ഫാ. ജോസഫ് പാത്രപാങ്കൽ സിഎംഐ അന്തരിച്ചു

കോട്ടയം: പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും എഴുത്തുകാരനുമായ ഫാ. ജോസഫ് പാത്രപാങ്കൽ സിഎംഐ (92) അന്തരിച്ചു. സിഎംഐ സന്യാസസമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ വാഴൂർ അനുഗ്രഹ റിന്യൂവെൽ സെന്റർ അംഗമായിരുന്നു.
റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. ജോസഫ് ബംഗളുരു ധർമ്മാരാം കോളജ് പ്രസിഡന്റ്, ദൈവശാസ്ത്രവിഭാഗം മേധാവി, തിയോളജിക്കൽ പബ്ലിക്കേഷൻ ഓഫ് ഇന്ത്യയുടെ ദീർഘകാല പ്രസിഡന്റ്, റോമിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അംഗം എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
വാഴൂർ അനുഗ്രഹ റിന്യൂവെൽ സെന്ററിന്റെ സ്ഥാപകനുമാണ്. സ്വീഡനിലെ ഉപ്സാല യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ദൈവശാസ്ത്രപണ്ഡിതനും ബൈബിൾ വിജ്ഞാനീയത്തിൽ അഗ്രഗണ്യനും ശിഷ്യരുടെ ആദരവ് പിടിച്ചുപറ്റിയ അധ്യാപകനും എഴുത്തുകാരനുമായിരുന്നു. ബംഗളൂരു ധർമ്മാരാം വിദ്യാക്ഷേത്രത്തിന്റെ ഇന്നത്തെ വളർച്ചക്കു നിസ്തുല സംഭാവനകൾ നൽകിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി രൂപതയിലെ ഇളങ്ങുളം ഇടവകയിൽ എബ്രഹാം - മറിയം ദന്പതികളുടെ മകനായി 1930 സെപ്റ്റംബർ 29നു ജനിച്ചു. സിസ്റ്റർ അൽഫോൻസ എംഎംഎസ്, പരേതരായ പി.എ. ചാക്കോ, പി.എ. കുരുവിള, ഏലിക്കുട്ടി, സിസ്റ്റർ ഡൊമിനിക് സിഎംസി, ഡോ. പി.എ. എബ്രാഹം എന്നിവർ സഹോദരങ്ങളാണ്.