കര്‍ത്താവിങ്കലേക്ക് തിരിയാം ബലിയര്‍പ്പണത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടവ...!

സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള  വിശ്വാസികള്‍ക്ക് പരിശുദ്ധ കുര്‍ബാനയുടെ നവീകരിക്കപ്പെട്ട  ക്രമത്തെക്കുറിച്ചുള്ള ചില സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ലിറ്റര്‍ജി കമ്മീഷന്‍റെ ചെയര്‍മാനും കല്യാണ്‍ രൂപതയുടെ ബിഷപ്പുമായ  മാര്‍ തോമസ് ഇലവനാല്‍ പിതാവുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും.

കര്‍ത്താവിങ്കലേക്ക് തിരിയാം ബലിയര്‍പ്പണത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടവ...!

  നവീകരിക്കപ്പെട്ട കുര്‍ബാനക്രമത്തെകുറിച്ച് പിതാവ് പൊതുവായിട്ട് എന്താണ് പറയുന്നത്?
1989-ല്‍ റോമില്‍ നിന്ന് അംഗീകരിച്ചു നല്‍കിയ കുര്‍ബാന തക്സയാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ വീണ്ടും നവീകരിച്ച് പ്രസിദ്ധീകരിക്കുന്നത്. നവീകരിക്കുന്നതിനായി എല്ലാ രൂപതകളുടേയും പ്രതിനിധികളടങ്ങിയ Central Liturgical Committeeയിലും മെത്രാന്മാരുടെ സിനഡിലും ചര്‍ച്ചകള്‍ നടത്തി വേണ്ട ഭേദഗതികള്‍ വരുത്തി സിനഡിന്‍റെ പൊതുവായ അംഗീകാരത്തോടെ കുര്‍ബാന തക്സ റോമിലേക്കയച്ചു. നവീകരിച്ച റാസ തക്സക്ക് പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരം ലഭിക്കുകയുണ്ടായി. 

   Uniform mode of Celebration of Holy Qurbana എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
1999-ല്‍ സിനഡ് പിതാക്കന്മാര്‍, കുര്‍ബാനാര്‍പ്പണരീതിയില്‍ ഐക്യം ഉണ്ടാകണമെന്നാഗ്രഹിച്ച്, ഒരു തീരുമാനമെടുത്തു. വചനശുശ്രൂഷാഭാഗം ജനാഭിമുഖമായും അര്‍പ്പണശുശ്രൂഷ, അഥവാ കൂദാശാഭാഗം, അള്‍ത്താരാഭിമുഖമായും, വി. കുര്‍ബാനാസ്വീകരണത്തിനുശേഷം വീണ്ടും ജനാഭിമുഖമായും കുര്‍ബാന അര്‍പ്പിക്കണമെന്നാണ് തീരുമാനിച്ചത്. ഇതാണ് uniform mode of celebration of the Holy Qurbana എന്നതുകൊണ്ടര്‍ത്ഥ മാക്കുന്നത്. എന്നാല്‍ എല്ലാ രൂപതകളിലും ആ തീരുമാനം നടപ്പിലാക്കപ്പെട്ടില്ല. ഇപ്പോള്‍ നവീകരിച്ച കുര്‍ബാനക്രമം പ്രാബല്യത്തില്‍ വരുന്നതോടെ സീറോമലബാര്‍ സഭയില്‍ കൂടുതല്‍ ഐക്യം ഉളവാകാനുള്ള ഒരു സുവര്‍ണ്ണാവസരം നമുക്ക് കൈവന്നിരിക്കുകയാണ്. 1999 ലെ തീരുമാനമനുസരിച്ച് വി. കുര്‍ബാന അര്‍പ്പിക്കണമെന്ന് പരിശുദ്ധ പിതാവുതന്നെ നമ്മോടാവശ്യപ്പെട്ടിരിക്കുകയാണല്ലൊ.  പരിശുദ്ധ പിതാവ് പറയുന്നതിപ്രകാരമാണ്. "I exhort all the clergy, religious and lay faithful to proceed to a prompt implementation of the uniform mode of celebration of the Holy Qurbana" സിനഡംഗീകരിച്ച uniform mode of celebration ഉടനെ നടപ്പാക്കണമെന്നാണ് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നത്. ഇതിന്‍റെ ഫലമായി, ഏറെനാളായി ദൈവജനം മുഴുവന്‍ ആഗ്രഹിക്കുന്ന ഐക്യം സംജാതമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്; അത് സംജാതമാകട്ടെ.

