"ഇടുങ്ങിയ വാതിൽ" നമ്മെ ഭയപ്പെടുത്തുന്നുണ്ടോ? ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം

"ഇടുങ്ങിയ വാതിൽ" നമ്മെ ഭയപ്പെടുത്തുന്നുണ്ടോ? ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം

വത്തിക്കാൻ:  ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (21/08/22) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ പതിവു പോലെ ത്രികാലപ്രാർത്ഥന നയിച്ചു. സൂര്യതാപം ശക്തമായിരുന്നെങ്കിലും വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നതിനും പാപ്പായുടെ ആശീർവ്വാദം സ്വീകരിക്കുന്നതിനുമായി,  സെന്റ് പീറ്റേഴ്സ് ചത്വരത്തിനകത്തും പുറത്തുമായി  സന്നിഹിതരായിരുന്നു. ബസിലിക്കാങ്കണത്തിൽ, ദേവാലയാഭിമുഖമായി നിൽക്കുകയാണെങ്കിൽ, വലത്തു വശത്തായി കാണപ്പെടുന്ന പേപ്പൽ അരമനയുടെ ഒരു ഭാഗത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കൽ നിന്നാണ് പാപ്പാ ത്രികാല ജപം നയിക്കാറുള്ളത്.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, ഉച്ചതിരിഞ്ഞ് 3.30-ന് കർത്താവിൻറെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, പതിവുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്,  ഞായറാഴ്ച (21/08/22) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം 22-30 വരെയുള്ള വാക്യങ്ങൾ, അതായത്, സ്വർഗ്ഗരാജ്യത്തിൽ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ ശ്രമിക്കണമെന്ന് യേശു ഉദ്ബോധിപ്പിക്കുന്ന സുവിശേഷഭാഗം ആയിരുന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം : രക്ഷപ്രാപിക്കുന്നവർ വിരളമോ?

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭഞായർ!

ഈ ഞായറാഴ്ചത്തെ ആരാധനക്രമത്തിൽ, ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വാക്യങ്ങളിൽ, യേശുവിനോട് ഇങ്ങനെയൊരു ചോദ്യം ഉയരുന്നു: "രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?". അപ്പോൾ കർത്താവ് മറുപടി നൽകുന്നു: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ" (ലൂക്കാ 13:24). തിരഞ്ഞെടുക്കപ്പെട്ടവരോ പൂർണ്ണരോ ആയ ചുരുക്കം ചിലർക്ക് മാത്രമായി രക്ഷ സംവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന പ്രതീതി ഉളവാക്കി നമ്മെ ഭയപ്പെടുത്തിയേക്കാവുന്ന ഒരു ചിത്രമാണ് ഇടുങ്ങിയ വാതിൽ.  എന്നാൽ ഇത് പല അവസരങ്ങളിലും യേശു നമ്മെ പഠിപ്പിച്ചതിന് വിരുദ്ധമാണ്; വാസ്തവത്തിൽ, കുറച്ചുകൂടി മുന്നോട്ട് പോകുമ്പോൾ, അവിടന്ന്  അസന്ദിഗ്ദമായി പറയുന്നു: " കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും വടക്ക് നിന്നും തെക്ക് നിന്നും ജനങ്ങൾ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും" (ലൂക്കാ 13,29). അതിനാൽ, ഈ വാതിൽ ഇടുങ്ങിയതാണ്, എന്നാൽ അത് എല്ലാവർക്കുമായി തുറന്നിരിക്കുന്നു! ഇത് മറക്കരുത്: എല്ലാവർക്കുമായി! വാതിൽ എല്ലാവർക്കും വേണ്ടി തുറന്നിരിക്കുന്നു!

ഇടുങ്ങിയ വാതിൽ

എന്നാൽ ഈ ഇടുങ്ങിയ വാതിലിനെ നന്നായി മനസ്സിലാക്കാൻ, ഈ ഇടുങ്ങിയ വാതിൽ എന്താണെന്ന് നമ്മൾ സ്വയം ചോദിക്കേണ്ടതുണ്ട്. യേശു അക്കാലത്തെ ജീവിതത്തിൽ നിന്ന് ഒരു ചിത്രം എടുക്കുകയാണ്, അതായത്, സായാഹ്നമാകുമ്പോൾ നഗരകവാടങ്ങൾ അടയ്ക്കുകയും ഏറ്റവും ചെറുതും  ഇടുങ്ങിയതുമായ ഒന്ന് മാത്രം തുറന്നിടുകയും ചെയ്തിരുന്ന വസ്തുതയെ ഒരുപക്ഷേ സൂചിപ്പിക്കുകയുമായിരുന്നിരിക്കാം: വീട്ടിലേക്ക് തരികെ പ്രവേശിക്കാൻ അതിലൂടെ മാത്രമേ കടന്നുപോകാൻ കഴിയുമായിരുന്നുള്ളൂ.

