കാലദേശങ്ങൾക്കതീതമായ ജീവിതദർശനം നൽകിയ വിശുദ്ധയാണു മറിയം ത്രേസ്യ: മാർ കണ്ണൂക്കാടൻ

കുഴിക്കാട്ടുശേരി: ദൈവികതയുടെ പ്രചോദനാത്മകമായ ജീവിതസാക്ഷ്യവും മാനവികതയുടെ ഉദാത്തമായ മാതൃകയും നൽകിയവളാണു വിശുദ്ധ മറിയം ത്രേസ്യയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ.
കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിലെ തിരുനാളിന്റെ ആഘോഷമായ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
കാലത്തിനും ദേശത്തിനും ഭാഷയ്ക്കും അതീതമായ ജീവിത ദർശനം നൽകിയ വിശുദ്ധ മറിയം ത്രേസ്യ ദൈവസ്നേഹം കൊണ്ട് നിറഞ്ഞ മനസോടെ സഹജീവികൾക്കുവേണ്ടി ഉണർന്നു പ്രവർത്തിച്ചു. ഇത് ഏവർക്കും പ്രചോദനമാകണം - ബിഷപ് ഉദ്ബോധിപ്പിച്ചു.
കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കേരളത്തിനു പുറത്തുനിന്നുമായി പതിനായിരങ്ങളാണ് എത്തിച്ചേർന്നത്. വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടു വാദ്യഘോഷങ്ങളുടെ അകന്പടിയോടെ അലംകൃതമായ വീഥിയിലൂടെ നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
തുടർന്നു തിരുശേഷിപ്പ് വണങ്ങി വിശുദ്ധ മറിയം ത്രേസ്യയിലൂടെ ദൈവാനുഗ്രഹം യാചിച്ചാണു വിശ്വാസികൾ മടങ്ങിയത്. തിരുനാൾ കമ്മിറ്റി ചെയർമാനും ഇരിങ്ങാലക്കുട രൂപത വികാരി ജനറാളുമായ മോണ്‍. ജോസ് മഞ്ഞളി, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോണ്‍ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് ഉൾപ്പെടെ നിരവധി വൈദികർ തിരുനാൾ ദിവ്യബലിയിൽ സഹകാർമികരായിരുന്നു.
ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. ജനറൽ കണ്‍വീനറും അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ എൽസി സേവ്യർ നന്ദി പറഞ്ഞു. തിരുനാളിന്റെ എട്ടാമിടം 15ന് നടക്കും. രാവിലെ 10ന് ആഘോഷമായ ദിവ്യബലി തുടർന്ന് പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും നടക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കൽ മുഖ്യ കാർമികനാകും.