മാതാവിന്റെ തിടുക്കവും നമ്മുടെ പ്രേഷിതശിഷ്യത്വവും

Published on

കടലിലൂടെയാണ് യാത്ര.അതും ഒരു സാധാരണ ബോട്ടിൽ. 1996-97 വർഷം. ഫിലിപ്പൈൻസ് മിന്ദനാവ് പ്രവിശ്യയിൽ Euntes Asian Centre ൽ ചേർന്ന് പൂർത്തിയാക്കിയ പ്രേഷിതശാസ്ത്ര (Missiology) ഡിപ്ലോമ കോഴ്സിന്റെ ഭാഗമായുണ്ടായിരുന്ന ‘ എക്സ്പോഷർ’ പരിപാടി കഴിഞ്ഞ് തിരികെ വരുകയാണ്. 700 ദ്വീപുകൾ ചേർന്ന രാജ്യത്തിലെ ഒരു ദ്വീപിലെ ഒരു പാവപ്പെട്ട വീട്ടിലായിരുന്നു ഞാൻ ഒരു മാസക്കാലം ‘ എക്സ്പോഷർ’ പ്രോഗ്രാമിൽ. ബോട്ട് നീങ്ങിത്തുടങ്ങിയതും കടൽ അസാധാരണമാംവിധം പ്രക്ഷുബ്ധമായി. രണ്ടുമാസങ്ങൾ കൂടി കഴിയുമ്പോൾ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും കാണുവാനുള്ള തീവ്രആഗ്രഹത്തിൽ ദിവസങ്ങൾ എണ്ണിക്കഴിയുന്ന സമയം കടൽയാത്രയിൽ തന്നെ ജീവിതം അവസാനിക്കുമോയെന്ന ആശങ്ക മനസ്സിൽ കടന്നുകയറിയെങ്കിലും അതിനെ കവച്ചുവയ്ക്കുന്ന പ്രത്യാശ ഭയത്തെ നിസാരമാക്കി. കടൽ പരിചയമുള്ള ദേശവാസികളുടെ മുഖത്തുപോലും ആശങ്ക പടർന്നിരുന്നു. പ്രാർഥന, സങ്കേതമായി. 1988 ൽ സ്വന്തം ഇടവകയിൽ വിശ്വാസപരിശീലനത്തിന്റെ പ്രഥമാധ്യാപകൻ ആയപ്പോൾ അന്നത്തെ ബഹു. വികാരിയച്ചന്റെ അനുവാദത്തോടെ വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾക്ക് പൊതുവിൽ ചില സുകൃതജപങ്ങൾ ചൊല്ലിക്കൊടുക്കാറുണ്ടായിരുന്നത് പെട്ടെന്ന് ഓർമയിലെത്തി. അതനുസരിച്ചു പ്രാർഥിച്ചുതുടങ്ങി.

‘എന്റെ കർത്താവേ, എന്റെ ദൈവമേ.. എന്റെ അമ്മേ, എന്റെ ആശ്രയമേ..’ പ്രാർഥനയിൽ സുകൃതജപം ഉരുവിട്ട എന്നെ ശാന്തതയുടെ മയക്കത്തിലേക്കു മാതാവ് നയിക്കുകയായിരുന്നു. അമ്മമടിയിൽ കിടക്കുന്ന സുഖത്തോടെ. എന്നെ ഉണർത്താൻ കടൽ വെള്ളത്തുള്ളികൾ എന്റെ കൺപോളകളിൽ പതിപ്പിച്ചപ്പോൾ ഞാൻ ഉണർന്നു. കടൽ ശാന്തമായിരിക്കുന്നു. എല്ലാവരെയും ഭയപ്പെടുത്തിയ ആ കടൽക്ഷോഭം ശാന്തമാക്കിയത് പരിശുദ്ധ അമ്മയാണെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. കാരണം അത് എന്റെ അനുഭവമാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ അനുഭവങ്ങളെ വിശ്വാസവെളിച്ചത്തിൽ കാണുവാനും അവയുടെ പിന്നിലുള്ള ദൈവികപരിപാലനയെ തിരിച്ചറിയുവാനും കഴിയുന്നത് നമ്മിലുള്ള പ്രേഷിതഭാവത്തെ ശക്തിപ്പെടുത്തും. ഒരു പ്രേഷിതന്റെ സംരക്ഷകയാണ് പരിശുദ്ധ അമ്മയെന്ന ബോധ്യം ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ കരുത്താകും, മുന്നോട്ടുനയിക്കുകയും ചെയ്യും.

