മിഷൻ തീക്ഷ്ണതയാൽ ജ്വലിച്ച ബ്രദർ ജി. വിക്ടർ കളമ്പുകാട്ട് MMB

 മിഷൻ തീക്ഷ്ണതയാൽ ജ്വലിച്ച ബ്രദർ ജി. വിക്ടർ കളമ്പുകാട്ട് MMB

റവ. ബ്രദർ ജി. വിക്ടർ കളമ്പുകാട്ട്  [ആലക്കോട് കളമ്പുകാട്ട് പരേതരായ ജോസഫ് - ഏലിക്കുട്ടി മകൻ ജോർജ്ജ് (79)] 17-01-2022 തിങ്കൾ രാവിലെ 6.40ന് നിര്യാതനായി. ദിവ്യബലിമധ്യേ ഹൃദയാഘാതത്തെതുടർന്നാണ് ബ്രദർ ഈ ലോകത്തോട് വിട പറഞ്ഞത്. ഉത്തരേന്ത്യൻ മിഷൻ സുപ്പീരിയർ, റീജണൽ സുപ്പീരിയർ, പ്രൊവിൻഷ്യൽ സുപ്പീരിയർ, വികർ ജനറൽ, സുപ്പീരിയർ ജനറൽ എന്നിങ്ങനെ മൂന്നു പതിറ്റാണ്ടോളം നീണ്ട നേതൃത്വ ശുശ്രൂഷയിലൂടെ എം. എം. ബി. സമൂഹത്തിന് പുത്തൻ മുഖച്ഛായ പ്രദാനം ചെയ്ത സഹോദരനെയാണ് എം. എം. ബി. സഹോദരന്മാർക്ക് നഷ്ടമായിരിക്കുന്നത്. തന്റെ ജീവചരിത്രം സന്യാസ സമൂഹത്തിന്റെ ചരിത്രമാക്കി മാറ്റിയ അതുല്യപ്രതിഭ. നിയോഗിക്കപ്പെടുന്ന, ഏറ്റെടുക്കുന്ന കർമ്മ മണ്ഡലങ്ങളിൽ നൂറും അതിലും കൂടുതലും മേനി വിളവ് കൊയ്തെടുത്ത ചരിത്രമാണ് ബ്രദർ വിക്ടറിന്റെ സഹോദര സന്യാസ ജീവിതത്തിന്റേത്. 
കോതമംഗലം രൂപതയിൽ തൊടുപുഴയ്ക്കടുത്ത് ആലക്കോട് ഇടവകയിൽ ജോസഫ് - ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1943 മെയ് 1ന് ജനിച്ച ജോർജ്ജ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1969 ്രെബഫുവരി 8ന് ങങആ സന്യാസസമൂഹത്തിൽ പ്രവേശിച്ചു. നോവിഷ്യറ്റ് പരിശീലനം കഴിഞ്ഞ് 1971 ഒക്ടോബർ 17ന് ബ്രദർ ജി. വിക്ടർ എന്ന പേരിൽ പ്രഥമവ്രതവാഗ്ദാനവും 1977 ഒക്ടോബർ 02ന് നിത്യവ്രതവാഗ്ദാനവും നടത്തി. പാലാരിവട്ടം പി. ഒ. സി. യിൽ ദൈവശാസ്ത്രപഠനം നടത്തിയശേഷം ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽനിന്നും അത്യാവശ്യ മെഡിക്കൽ പരിജ്ഞാനം കരസ്ഥമാക്കി. കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹൈസ്കൂളിൽ വാർഡനായാണ് ബ്രദർ തന്റെ സേവന ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് കോട്ടപ്പടിയിലെ സെന്റ് ലാസേഴ്സ് ഹോസ്പിറ്റലിൽ അദ്ദേഹം സേവനനിരതനായി. അന്ന് നിരവധി ആളുകളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബ്രദറിനായി. 
