മാർ ആൻഡ്രൂസ് താഴത്ത് സിബിസിഐ പ്രസിഡന്റ്

ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്റായി തൃശൂർ ആർച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രൂസ് താഴത്ത് തെരഞ്ഞെടുക്കപ്പെട്ടു.
മദ്രാസ്-മൈലാപ്പുർ ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസാമി, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. മഹാരാഷ്ട്രയിലെ വസായ് രൂപതാധ്യക്ഷനായ ഡോ. ഫെലിക്സ് മച്ചാഡോയാണു സെക്രട്ടറി ജനറൽ.
ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന സിബിസിഐയുടെ 35-ാം പ്ലീനറി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 75 വയസ് പ്രായപരിധി നിബന്ധനയുള്ളതിനാലാണ് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിബിസിഐ പ്രസിഡന്റ് പദവി ഏറ്റെടുക്കാതിരുന്നത്.
മുമ്പ് സിബിസിഐയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കെസിബിസി സെക്രട്ടറി ജനറലായും പ്രസിഡന്റായും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
കത്തോലിക്കാസഭയുടെ നിയമങ്ങൾ വിശകലനം ചെയ്യുന്ന വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് മെംബറായി 2021ൽ ഫ്രാൻസിസ് മാർപാപ്പ മാർ ആൻഡ്രൂസ് താഴത്തിനെ നിയമിച്ചിരുന്നു. ലോകപ്രശസ്തനായ കാനൻ നിയമ വിദഗ്ധൻകൂടിയാണ് മാർ ആൻഡ്രൂസ് താഴത്ത്.