കോലം കത്തിക്കൽ സഭാസംവിധാനങ്ങളോടുള്ള വെല്ലുവിളി: സീറോമലബാർസഭ മാധ്യമ കമ്മീഷൻ

കോലം കത്തിക്കൽ സഭാസംവിധാനങ്ങളോടുള്ള വെല്ലുവിളി: സീറോമലബാർസഭ മാധ്യമ കമ്മീഷൻ

കാക്കനാട്: റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ ലെയൊണാർദോ സാന്ദ്രിയുടെയും സീറോമലബാർസഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും കോലങ്ങൾ കത്തിച്ച ചില അത്മായ നേതാക്കളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സഭയിലെ മുഴുവൻ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്‌. പൗരസ്ത്യ സഭകൾക്കായുള്ള മാർപാപ്പായുടെ പ്രതിനിധിയെ പരസ്യമായി അധിക്ഷേപിക്കുന്നത്‌ പരിശുദ്ധ പിതാവിനെതിരായ നീക്കമായി മാത്രമേ വിലയിരുത്താനാകൂ. ഗുരുതരമായ ഈ അച്ചടക്കലംഘനം നടത്തിയവർക്കും അതിന്‌ വേദിയൊരുക്കിയവർക്കുമെതിരേ കാനൻ നിയമം അനുശാസിക്കുന്ന കർശന ശിക്ഷാനടപടികൾ ഉടൻ സ്വീകരിക്കുന്നതായിരിക്കും.

വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് വി. കുർബാനയർപ്പണ രീതിയിൽ ഏകീകരണം നടപ്പിലാക്കാൻ സീറോമലബാർസഭയുടെ സിനഡ്‌ തീരുമാനിച്ചത്. സഭയിലെ 35 രൂപതകളിൽ 34 ലിലും സിനഡ്‌ നിർദ്ദേശിച്ചപ്രകാരം ഏകീകൃത രീതിയിലുള്ള വി. കുർബാനയർപ്പണം നിലവിൽ വന്നു. എന്നാൽ എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത രീതിയിലുള്ള വി. കുർബാനയർപ്പണത്തിന്‌ മെത്രാപ്പോലീത്തൻ വികാരി ഒഴിവു നൽകുകയായിരുന്നു. ഇപ്രകാരം നൽകപ്പെട്ട ഒഴിവ്‌ കാനോനികമായി അസാധുവാകയാൽ പിൻവലിക്കണമെന്ന്‌ മാർപാപ്പയുടെ നിർദ്ദേശപ്രകാരം റോമിലെ പൗരസ്ത്യ കാര്യാലയം അടുത്തനാളുകളിൽ ആവശ്യപ്പെട്ടിരുന്നു. പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ നിർദ്ദേശം അനുസരിക്കാൻ എല്ലാവരും കടപ്പെട്ടവരാണെന്നിരിക്കേ, ഇത്തരം സഭാവിരുദ്ധവും വിശ്വാസ വിരുദ്ധവുമായ പ്രതിഷേധങ്ങൾ നടത്തുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണ്‌.

എറണാകുളം - അങ്കമാലി അതിരൂപതയിൽ തുടർന്നുവരുന്ന അച്ചടക്കലംഘനങ്ങളിൽ സഭാവിശ്വാസികൾ പ്രകോപിതരാകാതിരിക്കാൻ ശ്രദ്ധിക്കണം. സഭാവിശ്വാസികൾക്കിടയിൽ ഈ നടപടി ഉളവാക്കിയിട്ടുള്ള രോഷവും പ്രതിഷേധവും വിമത വിഭാഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. അതിരൂപതയുടെ അജപാലന കേന്ദ്രവും പരിസരങ്ങളും ഇത്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു വേദിയാക്കുന്നത് തികച്ചും അപലപനീയമാണ്.  അടുത്തകാലത്തായി എറണാകുളം - അങ്കമാലി അതിരൂപതയിൽ വർദ്ധിച്ചുവരുന്ന അച്ചടക്കലംഘനങ്ങൾക്ക്‌ അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു എന്നതിന്റെ സൂചനയാണ്‌ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്‌ എന്നും മാധ്യമ കമ്മീഷൻ വിലയിരുത്തുന്നു.


ഫാ. അലക്സ്‌ ഓണംപള്ളി 
സെക്രട്ടറി, സീറോമലബാർസഭയുടെ മാധ്യമ കമ്മീഷൻ 

17 മാർച്ച് 2022