കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കുക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി 

കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കുക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി 
അഭിവന്ദ്യ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോമലബാർ സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. സിനഡ് സെക്രട്ടറി ബിഷപ് മാർ ആന്റണി കരിയിൽ, ചാൻസിലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ എന്നിവർ സമീപം.

കാക്കനാട്:  കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ.  കോവിഡ് മഹാമാരി മൂലം രണ്ടു വർഷങ്ങളായി ഓൺലൈനിൽ നടന്ന സിനഡുകൾക്കു ശേഷം കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ സമ്മേളനം ആരംഭിച്ചത്. ഗോരഖ്പൂർ രൂപതയുടെ മെത്രാനായ ബിഷപ് തോമസ് തുരുത്തിമറ്റം സിനഡ് അംഗങ്ങൾക്ക് നൽകിയ ധ്യാന ചിന്തയോടെയാണ്  ‍സിനഡ് ആരംഭിച്ചത്. ഫ്രാൻസിസ് മാർപാപ്പ വിഭാവനം ചെയ്ത മഹാസിനഡിന്റെ പശ്ചാത്തലത്തിൽ പരസ്പരം ശ്രവിച്ചും വിവേകപൂർവം വിലയിരുത്തിയും സഭാ ശുശ്രൂഷ ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ധ്യാന ചിന്തയിൽ ബിഷപ് തോമസ് തിരുത്തിമറ്റം പങ്കുവെച്ചത്. 

2021 ആഗസ്റ്റ് മാസത്തിലെ സിനഡിൽ വി. കുർബാന അർപ്പണ രീതി ഏകീകരിക്കാൻ നൽകിയ നിർദ്ദേശം സഭയിലെ 34 രൂപതകളിൽ നടപ്പിലാക്കാനായത് കൂട്ടായ്മയുടെ വിജയമാണെന്ന് മേജർ ആർച്ച്ബിഷപ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചുരുക്കം ചില സ്ഥലങ്ങളിൽ സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്നതിലുള്ള വൈഷമ്യങ്ങളെക്കുറിച്ച് ഈ സിനഡ് സമ്മേളനം വിലയിരുത്തി, മാർഗ്ഗനിർദ്ദേശം നൽകുമെന്ന് മേജർ ആർച്ച്ബിഷപ് പ്രസ്താവിച്ചു. അൾത്താരയിലെ ഐക്യത്തിലൂടെ സഭയുടെ കൂട്ടായ്മയും ഐക്യവും കൂടുതൽ വർദ്ധമാനമാകുന്നത് ശുഭോദർക്കമാണെന്ന് മേജർ ആർച്ച്ബിഷപ് വിലയിരുത്തി.

മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ‍ 1950 -ാം വാർഷികം ഈ വർഷത്തെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് ആചരിക്കാൻ മേജർ ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു. സീറോമലബാർ സഭയിൽ ഈ വർഷം പുതുതായി അഭിഷിക്തരായ 273 നവവൈദികരെയും 365 നവ സന്യാസിനിമാരെയും സിനഡ് അഭിനന്ദനങ്ങളോടെ സഭാ ശുശ്രൂഷയ്ക്കായി സ്വാഗതം ചെയ്തു. മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ, ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി, ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർക്കും മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ബിഷപ് മാർ തോമസ് ഇലവനാലിനും സിനഡ്  അനുമോദനങ്ങൾ ആശംസിച്ചു. 

ആനുകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സിനഡിൽ പുരോഗമിക്കുകയാണ്.  ജനുവരി പതിനഞ്ചാം തീയതി ശനിയാഴ്ച ആറുമണിയോടെ സിനഡ് സമ്മേളനം സമാപിക്കും.

ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, സീറോമലബാർ മീഡിയ കമ്മീഷൻ


8 ജനുവരി 2022