പ്രസ്താവന - സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

പ്രസ്താവന - സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

കാക്കനാട്: ഇന്ത്യൻ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് സ്വതന്ത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനും തങ്ങളുടെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും തലമുറകളിലേക്ക് കൈമാറുന്നതിനുമുള്ള  അവകാശം മൗലികമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. അതുപോലെതന്നെ ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഒരു ഇന്ത്യൻപൗരന് ഏതുമതവും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മൗലികമായ അവകാശമുണ്ട്. ആയതിനാൽ സ്കൂൾ പഠനത്തോടൊപ്പം  തന്നെ ക്രൈസ്തവ വിദ്യാർത്ഥികൾക്ക്, ക്രിസ്തീയ മതബോധനം നൽകുകയെന്നത് ക്രിസ്ത്യൻ ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായിനൽകപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. വസ്തുത ഇതായിരിക്കെ, ക്രിസ്ത്യൻകുട്ടികൾക്ക് മാത്രമായി, സ്കൂൾ പഠനത്തിൽ ബൈബിൾ  ഉൾപ്പെടുത്തിയതിന്റെ പേരിൽ  ക്രൈസ്തവമാനേജ്മെന്റ് സ്കൂളിന് നോട്ടീസയച്ച കർണാടക വിദ്യാഭ്യാസവകുപ്പിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണ്. ഭാരതത്തിന്റെ  ദേശീയതയും അഖണ്ഡതയും മുറുകെപ്പിടിച്ചുകൊണ്ട് രാഷ്ട്രപുരോഗതിക്കും സാമൂഹിക ഉന്നമനത്തിനുമായി പ്രയത്നിക്കുന്ന പാരമ്പര്യമാണ് ക്രൈസ്തവ സഭകൾക്കുള്ളത്. ബാംഗ്ലൂർ ക്ലാരിൻസ് സ്കൂളിൽ ക്രൈസ്തവ വിദ്യാർഥികളുടെ മതപഠനത്തെച്ചൊല്ലിയുള്ള  അനാവശ്യ വിവാദങ്ങളും  നിയമവിരുദ്ധ വാദങ്ങളും അവസാനിപ്പിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെടുന്നു. രാജ്യത്തെ ന്യൂനാൽ ന്യൂനപക്ഷമായ ക്രിസ്തുമത വിശ്വാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന നീക്കങ്ങൾ ആരുനടത്തിയാലും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സീറോമലബാർസഭ പ്രതിജ്ഞാബദ്ധമാണെന്ന് ഇതിനാൽ വ്യക്തമാക്കിക്കൊള്ളുന്നു.                   

01/05/2022    
                    
ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്
ചെയർമാൻ,
സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