ഭാരതത്തിലെ ഏഴു സഹോദരിമാർ എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ത്രിപുര, മിസോറാം, ആസാം എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രേഷിത വിളനിലമാണ് സിൽച്ചാർ സീറോമലബാർ കാത്തലിക് മിഷൻ. ഷംഷാബാദ് രൂപതയുടെ ഭാഗമായി പ്രേഷിതപ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള മാർ റാഫേൽ തട്ടിൽപിതാവിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട രൂപത നടത്തിയ രണ്ടാം പ്രേഷിത ദൗത്യമാണ് സിൽച്ചാർ മിഷൻ. (ഒന്നാം പ്രേഷിതയാത്ര ചെന്നൈ മിഷൻ- ഹൊസൂർ രൂപത).
2019 ഓഗസ്റ്റ് പതിമൂന്നിന് മിഷൻ കോ ഓർഡിനേറ്റർ ഫാ. ടൈറ്റസ് കാട്ടുപറമ്പിലിന്റെ നേതൃത്വത്തിൽ ഫാ. ജോഫിൻ കാപ്പിൽ, ഫാ. ഫ്രാൻസൺ തന്നാടൻ എന്നിവർ സഭയുടെ പ്രേഷിത ദൗത്യവുമായി ത്രിപുരയിലെത്തി. 2019 ഓഗസ്റ്റ് 15ന് ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിതമായ പ്രഥമഭവനം അഗർത്തലയ്ക്കടുത്തുള്ള ഗോത്രവർഗ്ഗ ഭരണസിരാകേന്ദ്രമായ കുമുളുങ്ങിൽ ഇരിങ്ങാലക്കുട രൂപത വികാരിജനറാൾ മോൺ. ജോയ് പാല്യേക്കര ആശീർവദിച്ചതോടെ സിൽച്ചാർ മിഷൻപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കപ്പെടുകയായിരുന്നു.
ത്രിപുരയിലെ എട്ടുജില്ലകളും മിസോറോമിലെ 11 ജില്ലകളും ആസാമിലെ മൂന്നുജില്ലകളും ചേർന്ന വിസ്തൃതമായ പ്രദേശത്ത് ഇരിങ്ങാലക്കുടയിൽ നിന്നുള്ള ആറു വൈദികരുടെയും 24 സിസ്റ്റേഴ്സിന്റെയും ആറു കാറ്റിക്കിസ്റ്റുകളുടെയും നേതൃത്വത്തിൽ ആറു പ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രേഷിതപ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹായാണ് സിൽച്ചാർ മിഷന്റെ മധ്യസ്ഥൻ.
സേക്രട്ട് ഹാർട്ട് കുമുളുങ് മിഷൻ സ്റ്റേഷൻ, സെന്റ് ജോസഫ് കൊവായ് ,ഇൻഫന്റ് ജീസസ് മനുഗട്ട്,സെന്റ് തോമസ് മോഹൻപൂർ, സെന്റ് മേരീസ് ചമ്പക് നഗർ, ക്രിസ്തുരാജ് ജെബൂയിജ്വാല എന്നീ മിഷൻ സ്റ്റേഷനുകളുടെ കീഴിൽ 33 ഗ്രാമങ്ങളിലായി 1300 ഓളം സീറോ മലബാർ വിശ്വാസികളാണ് ഇവിടെയുള്ളത്. വിശുദ്ധ കുർബാനയിൽ അധിഷ്ഠിതമായ കുടുംബകേന്ദ്രീകൃത പ്രേഷിതപ്രവർത്തനമാണ് ഇവിടെ കാഴ്ച വയ്ക്കുന്നത്. ഏകലോകരക്ഷകനായ യേശുവിനെ അറിയാത്ത 23 ഗോത്രവർഗ്ഗക്കാരുടെ ഇടയിലാണ് മിഷനറിമാർ സേവനം ചെയ്യുന്നത്.
മണ്ണുകൊണ്ടും ടിൻഷീറ്റുകൊണ്ടും മുളകൊണ്ടുമുള്ള വീടുകൾ. അനുദിനജീവിതത്തിനുളള ഭക്ഷണം പോലും കിട്ടാനില്ലാത്തവർ. എന്നിട്ടും ക്രിസ്തുവിനെ അറിയാൻഇവർ കാണിക്കുന്ന ഉത്സാഹം അതിശയകരമാണ്.സുവിശേഷാധിഷ്ഠിതപ്രവർത്തനങ്ങൾക്കൊപ്പം ദേവാലയം, വിദ്യാലയം, ആതുരാലയം എന്നിവ കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങളും നടത്തിവരുന്നു. (SAY programme (SHIKSHA ANDOLAN YOJANA) Non Formal Education, Mobile Pali ative Care,Village visit പ്രാർത്ഥനാക്കൂട്ടായ്മകൾ എന്നിവയിലൂടെയും ദൈവസ്നേഹം പകർന്നുനല്കുന്നു.