മലബാർ മിഷനറി ബ്രദേഴ്സ് സന്യാസ സമൂഹം തങ്ങളുടെ പ്രവർത്തന മേഖല വടക്കേ ഇന്ത്യയിലേയ്ക്ക് വ്യാപിപ്പിച്ചപ്പോൾ അതിന് തയ്യാറായി ഇറങ്ങിത്തിരിച്ച മിഷനറിമാരിൽ അഗ്രഗണ്യനായിരുന്നു ബ്രദർ വിക്ടർ. MMB യുടെ ആദ്യകാല മിഷനറിയായി വടക്കേ ഇന്ത്യയിലേക്ക് അയക്കപ്പെട്ട ബ്രദർ വടക്കേ ഇൻഡ്യയിലെ അജ്ഞാതമായ ഭാഷയും സംസ്കാരവും എല്ലാം സ്വായത്തമാക്കി, ഒരു മിഷനറി സഹോദരന് എന്തൊക്കെയാകാം, എങ്ങനെയൊക്കെ പ്രവർത്തിക്കാം എന്നതിന്റെ ഒരു നേർസാക്ഷ്യത്തിന്റെ സാഹോദര്യജീവിതചരിത്രം വെളിവാക്കുന്നു. സാഗർ രൂപതയിലെ ഗഞ്ച് ബസോദയിൽ ഗ്രാമോദ്ധാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ അദ്ദേഹം അവിടെ അവിടെ ഡിസ്പെൻസറിയും വൃദ്ധഭവനവും തുടങ്ങുന്നതിന് മുൻകൈയെടുത്തു. തുടർന്ന് പന്നയിലേയ്ക്ക് പോയ ബഹു. ബ്രദർ രൂപതയുടെ നാമമാത്ര കുട്ടികൾ മാത്രമുണ്ടായിരുന്ന ഒരു ബോയ്സ് ഹോം 130 കുട്ടികൾ വരെയുള്ള സ്ഥാപനമാക്കി മാറ്റി. 
എം. എം. ബി.യുടെ വടക്കേ ഇൻഡ്യൻ മിഷൻ കേവലം രണ്ടു രൂപതകളിൽ മാത്രം ഒതുങ്ങിയിരുന്ന കാലഘട്ടത്തിൽ ഭോപ്പാൽ ഗ്യാസ് ട്രാജഡിയുടെ സമയത്ത് ബ്രദർ വിക്ടറിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സേവന മേഖലകളിൽ കൈ, മെയ് മറന്ന്, രാപകലില്ലാതെ അത്യദ്ധ്വാനം ചെയ്തതിന്റെ ഫലമായി രൂപതാതലത്തിലും സഭാതലത്തിലും സാമൂഹ്യതലത്തിലും രാഷ്ട്രീയമേഖലയിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വമായി ബ്രദർ വിക്ടർ മാറി. ഈ പിൻബലത്തിലാണ് അദ്ദേഹം എം. എം. ബി. യുടെ ഭോപ്പാൽ ഹൗസ് സ്റ്റേഷന് അസ്ഥിവാരമിടുന്നത്. ബ്രദർ വിക്ടറിന്റെ നേതൃത്വത്തിൽ സഹോദരന്മാരെ ഒന്നിച്ചുനിർത്തിയുള്ള മുന്നേറ്റം വളരെ ശ്രദ്ധിക്കത്തക്കതാണ്. ഇന്ന് വടക്കേ ഇന്ത്യൻ പ്രൊവിൻസ് അനിതര സാധാരണമായ, ക്രമാനുഗതമായ വളർച്ച പ്രാപിച്ചതിന്റെ പിന്നിൽ ബ്രദർ വിക്ടർ നിർവ്വഹിച്ച നേതൃത്വശുശ്രൂഷാവൈഭവം അവർണ്ണനീയമാണ്. വടക്കേ ഇന്ത്യൻ മിഷൻ സുപ്പീരിയറായി നിയമിതനായ അദ്ദേഹം മിഷനെ ഒരു റീജിയണായും തുടർന്ന് പ്രോവിൻസായും ഉയർത്തുന്നതിൽ അതിനിർണ്ണായക പങ്കുവഹിച്ചു. അക്കാലങ്ങളിൽ എം. എം. ബി.യുടെ ഉത്തരേന്ത്യയിലെ മുഖമായി ബ്രദർ വിക്ടർ മാറി. ഭോപ്പാൽ പ്രൊവിൻഷ്യൽ ഹൗസ് നിർമ്മിതി ബ്രദർ വിക്ടറിന്റെ വടക്കേ ഇന്ത്യയിലെ ക്രിയാത്മകതയുടെ പ്രതീകമായി നിലകൊള്ളുന്നു. ഭോപ്പാൽ യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചുള്ള ജൂനിയർ ബ്രദേഴ്സിന്റെ കോളേജ് വിദ്യാഭ്യാസവും സന്യാസ പരിശീലനവും സമഗ്രമായി സമന്വയിപ്പിച്ച് സഭയുടെ യുവനേതൃത്വത്തെ വാർത്തെടുക്കുന്നതിൽ ബ്രദർ വിക്ടർ ചെലുത്തിയ സ്വാധീനം മഹത്തരമാണ്. 