ക്രിസ്തുവും സുവിശേഷവും ക്രൈസ്തവൻറെ അളവുകോൽ

അപ്പോൾ യേശു ഇങ്ങനെ പറയുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം: "ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും" (യോഹന്നാൻ 10:9). അതിനർത്ഥം ദൈവിക ജീവനിലേക്ക്, രക്ഷയിലേക്ക് പ്രവേശിക്കണമെങ്കിൽ, മറ്റാരിലൂടെയും അല്ല, അവിടന്നിലൂടെ, കടന്നുപോകണം എന്നാണ്; അവിടത്തെയും അവിടത്തെ വചനത്തെയും സ്വീകരിക്കണം. നഗരത്തിൽ പ്രവേശിക്കണമെങ്കിൽ ഒരുവൻ തുറന്നിരിക്കുന്ന ഒരേയൊരു ഇടുങ്ങിയ വാതിൽ “പരിമാണം” ആക്കണമെന്നതു പോലെ ക്രൈസ്തവൻറെ ജീവിതത്തിൻറെ അളവുകോൽ "ക്രിസ്തു” ആണ്, ക്രിസ്തുവിന്മേൽ സ്ഥാപിതവും  ക്രിസ്തുവിനാൽ രൂപപ്പെടുത്തപ്പെട്ടതുമാണ്. അതിനർത്ഥം അളവുകോൽ യേശുവും അവിടത്തെ സുവിശേഷവും ആണ്: അതായത് നാം ചിന്തിക്കുന്നതല്ല, മറിച്ച്, അവിടന്ന് നമ്മോട് പറയുന്നതാണ്. അപ്പോൾ, അത് ഒരു ഇടുങ്ങിയ വാതിലാണ്, അത് അപ്രകാരമായിരിക്കുന്നത്, അത് കുറച്ചുപേർക്ക് വേണ്ടിമാത്രം ഉദ്ദേശിക്കപ്പെട്ടരിക്കുന്നതുകൊണ്ടല്ല, അങ്ങനെയല്ല, യേശുവിൻറെത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അവിടത്തെ അനുഗമിക്കുകയും കുരിശിൻറെതായ ഇടുങ്ങിയവാതിലിലൂടെ കടന്നു പോയ അവിടന്ന് ചെയ്തതുപോലെ. ജീവിതം സ്നേഹത്തിലും സേവനത്തിലും ആത്മദാനത്തിലും സമർപ്പിക്കുകയും ചെയ്യുക എന്നതാകയാലാണ്.  ദൈവം നമ്മുടെ മുന്നിൽ വയ്ക്കുന്ന ജീവിത പദ്ധതിയിലേക്ക് പ്രവേശിക്കുകയെന്നത്, സ്വാർത്ഥതയുടെ ഇടം പരിമിതപ്പെടുത്താനും, സ്വയം പര്യാപ്തതയുടെതായ ധാർഷ്ട്യം കുറയ്ക്കാനും, അഹംഭാവത്തിലും ഔദ്ധത്യത്തിലും നിന്നു താഴെയിറങ്ങാനും കുരിശ് അന്തർലീനമായിരിക്കുമ്പോഴും, സ്നേഹത്തിൻറെ സാഹസികതയിലുടെ കടന്നുപോകുന്നതിന് അലസതയെ മറികടക്കാനും ആവശ്യപ്പെടുന്നു.

സ്നേഹത്തിൻറെ ചെയ്തികൾ ആകുന്ന ഇടുങ്ങിയ വാതിൽ 

അനുദിനം ബുദ്ധിമുട്ടുകൾ സഹിച്ച് നാം ചെയ്യുന്ന സ്നേഹത്തിൻറെ പ്രവർത്തികളെക്കുറിച്ച് പ്രായോഗികമായി നമുക്കു ചിന്തിക്കാം: ത്യാഗങ്ങൾ സഹിച്ചും സ്വന്തം കാര്യങ്ങൾക്കായി സമയം നീക്കിവയ്ക്കാതെയും മക്കൾക്കുവേണ്ടി സ്വയം സമർപ്പിക്കുന്ന മാതാപിതാക്കളെക്കുറിച്ച് നമുക്ക് ചിന്തിക്കാം; സ്വന്തം താൽപ്പര്യങ്ങൾ നോക്കുക മാത്രമല്ല, മറ്റുള്ളവരെ പരിപാലിക്കുകയും ചെയ്യുന്നവരെ ഓർക്കാം: ഇങ്ങനെ നല്ലവരായ ആളുകൾ നിരവധിയാണ്; വയോധികരുടെയും ദരിദ്രരുടെയും ഏറ്റവും ദുർബ്ബലരായവരുടെയും സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ബുദ്ധിമുട്ടുകളും ഒരുപക്ഷേ തെറ്റിദ്ധാരണകളും സഹിച്ചുകൊണ്ട് പ്രതിബദ്ധതയോടെ ജോലി ചെയ്യുന്നവരെ നമുക്കോർക്കാം; വിശ്വാസത്തെ പ്രതി യാതനകളനുഭവിക്കുകയും എന്നാൽ പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് തുടരുകയും ചെയ്യുന്നവരെക്കുറിച്ച് നമുക്ക് ചിന്തിക്കാം; സഹജവാസനകൾ പിന്തുടരുന്നതിനുപകരം തിന്മയോട് നന്മകൊണ്ട് പ്രതികരിക്കുകയും ക്ഷമിക്കാനുള്ള ശക്തിയും പുനരാരംഭിക്കാനുള്ള ധൈര്യവും കണ്ടെത്തുകയും ചെയ്യുന്നവരെക്കുറിച്ച് നമുക്ക് ചിന്തിക്കാം. സ്വന്തം സുഖസൗകര്യങ്ങളുടെ വിശാലമായ വാതിൽ തിരഞ്ഞെടുക്കാതെ, യേശുവിൻറെ ഇടുങ്ങിയ വാതിൽ, സ്നേഹത്തിൽ ചെലവഴിച്ച ജീവിതത്തിൻറെ ഇടുങ്ങിയ വാതിൽ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ ചില ഉദാഹരണങ്ങളാണിവ. കർത്താവ് ഇന്ന് പറയുന്നു, തങ്ങൾ ഇതിനകം രക്ഷപ്രാപിച്ചുവെന്ന് കരുതുന്ന, വാസ്തവത്തിൽ, ജീവിതത്തിൽ "അനീതിയുടെ പ്രവർത്തകർ" (ലൂക്കാ 13:27) ആയവരെക്കാൾ അത്യധികം ഇവർ പിതാവിനാൽ തിരിച്ചറിയപ്പെടും.