പ്രേഷിതശിഷ്യരാകുക

മനുഷ്യരുടെ ഇടയിൽ നിന്നുള്ള ആദ്യപ്രേക്ഷിതയും സകലപ്രേഷിതരുടെ മാതാവുമാണ് പരിശുദ്ധ അമ്മ. ഗബ്രിയേൽ മാലാഖയുടെ അരുളുപ്പാട് ലഭിച്ച കന്യക, തന്നെ വിസ്മയിപ്പിച്ച സന്ദേശത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ചു ചിന്തിക്കാതെ ഏലീശ്വാപുണ്യവതിക്കും അവളുടെ ഉദരത്തിലുള്ള ശിശുവിനും ഈശോയുടെ സാമീപ്യം കൊടുക്കുവാൻ ‘തിടുക്കത്തിൽ’ പോയി. അമ്മയുടെ ഈ തിടുക്കത്തിന്റെ മാതൃക ഓരോ പ്രേഷിതശിഷ്യന്റെയും (Missionary Disciple)  പാഠശാലയും ഊർജവുമാണ്. ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുന്നതുപോലെ നമ്മൾ പ്രേക്ഷിതരോ ശിഷ്യരോ എന്ന വേറിട്ട സമീപനത്തെക്കാൾ ഉത്തമം നമ്മൾ ‘പ്രേക്ഷിതശിഷ്യരാകുക’ യെന്നതാണ്. (സുവിശേഷത്തിന്റെ ആനന്ദം,120) പരിശുദ്ധാത്മശക്തിയുടെ നിറവിനാൽ (ലൂക്കാ 1:35) അമ്മ തിടുക്കത്തിന്റെ പൂർണതയിലേക്കു വളർന്നു. ഈ പൂർണതയിൽ നിറയുവാൻ തക്ക ഒരുക്കവും വിശുദ്ധിയും പരി. കന്യകാമാതാവിനുണ്ടായിരുന്നു. ഒരുക്കത്തിന്റെയും വിശുദ്ധിയുടെയും തോതനുസരിച്ചു പൂർണതയുടെ പാതയിൽ, മാതാവിന്റെ പിന്നാലെ നമുക്കും വളരുവാൻ കഴിയുന്നു. ഇതുതന്നെയാണ് പരിശുദ്ധ അമ്മയുടെ ആഗ്രഹവും പ്രാർഥനയും.

വിളിയും ദൗത്യവും തമ്മിലുള്ള ചേർച്ച

മാതാവിന് ലഭിച്ച വിളിയും ദൗത്യനിർവഹണവും തമ്മിൽ ലേശം പോലും വിടവില്ലായിരുന്നു. വിളി ലഭിച്ചയുടനെ അവൾ ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പ്രത്യുത്തരിച്ചു. അടുത്ത ദിവസങ്ങളിൽതന്നെ ഈശോയെ കൊടുക്കുവാനുള്ള ദൗത്യവുമായി അവൾ പുറപ്പെട്ടു. വിളിയും ദൗത്യവും നിർവഹണവും വിടവില്ലാതെ സംഭവിച്ചതിനു കാരണം, മാതാവിന് മുൻഗണന ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. അവിഭക്ത ശ്രദ്ധ ഒന്നിൽ മാത്രമാകുമ്പോൾ പിഴയ്ക്കാത്ത തിടുക്കം സ്വഭാവികമാകുന്നു. ഇന്ന് നമ്മുടെ പ്രേക്ഷിതപ്രതിസന്ധിക്കും ദൗത്യനിർവഹണത്തിലുള്ള മങ്ങലിനും കാരണം നമ്മൾ പലവിധ കാര്യങ്ങളിൽ വ്യഗ്രതയുള്ളവരായിപ്പോകുന്നതുകൊണ്ടല്ലേ? പ്രഘോഷണം, സാക്ഷ്യം ഇപ്പോൾ വേണ്ട പിന്നീട് ആകാം എന്ന നിസ്സംഗത സഭാഗാത്രത്തെ ബാധിക്കുന്നുണ്ടോ? നമ്മുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ഇടവകകളിലും മുൻഗണന വിട്ടുപോകുന്നത് സഭാത്മകതയെയും പ്രേഷിതത്വത്തെയും ബാധിക്കുന്നു. ഈ പ്രതിസന്ധിയിൽ നമ്മുടെ ‘ തിടുക്കത്തിന്റെ പാഠശാല’ യിൽ നമുക്ക് ആത്മീയമായി ചേരാം.

