ആരാധനക്രമം സഭയുടെ പൊതുപൈതൃകം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ആരാധനക്രമം സഭയുടെ പൊതുപൈതൃകം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സീറോമലബാർ സെന്റട്രൽ ലിറ്റർജി കമ്മിറ്റിയുടെ ഉദ്ഘാടനം കാക്കനാട് മൗൺണ്ട് സെന്റ് തോമസിൽ വച്ചു മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നിർവഹിക്കുന്നു. സീറോമലബാർ ആരാധനക്രമകമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, കമ്മീഷൻ അംഗങ്ങളായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കൂരിയബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ആരാധനക്രമകമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ഫാ. ജേക്കബ് കിഴക്കേവീട് തുടങ്ങിയവർ സമീപം.

കൊച്ചി: ആരാധനക്രമം സഭയുടെ പൊതുപൈതൃകമാണെന്നു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ചു നടന്ന സീറോമലബാർ സെന്റട്രൽ ലിറ്റർജി കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ആലഞ്ചേരി. എല്ലാ രൂപതകളിലെയും വൈദികരുടെ പ്രതിനിധികളും സന്യസ്ത അല്മായ പ്രതിനിധികളും ദൈവശാസ്ത്രആരാധനക്രമപണ്ഡിതരും ഉൾക്കൊള്ളുന്നതാണ് സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി. സീറോമലബാർസഭയുടെ ആരാധനക്രമഗ്രന്ഥങ്ങൾ തയ്യാറാക്കുന്നതിലും സഭാത്മകആധ്യാത്മികത വളർത്തിയെടുക്കുന്നതിലും സെന്റട്രൽ ലിറ്റർജി കമ്മിറ്റി നിർണായകപങ്കുവഹിക്കുന്നുവെന്ന് കർദിനാൾ പറഞ്ഞു. ലിറ്റർജിയെ സഭയുടെ പ്രവൃത്തിയായി മനസ്സിലാക്കി അവയെ വിശ്വസ്തതയോടെ പരികർമം ചെയ്യാൻ വൈദികർ കടപ്പെട്ടിരിക്കുന്നു. നമ്മൾ ലിറ്റർജിയുടെ രചയിതാക്കാളോ, ഉടമകളോ അല്ലെന്നും പ്രത്യുത സൂക്ഷിപ്പുകാർ മാത്രമാണെന്നുള്ള യാഥാർഥ്യം എളിമയോടെ അംഗീകരിക്കണം. ആത്മപ്രചോദിതമായ ഒരു താത്കാലികരചനയിലേക്ക് തരംതാണുപോകത്തക്ക രീതിയിലുള്ള പൊതുസ്വാതന്ത്ര്യം ലിറ്റർജിയുടെ ഘടനയോട് ചേർന്നുപോവുകയില്ല. ആയതിനാൽ സഭയുടെ പൊതുസമ്പത്തായ ലിറ്റർജിയെ കറകൂടാതെയും ചുളിവുകൂടാതെയും അതിന്റെ തനിമയിലും വിശുദ്ധിയിലും കാത്തുസൂക്ഷിക്കാൻ സഭാമക്കൾ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സീറോമലബാർ ആരാധനക്രമകമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരാധനക്രമകമ്മീഷൻ അംഗങ്ങളായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കൂരിയബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

എട്ടുവർഷത്തെ സേവനത്തിനുശേഷം വടവാതൂർസെമിനാരിയിലേക്കു സ്ഥലം മാറിപ്പോകുന്ന ആരാധനക്രമകമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിക്കു യാത്രയപ്പും പുതിയതായി നിയമിതരായിരിക്കുന്ന സെക്രട്ടറി ഫാ. ജിഫി  മേക്കാട്ടുകുളത്തിനും അസിസ്റ്റന്റ് സെക്രട്ടറി ഫാ. ക്രിസ്റ്റി പള്ളിക്കുന്നത്തിനും സ്വാഗതവും നല്കി. ആരാധനക്രമകമ്മീഷൻ അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജേക്കബ് കിഴക്കേവീട് സദസ്സിനു സ്വാഗതവും  ഫാ. ക്രിസ്റ്റി കപ്പൂച്ചിൻ  കൃതജ്ഞതയും അർപ്പിച്ചു. സി. ഡാലിയ എം.എസ്.എം.ഐ , ശ്രീ. ബോണി ബെന്നി തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നല്കി.