   കുര്‍ബാനയുടെ രണ്ടാം ഭാഗം അള്‍ത്താരാഭിമുഖമായി അര്‍പ്പിക്കുന്നതിന്‍റെ ദൈവശാസ്ത്രപരമായ കാരണങ്ങള്‍ എന്തൊക്കെയാണ്?
സിനഡിന്‍റെ തീരുമാനമനുസരിച്ച്, കുര്‍ബാനയുടെ ആദ്യ ഭാഗമായ വചനശുശ്രൂഷ ജനാഭിമുഖമായി, ബേമ്മ അഥവാ വചനവേദിയിലാണ് നടത്തപ്പെടുന്നത്. വചനശുശ്രൂഷയില്‍ പ്രധാനമായും കര്‍ത്താവിന്‍റെ പരസ്യജീവിതമാണല്ലൊ നമ്മള്‍ അനുസ്മരിക്കുന്നത്. അതുകൊണ്ടാണ് വചനശുശ്രൂഷ ജനാഭിമുഖമായി അഥവാ ജനങ്ങളുടെ മദ്ധ്യേ നടത്തപ്പെടുന്നത്.
ഈ വചനശുശ്രൂഷ, കൂദാശാഭാഗം ആരംഭിക്കുന്നതിനു മുമ്പുള്ള ആത്മീയ ഒരുക്കമായും മനസ്സിലാക്കാം. 'കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസാക്ഷിയോടും കൂടെ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള' കൃപ യാചിച്ചുകൊണ്ട് മൂന്നുപ്രാവശ്യം കുമ്പിട്ടാചാരം ചെയ്തശേഷമാണ് കാര്‍മ്മികന്‍ ബലിപീഠത്തെ സമീപിക്കുന്നത്. കൂദാശാഭാഗത്ത് കാര്‍മ്മികനും സമൂഹത്തോടൊപ്പം കര്‍ത്താവിന്‍റെ പക്കലേക്ക് തിരിയുന്നു. ആദിമനൂറ്റാണ്ടു തുടങ്ങി, സഭാപാരമ്പര്യമനുസരിച്ച്, കിഴക്കോട്ട് തിരിഞ്ഞ് പ്രാര്‍ത്ഥിക്കുന്ന പതിവാണുണ്ടായിരുന്നത്. കിഴക്കിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബൈബിളില്‍ ധാരാളം സൂചനകള്‍ കാണാം. കര്‍ത്താവിന്‍റെ മഹത്വ പൂര്‍ണ്ണമായ ആഗമനം കിഴക്കുനിന്നാണെന്ന് വിശ്വസിച്ചിരുന്നു. 'കിഴക്കുനിന്ന് പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍ പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്‍റെ ആഗമനം' എന്ന് വി. മത്തായിയുടെ സുവിശേഷം 24:27 ല്‍ നമ്മള്‍ വായിക്കുന്നു.
3-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ‘Didascalia Apostolorumʼ എന്ന ഗ്രന്ഥത്തില്‍ കിഴക്കോട്ടു തിരിഞ്ഞ് പ്രാര്‍ഥിക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കിഴക്കോട്ട് തിരിഞ്ഞ് പ്രാര്‍ത്ഥിക്കുന്ന പാരമ്പര്യം ശ്ലീഹന്മാരില്‍നിന്ന് ലഭിച്ചതാണ് എന്നാണ് വി. ജോണ്‍ ഡമഷീന്‍ പ്രസ്താവിക്കുന്നത്. കിഴക്കോട്ട് തിരിയുക എന്നാല്‍ കര്‍ത്താവിങ്കലേക്ക് തിരിയുക എന്നാണര്‍ത്ഥം. കിഴക്കോട്ടു തിരിഞ്ഞു കാര്‍മികനും സമൂഹവും പ്രാര്‍ത്ഥിക്കുന്നവിധത്തിലാണ് പിന്നീട് ദൈവാലയങ്ങള്‍ പണിയപ്പെട്ടത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ പാശ്ചാത്യ സഭയിലും പൗരസ്ത്യസഭകളിലും കാര്‍മികനും സമൂഹവും അള്‍ത്താരയിലേക്ക് തിരിഞ്ഞ് ബലിയര്‍പ്പിക്കുന്ന പതിവാണുണ്ടായിരുന്നത്. Benedict പതിനാറാമന്‍ മാര്‍പാപ്പ ‘The Spirit of the Liturgy’ 'ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ പഠിപ്പിക്കുന്നുണ്ട്, കാര്‍മ്മികന്‍ ദൈവജനത്തിന്‍റെ പ്രതിനിധിയെന്ന നിലയില്‍ സമൂഹത്തോടൊപ്പം കര്‍ത്താവിങ്കലേക്ക് തിരിഞ്ഞാണ് ബലി അര്‍പ്പിക്കേണ്ടതെന്ന്. എന്നാല്‍ സമാധാനം ആശംസിക്കുമ്പോഴും സമൂഹത്തിന്‍റെ പ്രാര്‍ത്ഥന യാചിക്കുമ്പോഴും കാര്‍മികന്‍ സമൂഹത്തിന്‍റെ പക്കലേക്ക് തിരിയുന്നുണ്ട്.
പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ലിറ്റര്‍ജിക്ക് നല്‍കിയിരിക്കുന്ന നിര്‍വചനം ഇപ്രകാരമാണ്: 'ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭ, ശിരസ്സായ ക്രിസ്തുവിനോടു ചേര്‍ന്ന് പിതാവായ ദൈവത്തിനര്‍പ്പിക്കുന്ന ആരാധനയാണ് ലിറ്റര്‍ജി'. അതുകൊണ്ട് സഭയുടെ പ്രതിനിധിയായി നില്‍ക്കുന്ന കാര്‍മ്മികനും സമൂഹത്തോടൊപ്പം കര്‍ത്താവിന്‍റെ പക്കലേക്ക് തിരിഞ്ഞാണ് ഈ ആരാധന നടത്തേണ്ടത് അഥവാ ബലി അര്‍പ്പിക്കേണ്ടത്.
അതുപോലെ, സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന തീര്‍ത്ഥാടക സമൂഹമാണല്ലോ തിരുസഭ. സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകമാണ് മദ്ബഹ അഥവാ Sanctuary. കാര്‍മ്മികനും സമൂഹവും അള്‍ത്താരയിലേക്ക് തിരിഞ്ഞു നില്‍ക്കുന്നത് ഈ സ്വര്‍ഗ്ഗോന്മുഖത കൂടുതല്‍ വ്യക്തമാക്കാന്‍ ഏറെ സഹായിക്കുന്നു. കൂടാതെ, നമ്മുടെ കുര്‍ബാന സ്വര്‍ഗ്ഗീയാരാധനയിലുള്ള നമ്മുടെ പങ്കാളിത്തമാണ്. സ്വര്‍ഗ്ഗീയഗണങ്ങളോടൊപ്പമാണ് നമ്മള്‍ ദൈവാരാധനയില്‍ പങ്കുകാരാകുന്നത്. ഈ സ്വര്‍ഗ്ഗീയഗണങ്ങളോടുകൂടെ ഞങ്ങളങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുന്നു എന്നാണല്ലോ കുര്‍ബാനയില്‍ മൂന്നാം പ്രണാമജപത്തില്‍ ചൊല്ലുന്നത്. കാര്‍മ്മികനും സമൂഹവും സ്വര്‍ഗ്ഗത്തിലേക്കു നോക്കി, അള്‍ത്താരയിലേക്കു നോക്കി ബലിയര്‍പ്പിക്കുമ്പോഴാണ് ഈ സ്വര്‍ഗ്ഗീയാനുഭവം നമുക്ക് ലഭിക്കുന്നത്. വചനശുശ്രൂഷയില്‍ കാര്‍മ്മികനാണ് ശ്രദ്ധാകേന്ദ്രമായി കാണപ്പെടുന്നത്. എന്നാല്‍ അര്‍പ്പണശുശ്രൂഷയില്‍ കാര്‍മ്മികന്‍റെ കരങ്ങളിലൂടെ പൂര്‍ത്തിയാക്കപ്പെടുന്ന കര്‍ത്താവിന്‍റെ സമര്‍പ്പണമാണ് കേന്ദ്രമായിരിക്കുന്നത്. ഇങ്ങനെ, ദൈവശാസ്ത്രപരമായ പല കാരണങ്ങളാലാണ് അര്‍പ്പണശുശ്രൂഷ കര്‍ത്താവിന്‍റെ പക്കലേക്ക് തിരിഞ്ഞ് പരികര്‍മ്മം ചെയ്യണം എന്ന് സഭ പഠിപ്പിക്കുന്നത്.

    കര്‍ത്താവ് അന്ത്യത്താഴവേളയില്‍ വി. കുര്‍ബാന സ്ഥാപിച്ചപ്പോള്‍ ശിഷ്യന്മാരുടെ പക്കലേക്ക് തിരിഞ്ഞാണ് നിന്നിരുന്നതെന്നും, അപ്രകാരമല്ലേ ബലിയര്‍പ്പിക്കേണ്ടത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്?
