മംഗലപ്പുഴ സെമിനാരി നവതിയുടെ നിറവില്‍. നവതിയാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം ഫെബ്രുവരി 19-ന്

മംഗലപ്പുഴ സെമിനാരി നവതിയുടെ നിറവില്‍. നവതിയാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം ഫെബ്രുവരി 19-ന്

ആലുവ: പെരിയാറിന്റെ തീരത്ത് പൗരാണിക ശോഭയില്‍ നിലകൊള്ളുന്ന സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി ആലുവ മംഗലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചിച്ചിട്ട് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

കേരളത്തില്‍ നിലവിലുള്ള സെമിനാരികളില്‍വച്ച് ഏറ്റവും പുരാതനവും വൈദീകാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യയിലെതന്നെ ഏറ്റവും വലുതുമായ ഈ സെമിനാരിക്ക് ആരംഭം കുറിച്ചത് അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം സ്‌പെയിനില്‍നിന്നുള്ള കര്‍മ്മലീത്ത മിഷണറിമാരാണ്.

കത്തോലിക്ക വൈദികരുടെ പരിശീലത്തിനായി ഈ സെമിനാരി 1682-ല്‍ വരാപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടർന്ന് 1866-ല്‍ പുത്തന്‍പള്ളിയിലേക്കും 1932-ല്‍ ആലുവ മംഗലപ്പുഴയിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു. സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ മംഗലപ്പുഴയിലെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ 1933 ജനുവരി 28-ാം തീയതി ആരംഭിച്ചു. കഴിഞ്ഞ 90 വര്‍ഷങ്ങള്‍കൊണ്ട് സഭാശുശ്രൂഷയ്ക്കും സാമൂഹ്യ സേവനത്തിനുമായി അയ്യായിരത്തോളം വൈദികര്‍ക്ക് പരിശീലനം നല്‍കാന്‍ മംഗലപ്പുഴ സെമിനാരിയ്ക്ക് സാധിച്ചു. വൈദികപരിശീലന രംഗത്തുമാത്രമൊതുങ്ങുന്നതല്ല മംഗലപ്പുഴ സെമിനാരിയുടെ സംഭാവനകള്‍. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും ഈ സെമിനാരി തനതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മലയാളക്കരയ്ക്ക് ഹൃദ്യമായ ആത്മീയ വായനാനുഭവം നല്‍കുവാന്‍ ആരംഭിച്ച എസ്. എച്ച്. ലീഗ് പുസ്തക പ്രസാധനശാല സെമിനാരിയുടെ ഒരു പ്രധാന സംഭാവനയാണ്.

നവതിയാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം ഫെബ്രുവരി 19-ാം തീയതി, സെമിനാരി കമ്മീഷന്‍ ചെയര്‍മാനായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, സെമിനാരിയുടെ മുന്‍വിദ്യാര്‍ത്ഥിയും വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ജോസഫ് കളത്തില്‍പറമ്പില്‍ പിതാവ് നിര്‍വഹിക്കും. സീറോമലബാര്‍ സഭയുടെ തലവനും സെമിനാരിയുടെ മുന്‍വിദ്യാര്‍ത്ഥിയുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് മുഖ്യ സന്ദേശം നല്‍കും.

ആദരണീയനായ ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ മുഖ്യ അഥിതി ആയിപങ്കെടുക്കും. സീറോ മലങ്കര കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് അഭിവന്ദ്യ യൂഹനോന്‍ മാര്‍ തിയഡോഷ്യസ് ആശംസകള്‍ അര്‍പ്പിക്കും. മാര്‍ ജോൺ നെല്ലിക്കുന്നേൽ, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ നവതിയോടനുബന്ധിച്ചുള്ള വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാംഗം, ശ്രീ അന്‍വര്‍ സാദത്ത്, മുന്‍വിദ്യാര്‍ത്ഥികളുടെ പ്രതിനിധി ബഹു. ഡോ. ജോജി കല്ലിങ്കല്‍, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ എം. ഒ. ജോ, മുനിസിപ്പല്‍ കൗസിലര്‍ ശ്രീ ഗൈല്‍സ് ദേവസ്സി എന്നിവര്‍ ആശംസകള്‍ നേർന്ന് സംസാരിക്കും.
നവതിയാഘോഷങ്ങളോടനുബന്ധിച്ച് സാമൂഹിക സാംസ്‌കാരിക നവീകരണത്തിനുതകുന്ന വിവിധ പദ്ധതികള്‍ സംഘടിപ്പിക്കുമെന്ന് സെമിനാരി റെക്ടര്‍ പെരിയ ബഹു. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ അറിയിച്ചു.