717 മുതൽ 741 വരെ ഭരിച്ചിരുന്ന ബൈസെന്റെൻ ചക്രവർത്തി കൈ്രസ്തവവിശ്വാസത്തിനെതിരെ ഉഗ്രമായ ചില ശാസനകൾ പുറപ്പെടുവിച്ചിരുന്നു. വിശുദ്ധരൂപങ്ങൾ തകർക്കുകയും വൈദികരെ കൊന്നുകളയുകയും ചെയ്യുന്നവിധത്തിൽ ക്രൂരമായ മതപീഡനങ്ങൾ. നിരവധി ബസീലിയൻ സന്യാസികൾ ഇത്തരമൊരു സാഹചര്യത്തിൽ ജീവരക്ഷാർത്ഥം ഇറ്റലിയിൽ അഭയം തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദ്യത്തെ ദിവ്യകാരുണ്യഅടയാളം നടന്നത്.

സ്വാഭാവികകാരണങ്ങളാൽ സംഭവിക്കുന്ന മാറ്റങ്ങളെയും യഥാർഥ അത്ഭുതങ്ങളെയും തമ്മിൽ യുക്തിസഹമായി വേർതിരിച്ചുകൊണ്ടാണ് കത്തോലിക്കാസഭ ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെ നിർവചിക്കുന്നത്. ഉദാഹരണത്തിന് ഡാളസ് രൂപതയിൽ സംഭവിച്ച അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവം വിശദീകരണയോഗ്യമാണെന്നായിരുന്നു ഡാളസ് സർവകലാശാലയിലെ ജീവശാസ്ത്ര പ്രഫസർമാരുടെ അഭിപ്രായം. ഗ്ലാസിലെ വെള്ളത്തിൽവച്ച് തിരുവോസ്തിക്കു നിറംമാറ്റം സംഭവിച്ചത് ഫംഗസ് മൈസീലിയയുടെയും ബാക്ടീരിയ കോളനികളുടെയും സംയോജനഫലമായിട്ടാണെന്നായിരുന്നു അവർ തെളിയിച്ചത്. എന്നാൽ അതുപോലെയല്ല 2008 ൽ സോകോൽക്കയിൽ നടന്ന ദിവ്യകാരുണ്യഅടയാളത്തിന് നല്കിയ വിശദീകരണം. ബിയോലിസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രഫ. സ്റ്റാനിസ്ലാവ് സുൽക്കോവ്സിക്കിയുടെ അഭിപ്രായത്തിൽ അത്ഭുതം നടന്നതായി വിശ്വസിക്കപ്പെടുന്ന തിരുവോസ്തിയിൽ കാണപ്പെട്ടത് വേദന അനുഭവിച്ച ഒരു വ്യക്തിയുടെ ഹൃദയത്തിൽ നിന്നുള്ള ടിഷ്യു ശകലങ്ങൾ ആണെന്നായിരുന്നു.

ഇതിനോടു ചേർത്തുവച്ച് കാണേണ്ട ഒന്നാണ് 1996 ഓഗസ്റ്റ് 18 ന് ബ്യൂണസ് അയേഴ്സിൽ സംഭവിച്ച ദിവ്യകാരുണ്യഅടയാളം. ഇത്തരം സംഭവങ്ങളിൽ സാധാരണ ചെയ്യുന്നതുപോലെ പെട്ടെന്ന് തന്നെ ഫാ.അലെജാൻഡ്രോ പെസെറ്റ് തിരുവോസ്തി വെളളത്തിലിട്ട് അതു ചെറിയൊരു പേടകത്തിൽ സൂക്ഷിച്ചു. ദിവസങ്ങൾക്കു ശേഷം – ഓഗസ്റ്റ് 26-നോക്കിയപ്പോൾ തിരുവോസ്തി രക്തരൂക്ഷിതവും മാംസളവുമായ പദാർത്ഥമായി പരിണമിച്ചിരുന്നു. പില്ക്കാലത്ത് ഫ്രാൻസിസ് മാർപാപ്പയായി മാറിയ ആർച്ചുബിഷപ് ജോർജ് ബെർഗോളിയോയുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടത്തിയത്. സാമ്പിൾ പരിശോധിച്ച പാത്തോളജിസ്റ്റ് ഡോ. ഫ്രെഡറിക് വ്യക്തമാക്കിയത് ഈ മാംസഭാഗം കഠിനവേദന അനുഭവിച്ച ഒരു വ്യക്തിയുടെ ഇടതു വെൻട്രിക്കളിലെ ഹാർട്ട് മസിൽ ആണെന്നായിരുന്നു. അതിലുണ്ടായിരുന്ന രക്തമാകട്ടെ മനുഷ്യശരീരത്തിലുള്ള എ. ബി ഗ്രൂപ്പും.