ഇതു മനസ്സിലാക്കാന്‍ പഴയനിയമ യഹൂദപാരമ്പര്യം നമ്മള്‍ ഓര്‍ക്കണം. യഹൂദപാരമ്പര്യമനുസരിച്ച് അവര്‍ ജറു സലേമിലേക്കു നോക്കി, ദൈവസാന്നിദ്ധ്യമുള്ളിടത്തേക്ക് നോക്കി, പ്രാര്‍ത്ഥിക്കുന്ന പതിവാണുണ്ടായിരുന്നത്. ദാനിയേലിന്‍റെ പുസ്തകം 6-ാം അദ്ധ്യായം 10-ാം വാക്യത്തില്‍, ദാനിയേല്‍, ഭവനത്തില്‍ - ജറുസലേമിലേക്കു തുറന്നു കിടന്ന ജനാലയുടെ പക്കല്‍ ചെന്ന് ജറുസലേമിനെ നോക്കി പ്രാര്‍ത്ഥിക്കുന്നു എന്ന് കാണാം.
പെസഹാ ആചാരണവേളയിലും കുടുംബനാഥനും കുടുംബാംഗങ്ങളും ഒരേ ദിശയിലേക്ക്, ജറുസലേമിലേക്കു നോക്കിയാണ് പെസഹാ ആചരിച്ചിരുന്നത്.
അതുപോലെ, കര്‍ത്താവും ശിഷ്യന്മാരും, ഒരേ ദിശയിലേക്കു തിരിഞ്ഞ് സ്വര്‍ഗ്ഗീയ ജറുസലേമിലേക്ക്, അഥവ പിതാവിന്‍റെ പക്കലേക്ക് തിരിഞ്ഞാണ്, ദൈവസ്തുതികളര്‍പ്പിക്കുകയും പുതിയ പെസഹാ ആചരിക്കയും ചെയ്തത്. കര്‍ത്താവിന്‍റെ കുരിശിലെ ബലിയെക്കുറിച്ചും ചിലപ്പോള്‍ പരാമര്‍ശിച്ച് കേള്‍ക്കാറുണ്ട്. കുരിശിലെ ബലിയില്‍ കര്‍ത്താവ് തന്നെത്തന്നെ പിതാവിന്‍റെ കരങ്ങളില്‍ സമര്‍പ്പിച്ചു. അള്‍ത്താരയിലെ ബലിയില്‍ കര്‍ത്താവിന്‍റെ ബലി, കര്‍ത്താവിനോടു ചേര്‍ന്ന്, സഭ പിതാവിനര്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ കാര്‍മ്മികനും ആരാധനാ സമൂഹവും പിതാവിന്‍റെ പക്കലേക്ക് തിരിഞ്ഞാണ് ബലിയര്‍പ്പിക്കുന്നത്.

    സഭയില്‍ ഐക്യത്തിന് ഐകരൂപ്യം വേണ്ട എന്ന് പറയാറുണ്ടല്ലോ? നമ്മുടെ സഭയില്‍ ബലിയര്‍പ്പണം പലവിധത്തില്‍ ആകാമോ?
ദൈവാരാധനയെ സംബന്ധിച്ച് സഭയില്‍ ഐക്യം മതി ഐകരൂപ്യം വേണ്ട, (unity &. uniformity) എന്നു പറയുന്നവരുണ്ട്. പക്ഷെ, വിശ്വാസവും വിശ്വാസത്തിന്‍റെ ആഘോഷമായ ബലിയര്‍പ്പണവും സംബന്ധിച്ച് അടിസ്ഥാനകാര്യങ്ങളില്‍ ഐകരൂപ്യത്തിലൂടെ മാത്രമേ ഐക്യത്തിന് സാക്ഷ്യം നല്കാന്‍ സാധിക്കുകയുള്ളൂ. ഓരോ വ്യക്തിസഭയ്ക്കും ദൈവശാസ്ത്രം, ദൈവാരാധന, ആദ്ധ്യാത്മികത, നിയമസംഹിത എന്നിവയില്‍ അതിന്‍റേതായ തനതാത്മകത ഉണ്ടായിരിക്കണം. ഈ തനതാത്മകത സവിശേഷമായി പ്രകടമാക്കപ്പെടുന്നത് ഓരോ സഭയുടെയും തനതായ ദൈവശാസ്ത്രത്തിലധിഷ്ഠിതമായ ഐക്യരൂപത്തിലുള്ള ആരാധനക്രമത്തിലൂടെയാണ്. അതുകൊണ്ടുതന്നെ പൗരസ്ത്യ കാനന്‍ നിയമം 150-ാം നമ്പറില്‍ പറയുന്നുണ്ട്, ലിറ്റര്‍ജിയെ സംബന്ധിച്ചുള്ള സിനഡ് തീരുമാനങ്ങള്‍ ലോകത്തെല്ലായിടത്തുമുള്ള സഭാംഗങ്ങള്‍ കൃത്യമായും വിശ്വസ്തമായും പാലിക്കാന്‍ കടപ്പെട്ടവരാണെന്ന്.
