ദൈവസ്നേഹാനുഭവം

ശാന്തമാകുക, ഞാൻ ദൈവമാണെന്നറിയുക (സങ്കീ 46:10). ശാന്തി കെടുത്തുന്ന ജീവിതവ്യഗ്രതകൾക്കിടയിൽനിന്ന് അല്പം മാറിനിന്ന് ദൈവത്തെ അറിയാനും ദൈവസ്നേഹം അനുഭവിക്കാനും നവജീവൻ പ്രാപിക്കാനുമുള്ള ഒരു അനുഗൃഹീതവേളയാണ് നോന്പുകാലം. ദൈവസ്നേഹാനുഭവം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും.
പ്രത്യാശയിൽ രക്ഷ എന്ന ചാക്രികലേഖനത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ ദൈവസ്നേഹം രൂപാന്തരപ്പെടുത്തിയ ഒരു വിശുദ്ധയുടെ കഥ പറയുന്നുണ്ട് (2007). കേവലം ഒന്പതാം വയസിൽ തട്ടിക്കൊണ്ടുപോകപ്പെട്ട് അടിമച്ചന്തയിൽ വിൽക്കപ്പെട്ട സുഡാൻകാരി പെൺകുട്ടിയാണ് ബകീത്ത. ക്രൂരരായ യജമാനന്മാരുടെ കഠിനമർദനവും ചാട്ടവാറടിയുമേറ്റ അവളുടെ ശരീരത്തിൽ 144 വടുക്കളുണ്ടായിരുന്നു. ഒടുവിൽ വെനീസിലെ ഒരു വ്യാപാരിക്ക് അവൾ വിൽക്കപ്പെട്ടു. സൗമ്യനായ ആ യജമാനൻ കൊടുത്ത സ്വാതന്ത്ര്യം അവളുടെ മുന്പിൽ പുതുലോകം തുറന്നു. അവിടെവച്ചാണ് ഒരു തെറ്റും ചെയ്യാതെ ചാട്ടവാറടിയേറ്റ് കുരിശിൽ മരിച്ച ഈശോയെക്കുറിച്ച് അവൾ അറിഞ്ഞത്. സൗമ്യനായ തന്റെ പുതിയ ഉടമയെക്കാളും നല്ലവനായ യഥാർഥ ഉടമ ഈശോയാണെന്ന് അവൾ തിരിച്ചറിഞ്ഞു. ഒരു ക്രിസ്ത്യാനിയായിത്തീർന്ന അവൾ കനോഷ്യൻ മഠത്തിൽ ചേർന്ന് ദൈവസ്നേഹത്തിന്റെ ഒരു വലിയ മിഷനറിയായി. 1947-ൽ മരിച്ച, 2000ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട അവളുടെ വാക്കുകൾ ഇതാണ്: ‘ഞാൻ ദൈവത്താൽ നിരന്തരം സ്നേഹിക്കപ്പെടുന്നു, ഈ സ്നേഹത്താൽ ഞാൻ കാത്തിരിക്കപ്പെടും’.
ദൈവം സ്നേഹമാകുന്നു (1 യോഹ 4:8). അറിവിന്റെ തലത്തിൽ മാത്രമല്ല, അനുഭവത്തിന്റെ തലത്തിലും ഈ സ്നേഹവലയത്തിൽ പ്രവേശിക്കുന്പോഴാണ് ജീവിതം സാർഥകമാകുന്നത്. സെന്റ് അഗസ്റ്റിൻ പറഞ്ഞു: ‘ഞാൻ പ്ലേറ്റോയെയും സിസറോയെയും ഒക്കെ വായിച്ചിട്ടുണ്ട്. അവരുടെ കൃതികൾ സുന്ദരവും വിജ്ഞാനപ്രദവുമാണ്. പക്ഷേ അവയൊന്നിലും അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്