നാം ഏതു പക്ഷത്താണ്?

സഹോദരീ സഹോദരന്മാരേ, നമ്മൾ ഏത് പക്ഷത്തായിരിക്കാനാണ് ആഗ്രഹിക്കുന്നത്? നമ്മെക്കുറിച്ച് മാത്രം ചിന്തിക്കുകയെന്ന എളുപ്പവഴി നാം ഇഷ്ടപ്പെടുമോ, അതോ, നമ്മുടെ സ്വാർത്ഥതയെ തുരങ്കം വയ്ക്കുന്നതും, എന്നാൽ ദൈവത്തിൽ നിന്ന് വരുന്നതും നമ്മെ സന്തോഷിപ്പിക്കുന്നതുമായ യഥാർത്ഥ ജീവിതത്തെ സ്വാഗതം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നതുമായ സുവിശേഷത്തിൻറെ ഇടുങ്ങിയ വാതിൽ തിരഞ്ഞെടുക്കുമോ? നമ്മൾ ഏത് പക്ഷത്താണ്? യേശുവിനെ കുരിശുവരെ പിൻചെന്ന അമ്മ, നമ്മെ, പൂർണ്ണവും നിത്യവുമായ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് യേശുവിനെ നമ്മുടെ ജീവിതത്തിൻറെ പരിമാണമാക്കാൻ സഹായിക്കട്ടെ.

ആശീർവ്വാദവും സമാപനാഭിവാദ്യങ്ങളും

പ്രഭാഷണനാന്തരം പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. തുടർന്നു പാപ്പാ, മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ സംജാതമായിരിക്കുന്ന അവസ്ഥയെക്കുറിച്ച് പരാമർശിച്ചു.

നിക്കരാഗ്വയ്ക്കു വേണ്ടി പ്രാർത്ഥിക്കുക

വ്യക്തികളെയും സ്ഥാപനങ്ങളെയും ബാധിക്കുന്ന സാഹചര്യം നിക്കരാഗ്വയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനെ താൻ ആശങ്കയോടും വേദനയോടുംകുടിയാണ് നോക്കിക്കാണുന്നതെന്ന് പാപ്പാ പറഞ്ഞു. തുറന്നതും ആത്മാർത്ഥവുമായ ഒരു സംവാദത്തിലൂടെ മാന്യവും സമാധാനപരവുമായ സഹവർത്തിത്വത്തിനുള്ള അടിത്തറ ഇനിയും കണ്ടെത്താനാകുമെന്ന തൻറെ ബോധ്യവും പ്രതീക്ഷയും  പാപ്പാ പ്രകടിപ്പിച്ചു. എല്ലാവരുടെയും ഹൃദയങ്ങളിൽ ഈ മൂർത്തമായ അഭിവാഞ്ഛയുണർത്തുന്നതിന് ഏറ്റം പരിശുദ്ധയായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം വഴി  കർത്താവിനോട് അപേക്ഷിക്കാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. തദ്ദനന്തരം പാപ്പാ റോമാക്കാരായ വിശ്വാസികളെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയും  അഭിവാദ്യം ചെയ്തു.

ഉക്രൈയിനു വേണ്ടിയുള്ള പ്രാർത്ഥന തുടരുക 

വലിയ ക്രൂരത അനുഭവിക്കുന്ന ഉക്രേനിയൻ ജനതയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനയും അവരോടുള്ള സാമീപ്യവും തുടരാൻ  പാപ്പാ എല്ലാവർക്കും പ്രചോദനം പകർന്നു. അതിനു ശേഷം പാപ്പാ, ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന്  പതിവുപോലെ,  എല്ലാവ‍ര്‍ക്കും,  നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ടാണ്  പാപ്പാ ജാലകത്തിങ്കൽ നിന്നു പിൻവാങ്ങിയത്.