ഭീകരാക്രമണം: ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി.

വത്തിക്കാൻ സിറ്റി: തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓൻഡോയിൽ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി.
പന്തക്കുസ്താ തിരുനാൾ ദിനത്തിലെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം അന്പതു പേർ മരിച്ചു. ആക്രമണത്തിൽ മരിച്ചവർക്കായി പ്രാർഥിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
വൈദികരെ ഭീകരർ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത വ്യാജമാണെന്ന് ഓൻഡോ രൂപത മാധ്യമവിഭാഗം മേധാവി ഫാ. അഗസ്റ്റിൻ ഇക്വു പറഞ്ഞു. ക്രൈസ്തവർ സംയമനം പാലിക്കണമെന്നും രാജ്യത്തെ ക്രമസമാധാനം സാധാരണ നിലയിലേക്കു മടങ്ങിവരാൻ പ്രാർഥിക്കണമെന്നും ഓൻഡോ ബിഷപ് ജൂഡ് അരോഗുൺഡേഡ് ആഹ്വാനം ചെയ്തു.
കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച ഇസ്ലാമിക ഭീകരർ നടത്തിയ വെടിവയ്പിന്റെ ദൃക്സാക്ഷിമൊഴികൾ പുറത്തുവന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ അന്പതോളം പേരെയാണു ഭീകരർ വെടിവച്ചു വീഴ്ത്തിയത്.
ഓൻഡോ സംസ്ഥാനത്തെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ പള്ളിയിൽ പന്തക്കുസ്താ തിരുനാൾ തിരുക്കർമങ്ങളിൽ സംബന്ധിക്കാനെത്തിയവർക്കു നേരേയാണ് ആക്രമണമുണ്ടായതെന്ന് ഓൻഡോ രൂപതാ ബിഷപ് ജൂഡ് അരോഗുൺഡേഡ് പറഞ്ഞു.
ഓടിരക്ഷപ്പെട്ടവരെ വെടിവച്ചുവീഴ്ത്തി
ആക്രമണത്തിനെത്തിയ ഭീകരർ വിശുദ്ധകുർബാനയ്ക്കിടെ പള്ളിക്കുള്ളിൽ കയറി വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെട്ടു പുറത്തേക്ക് ഓടിയവരെ വെളിയിൽ കാത്തുനിന്ന ഭീകരർ വെടിവച്ചു വീഴ്ത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
പള്ളിക്കു സമീപം താമസിക്കുന്ന സ്റ്റീവ് ഒമോടായോ വെടിയൊച്ച കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയിയെത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. പള്ളിക്കു മൂന്നു പ്രവേശനകവാടങ്ങളാണ് ഉണ്ടായിരുന്നത്. പ്രധാനകവാടം പൂട്ടിയിരുന്നതിനാൽ ആളുകൾക്കു രക്ഷപ്പെടാൻ സാധിച്ചില്ല.
പള്ളിക്കുള്ളിലുണ്ടായിരുന്നവരെയാണ് ഭീകരർ വെടിവച്ചു വീഴ്ത്തി യത്. രക്ഷപ്പെടാൻ ശ്രമിച്ചവരെ പുറത്തു കാത്തുനിന്ന ഭീകരർ വെടിവച്ചിട്ടു- ദൃക്സാക്ഷി യായ സ്റ്റീവ് ഒമോടായോ പറഞ്ഞു. ആശുപത്രിസൗകര്യങ്ങൾ പരിമിതമായ ഓൻഡോയിൽ ഡോക്ടർമാരെ അടിയന്തരമായി വിളിച്ചുവരുത്തിയാണ് ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നത്. ആശുപത്രിയിൽ രക്തത്തിനു ക്ഷാമമുണ്ടെന്നു ഫെഡറൽ മെഡിക്കൽ സെന്ററിലെ ഡോക്ടർ പറഞ്ഞു.
നൈജീരിയയിൽ ക്രൈസ്തവർക്കു നേരേ ഇസ്ലാമിക് ഭീകരരുടെ ആക്രമണങ്ങൾ പതിവാണ്. 13 വർഷമായി വടക്കൻ നൈജീരിയയിൽ ക്രൈസ്തവർക്കുനേരേ ഭീകരാക്രമണം നിത്യസംഭവമാണ്.എന്നാൽ, തെക്കുപടിഞ്ഞാറ ൻ നൈജീരിയയിലെ ഓൻഡോ ഒരു സമാധാന സംസ്ഥാനമായാണ് ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്.