വിശ്വാസപരിശീലന കമ്മീഷൻ അനുമോദന മീറ്റീംഗ് സംഘടിപ്പിച്ചു

കാക്കനാട്: സീറോമലബാർ വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ ആദരവ്-2022 എന്ന പേരിൽ കോവിഡ് പ്രതിസന്ധിയിൽ മതബോധന ക്ലാസ്സുകൾ ടെലവിഷൻ ചാനലുകൾ വഴി സംപ്രേഷണം ചെയ്യാൻ സഹായിച്ച ചാനൽ മേധാവികളെയും വിവിധ രൂപതാ മതബോധന ഡയറക്ടർമാരെയും ക്ലാസ്സുകളെടുത്ത അധ്യാപകരെയും മൗണ്ട് സെന്റ് തോമസിൽ ചേർന്ന മീറ്റിംഗിൽ ആദരിച്ചു. വിശ്വാസ പരിശീലനം ഏവരുടെയും കടമയാണെന്നും ശാലോം, ഗുഡ്നെസ്, ഷെക്കയ്ന എന്നീ ചാനലുകൾ ഈ ദൗത്യം കൃത്യമായി നിർവ്വഹിച്ചതിനുള്ള സഭയുടെ ആദരം നല്കുകയും ചെയ്തുകൊണ്ട് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് മീറ്റീംഗ് ഉദ്ഘാടനം ചെയ്തു. മാറുന്ന കാലഘട്ടത്തിൽ മാധ്യമങ്ങളുടെ വലിയ സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും ടെലവിഷൻ ചാനലുകളുടെ വർദ്ധിച്ച പ്രസക്തിയെയും അവരുടെ നിസ്വാർത്ഥമായ സഹകരണത്തെയും അഭിനന്ദിച്ചുകൊണ്ട് മീറ്റിംഗിൽ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാർ ആർച്ചുബിഷപ് മാർ ജോർജ് ഞറളക്കാട്ട് പിതാവ് അധ്യക്ഷത വഹിച്ചു.
കോവിഡ് പ്രതിസന്ധിഘട്ടത്തിൽ, 2021-22ലെ സീറോമലബാർ സഭയുടെ വിശ്വാസ പരിശീലന ക്ലാസ്സുകൾ ഇംഗ്ലീഷിലും മലയാളത്തിലുമായി സംപ്രേഷണം ചെയ്ത ശാലോം ടെലവിഷൻ ജനറൽ മാനേജർ ശ്രീ. സിബി പുല്ലൻപ്ലാവിനെയും ടീം അംഗങ്ങളെയും ഗുഡ്നസ് ടെലവിഷൻ ജനറൽ മാനേജർ ശ്രീ. സിബി വല്ലൂരാനെയും ടീം അംഗങ്ങളെയും ഷെക്കെയ്നാ ടെലവിഷൻ എം.ഡി. ബ്രദർ സന്തോഷ് കരിമാത്രയെയും ടീം അംഗങ്ങളെയും ആദരിച്ചു. ക്ലാസുകൾക്ക് നേതൃത്വം നല്കിയ ഇരുപത് രൂപതാ ഡയറക്ടർമാരെയും 160ഓളം അധ്യാപകരെയും ഈ മീറ്റിംഗിൽ ആദരിച്ചു.
മീറ്റിംഗിൽ വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് ഏവരേയും സ്വാഗതം ചെയ്തു സംസാരിച്ചു. രൂപതാ ഡയറക്ടേഴ്സിന്റെ പ്രതിനിധി ഫാ. ഡേവിസ് പാനാടൻ സി.എം.ഐ. യും അധ്യാപകരുടെ പ്രതിനിധി ശ്രീ. ഷാജി സി. മാണിയും സംസാരിച്ചു. സി. നമ്രതാ എം. എസ്. ജെ പ്രാരംഭ ഗാനവും സി. ലിസാ അലക്സ് എസ്. കെ. ഡി ഗാനവും ആലപിച്ചു. ഫാ. ഫ്രാൻസിസ് ആളൂർ ഏവർക്കും നന്ദി പറഞ്ഞു. ഇടുക്കി വിശ്വാസ പരിശീലകരുടെ നേതൃത്വത്തിൽ സീറോമലബാർ ആന്തം ആലപിച്ചതോടെ മൂന്നു മണിക്കൂർ നീണ്ട ആദരവ് 2022- അനുമോദന മീറ്റീംഗ് ഉച്ചക്ക് 1.30ന് സമാപിച്ചു.