വി. കുര്‍ബാന ഐക്യത്തിന്‍റെ കൂദാശയാണ്. വി. കുര്‍ബാനയുടെ ആഘോഷത്തിലുള്ള ഐക്യമാണ് സഭയുടെ ഐക്യത്തിന്‍റെ സാക്ഷ്യമായി നിലകൊള്ളുന്നത്. അതുകൊണ്ടാണ് ബലിയര്‍പ്പണത്തെക്കുറിച്ച് uniform mode of celebration നിലൂടെ നമ്മുടെ സഭയില്‍ ഐക്യം ഉളവാക്കണമെന്ന് പരിശുദ്ധ പിതാവും നമ്മോടാവശ്യപ്പെടുന്നത്.
പരിശുദ്ധ പിതാവ് ഇപ്രകാരം പറയുന്നു:  “I exhort all to proceed to a prompt implementation of the uniform mode of celebrating the Holy Qurbana for greater good and unity of your church”. Uniform mode of celebration is the means of fostering unity in the Church എന്നാണ് മാര്‍പാപ്പ വ്യക്തമായി പറയുന്നത്. അതാണ് നമ്മള്‍ പാലിക്കേണ്ടത്.

    ആരാധനക്രമത്തെ സംബന്ധിച്ചും ബലിയര്‍പ്പണ രീതിയെകുറിച്ചും ആരാണ് അന്തിമമായ തീരുമാനം എടുക്കുന്നത്? ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാണോ?
ഒരോ വ്യക്തിസഭയിലും സഭയുടെ തനതായ ദൈവശാസ്ത്രത്തിലൂന്നിയ ദൈവാരാധനക്രമത്തിന് രൂപം കൊടുക്കുകയും നവീകരിക്കയും ചെയ്യാനുള്ള ഉത്തരവാദിത്തം ആ സഭയിലെ മെത്രാന്മാരുടെ സിനഡിനാണ്. സിനഡ് അംഗീകരിച്ച liturgical text ന് പരിശുദ്ധ സിംഹാസനമാണ് അംഗീകാരം നല്‍കുന്നത്. ഇപ്പോഴത്തെ കുര്‍ബാനക്രമത്തെ സംബന്ധിച്ച് പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടൊപ്പം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പതന്നെ വി. കുര്‍ബാനയുടെ അര്‍പ്പണത്തെക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതനുസരിക്കാന്‍ നാമെല്ലാവരും കടപ്പെട്ടവരാണ്.
മാര്‍പാപ്പയാണ് കത്തോലിക്കാവിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം പരമാധികാരി. അതുകൊണ്ട്, മാര്‍പ്പാപ്പ പറയുന്നത് അനുസരിക്കാന്‍ ഓരോ കത്തോലിക്കനും കടമയുണ്ട്. അനുസരിക്കാത്തപക്ഷം മാര്‍പാപ്പയെ സഭയുടെ പിതാവും തലവനുമായി അംഗീകരിക്കുന്നു എന്നു പറയുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ ഒരാള്‍ക്ക് കത്തോലിക്കാസഭയുടെ അംഗമാണെന്നവകാശപ്പെടാനും സാധിക്കയില്ല.
അതുകൊണ്ട്, വി. കുര്‍ബാനയുടെ ആഘോഷത്തെ സംബന്ധിച്ച്, മാര്‍പാപ്പ നല്‍കിയ നിര്‍ദ്ദേശം എല്ലാവരും പാലിക്കണം എന്നതില്‍ സംശയമില്ല. അങ്ങനെ നമ്മുടെ സഭയില്‍ ദൈവം ആഗ്രഹിക്കുന്ന, സഭയാഗ്രഹിക്കുന്ന ഐക്യം സംജാതമാകട്ടെ, അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മുടെ സഭയെ അനുഗ്രഹിക്കട്ടെ.