ടൂറിനിലെ തിരുക്കച്ചയിൽ നടത്തിയ പഠനഫലം വ്യക്തമാക്കിയത് അതിൽ പടർന്നിരിക്കുന്ന രക്തം എ. ബി ഗ്രൂപ്പ് ആണെന്നായിരുന്നു. അതേ റിസൾട്ടാണ് ദിവ്യകാരുണ്യ അടയാളം പതിപ്പിച്ച തിരുവോസ്തിയിൽ നടത്തിയ ലോകത്തിലെ എല്ലാ പഠനങ്ങളിലും വ്യക്തമായിരിക്കുന്നതും. ലോകത്തിൽ ആദ്യത്തേതെന്ന് രേഖപ്പെടുത്തിയിരിക്കുന്നതു മുതൽ ബ്യൂണസ് അയേഴ്സിൽ സംഭവിച്ചതുവരെയുളള ദിവ്യകാരുണ്യഅടയാളങ്ങളിലെല്ലാം ഇതേ ഗവേഷണഫലംതന്നെയാണ് ആവർത്തിച്ചുവന്നിരിക്കുന്നതും.അതായത് എട്ടാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഒരേ സ്വഭാവത്തോടെ ദിവ്യകാരുണ്യഅടയാളങ്ങൾ ആവർത്തിക്കപ്പെട്ടിരിക്കുന്നു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഓരോ ദിവസവും ഓരോ നിമിഷവും അർപ്പിക്കപ്പെടുന്ന ഓരോ വിശുദ്ധ കുർബാനകൾക്കിടയിലും അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ട്. അവിടെയെല്ലാം തിരുവോസ്തിയും വീഞ്ഞും സത്താപരമായ മാറ്റത്തിന് വിധേയമാകുന്നുണ്ട്. എന്നാൽ അവയോരോന്നും നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്നവയല്ല. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുമ്പോഴും ശാസ്ത്രീയപഠനങ്ങളാൽ യുക്തിസഹമായി വിശദീകരിക്കാൻ കഴിയാതെ വരുമ്പോഴും മാത്രമാണ് ഇത്തരം സംഭവങ്ങളെ ദിവ്യകാരുണ്യ അടയാളങ്ങളായി വിശേഷിപ്പിക്കാറുള്ളൂ.

മനുഷ്യബുദ്ധിക്കു ഗ്രഹിക്കാൻ കഴിയാത്തതും വിശദീകരിക്കാൻ സാധിക്കാത്തതുമാണ് ദിവ്യകാരുണ്യഅടയാളങ്ങൾ. അതുകൊണ്ടുതന്നെ അതിന് മുമ്പിൽ ആദരവോടെ കൈകൾകൂപ്പി ശിരസുകുനിച്ചുനില്ക്കുവാൻ മാത്രമേ അപൂർണ്ണനും പാപിയുമായ മനുഷ്യന് സാധിക്കുകയുള്ളൂ. ഒാരോ അടയാളവും നമ്മുടെ വിശ്വാസംവർദ്ധിപ്പിക്കാൻ സഹായിക്കുന്നവയായി മാറിയിരിക്കണം. ബുദ്ധിമാന്മാരിൽ നി്ന്ന് മറച്ചുവച്ച് ശിശുക്കൾക്ക് മാത്രം വെളിപ്പെട്ടു കിട്ടുന്ന വിധത്തിലുളള ആ നിഗൂഢരഹസ്യം മനസ്സിലാക്കാൻ നമുക്ക്, ഗോതമ്പ് അപ്പത്തോളം ചെറുതാകാൻ സന്നദ്ധനായ, കടലോളം വിശാലമായ ആ യേശുഹൃദയം സ്വന്തമായുണ്ടാവണം. അതിനുവേണ്ടി നമുക്കുപ്രാർത്ഥിക്കാം. അതോടൊപ്പം പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും എന്ന് ഏറ്റുപറയുകയും ചെയ്യാം.