കേവലം എം. എം. ബി. സമൂഹത്തിൽ മാത്രമായി ഒതുങ്ങിനില്ക്കുന്നതായിരുന്നില്ല ബ്രദർ വിക്ടറിന്റെ പ്രവർത്തനങ്ങൾ. ഭോപ്പാലിലെ തന്റെ 15 വർഷക്കാലത്തെ സേവനത്തിനിടയിൽ പട്ടേൽനഗർ കേന്ദ്രമായി സ്ഥലം കണ്ടെത്തുന്നതിലും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലും CMI വൈദികർ, മോൺഫോർട്ട് ബ്രദേഴ്സ്, OSF, SABS, FCC സിസ്റ്റേഴ്സ് എന്നിവർക്ക് ബ്രദർ വിക്ടർ സഹായഹസ്തമരുളി. ഒരിക്കൽ പരിചയപ്പെട്ട വ്യക്തിയുമായുള്ള ഗാഢബന്ധം അനുസ്യൂതം തുടരുന്നതിൽ ബ്രദർ വിക്ടറിനുള്ള പാടവവും ഒന്നു വേറെ തന്നെയാണ്.
വടക്കേ ഇന്ത്യയിൽ കാൽ നൂറ്റാണ്ട് കാലത്തെ പ്രവർത്തനപരിചയവുമായി നീണ്ട 9 വർഷം എം. എം. ബി. യുടെ അമരക്കാരനായിരുന്നുകൊണ്ട് മലബാർ മിഷനറി ബ്രദേഴ്സ് സന്യാസ സമൂഹത്തിന് പുത്തൻ മുഖച്ഛായ നല്കാൻ ബ്രദർ ജി. വിക്ടറിന് സാധിച്ചു. 2000ൽ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തൃശൂർ പട്ടണത്തിൽ പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന എം. എം. ബി. ജനറലേറ്റ് മരത്താക്കരയിൽ ആധുനിക സൗകര്യങ്ങളാൽ സുസജ്ജമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത് ബ്രദറിന്റെ അക്ഷീണ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു. 2000ൽ പ്രോവിൻസുകൾ രൂപീകരിച്ചപ്പോൾ ഭോപ്പാലിലെ അസ്സീസി പ്രോവിൻസിന് കേരളത്തിൽ ഹൗസ് ഇല്ലായെന്ന പോരായ്മ ഇല്ലാതാക്കാൻ പഴയന്നൂരിൽ സ്ഥലം വാങ്ങി മിഷൻഹൗസ് നിർമ്മിച്ചതും അദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. 