കോക്ക് ബെറോക്കാണ് ഇവരുടെ ഭാഷ. ഈ ഭാഷയിൽ സീറോ മലബാർ കുർബാന തക്സ തർജമ ചെയ്ത് തയ്യാറാക്കി ആ രീതിയിലാണ് ഇവിടെ ബലിയർപ്പണങ്ങൾ നടത്തുന്നത്. അതുപോലെ സീറോ മലബാർ സഭയുടെ പ്രാർത്ഥനകളും ഗോത്രവർഗ്ഗഭാഷയിലേക്ക് തർജ്ജമ ചെയ്ത് ഉപയോഗിക്കുന്നുണ്ട്. അതുവഴി ഓരോ കുടുംബത്തിലും പ്രാർത്ഥനയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ വഴിയൊരുക്കുന്നു. കുടുംബ അൾത്താര നുക്കും തങ്ങ്സ ഒരുക്കാൻ എല്ലാ കുടുംബങ്ങളെയും സഹായിക്കുന്നുമുണ്ട്. ഇതിനായി നുക്കുംതങ്ങ്സ (കുടുംബക്കൂട്ടായ്മ) ഭുമ തങ്ങ്സ ( മാതൃസംഘം) സുവാരി തങ്ങ്സ ( മാലാഖക്കൂട്ടം) വിശ്വാസപരിശീലനം BOAT ( Basic orientation and Training For Preachers and Leaders ) എന്നിവയിലൂടെ തുടക്കത്തിന്റേതായ പരിമിതികളിലൂടെ ദൈവാനുഭവത്തിലേക്ക് നയിക്കാൻ ഈ ഗോത്രവിഭാഗത്തെ സഹായിക്കുന്നു. മുപ്പതോളം ഗ്രാമങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ മിഷൻ മേഖലകളെ നയിക്കുന്നത് വൈദികരും സന്യസ്തരും അല്മായ പ്രേഷിതരായ കാറ്റിക്കിസ്റ്റുകളും ചേർന്നുളള ഒരു ടീമാണ്.
വൈദികർക്കു പുറമെ ആറു മിഷൻ പ്രദേശങ്ങളിലായി അഞ്ചു സന്യാസിനി സമൂഹങ്ങളും സിഎംസി ഉദയ പ്രോവിൻസ്, എഫ്സിസി അൽവേർണിയ പ്രോവിൻസ്, ഹോളിഫാമിലി പാവനാത്മപ്രോവിൻസ്,ചാരിറ്റി മരിയൻ പ്രോവിൻസ് സമരിറ്റൻ സ്നേഹാറാം പ്രോവിൻസിൽ നിന്നുള്ള 24 സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങളും സിൽച്ചർ മിഷന് അനുഗ്രഹദായകമാണ്.
സിൽച്ചാർ മിഷനിൽ കത്തോലിക്കാവിശ്വാസസമൂഹങ്ങൾ രൂപപ്പെട്ടിട്ടുള്ള 33 വില്ലേജുകളിലെ 17ഗ്രാമങ്ങളിലും പത്തുലക്ഷം രൂപ ചെലവിൽ ദേവാലയങ്ങൾ നിർമ്മിക്കാൻ ഇടവകകളും കുടുംബക്കൂട്ടായ്മകളും കുടുംബങ്ങളും വ്യക്തികളും കടന്നുവന്നു എന്നത് സീറോമലബാർ സഭയുടെ പ്രേഷിതചൈതന്യത്തിന്റെ അടയാളങ്ങളാണ്. മിഷൻഗ്രാമത്തിന് കാതലായ കരുതലാവുക എന്നതാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
സാമ്പത്തികമായ പങ്കുവയ്ക്കലിനൊപ്പം തന്നെ പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന, നാടും വീടും വിട്ട് വിദൂരങ്ങളിലായിരിക്കുന്ന നമ്മുടെ സഹോദരമിഷനറിമാർക്കുവേണ്ടി കൂടുതലായി പ്രാർത്ഥിക്കാൻ നമുക്കോരോരുത്തർക്കും കടമയുണ്ടെന്ന കാര്യവും ഓർമ്മിപ്പിച്ചുകൊള്ളട്ടെ. ത്യാഗപൂർവ്വം പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും.
ഫാ. ടൈറ്റസ് കാട്ടുപറമ്പിൽ


