മോൺ. തോമസ് പാടിയത്തിന്റെ സ്ഥാനലബ്ദി അതിരൂപതയ്ക്ക് അഭിമാനനിമിഷം: ചങ്ങനാശേരി അതിരൂപത

മോൺ. തോമസ് പാടിയത്തിന്റെ സ്ഥാനലബ്ദി അതിരൂപതയ്ക്ക് അഭിമാനനിമിഷം: ചങ്ങനാശേരി അതിരൂപത

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാൾ ആയി സേവനം അനുഷ്ഠിച്ചു വരവേ മോൺ. തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായത് അതിരൂപതയ്ക്ക് സന്തോഷത്തിന്റെയും അഭിമാനത്തിന്റെറെയും നിമിഷമാണ്. ചങ്ങനാശേരി അതിരൂപതയിലെ വെട്ടിമുകൾ ഇടവകയിൽ പാടിയത്ത്  പരേതരായ ചാക്കോ, ഏലിയാമ്മ ദമ്പതികളുടെ മകനായി 1969ൽ ജനിച്ച തോമസ് അച്ചൻ കുറിച്ചി, ആലുവ സെമിനാരികളിൽ വൈദിക പരിശീലനം പൂർത്തിയാക്കി 1994 ൽ മാർ ജോസഫ് പവ്വത്തിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ ഇടവക അസി.വികാരി, മാർ പവ്വത്തിലിൻ്റെ സെക്രട്ടറി, കുന്നോത്ത് സെമിനാരി, മാർത്തോമ വിദ്യാനികേതൻ, എംഒസി, മാരിയോസ് എന്നിവിടങ്ങളിൽ അധ്യാപകൻ, ഡീൻ ഓഫ് സ്റ്റഡീസ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.  അദ്ദേഹം ബൽജിയത്തിലെ ലുവയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദവും ദൈവശാസ്ത്രത്തിൽ ലൈസൻഷിയേറ്റും നേടിയിട്ടുണ്ട്. അദ്ദേഹം മികവുറ്റ തത്വശാസ്ത്രജ്ഞനും ഗ്രന്ഥകാരനും സംഘാടകനുമാണ്. 

അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വിശാലമായ സീറോമലബാർ രൂപതയായ ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായിട്ടാണ് നിയമിതനായിരിക്കുന്നത്.  ഇന്ത്യയിലെ 23 സംസ്ഥാനങ്ങളെയും  4 കേന്ദ്ര ഭരണ പ്രദേശങ്ങളെയും 2 ദീപുകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പ 2017 ഒക്ടോബർ മാസം പത്താം തീയതി  സീറോമലബാർ സഭയ്ക്കായി  രൂപം കൊടുത്തതാണ്  തെലുങ്കനായിലെ  ഷംഷാബാദ് ആസ്ഥാനമായുള്ള ഈ  രൂപത. വിശാലമായ  ഈ  രൂപതയിൽ  14 റീജിയനുകളിലായി  പ്രവാസി വിശ്വസികൾക്കായി 102 ഇടവകകളും  വിവിധ സംസ്ഥാനങ്ങളിൽ മിഷൻ സ്റ്റേഷനുകളും ഉണ്ട്. 149 ഓളം  വൈദികർ  ഇപ്പോൾ ഈ  രൂപതയിൽ  ശുശ്രുഷ ചെയ്തു വരുന്നു. വിശാലമായ  ഈ  രൂപതയുടെ  അജപാലന, സുവിശേഷവത്കരണ  പ്രവർത്തനങ്ങൾക്ക് കൂടുതൽ  ഊർജ്ജം പകരുന്നതാണ്  അദ്ദേഹത്തിന്റെയും മോൺ. ജോസഫ് കൊല്ലംപറമ്പിലിന്റെയും നിയമനം.