സോദരകാര്യങ്ങൾക്കായ് കർതൃഇടപെടൽ ആവശ്യപ്പെടാനുള്ള പ്രേഷിതസ്വാതന്ത്ര്യം

പ്രേഷിതന്റെ കരുത്തു കർത്താവിന്റെ സാമീപ്യബോധ്യമാണ്. വിളിപ്പുറത്തു കർത്താവുണ്ടെന്ന സൗഭാഗ്യം ജീവിക്കുവാൻ കഴിയുന്ന ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് സഭാമക്കൾ. മാനുഷികമായ ഭയത്തിന്റെ നിരാശയും കോപത്തിന്റെ നിഴലും തമ്മിൽ പൊടുന്നനെ പതിയുമ്പോൾ ‘ നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയെ’ (എഫേ 3:20) കുറിച്ചുള്ള തിരിച്ചറിവ് കരുത്താകണം. അവർക്കു വീഞ്ഞുതീർന്നപ്പോൾ ആ സമയത്തെ മാനുഷിക അത്യാവശ്യത്തിന് പരിഹാരമാകുവാൻ മാതാവ് തിടുക്കത്തിൽ ഇടപെട്ടു. കർത്താവിനോട് നടത്തിയ അപേക്ഷയും( യോഹ 2:3) അവിടുത്തെ ഇടപെടലും ഈ പ്രേഷിത സ്വാതന്ത്ര്യഫലമാണ്. അമ്മയിൽ വിളങ്ങിയ ഈ സ്വാതന്ത്ര്യം നമ്മുടെ പ്രാർഥനാഭിമുഖ്യത്തെയും കൂട്ടായ്മബോധത്തെയും വളർത്തുന്നു. നമ്മൾ ഈശോയുടെ പ്രേഷിതശിഷ്യരായി പ്രയാണം ചെയ്യും.

എത്ര സഹിച്ചാലും വിട്ടുപോകാത്ത ഉദ്യുക്തവിശ്വാസം

എല്ലാവരും വിട്ടുപോയപ്പോൾ സ്വന്തം മകന്റെ വേർപാടിൽ വേദനയുടെയും അപമാനത്തിന്റെയും തീവ്രദു:ഖത്തിൽ വിട്ടുമാറാത്ത വിശ്വാസത്തോടെ കുരിശിൻചുവട്ടിൽ നിന്ന അമ്മ പ്രേഷിതശിഷ്യർക്കു വിശ്വാസത്തിന്റെ മാതൃകയാണ്. സഭയെയും മിശിഹായെയും തള്ളിപ്പറയുവാൻ തോന്നുംവിധം സങ്കടങ്ങൾ, തഴച്ചിലുകൾ, വേദനകൾ സഭാഗാത്രത്തിൽ നിന്നുതന്നെ ഉണ്ടാകുമ്പോൾ ഈശോയെ പ്രതി ഉത്സാഹത്തോടെ ദൗത്യത്തിൽ വിശ്വസ്തരായിരിക്കുവാൻ കഴിയണമെങ്കിൽ പരിശുദ്ധാത്മകൃപ തന്നെവേണം. വിട്ടുമാറാനാകാത്ത ഉത്സാഹഭരിതമായ വിശ്വാസം വേണം. ഇത്തരം വേദനകൾ ലഭിക്കുന്നില്ലെങ്കിൽ നമ്മൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമല്ലായെന്ന് ഈശോ പഠിപ്പിക്കുന്നു.(മത്താ 5:2-12)

ശ്ലീഹന്മാരുടെ രാജ്ഞി, പ്രേഷിതരാജ്ഞി

കുരിശിൻചുവട്ടിൽ നിന്നും മാറാതെ നിന്നതുപോലെ അമ്മ സദാ, ഈശോ ദൗത്യം ഏൽപ്പിച്ച ശ്ലീഹന്മാരോടൊപ്പമായിരുന്നു.” ഇവർ ഏകമനസ്സോടെ ഈശോയുടെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടുമൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു” (അപ്പ. പ്രവ 1:14) . മൂലക്കല്ലായ ഈശോയോടൊപ്പം സഭയുടെ സഹശിലകളാക്കുവാൻ ശ്ലീഹന്മാരെ അമ്മ സാന്നിധ്യം കൊണ്ടും പ്രാർഥനകൊണ്ടും മാർഗനിർദ്ദേശങ്ങൾകൊണ്ടും ഒരുക്കി. അവൾ ശ്ലീഹന്മാരുടെ രാജ്ഞിയായി പരിലസിക്കുന്നു. സുവിശേഷത്തിനായ് അയ്ക്കപ്പെട്ട പ്രേഷിതശിഷ്യർക്കു അമ്മ രാജ്ഞിയും സങ്കേതവും ബലവുമാണ്. വി.കുർബാനയും പരി.രാജ്ഞിയുമാകുന്ന നങ്കൂരങ്ങളിൽ സഭയെ ഉറപ്പിച്ചുനിർത്തിയിരിക്കുന്നു. ‘കർത്താവിലേക്ക് സഭയെ സുരക്ഷിതമായി നയിക്കുന്ന നക്ഷത്രമായി’ പ്രേഷിതരാജ്ഞി സഭയുടെ സംരക്ഷകയാകുന്നു.

