ഭാരതത്തെ സ്‌നേഹിക്കാനും പൗരന്‍ എന്ന നിലയില്‍ അഭിമാനിക്കാനും നമുക്കു കഴിയണം - മാര്‍ ജോസ് പുളിക്കല്‍

ഭാരതത്തെ സ്‌നേഹിക്കാനും പൗരന്‍ എന്ന നിലയില്‍ അഭിമാനിക്കാനും നമുക്കു കഴിയണം - മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ മാര്‍ ജോസ് പുളിക്കല്‍ ദേശീയപതാക ഉയര്‍ത്തുന്നു. വികാരി ജനറാളുമാരായ റവ.ഡോ. ജോസഫ് വെള്ളറ്റം, റവ.ഡോ. കുര്യന്‍ താമരശ്ശേരി എന്നിവര്‍ സമീപം.

കാഞ്ഞിരപ്പള്ളി: ലോകത്തിലെ ഏറ്റവും വലിയ  ജനാധിപത്യരാജ്യമെന്ന നിലയില്‍ സംസ്‌കാരങ്ങള്‍, ഭാഷകള്‍, ആചാരാനുഷ്ഠാനങ്ങള്‍, മതവിശ്വാസം തുടങ്ങിയവയെ ചേര്‍ത്ത് പിടിക്കുന്ന ഭാരതത്തെ സ്‌നേഹിക്കുവാനും പൗരന്‍ എന്ന  നിലയില്‍ അഭിമാനിക്കാനും നമുക്ക്  കഴിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ്  പുളിക്കല്‍.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തില്‍ ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.   75 വര്‍ഷങ്ങള്‍ പിന്നിട്ട ഭാരതത്തെയോര്‍ത്ത് അഭിമാനിക്കാനേറെയുണ്ട്. എന്നിരുന്നാലും മഹാത്മാ ഗാന്ധിയുള്‍പ്പെടെ ഭാരതത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കുവാന്‍ ത്യാഗ സമര്‍പ്പണം ചെയ്തവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോയെന്ന് നാമൊരുമിച്ച് ചിന്തിക്കണം. ഇനിയും വളരാനുണ്ടെന്ന ബോധ്യം നമ്മെ ഊര്‍ജ്വസലമായി അധ്വാനിക്കുവാന്‍ പ്രാപ്തരാക്കും. അതിനാല്‍ തിരിച്ചറിവിന്റെയും പുതിയ നടപ്പിന്റെയും അവസരമായി സ്വാതന്ത്ര്യ ദിനാഘോഷങ്ങളെ നമുക്ക് കാണാം. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശ ഭാഷകള്‍ക്കതീതമായി ചിന്തിച്ച് ഭാരതത്തെ നയിക്കുവാന്‍ നിയുക്തരായ ആദരണീയരായ ഭരണകര്‍ത്താക്കള്‍ക്ക് ധീരമായ ചുവടുകള്‍ വയ്ക്കുവാന്‍ സാധിക്കട്ടെയെന്ന് മാര്‍ ജോസ് പുളിക്കല്‍ ആശംസിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രമായ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ആഘോഷ പരിപാടികളില്‍ രൂപതാ വികാരി ജനറാളുമാരായ റവ.ഡോ. ജോസഫ് വെള്ളറ്റം, റവ.ഡോ. കുര്യന്‍ താമരശ്ശേരി, വൈദികര്‍, സന്യസ്തര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, പാസ്റ്ററല്‍ സെന്റര്‍ സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ പങ്കുചേര്‍ന്നു.