മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികാചരണം ജൂലൈ മൂന്നിന്

കൊച്ചി: ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ജൂലൈ മൂന്നിന് കേരളസഭയിലെ എല്ലാ ഇടവകകളിലും സമുചിതമായി ആചരിക്കാന്‍ കെസിബിസി ആഹ്വാനംചെയ്തു.
ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമെന്നു വിലയിരുത്തിയ കെസിബിസി ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ധിച്ചുവരുന്ന പീഡനങ്ങളില്‍ ഉത്കണ്ഠയും രേഖപ്പെടുത്തി.
കഴിഞ്ഞ പെന്തക്കുസ്താതിരുനാളില്‍ നൈജീരിയയിലെ ഓവോയിലെ സെന്റ് ഫ്രാന്‍സീസ് ദൈവാലയത്തില്‍ മതതീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ അൻപതിൽ പരം ക്രൈസ്തവര്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്.
2021 മുതല്‍ ഇതിനോടകം 6000ല്‍പരം ക്രൈസ്തവര്‍ നൈജീരിയയില്‍ മാത്രം നിഷ്ഠുരമായി കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ പുലര്‍ത്തുന്ന മൗനവും നിസംഗതയും ഏറെ ദുഃഖകരമാണ്.
മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും മഹത്വവത്കരിക്കുന്നതുമായ സംഭവങ്ങള്‍ കേരളത്തിലും വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നു കെസിബിസി വിലയിരുത്തി.
മതതീവ്രവാദ നിലപാടുകള്‍ക്കെതിരേ സര്‍ക്കാര്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ്പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.