സ്നേഹവലയത്തിലേക്ക്

1978 ഒക്ടോബർ 22ന് തന്റെ പേപ്പൽ സ്ഥാനാരോഹണ കുർബാനയിലെ പ്രസംഗത്തിൽ വിശുദ്ധ ജോണ് പോൾ മാർപാപ്പ ഇങ്ങനെ ആഹ്വാനംചെയ്തു: “ഭയപ്പെടേണ്ട. ക്രിസ്തുവിനുവേണ്ടി നിങ്ങളുടെ വാതിലുകൾ മലർക്കെ തുറന്നിടുക.’’ മനുഷ്യഹൃദയങ്ങളുടെ വാതിലിൽ മുട്ടുന്ന ഈശോയെ യോഹന്നാന്റെ വെളിപാടിൽ അവതരിപ്പിക്കുന്നുണ്ട്: “ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നുതന്നാൽ ഞാൻ അവന്റെ അടുത്തേക്കുവരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും,’’ (3:19-20).
ഈശോയിൽ വിശ്വസിച്ച് അവിടത്തെ ദിവ്യസ്നേഹത്തിന്റെ ഭ്രമണപഥത്തിലെത്തുന്നവരിൽ സംഭവിക്കുന്നത് ഒരു പുതിയ ’കോപ്പർനിക്കൻ വിപ്ലവം’ തന്നെയാണ്. സ്വാർഥകേന്ദ്രീകൃതമായ ബൗദ്ധികജീവിതത്തിൽനിന്ന് ക്രിസ്തുകേന്ദ്രീകൃതമായ ആത്മീയജീവിതത്തിലേക്ക് അവർ രൂപാന്തരപ്പെടും. ഒരിക്കൽ ക്രിസ്തുവൈരിയായിരുന്ന പൗലോസ് ഈ അനുഭവത്തിൽ നിറഞ്ഞുനിന്നുകൊണ്ടു പറഞ്ഞു. “മിശിഹായുടെ സ്നേഹം ഞങ്ങൾക്ക് ഉത്തേജനം നൽകുന്നു. ജീവിക്കുന്നവർ ഇനിയും തങ്ങൾക്കുവേണ്ടി ജീവിക്കാതെ തങ്ങളെപ്രതി മരിക്കുകയും ഉയിർക്കുകയും ചെയ്തവനുവേണ്ടി ജീവിക്കാനാണ് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചത്,’’ (2 കോറി 5:13-14).
ഞാൻ നിന്നെ ഏറ്റവുമുപരിയായി സ്നേഹിക്കുന്നുവെന്ന് പത്രോസ് ഏറ്റുപറഞ്ഞു (യോഹ 21:17). “ഓരോ മനുഷ്യഹൃദയത്തിലും ഈശോയിൽ മാത്രം നികത്തപ്പെടാൻ കഴിയുന്ന ഒരു ശൂന്യത ദൈവം സൃഷ്ടിച്ചുവച്ചിരിക്കുന്നു’’ എന്നാണ് സെന്റ് അഗസ്റ്റിൻ പറയുന്നത്. അറിവിനെ അതിശയിപ്പിക്കുന്ന മിശിഹായുടെ സ്നേഹം ഗ്രഹിച്ച് ദൈവത്തിന്റെ സന്പൂർണതയിൽ പൂരിതരാകാൻ വിശുദ്ധ പൗലോസ് ആഹ്വാനംചെയ്യുന്നു. വിശ്വാസം വഴി മിശിഹാ നിങ്ങളുടെ ഹൃദയത്തിൽ വസിക്കണം; നിങ്ങൾ സ്നേഹത്തിൽ വേരുപാകി അടിയുറയ്ക്കണം; മിശിഹായുടെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാനുള്ള ശക്തി നേടണം. (എഫേ 3:17-19). മിശിഹായോടുള്ള സ് നേഹത്തിൽനിന്ന് ആരു നമ്മെ വേർപെടുത്തുമെന്നാണു പൗലോസ് ചോദിക്കുന്നത്: ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ ആപത്തോ വാളോ? (റോമ 8:35). ഈശോയെപ്രതി മരണത്തിലേക്ക് ആനയിക്കപ്പെട്ട രക്തസാക്ഷിയായ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് എഴുതി “എനിക്കുവേണ്ടി മരിച്ചവനെ എനിക്കു വേണം; എനിക്കുവേണ്ടി മരിച്ചവരിൽനിന്ന് ഉയിർത്തവനെ എനിക്കുവേണം; എനിക്ക് ഈശോമിശിഹായെ വേണം.’’
കുത്തഴിഞ്ഞ ജീവിതം നയിച്ച ശമറായക്കാരി സ്ത്രീയിൽ ഈശോ വരുത്തിയ മാറ്റത്തെക്കുറിച്ച് മാർ അപ്രേം ഇങ്ങനെ പാടുന്നു: “ശമറായക്കാരി സ് ത്രീ ആദ്യം ഒരു മനുഷ്യനെയാണു കണ്ടത്. പിന്നെ ഒരു യഹൂദനെ. തുടർന്ന് ഒരു റബ്ബിയെ. അതിനുശേ