സഭയെ സംരക്ഷിക്കുന്നത് സമർപ്പിതരുടെ ശുശ്രൂഷ : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: സഭയെ സംരക്ഷിക്കുന്നതിൽ സമർപ്പിത സമൂഹങ്ങളുടെ ശുശ്രൂഷ വളരെ വലിയ പങ്ക് വഹിക്കുന്നുവെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അവരുടെ പ്രാർഥനകളിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെയുമാണ് അവർ അതു നിർവഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന സീറോമലബാർ സഭയിലെ സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയർ ജനറൽമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
സഭയുടെ ആരാധനാക്രമ-ദൈവശാസ്ത്ര-ആധ്യാത്മിക-സഭാക്രമ പൈതൃകം സംരക്ഷിക്കാൻ സമർപ്പിതരും കടപ്പെട്ടവരാണെന്നും ഏതൊക്കെ സ്ഥലങ്ങളിൽ ശുശ്രൂഷ നിർവഹിച്ചാലും സഭാപരമായും ആരാധനക്രമപരമായും സീറോമലബാർ സഭയുടെ ചൈതന്യം നിലനിർത്തേണ്ടവരാണ് സീറോ മലബാർ സഭയിലെ സമർപ്പിതരെന്നും ഏവരെയും അദ്ദേഹം ഓർമിപ്പിച്ചു.
സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ അധ്യക്ഷത വഹിച്ചു. ആരാധനക്രമ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ മുഖ്യ പ്രഭാഷണം നടത്തി.
സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എംസിബിഎസ്, ഓഫീസ് സെക്രട്ടറി സിസ്റ്റർ റോസ്മിൻ എംഎസ്ജെ എന്നിവർ പ്രസംഗിച്ചു.