ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി

ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി
സീറോമലബാർ സഭയുടെ പ്രഥമ പൗരസ്ത്യരത്നം അവാർഡ് മാർ ജോസഫ് പൗവത്തിലിനു കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മാനിക്കുന്നു. മാർ ജോർജ് മഠത്തികണ്ടത്തിൽ, മാർ ജോസഫ് പെരുന്തോട്ടം, ഡോ. തോമസ് മണ്ണൂരാംപറമ്പിൽ, ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ തുടങ്ങിയവർ സമീപം.
കാക്കനാട്: സീറോമലബാർ ആരാധനക്രമകമ്മീഷൻ ഏർപ്പെടുത്തിയ പൗരസ്ത്യരത്നം അവാർഡിനു ആർച്ചുബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിൽ അർഹനായി. സീറോമലബാർസഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മകആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ആർച്ചുബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിലിനു കഴിഞ്ഞുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദീർഘകാലം ആരാധനക്രമപ്രൊഫസ്സറായിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ള പൗരസ്ത്യരത്നം അവാർഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവത്തിലിനു സമ്മാനിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി.
 
സീറോമലബാർ ആരാധനക്രമകമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവരായിരുന്നു അവാർഡ് നിർണ്ണയകമ്മിറ്റി അംഗങ്ങൾ. പൗരസ്ത്യആരാധനക്രമദൈവശാസ്ത്രം, ആരാധനക്രമകല, ആരാധനക്രമസംഗീതം എന്നിവയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി പരിഗണിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തൂസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയിൽ അവബോധം വളർത്തുന്നതിലും അമൂല്യമായ സംഭാവനകൾ നൽകാൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവത്തിലിനു സാധിച്ചുവെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ചങ്ങനാശ്ശേരി മെത്രാസനമന്ദിരത്തിലെ ഹാളിൽനടന്ന പൊതുസമ്മേളത്തിൽവച്ചു മാർ ജോസഫ് പൗവത്തിലിനു സമ്മാനിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഏവർക്കും സ്വാഗതം ആശംസിക്കുകയും ഷംഷാബാദ് രൂപതയുടെ നിയുക്തസഹായമെത്രാൻ മാർ തോമസ് പാടിയത്ത് അവാർഡ് ജേതാവിനെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. ബംഗ്ലാദേശിലെ അപ്പസ്തോലിക് നൂൺഷ്യോ ആയിരുന്ന ആർച്ചുബിഷപ്പ് ജോർജ് കോച്ചേരി വേദിയിൽ ഉപവിഷ്ഠനായിരുന്നു.
 
സീറോമലബാർ ആരാധനക്രമകമ്മീഷൻ അംഗമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മാർ ജോസഫ് പൗവത്തിലിനെ പൊന്നാട അണിയിക്കുകയും ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ബൊക്കെ നൽകുകയും ചെയ്തു. ആരാധനക്രമകമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ സദസ്സിനു കൃതജ്ഞത അർപ്പിച്ചു. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരിജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മാർത്തോമ വിദ്യാനികേതൻ ഡയറക്ടർ ഡോ. തോമസ് കറുകക്കളം മെത്രാസനമന്ദിരത്തിലെ ബഹു. വൈദികർ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നല്കി.