വിനായക് നിർമ്മൽ


കേരളത്തിലെ ദിവ്യകാരുണ്യഅടയാളങ്ങൾ

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ദിവ്യകാരുണ്യഅടയാളങ്ങൾ നടന്നിട്ടുള്ളതുപോലെ കേരളത്തിലും ഈ നൂറ്റാണ്ടിൽ ദിവ്യകാരുണ്യഅടയാളങ്ങൾ സംഭവിച്ചിട്ടുണ്ട്. 2013 ൽ കണ്ണൂർ ജില്ലയിലെ വിളക്കന്നൂരിലുമായിരുന്നു ഈ അടയാളങ്ങൾ നടന്നത്. മാടവന സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് ആഗ്ന എന്ന പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായി. തുടർച്ചയായി മൂന്നു ഞായറാഴ്ചകളിലും ഈ അടയാളം ആവർത്തിക്കപ്പെട്ടു. അത്ഭുതം സംഭവിച്ച ദിവ്യകാരുണ്യം രൂപതകേന്ദ്രത്തിലേക്ക് മാറ്റുകയും വിശദമായപഠനങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിനു മുമ്പ് ഇത്തരത്തിലുള്ള അത്ഭുതം സംഭവിച്ചത് പാലക്കാട് കഞ്ചിക്കോട്ടെ റാണി ജോൺ എന്ന വീട്ടമ്മയ്ക്കാണ്. 1997 ൽ കഞ്ചിക്കോട്ടെ നല്ലിടയൻ പള്ളിയിൽ വച്ച് ഒക്ടോബർ 26 ന് പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ വച്ച് പരിശുദ്ധ കുർബാന സ്വീകരിച്ചപ്പോഴാണ് തിരുവോസ്തി തിരുശരീരരക്തങ്ങളായി മാറിയത്. പിന്നീടും ഈ അടയാളം ആവർത്തിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ രണ്ടു സംഭവങ്ങൾ നടന്നപ്പോഴും അനേകർ അവയ്ക്ക് ദൃക്സാക്ഷികളുമായിരുന്നു.

Latest Updates

POPULAR Views

FEATUERD Views

പ്രത്യാശയുടെ ജൂബിലി വര്‍ഷം; കാലത്തിന്റെ അനിവാര്യത

ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച 2025ലെ ജൂബിലി വര്‍ഷം, വിശുദ്ധ ഗ്രന്ഥ വിജ്ഞാനീയത്തെയും സമകാലിക ധാര്‍മിക വെല്ലുവിളികളെയും ബന്ധിപ്പിക്കുന്ന സുപ്രധാന നിമിഷമാണ്. കടമിടപാടുകളിലെ നീതി, പരിസ്ഥിതി തകര്‍ച്ച, കുടിയേറ്റം, ദാരിദ്ര്യം, സാമൂഹികഅസമത്വം എന്നിവയുള്‍പ്പെടെ അടിയന്തിരശ്രദ്ധ ആവശ്യമുള്ള ധാര്‍മിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനാല്‍ 2025 ലെ ജൂബിലി കാലത്തിന്റെ അനിവാര്യതയാണ്. സഭയുടെ ഈ പുരാതനപാരമ്പര്യം സമകാലികധാര്‍മിക ആവശ്യകതകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് വിശകലനം ചെയ്തുകൊണ്ട് 2025ലെ ജൂബിലി വര്‍ഷത്തിന്റെ ധാര്‍മിക മാനങ്ങളാണ് ഈ ലേഖനം പരിശോധിക്കുന്നത്.

ദിവ്യകാരുണ്യഅടയാളങ്ങൾ: അർഥവും ലക്ഷ്യവും

ക്രൈസ്തവവജീവിതത്തിന്റെ ഉറവിടവും പാരമ്യവുമായ വിശുദ്ധ കുർബാനയിൽ നിന്നാണ് സഭ ജീവൻ സ്വീകരിക്കുന്നത്....

ഈശോയും വൈദികനും ഒരുപോലെ…

ചെറുപ്രായം മുതല്‌ക്കേ അവനൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഒരു വൈദികനാകണം. വൈദികനാകുന്നതും ഈശോയാകുന്നതും...

സാർവത്രികസഭയുടെ പിതാവും തലവനും സീറോമലബാർസഭയുടെ പിതാവും തലവനും

സീറോമലബാർസഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം മാർ റാഫേൽ തട്ടിൽപിതാവും  മെത്രാന്മാരുടെ...