നീണ്ട കാലത്തെ നേതൃത്വശുശ്രൂഷയ്ക്കു ശേഷം 2021 സെപ്റ്റംബർ 10ന് ബഹു. ബ്രദർ ജി. വിക്ടർ എം. എം. ബി. യുടെ മാതൃഭവനമായ മരിയാപുരം മിഷൻഹോമിൽ നിത്യാരാധനയുടെ തണലിൽ വിശ്രമജീവിതം നയിക്കുന്നതിനായി കടന്നുവന്നു. സെന്റ് മാർട്ടിൻ നൊവിഷ്യേറ്റ് ഹൗസിൽ പരിശീലനത്തിലായിരിക്കുന്ന നവസന്യാസികൾക്ക് ഒരു നല്ല മാതൃകയായി ജീവിക്കാൻ ബ്രദറിനായി. 2021 - 22 വർഷങ്ങളിലായി മാർ ആൻഡ്രൂസ് താഴത്ത്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ മാത്യു വാണിയകിഴക്കേൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട ദിവ്യബലിമധ്യേ തന്റെ സന്യാസജീവിതത്തിന്റെ സുവർണ  ജൂബിലി ബ്രദർ വിക്ടർ ആഘോഷിച്ചു. മരിയാപുരം മിഷൻഹോമിൽ വിശ്രമജീവിതം നയിച്ചുവരവേ ജനുവരി 17-ാം തീയതി രാവിലെ ദിവ്യബലിമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ട ബ്രദർ ആശുപത്രിയിലേയ്ക്കുള്ള യാത്രയിൽ ഹൃദയാഘാതത്തെതുടർന്ന് സ്വർഗ്ഗപിതാവിന്റെ പക്കലേയ്ക്ക് യാത്രയായി.
അദ്ദേഹം തന്റെ സന്യാസ സഹോദര തീർത്ഥാടനത്തിനിടയിൽ പന്ന യേശുപാൽ ആശ്രമം, മണലൂർ സാൻജോസ് ആശ്രമം, ഭോപ്പാൽ നവജ്യോതി, തൃശൂർ എം. എം. ബി. ജനറലേറ്റ് എന്നിവിടങ്ങളിൽ സുപ്പീരിയറായും, സാൻതോം ആശ്രമം കോട്ടപ്പടി, മരിയസേവാഭവൻ ഗഞ്ച് ബസോദ, എം. എം. ബി. ജനറലേറ്റ് മരത്താക്കര, നവജ്യോതി ഭോപ്പാൽ, അസ്സീസി മിഷൻ ഹൗസ് പഴയന്നൂർ, മിഷൻഹോം മരിയാപുരം എന്നിവിടങ്ങളിൽ അംഗമായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. 
റവ. ബ്രദർ പോൾ സി. എസ്. ടി., തോമസ് കളമ്പുകാട്ട് തൃക്കാക്കര, ത്രേസ്യാമ്മ ജോർജ്ജ് നത്തയിൽ വടക്കുംഞ്ചേരി, ജോയ് കളമ്പുകാട്ട് ഇടവെട്ടി, റവ. ഫാ. ഫ്രാൻസിസ് കളമ്പുകാട്ട് സി. എം. എഫ്., മേരി ജോസ് നീറംപുഴ വാഴക്കുളം, മാത്യു കളമ്പുകാട്ട് ബാംഗ്ലൂർ എന്നിവർ സഹോദരങ്ങളാണ്. റവ. സിസ്റ്റർ തെരേസ കളമ്പുകാട്ട് എസ്. ഡി. സഹോദരപുത്രിയാണ്.
ബ്രദർ വിക്ടറിനെ ഒാർത്ത് എം. എം. ബി. സമൂഹം അഭിമാനം കൊള്ളുന്നു. അത്രമാത്രം സന്യാസത്തെ സ്നേഹിച്ച, സന്യാസത്തോട് വിശ്വസ്തത പുലർത്തിയ ഒരു വ്യക്തിത്വമായിരുന്നു ബ്രദർ വിക്ടറിന്റേത്. വ്യത്യസ്ത കർമ്മരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബ്രദർ ജി. വിക്ടർ കളമ്പുകാട്ട്, തീക്ഷ്ണതയുടെയും സന്യാസചൈതന്യത്തിന്റെയും മായാത്ത ഓർമകൾ അവശേഷിപ്പിച്ചുകൊണ്ടാണ് നമ്മിൽനിന്നും യാത്ര പറഞ്ഞത്.