ഉപസംഹാരം
ഓരോ ക്രൈസ്തവന്റെയും ഉറപ്പുള്ള മധ്യസ്ഥയാണ് പരിശുദ്ധ അമ്മ. അമ്മയുടെ പ്രാർഥന പിതാവിങ്കലേക്കുള്ള വഴിയായ ഏകമധ്യസ്ഥനായ ഈശോയോടാണ്. ഓരോ പ്രേഷിതശിഷ്യനും മരിയഭക്തനായിരിക്കണമെന്നുള്ളത് വിശ്വാസത്തിന്റെ സ്വഭാവികതയാണ്. അതുവഴി അമ്മയെപോലെ ഈശോയുടെ പ്രേഷിതശിഷ്യരായി നമ്മുടെ ജീവിതസാഹചര്യങ്ങളിലും ബന്ധങ്ങളിലും ഈശോയുടെ സുവിശേഷമാകുവാൻ നമുക്കു കഴിയട്ടെ. ഇതിനായി നമുക്ക് പ്രേഷിതരാജ്ഞിയോട് പ്രാർഥിക്കാം.

ഡോ. പി.സി അനിയൻകുഞ്ഞ്

Latest Updates

POPULAR Views

FEATUERD Views

വിശ്വാസത്തിൽ വേരൂന്നിയ പ്രേഷിതദൗത്യം

ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന പ്രദേശത്ത് പ്രത്യാശയുടെയും പരിവർത്തനത്തിന്റെയും ദീപം തെളിക്കുകയാണ്...

അറേബ്യൻ പെനിൻസുലയിലെ സതേൺ വികാരിയേറ്റിൽ മേജർആർച്ചുബിഷപ്പിന്റെ ഔദ്യോഗിക സന്ദർശനം.

സീറോമലബാർസഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽതട്ടിൽ 2024 നവംബർ 25 മുതൽ ഡിസംബർ...

EPARCHY OF FARIDABAD -DELHI- PUNJAB MISSION

Punjab mission of the eparchy of Faridabad is one...

CHRIST’S LIGHT SHINES ON HILLS

You are the light of the world. A Ctiy...

SANTA MARIA SYRO-MALABAR CATHOLIC MISSION IN ARUNACHAL PRADESH

The Diocese of Shamshabad Entrusted the Syro Malabar Catholic...

Reflections on the India Mission in Odisha

We (Tonia, Joel, Jesvin, Hilda, Fr Anish and I),...

Mission Mandate is for all the Baptized

Following the Mission Mandate given by our Lord Jesus...

Mission in Odisha

The Syro-Malabar Mission in Odisha, India, serves a significant...

മിഷൻപ്രവർത്തനത്തിന്റെ മായാത്ത മുദ്രകൾ

നല്ല സമരിയാക്കാരന്റെ തീക്ഷ്ണതയും ആദർശവും ജീവിതത്തിൽ കാത്തുസൂക്ഷിച്ച പാലാ രൂപതയിലെ പുണ്യശ്ലോകനായ...

ഗോത്രഭാഷയിൽ ഉയർന്നുകേൾക്കുന്ന സീറോമലബാർകുർബാന

ഭാരതത്തിലെ ഏഴു സഹോദരിമാർ എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ത്രിപുര, മിസോറാം,...

ദൈവഹിതത്തിനു കീഴ്‌പ്പെട്ട്…

ദൈവവചനത്തിന്റെ അകക്കാമ്പു മനസ്സിലാക്കി അതനുസരിച്ചു ലോകത്തെയും മനുഷ്യരെയും സേവിച്ചും സ്‌നേഹിച്ചും ഭൂമിയിൽ ദൈവരാജ്യസ്ഥാപനത്തിന്റെ സഹകാരികളാകാൻ സന്നദ്ധരായി മുന്നോട്ടുവരുന്നതിന്റെ സൂചകങ്ങളാണ് ഈ ലോകത്തിലുള്ള എല്ലാ സന്യാസസമൂഹങ്ങളും.