മാർ തോമസ് ഇലവനാൽ പിതാവിൻറെ മെത്രാഭിഷേക രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ബലിയർപ്പണവും പൊതുസമ്മേളനവും നടന്നു

മാർ തോമസ് ഇലവനാൽ പിതാവിൻറെ മെത്രാഭിഷേക രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള  ബലിയർപ്പണവും പൊതുസമ്മേളനവും നടന്നു

കല്യാൺ : കല്യാൺ രൂപതാ മെത്രാനായ മാർ തോമസ് ഇലവനാൽ പിതാവിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള  ബലിയർപ്പണവും പൊതുസമ്മേളനവും കല്യാൺ സെൻറ് തോമസ് കത്തീഡ്രലിൽ നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി കല്യാൺ രൂപതയിലെ വൈദിക സമൂഹത്തോട് ചേർന്ന് പിതാവ് ബലിയർപ്പിച്ചു. ഫാ. ജസ്റ്റിൻ കല്ലേലി വചന സന്ദേശം നൽകി.

സാധാരണക്കാരുടെയും അധഃസ്ഥിതരുടെയും വിദ്യാഭ്യാസത്തിനുവേണ്ടി വിശുദ്ധ മദർ തെരേസയുടെ നാമധേയത്തിൽ കല്യാണിലെ ഹജിമലങ്ങിൽ ആരംഭിക്കുവാൻ പോകുന്ന രൂപതാ സ്കൂളിന്റെ തറക്കല്ല് വെഞ്ചിരിപ്പ് കർമ്മം പിതാവ് പൊതുസമ്മേളനത്തിൽ നിർവഹിച്ചു. മാർത്തോമ്മാ ജൂബിലി മെമ്മോറിയൽ സ്കൂൾ എന്നായിരിക്കും സ്കൂളിന്റെ പേരെന്ന് വികാരി ജനറാൾ ഫാ. ഫ്രാൻസിസ് ഇലവുത്തിങ്കൽ അറിയിച്ചു.

 

രൂപതയിൽ  നിർധനരായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'ബിഷപ്സ് ചാരിറ്റി ഫണ്ടിലേക്ക്' വൈദികർ സംഭാവന ചെയ്ത ഏഴ് ലക്ഷത്തോളം വരുന്ന തുകയുടെ ചെക്ക് സമ്മേളനത്തിൽ പ്രസ്ബിത്തേരിയം സെക്രട്ടറി ഫാ.ഡേവിസ് തരകൻ പിതാവിന് കൈമാറി. ചാൻസിലർ ഫാ.ജോജു അറക്കൽ പ്രസംഗിച്ചു. ഫാ. ജോസ് ആളൂർ പിതാവിനെ പൊന്നാടയണിയിച്ചു. ജൂനിയർ വൈദികർ ജൂബിലി ഗാനങ്ങൾ ആലപിച്ചു. ജൂബിലിയുടെ ഓർമ്മയ്ക്കായി ദേവാലയാങ്കണത്തിൽ പിതാവ് വൃക്ഷത്തൈ നട്ടു.